ക്രിസ്തുവിന്റെ ജനനവർഷം
യേശു ഒരു ചരിത്രപുരുഷനും നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആണെന്ന കാര്യത്തിൽ ആർക്കും തർക്കമുള്ളതായി അറിവില്ല. എന്നാൽ, യേശുവിന്റെ ജനനവർഷത്തെപ്പറ്റി പണ്ഡിതന്മാർക്കിടയിൽ ഇന്നും അഭിപ്രായ ഐക്യമില്ല. ബി.സി. 8 മുതൽ എ.ഡി. 1 വരെയുള്ള കണക്കുകൾ ഓരോരുത്തരും പറയുന്നുണ്ട്. എന്നാൽ ചരിത്രത്തിലെ ചില നിർണ്ണായക തെളിവുകളും, വിശേഷാൽ ബൈബിളിലെ വിവരങ്ങളും ചേർത്തുകൊണ്ട്, യേശു എന്ന ക്രിസ്തുവിൻ്റെ ‘ജനനവർഷവും മാസവും’ കൃത്യമായി കണക്കാക്കിയിരിക്കുകയാണ് ഈ ലേഖനത്തിൽ. ഹെരോദാവിന്റെ മരണവും, അർക്കെലെയൊസിനെ റോമൻ ചക്രവർത്തി സിംഹാസന ഭ്രഷ്ടനാക്കുന്നതും, തിബെര്യാസ് കൈസറുടെ സിംഹാസനാരോഹണവും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലുപരി മത്തായിയുടെയും, ലൂക്കോസിന്റെയും വിവരണവും ചേർത്ത് പരിശോധിച്ചപ്പോഴാണ് ഇത് സാദ്ധ്യമായത്. ജനനദിവസം കണ്ടെത്താൻ ഇതിൽ ശ്രമിക്കുന്നില്ല. യേശുവിന്റെ ജനനോത്സവം കൊണ്ടാടുകയെന്നത് ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ ഉൾപ്പെട്ടതല്ല. ആയിരുന്നെങ്കിൽ സുവിശേഷകന്മാർ അത് രേഖപ്പെടുത്തുമായിരുന്നു. ബൈബിളിൽ ഭക്തന്മാരുടെ ആരുടെയെങ്കിലും ജനനദിവസം ആഘോഷിച്ചതായി കാണുന്നില്ല. ഇയ്യോബാകട്ടെ തന്റെ ജന്മദിവസത്തെ വായതുറന്നു ശപിക്കുകയാണ് ചെയ്യുന്നത്. (3:1). “നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തേക്കാളും ഉത്തമം” എന്ന് സഭാപ്രസംഗി പറയുന്നു. (7:1).
ചരിത്രവും പണ്ഡിതന്മാരും
യേശുവിന്റെ ജനനം: ‘വില്യം റാംസെ’ (William Ramsay), ‘മക്കിൻലെ’ (Mackinlay) തുടങ്ങിയ പണ്ഡിതന്മാർ ബി.സി. 6/7, അല്ലെങ്കിൽ 8 എന്ന് കണക്കാക്കുന്നു. ‘ഡാൺഡെ, ഫ്ളിൻഡേഴ്സ് പെട്രി, നിക്കോൽ’ എന്നീ പ്രൊഫസറന്മാരും ചാൻസലർമാരും ബി.സി. 8-നോട് യോജിക്കുന്നവരാണ്. ‘ബിൽ ഹോരൊമാൻ’ പറയുന്നത്; ബി.സി. 7, ഏപ്രിൽ അല്ലെങ്കിൽ ബി.സി. 6, മാർച്ചിലാണ് യേശുവിന്റെ ജനനം. (Bill Heroman, A Timeline of Major Events in the New Testament Era, From 9 BC to AD 72). യുറാന്റിയ ബുക്കിൽ; ബി.സി. 7, ആഗസ്റ്റ് 21-നാണ് യേശുവിന്റെ ജനനം. പവ്വൽ റോബർട്ട് (Powell Robert A) ‘ക്രിസ്തുവിന്റെ ദിനവൃനത്താന്തം’ എന്ന പുസ്തകത്തിൽ; ബി.സി. 7, നവംബർ 12-നാണ് യേശുവിന്റെ ജനനം. (Chronicle of the living Christ: the life and ministry of Jesus Christ: 1996, p 68). ‘സ്റ്റാർ ഓഫ് വണ്ടർ’ എന്ന പുസ്തകത്തിൽ; ബി.സി. 6, ഏപ്രിൽ 17 നാണ് യേശുവിന്റെ ജനനം. (Star of Wonder, Tom, Ottawa Citizen. p. A7). ‘ന്യൂ ലൈഫ് കമ്മ്യൂണിറ്റി ചർച്ചിന്റെ’ When was Jesus born എന്ന പുസ്തകത്തിൽ; ബി.സി. 5, സെപ്റ്റംബർ 25-നാണ് യേശുവിന്റെ ജനനം. ‘ഇന്റർനാഷണൽ സ്റ്റാന്റേർഡ് ബൈബിൾ എൻസൈക്ലോപീഡിയ’ യേശുവിന്റെ ജനനം ബി.സി. 5-ൽ ആയിരിക്കാം എന്നു കണക്കാക്കുന്നു. ‘വേൾഡ് വൈഡ് ചർച്ച് ഓഫ് ഗോഡിന്റെ’ ഒരു പ്രസിദ്ധീകരണം യേശുവിന്റെ ജനനം ബി.സി. 4-ൽ ആണെന്ന് ഗണിച്ചു പറഞ്ഞിരിക്കുന്നു. ‘കൈസര്യയിലെ യൂസേബിയസും, യഹോവസാക്ഷികളും’ യേശുവിന്റെ ജനനം ബി.സി. 2, തിഷ്റി (സെപ്റ്റംബർ/ഒക്ടോബർ) മാസത്തിലാണെന്ന് വിശ്വസിക്കുന്നു. ബി.സി. 2 അല്ലെങ്കിൽ 3 എന്നാണ് ‘തെർത്തുല്യൻ’ (Terttullian) പറഞ്ഞിരിക്കുന്നത്.
കുറേന്യൊസിന്റെ കാലത്തെ ഒന്നാമത്തെ പേരു ചാർത്തലിലാണ് യേശു ജനിച്ചതെന്ന് ലൂക്കൊസ് വ്യക്തമാക്കുന്നു. (2:2). കുറേന്യൊസിന്റെ ഭരണകാലത്ത് നടന്ന രണ്ടാമത്തെ പേരു ചാർത്തലിനെക്കുറിച്ച് അപ്പൊസ്തലപ്രവൃത്തി 5:37-ൽ പറയുന്നുണ്ട്. ഔഗുസ്തൊസ് കൈസർ (ഒക്ടേവിയൻ) തന്റെ ജാമാതാവും സേനാപതിയുമായിരുന്ന അഗ്രിപ്പയുമായി ചേർന്ന് മാർക്ക് ആന്റണിയുടെയും ക്ലിയോപാട്രയുടെയും സേനകളെ തോല്പിച്ച ആക്ടിയം യുദ്ധം മുതൽ 37-മാണ്ടിലാണ് കുറേന്യൊസിന്റെ രണ്ടാമത്തെ സെൻസെസ്. ആക്ടിയം വർഷം (Actium Era) ആരംഭിക്കുന്നത് ബി.സി. 31 മുതലാണ്. ബി.സി. 31 മുതൽ 37-മാണ്ട് എന്നു പറയുന്നത് എ.ഡി. 6-ൽ ആണ്. ഇതിനെക്കുറിച്ച് ജോസീഫസ് പറഞ്ഞിട്ടുണ്ട്. (Antiquities of the Jews, XVIII, 26-28). ബി.സി. 9-7-ൽ ഒരു ‘സെൻഷ്യസ് സാറ്റൂർണിയസും’ (Sentius Saturnius), തുടർന്ന് 7-4-വരെ ‘കൂന്റിലിയസ് വാറസും’ ( Quinctilios Varus) ആണ് സുറിയ ഭരിച്ചിരുന്നതെന്ന് ജോസീഫെസ് (Josephus) സാക്ഷ്യപ്പെടുത്തിയിട്ടുള്ളതായി ‘വില്യം റാംസെ’ (William Ramsay) പറയുന്നു. കുറേന്യൊസിന്റെ ആദ്യഭരണം ബി.സി. 3-1-ലാണെന്നും റാംസെ പ്രസ്താവിക്കുന്നു. (Was Christ Born at Bethlehem, page, 237). റോമിന് 20 മൈൽ കിഴക്കും, ‘വാറസിന്റെ’ പുരാതന വില്ലയ്ക്ക് 1.5 മൈൽ തെക്കുഭാഗത്ത് ‘ട്രിവോളി’ (Trivoli) എന്ന സ്ഥലത്തുനിന്നും 1764-ൽ കണ്ടെടുത്തതും, ഇപ്പോൾ ‘വത്തിക്കാൻ മ്യൂസിയത്തിൽ’ സൂക്ഷിച്ചിരിക്കുന്നതുമായ ഒരു കല്പലകയിലെ ലാറ്റിൻ ലിഖിതത്തിൽ വാറസ് ബി.സി. 6-4-ലും, ബി.സി. 2–എ.ഡി. 1-ലും രണ്ടുപ്രാവശ്യം ഗവർണ്ണറായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
1764-ൽ കണ്ടെടുത്ത ലാറ്റിൻ ലിഖിതം
കുറേന്യൊയാസ് ഗവർണ്ണറായിരുന്നില്ല മറിച്ച് കാര്യസ്ഥനായിരുന്നു (Procurator) എന്നാണ് രണ്ടാം നൂറ്റാണ്ടിലെ ‘ജസ്റ്റിൻ മാർട്ടിയർ’ (Justin Martyr) സാക്ഷ്യപ്പെടുത്തുന്നത്. (Apology, 1:34). മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തെർത്തുല്യൻ പറഞ്ഞിരിക്കുന്നത്; യേശുവിന്റെ ജനനസമയത്ത് സാറ്റൂർണിയസ് ആയിരുന്നു സിറിയയിലെ ഗവർണ്ണർ എന്നാണ്. (Against Marcion, 4:7). ആക്ടിയം യുദ്ധത്തിന്റെ (The battle of Actium) സ്മരണയ്ക്കായി ഇറക്കിയ ആക്ടിയൻ വർഷത്തെ (Actian Era) സൂചിപ്പിക്കുന്ന നാണയത്തിലും ക്യൂന്റിലിയസ് വാറസ് ബി.സി. 7-4-ൽ സുറിയയിലെ ഗവർണ്ണറായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് തെളിവുകളുടെ അടിസ്ഥാനത്തിൽ ‘വില്യം റാംസെ’ ചൂണ്ടിക്കാണിക്കുന്നു. പില്ക്കാലത്ത് ഈ നാണയങ്ങൾ സുറിയയിലെ അന്ത്യൊക്യയിൽ നിന്ന് കണ്ടെടുത്തിട്ടുള്ളതായും റാംസെ പറയുന്നു. (Was Christ Born at Bethlehem, page, 237, 247, 248). ഇതിൽനിന്ന് യേശുവിന്റെ ജനനത്തെക്കുറിച്ച് കൃത്യമായ വർഷം ചരിത്രത്തിൽനിന്ന് കണ്ടെത്തുക പ്രയാസമാണ്.
ബൈബിൾ തെളിവുകൾ
ദൈവത്തിൻ്റെ ക്രിസ്തു ഭൂമിയിലെ ഒരു ഉന്നതകുടുംബത്തിലും ജന്മം എടുത്തില്ല എന്നതും, ലോകത്തിലെ ഒരു സ്ഥാനമാനങ്ങളും താൻ വഹിച്ചിരുന്നില്ല എന്നതും, വിശേഷാൽ മനുഷ്യർ യേശുവിന്റെ ജനനോത്സവം കൊണ്ടാടുന്നത് സ്വർഗ്ഗത്തിന്റെ പദ്ധതി അല്ലാതിരുന്നതുകൊണ്ടും ചരിത്രത്തിൽനിന്ന് യേശുവിന്റെ ജനനത്തെക്കുറിച്ച് ഇതിൽക്കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. ഇനി നമുക്ക് ആശ്രയമായുള്ളത് ബൈബിൾ മാത്രമാണ്. ചരിത്രകാരനും; വൈദ്യനുമായ ലൂക്കൊസ് നമുക്ക് പല തെളിവുകളും തരുന്നുണ്ട്: “ആ കാലത്തു ലോകം ഒക്കെയും പേർവഴി ചാർത്തേണം; എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി.” (ലൂക്കോ, 2:1). കുറേന്യൊസിന്റെ മുഴുവൻ പേര്, പുബ്ലിയൊസ് സിൽപീഷ്യസ് കുറേന്യൊസ് (Publius Silpicius Quirinus) എന്നായിരുന്നു. റോമൻ ഭരണകൂടം 14 വർഷത്തിലൊരിക്കൽ സെൻസെസ് എടുത്തിരുന്നത് നിർബ്ബന്ധിത സൈന്യസേവനത്തിനും, ചുങ്കം (Tax) പിരിക്കുന്നതിനും വേണ്ടിയായിരുന്നു. അതുകൊണ്ട് അംഗങ്ങളുടെ എണ്ണവും പ്രായവും മാത്രമല്ല, സ്വത്തുവിവരങ്ങളും വെളിപ്പെടുത്തണമായിരുന്നു. കുറേന്യൊസിന്റെ രണ്ടാമത്തെ പേരു ചാർത്തൽ (പ്രവൃ, 5:37) പുതിയ പ്രവിശ്യയായ യെഹൂദ്യയിലെ കപ്പം കണക്കാക്കുന്നതിന് മാത്രമുള്ളതായിരുന്നു. അതിനെക്കുറിച്ച് യെഹൂദാ ചരിത്രകാരനായിരുന്ന ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഒന്നാമത്തെ ചാർത്തൽ ലോകം മുഴുവനും അഥവാ റോമാ സാമ്രാജ്യം മുഴുവനും വേണ്ടിയായിരുന്നു. (ലൂക്കൊ, 2:1). അത് കുറേന്യൊസിന്റെ കാലത്തെ ഒന്നാമത്തെ പേർവഴി ചാർത്തലായിരുന്നു എന്നും ലൂക്കൊസ് വ്യക്തമാക്കുന്നു. (2:1). തന്മൂലം ഓഗുസ്തൊസ് കൈസറുടെ (ബി.സി. 31-14 എ.ഡി.) പ്രത്യേക അനുമതിയോടുകൂടി സെൻസെസിന്റെ കാലത്ത് സുറിയയിൽ നിയമിതനായ ഭരണാധികാരിയായിരുന്നു കുറേന്യൊസ് എന്നു മനസ്സിലാക്കാം.
ഇനി യേശുവിന്റെ ജനനത്തെക്കുറിച്ച് ബൈബിൾ പറയുന്ന മറ്റു കാര്യങ്ങൾ കൂടി പരിശോധിക്കാം: മറിയയും യോസേഫും ഗലീലയിലെ നസറത്ത് പട്ടണക്കാരായിരുന്നു. (ലൂക്കൊ, 1:26,27, 2:4). അവർ ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവരായതുകൊണ്ട് പേര് ചാർത്തുവാനാണ് യെഹൂദ്യയിലെ ബേത്ത്ളേഹെം പട്ടണത്തിൽ എത്തിയത്. (ലൂക്കൊ, 2:4,5).. അവിടെവെച്ചാണ് മറിയ പ്രസവിക്കുന്നത്. (ലൂക്കൊ, 2:6,7). അന്നു രാത്രിയിൽത്തന്നെ ഇടയന്മാർ പശുത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന പൈതലിനെ ചെന്നു കണ്ടു. (ലൂക്കൊ, 2:11,16,17). എട്ടുദിവസം കഴിഞ്ഞപ്പോൾ ന്യായപ്രമാണ കല്പനപ്രകാരം പൈതലിനെ പരിച്ഛേദന കഴിച്ചു; ദൂതൻ പറഞ്ഞതുപോലെ പൈതലിന് യേശു എന്ന പേരും വിളിച്ചു. (ലേവ്യ, 12:2,3; ലൂക്കൊ, 2:21). പിന്നെയും മുപ്പത്തിമൂന്നു ദിവസം കഴിഞ്ഞാണ് മറിയയുടെ ശുദ്ധീകരണകാലം തികയുന്നത്. (ലേവ്യ, 12:4). നാല്പത്തൊന്ന് ദിവസം കഴിഞ്ഞപ്പോൾ കല്പനപോലെ ആദ്യജാതനെ യഹോവയ്ക്ക് അർപ്പിക്കുവാനും കുറുപ്രാവിനെ യാഗമർപ്പിക്കാനും അവർ യേശുവിനെ യെരൂശലേം ദൈവാലയത്തിൽ കൊണ്ടുപോയി. (പുറ, 13:13; 22:29; ലേവ്യ, 12:6; ലൂക്കൊ, 2:23,24). പിന്നെ ലൂക്കൊസ് എഴുതിയിരിക്കുന്നത്; “കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി. (2:39). ഈ വിഷയം അല്പം ചിന്തനീയമാണ്.
നമുക്കറിയാം കർത്താവിന്റെ ഐഹീക ജീവചരിത്രം രചിച്ചിരിക്കുന്നത് നാല് എഴുത്തുകാർ അവരുടെ വ്യത്യസ്ത വീക്ഷണ കോണുകളിൽ കൂടിയാണ്. നാലു സുവിശേഷങ്ങളും കൂടിച്ചേരുമ്പോഴാണ് യേശുവിനെക്കുറിച്ചുള്ള പൂർണ്ണചരിത്രം കിട്ടുന്നത്. അഥവാ ദൈവം തൻ്റെ ക്രിസ്തുവിനെക്കുറിച്ച്; മനുഷ്യർ അറിയണമെന്ന് ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്നത്. ഓരോ സുവിശേഷങ്ങളും യേശുവിനെക്കുറിച്ച് പൂർണ്ണമായ ചരിത്രം നൽകുന്നില്ലെങ്കിലും ഓരോ പുസ്തകവും അതിൽത്തന്നെ പൂർണ്ണമാണ്. അഥവാ ബൈബിളിലെ ഒരു പുസ്തകങ്ങളും അപൂർണ്ണമല്ലെന്നു സാരം. യേശുവിന്റെ ജനനത്തോടുള്ള ബന്ധത്തിൽ ലൂക്കൊസ് രേഖപ്പെടുത്താതിരുന്ന ചില വിഷയങ്ങളുണ്ട്. അത് മത്തായിയിലുണ്ട്. യോസേഫിന് ദൂതൻ പ്രത്യക്ഷമാകുന്നത് (1:18-25), നക്ഷത്രം വെളിപ്പെടുന്നതും വിദ്വാന്മാരുടെ സന്ദർശനവും (2:1-2), യോസേഫും കുടുംബവും ഈജിപ്റ്റിലേക്ക് ഓടിപ്പോകുന്നത് (2:13,14 ), ശിശുക്കളുടെ കൊലപാതകം (2:16), ഹെരോദാവിന്റെ മരണം (2:15, 19), ഈജിപ്റ്റിൽ നിന്നുള്ള മടങ്ങിവരവ് (2:19,20), യെഹൂദ്യയിൽ അർക്കെലയൊസിന്റെ ഭരണം (2:21), നസറത്തിലേക്കുള്ള മടങ്ങിപ്പോക്ക്. (2:22). ഇവിടെ യോസേഫിന് ദൂതൻ പ്രത്യക്ഷമാകുന്ന ഒന്നാം അദ്ധ്യായത്തിലെ വിവരങ്ങൾ ഒഴികെയുള്ളവ അതായത് മത്തായി രണ്ടാമദ്ധ്യായം മുഴുവനും ലൂക്കൊസ് 2:39-ൽ നിന്ന് തുടങ്ങണം. അങ്ങനെ വരുമ്പോൾ ലൂക്കാസ് 2:39-ലെ ”അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി” എന്നുള്ളത് ”യെഹൂദ്യയിൽ തങ്ങൾ താമസിച്ചിരുന്ന വീട്ടിലേക്ക് മടങ്ങിപ്പോയി’ എന്നു മനസ്സിലാക്കണം. കാരണം, മത്തായി രണ്ടാമദ്ധ്യായം നടക്കുന്നത് ഗലീലയിലല്ല യെഹൂദ്യയിലാണ്; വിശേഷാൽ ബേത്ത്ളഹേമിലാണ്.
യേശുവിന്റെ ജനനം ബി.സി. 8/7 എന്നൊക്കെ കണക്കു കൂട്ടിയവർ വിചാരിക്കുന്നത്, യേശുവിന്റെ ജനനത്തിനും, നക്ഷത്രം വെളിപ്പെടുന്നതിനും മിസ്രയീമിലേക്കുള്ള ഓടിപ്പോക്കിനും ഇടയിൽ വലിയൊരു ഇടവേള ഉണ്ടായിരുന്നു എന്നാണ്. പക്ഷെ, വേദപുസ്തകത്തിൽ അതിന് യാതൊരു തെളിവുമില്ല. മാത്രമല്ല, മറിയയുടെ ശുദ്ധീകരണകാലവും യേശുവിന്റെ പ്രതിഷ്ഠയും കഴിഞ്ഞാൽ ന്യായപ്രമാണ സംബന്ധമായി യോസേഫിനും കുടുംബത്തിനും യെഹൂദ്യയിൽ തങ്ങേണ്ട യാതൊരാവശ്യവും ഇല്ല. കൂടാതെ പേരു ചാർത്തലും ഇതിനോടകം കഴിഞ്ഞിരിക്കും. തന്നെയുമല്ല യോസേഫിന്റെ സ്വന്തപട്ടണവും വീടും തൊഴിലും ഗലീലയിലായിരിക്കെ ഹെരോദാവിന്റെ കണ്ണിലെ കരടാവാൻ ദീർഘകാലം യെഹൂദ്യയിൽ തങ്ങിയെന്ന് വിചാരിക്കുന്നതും യുക്തിസഹമല്ല. എന്നാൽ മിസ്രയീമിലേക്കുള്ള ഓടിപ്പോക്കിനും ഹെരോദാവിന്റെ മരണത്തിനുമിടയിൽ നിയതമായ ഒരു കലയളവുണ്ട്.
യേശുവിന്റെ ഐഹീകകാലം കണക്കു കൂട്ടാൻ മൂന്നു സുപ്രധാന തെളിവുകൾ ചരിത്രത്തിലുണ്ട്: ഹെരോദാവിന്റെ മരണവും (ബി.സി. 4, മാർച്ച് 13), അർക്കെലയൊസിനെ റോമൻ കൈസർ സിംഹാസന ഭ്രഷ്ടനാക്കുന്നതും (എ.ഡി. 6 ജൂൺമാസം), തിബെര്യൊസ് കൈസറുടെ സിംഹാസനാരോഹണവും (എ.ഡി. 14, സെപ്റ്റംബർ 18). ഇതു മൂന്നും സംശയലേശമെന്യേ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി നമുക്കു ബൈബിളിൽ ഒന്നു പരതിനോക്കാം. ലൂക്കൊസിന്റെ പ്രസ്താവന മറിയ പൈതലിനെ പ്രസവിച്ച് പശുത്തൊട്ടിയിൽ കിടത്തിയെന്നാണ് ലൂക്കൊസ് 2:7-ൽ വായിക്കുന്നത്. പിന്നെയും ന്യായപ്രമാണ സംബന്ധമായി നാല്പത്തൊന്നിലേറെ ദിവസം യെഹൂദ്യയിൽ ഉണ്ടായിരുന്നതായി ലൂക്കൊസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും കാലം പശുത്തൊഴുത്തിൽ ആയിരിക്കില്ല അവർ താമസിച്ചത്. വഴിയമ്പലത്തിൽ സ്ഥലമില്ലായ്കയാലാണ് അവർ ശിശുവിനെ പശുത്തൊട്ടിയിൽ കിടത്തിയത്. (ലൂക്കൊ, 2:7). പേർവഴി ചാർത്തലിനോടുള്ള ബന്ധത്തിൽ ബേത്ത്ളേഹേമിൽ ഉണ്ടായിരുന്ന തിരക്കായിരുന്നു അതിനു കാരണം. മാത്രമല്ല, മറിയയുടെ പ്രസവം പെട്ടെന്നുള്ള ഒരാവശ്യമായിരുന്നു. ചാർത്തലിന്റെ തിരക്ക് ഒഴിഞ്ഞശേഷം സത്രത്തിലോ, വാടകയ്ക്കെടുത്താരു വീട്ടിലോ താമസ്സിച്ചിരിക്കാം. ലൂക്കൊസ് 2:7-ൽ വഴിയമ്പലം എന്നു തർജ്ജമ ചെയ്തിരിക്കുന്ന ‘ടൊപൊസ് ‘ (topos) എന്ന ഗ്രീക്കു പദത്തിന് സ്ഥലം, ഗൃഹം, വസതി, മുറി എന്നൊക്കെയാണ് അർത്ഥം. അല്ലെങ്കിൽ മറിയയുടെ ചാർച്ചക്കാരിയായ എലീശബെത്തിന്റെ വീട്ടിലായിരിക്കും താമസിച്ചിരിക്കുക. അവിടെ ആറു മാസങ്ങൾക്ക് മുമ്പ് മൂന്നു മാസം മറിയ താമസ്സിച്ചിരുന്നതുമാണ്. (ലൂക്കൊ, 1:39-56). എന്തായാലും അവർ താമസിച്ചിരുന്ന ഭവനത്തിലേക്ക് തന്നെയാണ് ദൈവാലയത്തിൽനിന്നും തിരിച്ചു പോയിരിക്കുക.
നക്ഷത്രം കണ്ടിട്ട് യെഹൂദന്മാരുടെ രാജാവിനെ തിരക്കിവന്ന വിദ്വാന്മാർ (ജ്ഞാനികൾ) ഒരു വീട്ടിൽ വെച്ചാണ് പൈതലിനെ ദർശിച്ചത്. (മത്താ, 2:11). ജ്ഞാനികൾ എന്നുവെച്ചാൽ മശീഹയുടെ ആഗമനത്തെക്കുറിച്ച് ന്യായപ്രമാണത്തിൽ നിന്ന് ജ്ഞാനം സമ്പാദിച്ചവർ എന്നാണ്. (സംഖ്യാ, 24:17; ദാനി, 12:4). ബി.സി. 8-ലാണ് യേശുവിന്റെ ജനനമെന്ന് വിചാരിക്കുന്നവർ കരുതുന്നത്; യേശു ജനിച്ച് ഒന്നോ രണ്ടോ വർഷങ്ങൾ കഴിഞ്ഞാണ്, നക്ഷത്രം വെളിപ്പെട്ടതെന്നാണ്. അതിലെ യുക്തിയെന്താണെന്ന് മാത്രം പിടികിട്ടുന്നില്ല. മത്തായി 2:7-ൽ “എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു” എന്നാണ് എഴുതിയിരിക്കുന്നത്. ഇവിടെ ”നക്ഷത്രം വെളിവായ സമയം’ എന്നിടത്ത് ക്രിസ്തു ജനിച്ച സമയം എന്നാണ് മനസ്സിലാക്കേണ്ടത്. ക്രിസ്തു ഭൂജാതനായതിന്റെ തെളിവാണ് നക്ഷത്രം. അത് വെളിപ്പെടേണ്ടത് ആറു മാസമോ, ഒരു വർഷമോ, രണ്ടു വർഷമോ കഴിഞ്ഞിട്ടല്ല, സൂക്ഷ്മം ക്രിസ്തുവിന്റെ ജനനസമയത്ത് തന്നെയാണ്. മാത്രമല്ല, നക്ഷത്രം യാദൃശ്ചികമായി വെളിപ്പെട്ടതല്ല. ദൈവീക പദ്ധതിയിൽ പെട്ടതാണ്. അല്ലെങ്കിൽ ബൈബിളിൽ അത് രേഖപ്പെടുത്തുമായിരുന്നില്ല. അത് വെളിപ്പെടേണ്ടവർക്ക് യേശു ജനിച്ച ദിവസംതന്നെ വെളിപ്പെട്ടിരിക്കും. എന്നാൽ അവർ എത്തിപ്പെടാൻ ചില ആഴ്ചകൾ കഴിഞ്ഞു എന്നു മാത്രമേയുള്ളു. അത് ദൈവാലയത്തിൽ നിന്ന് യോസേഫും കുടുംബവും തങ്ങൾ താമസിച്ചിരുന്ന ബേത്ത്ളേഹെമിലെ വീട്ടിൽ മടങ്ങിയെത്തി, സ്വന്തപട്ടണമായ നസറത്തിലേക്ക് മടങ്ങിപ്പോകുവാനുള്ള വട്ടംകൂട്ടുന്ന ആ ദിവസങ്ങളിൽ തന്നെയായിരിക്കും വിദ്വാന്മാർ എത്തിയിരിക്കുക.
മത്തായിയുടെ പ്രസ്താവന
മത്തായി രണ്ടാമദ്ധ്യായത്തിലെ വിവരങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം: യെഹൂദന്മാരുടെ രാജാവിനെ തിരക്കി വിദ്വാന്മാർ യെരൂശലേമിൽ എത്തുന്നു. (വാക്യം, 1-2). ഹെരോദാവ് അതുകേട്ട് പരിഭ്രമിക്കുന്നു. (വാക്യം, 3). മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും കൂട്ടിവരുത്തി ക്രിസ്തുവിന്റെ ജനനസ്ഥലം ആരായുന്നു. (വാക്യം, 4). യെഹൂദ്യയിലെ ബേത്ത്ളേഹെമാണെന്ന് അവർ തെളിവ് നൽകുന്നു. (വാക്യം, 5-6). നക്ഷത്രം അഥവാ ക്രിസ്തു ജനിച്ച സമയം ഹെരോദാവ് വിദ്വാന്മാരോട് ചോദിച്ചറിയുന്നു. (വാക്യം, 7). തിരിച്ചുവന്ന് തന്നോട് വിവരം പറയണമെന്ന് കല്പിച്ചശേഷം അവരെ ബേത്ത്ളേഹെമിലേക്ക് യാത്രയാക്കുന്നു. ( വാക്യം, 8). നക്ഷത്രം അവരെ ശിശുവിനടുത്ത് എത്തിക്കുന്നു. (വാക്യം, 9-10). അവർ ശിശുവിനെ നമസ്കരിക്കുന്നു; പൊന്നും കുന്തുരുക്കവും മൂരും കാഴ്ചയർപ്പിക്കുന്നു. (വാക്യം, 11). ദൂതന്റെ കല്പനപോലെ വിദ്വാന്മാർ ഹെരോദാവിന്റെ അടുക്കൽ പോകാതെ വേറെവഴിയായി സ്വദേശത്തേക്ക് മടങ്ങുന്നു. (വാക്യം, 12). ദൂതന്റെ കല്പനപോലെ യോസേഫും കുടുംബവും മിസ്രയീമിലേക്ക് പാലായനം ചെയ്യുന്നു. (വാക്യം, 13-14). ബേത്ത്ളേഹെമിലും അതിന്റെ അതിരുകളിലുമുള്ള രണ്ടു വയസ്സും അതിൽ താഴെയുമുള്ള കുഞ്ഞുങ്ങളെ ഹെരോദാവ് കൊല്ലിക്കുന്നു. (വാക്യം, 16 17). ഹെരോദാവിന്റെ മരണവിവരം ദൂതൻ അറിയിച്ചപ്പോൾ യോസേഫ് കുടുംബവുമായി മടങ്ങിവരുന്നു. (വാക്യം, 15, 18-20). അപ്പനേക്കാൾ ദുഷ്ടനായ അർക്കെലയൊസിനെ ഭയന്ന് യോസേഫും കുടുംബവും യെഹൂദ്യയിൽ തങ്ങാതെ സ്വന്തപട്ടണമായ ഗലീലയിലെ നസറത്തിലേക്ക് മടങ്ങിപ്പോകുന്നു. (വാക്യം, 21-22).
മത്തായി 2:16-ൽ “വിദ്വാന്മാർ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്ളേഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു” എന്നെഴുതിയിക്കകൊണ്ട് ആ സമയത്ത് പൈതലിന് ഏകദേശം രണ്ടുവയസ്സ് പ്രായമുണ്ടായിരുന്നു എന്നു കരുതുന്നവരുണ്ട്. അതിന് ബൈബിളിൽ തെളിവൊന്നുമില്ല. ദൈവവചനത്തോട് ഒട്ടും നീതിപുലർത്തുന്ന വ്യാഖ്യാനവുമല്ലത്. ആ വാക്യത്തിൽ, ‘വിദ്വാന്മാർ തന്നെ കളിയാക്കി എന്നു കണ്ടു അവൻ വളരെ കോപിച്ചു’ എന്നാണ് എഴുതിയിരിക്കുന്നത്. വിദ്വാന്മാർ തിരിച്ചു വരാത്തത് മാത്രമല്ല കളിയാക്കലിൽ പെടുന്നത്. അവർക്ക് സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടാണ് വേറെ വഴിയായി സ്വദേശത്തേക്ക് മടങ്ങിപ്പോയതെന്ന് ഹെരോദാവിന് അറിയില്ല. തന്മൂലം, താൻ ചിന്തിക്കുന്നത് അവർ മൊത്തത്തിൽ തന്നെ കബളിപ്പിച്ചു എന്നായിരിക്കും. അങ്ങനെ വരുമ്പോൾ നക്ഷത്രം വെളിവായ സമയവും അവർ കൂട്ടിപ്പറഞ്ഞുവെന്ന് ചിന്തിക്കാനിടയുണ്ട്. അതിനാൽ, പൈതൽ രക്ഷപെടുവാനുള്ള എല്ലാ പഴുതുകളും അടച്ചുകൊണ്ട്, പരമാവധി പ്രായം കണക്കുകൂട്ടിയായിരിക്കും രണ്ടുവയസ്സുവരെയുള്ള കുഞ്ഞുങ്ങളെ കൊല്ലിച്ചത്. ഹെരോദാവിന്റെ ദുഷ്ടതയും കൂർമ്മ ബുദ്ധിയും ഭരണപാടവവും ചരിത്രത്തിൽനിന്ന് പഠിച്ചിട്ടുള്ളവർക്ക് ഇത് മനസ്സിലാക്കുവാൻ പ്രയാസമുണ്ടാവില്ല. “വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ.”‘( ലൂക്കോ, 16:8). മത്തായി 2:15-ൽ “ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു” എന്നാണ് കാണുന്നത്. ”ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു” എന്നെഴുതിരിക്കകൊണ്ട് യോസേഫിന്റെയും കുടുംബത്തിന്റെയും പാലായനത്തിനും മിസ്രയീമ്യവാസത്തിനും മടങ്ങിവരവിനും ഒന്നിലേറെ വർഷങ്ങൾ വേണ്ടിവന്നുവെന്നു മനസ്സിലാക്കാം. യോസേഫ് ഒരു സമ്പന്നനായ മനുഷ്യനായിരുന്നില്ല. ഒരു സാധാരണ തച്ചൻ മാത്രമായിരുന്നു. (മത്താ, 13:55). പൈതലിനുവേണ്ടി ദൈവാലയത്തിൽ ഒരാട്ടിൻകുട്ടിയെ യാഗമർപ്പിക്കാൻ കഴിയാതിരുന്നത്, യോസേഫിന്റെ ദാരിദ്ര്യത്തിന് തെളിവാണ്. (ലേവ്യ, 12:6; ലൂക്കൊ, 2:24). അങ്ങനെയുള്ള യോസേഫ് വളരെക്കാലം യെഹൂദ്യയിൽ തങ്ങിയശേഷം പിന്നെ കുറേക്കാലം മറ്റൊരു രാജ്യത്ത് താമസിച്ചുവെന്ന് കരുതുന്നത് യുക്തിയല്ല. അവരുടെ കയ്യിൽ ആകെയുള്ള സമ്പാദ്യമെന്നു പറയുന്നത് വിദ്വാന്മാർ കാഴ്ചവെച്ച പൊന്നും കുന്തുരുക്കവും മൂരുമാണ്. (മത്താ , 2:11). അത് വിറ്റുകിട്ടിയ പണം കൊണ്ടായിരിക്കണം; അവർ മിസ്രയീമിലേക്ക് യാത്ര ചെയ്തതും; കുറച്ചുകാലം അവിടെ താമസിച്ചതും. പല നാളുകൾ സത്രങ്ങളിൽ മാറിമാറി താമസിച്ചായിരിക്കും; അവർ ഈജിപ്തിലേക്ക് യാത്ര ചെയ്തത്. അതവരുടെ യാത്രയുടെ ചിലവ് വർദ്ധിപ്പിക്കുന്നതാണ്. ഒരുപക്ഷെ, മിസ്രയീമിൽ യോസേഫ് ജോലി ചെയ്തായിരിക്കും കുടുംബത്തെ പോറ്റിയത്. എന്തായാലും, ഈജിപ്തിൽ അവർ കുറച്ചുകാലം പാർത്തിരുന്നു. അതുകൊണ്ടാണല്ലോ, “ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു, മിസ്രയീമിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്ന് എഴുതിയിരിക്കുന്നത്. (മത്താ, 2:15). ഹെരോദാവ് മരിച്ചത്, ബി.സി. 4 മാർച്ച് 13-നാണ്. അതൊക്കെ പരിഗണിക്കുമ്പോൾ മിസ്രയീമ്യവാസം ഒരു വർഷത്തിലേറെ നീണ്ടുനിന്നു എന്ന് കണക്കാക്കാം. എന്തായാലും യേശുവിന്റെ ജനനം ബി.സി. 6-നപ്പുറം പോകാൻ ഒരു സാധ്യതയുമില്ല. (മഹാനായ ഹെരോദാവിന്റെ ചരിത്രം കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക: ഹെരോദാവ്)
ഹെരോദാവ് അർക്കെലയൊസും, യെഹൂദ്യയിലെ നാടുവാഴികളും
“എന്നാൽ യെഹൂദ്യയിൽ അർക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി.” (മത്താ, 2:22). ഹെരോദാവിന്റെ മരണം ദൂതൻ യോസഫിനെ അറിയിക്കുന്നു. യോസേഫ് കുടുംബമായി യിസ്രായേൽ ദേശത്ത് വരുന്നു. അപ്പനേക്കാൾ ദുഷ്ടനായ അർക്കെലെയൊസാണ് യെഹൂദ്യ ഭരിക്കുന്നതെന്നറിഞ്ഞ്; അവിടെ തങ്ങാതെ സ്വന്തപട്ടണമായ നസറത്തിലേക്ക് പോകുന്നു. ബി.സി. 4 മുതൽ എ.ഡി. 6 വരെയാണ് അർക്കെലയൊസിന്റെ ഭരണകാലം. ഹെരോദാവിന്റെ ശമര്യക്കാരിയായ ഭാര്യ മാല്തയക്കെയിൽ ജനിച്ച പുത്രനാണിയാൾ. ഹെരോദാവിന്റെ മരണശേഷം അവശേഷിച്ച പുത്രന്മാരിൽ ഏറ്റവും മുത്തവനാണ് അർക്കെലയൊസ്. പിതാവിന്റെ മരണപത്രപ്രകാരം അർക്കെലയൊസ് രാജാവ് ആകേണ്ടതായിരുന്നു. അതിനെതിരെ യെഹൂദന്മാരുടെ നിവേദകസംഘം റോമിൽ പോയി ചക്രവർത്തിക്ക് പരാതി നല്കി. റോമൻ നാടുവാഴിയുടെ കീഴിൽ ഒരു ദൈവാധിപത്യഭരണമാണ് യെഹൂദന്മാർ ആവശ്യപ്പെട്ടത്. പരാതി കണക്കിലെടുത്ത് കൈസർ അർക്കെലയൊസിന് രാജസ്ഥാനം നല്കിയില്ല. പകരം പിതാവിന്റെ രാജ്യത്തിൽ പകുതി അർക്കെലയൊസിനു നല്കി. അതിൽ ശമര്യ, യെഹൂദ്യ, ഇദുമ്യ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു. രാജപദവി ഇല്ലായിരുന്നെങ്കിലും രാജാവിനെപ്പോലെയാണ് അർക്കെലയൊസ് ഭരിച്ചിരുന്നത്. ഹെരോദാവിന്റെ മക്കളിൽ ഏറ്റവും ക്രൂരനും വഷളനുമായിരുന്നു ഇയാൾ, ഒരു പെസഹ പെരുന്നാളിന്റെ സമയത്ത് മൂവായിരം യെഹൂദന്മാരെ ഇയാൾ നിഷ്കരുണം കൊന്നു എന്നു ജോസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനം ദുസ്സഹമായപ്പോൾ യെഹൂദന്മാരുടേയും ശമര്യരുടേയും പ്രതിനിധികൾ റോമിൽച്ചെന്ന് ചക്രവർത്തിയോട് പരാതിപ്പെട്ടു. ചക്രവർത്തി അയാളെ സിംഹാനഭ്രഷ്ടനും രാജ്യഭ്രഷ്ടനും ആക്കി. എ.ഡി. 6-ൽ ഗാളിലേക്ക് നാടുകടത്തപ്പെട്ട അർക്കെലയൊസ് അവിടെവെച്ച് മരിച്ചു. ഇയാളെ ഭയന്നാണ് യോസേഫ് യെഹൂദ്യയിൽ തങ്ങാതെ നസറത്തിലേക്ക് പോയത്. എ.ഡി. 6-നു ശേഷം യെഹൂദ്യയിൽ നാടുവാഴികൾ മുഖേന റോമിന്റെ നേരിട്ടുള്ള ഭരണമായിരുന്നു . അർക്കെലയൊസിനെ എ.ഡി. 6 ജൂണിൽ റോമൻ ചക്രവർത്തി തിരികെ വിളിച്ചുവെന്നും ഒക്ടോബറിൽ ഗാളിലേക്ക് നാടുകടത്തിയെന്നും എ.ഡി. 14-ൽ അവിടെ വെച്ച് താൻ മരിച്ചുവെന്നും ‘ബിൽ ഹെരോമാൻ’ രേഖപ്പെടുത്തിയിരിക്കുന്നു. (NT/History Blog: July 2007 Bill Heroman). അർക്കെലയൊസിനു ശേഷം എ.ഡി. 6-9-വരെ ‘കൊപൊണിയസും’ (Coponius), 9-12-വരെ ‘മാർക്കസ് ആംബിവ്യൂലസും’ (Marcus Ambivulus), 12-15-വരെ ‘ആനിയസ് റൂഫസും’ (Annius Rufus), 15-26-വരെ ‘വെലേറിയസ് ഗ്രാറ്റസും’ (Velerius Gratus), 26-36-വരെ ‘പൊന്തിയൊസ് പീലാത്തോസും’ (Pontius Pilate) ആയിരുന്നു യെഹൂദ്യയിലെ നാടുവാഴികൾ (Governor).
ഒരു സുപ്രധാന തെളിവ്
യേശുവിന്റെ ജനനവർഷം കൃത്യമായി കണക്കാക്കാൻ കഴിയുന്ന ഒരു സുപ്രധാന വേദഭാഗമുണ്ട്. നമുക്കത് പരിശോധിക്കാം: മത്തായി 2:22-ന്റെ ബാക്കി തുടങ്ങുന്നത് ലൂക്കൊസ് 2:40 മുതലാണ്. 2:41,42-ൽ ഇങ്ങനെ കാണുന്നു: “അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും. അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.” ഈ വേദഭാഗത്ത്, അവന്നും അമ്മയപ്പന്മാരും ആണ്ടുതോറും പോകുമെന്നല്ല. അവന്റെ അമ്മയപ്പന്മാർ പോകും എന്നാണ്. അതായത്, ആണ്ടുതോറും യേശുവിന്റെ അമ്മയപ്പന്മാർ മാത്രം പെരുനാളിന് പോയി. എന്താണ് കാരണം? ദുഷ്ടനായ അർക്കെലയൊസിനെ ഭയന്ന് പൈതലിനെ അവർ കൊണ്ടുപോയില്ല. യേശുവിന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവനെയും പെരുന്നാളിന് കൊണ്ടുപോയി. അതായത്, അർക്കെലയൊസിനെ നാടുകടത്തിയതിനു ശേഷം വരുന്ന പെസഹയ്ക്കാണ് അവർ അവനെ കൊണ്ടുപോയത്; ആ വർഷമാണ് യേശുവിന് പന്ത്രണ്ട് വയസ്സ് തികഞ്ഞത്. യേശു ദൈവപുത്രനാണെന്നും സാക്ഷാൽ മശിഹയാണെന്നും യോസേഫിനും മറിയയ്ക്കും നിശ്ചയമുണ്ട്. പിന്നെയും എന്തുകൊണ്ടാണ് ദൈവാലയത്തിൽ കൊണ്ടുപോകാൻ പന്ത്രണ്ടു വയസ്സുവരെ കാത്തിരുന്നു? അതിന്റെ ഉത്തരമാണ്: അർക്കെലയൊസെന്ന ദുഷ്ടനായ ഭരണാധികാരി. ”സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീല പ്രദേശങ്ങളിലേക്കു മാറിപ്പോയി” എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് അതുകൊണ്ടാണ്. (മത്താ, 2:21), അതല്ലാതെ പന്ത്രണ്ടാം വയസ്സിന് മറ്റൊരു പ്രത്യേകതയും ദൈവവചനം കല്പിക്കുന്നില്ല. യേശുവിന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹാപെരുന്നാളിനു പോകുമായിരുന്നു. (ലൂക്കൊ, 2:41). എ.ഡി. 6-ലെ പെസഹ ഏപ്രിൽ ഒന്നിനായിരുന്നു. അന്നും അവന്റെ അമ്മയപ്പന്മാർ പതിവുപോലെ പെരുന്നാളിനു പോയിരുന്നു. അർക്കെലയൊസിനെ റോം തിരികെ വിളിക്കുന്നത് അതേ വർഷം ജൂണിലാണ്. അതിനടുത്തവർഷം യോസേഫും മറിയയും പെസഹാപെരുന്നാളിന് പോയപ്പോൾ ബാലനായ യേശുവിനെയും കൊണ്ടുപോയി. അന്ന് യേശുവിന് പന്ത്രണ്ട് വയസ്സായിരുന്നു. (ലൂക്കൊ, 2:42). തന്മൂലം, ബി.സി. 6-ലാണ് യേശു ജനിച്ചതെന്ന് മനസ്സിലാക്കാം. അതായത്, ആബീബ് അഥവാ, നീസാൻമാസമാണ് പെസഹ. ബി.സി. 6-ലെ (എ.യു.സി. 748, എബ്രായ വർഷം 3755) പെസഹ പെരുന്നാൾ ഏപ്രിൽ 1-ന് ആയിരുന്നു. എ.ഡി. 7-ലെ (എ.യു.സി. 760, എബ്രായ വർഷം 3767) പെസഹ മാർച്ച് 20-നാണ്. അതിനാൽ, ബി.സി. 6-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ, കൃത്യമായിപ്പറഞ്ഞാൽ ബി.സി. 6 മാർച്ച് മാസത്തിയിരുന്നു യേശുവിന്റെ ജനനം. യേശുവിന്റെ ജനനത്തെക്കുറിച്ച് ബൈബിൾ തരുന്ന ഇതിലും കൃത്യമായൊരു കണക്ക് വേറൊരിടത്തുനിന്നും ഇനി ലഭിക്കുവാൻ പ്രയാസമായിരിക്കും.
ഏകദേശം മുപ്പതുവയസ്സ്
ഇനിയുള്ളത്, ഏകദേശം മുപ്പത് വയസ്സ് എന്ന ലൂക്കൊസിൻ്റെ പ്രസ്താവനയാണ്: “യേശുവിനു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ; ഏകദേശം മുപ്പതു വയസ്സായിരുന്നു. (ലൂക്കൊ, 3:23). യഥാർത്ഥത്തിൽ, യേശു ശുശ്രൂഷ ആരംഭിക്കുമ്പോൾ, അവനു 34 വയസ്സിനു മുകളിൽ പ്രായമുണ്ടായിരുന്നു. അതുകൊണ്ട്, ലൂക്കൊസിൻ്റെ പ്രയോഗം വിരുദ്ധമാകുന്നില്ല. ഒന്നാമത്, യേശുവിന് മുപ്പത് വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്; എന്ന ഖണ്ഡിതമായ ഒരർത്ഥം ആ പ്രയോഗത്തിനില്ല. അവനു കൃത്യമായ മുപ്പത് വയസ്സ് ആയിരുന്നെങ്കിൽ, ഏകദേശം എന്ന് ചേർക്കേണ്ട ആവശ്യമില്ലായിരുന്നു,. തന്മൂലം, 34-35 വയസ്സുണ്ടെങ്കിലും ” ഏകദേശം മുപ്പത് വയസ്സ്” എന്ന പ്രയോഗത്തിൻ്റെ പരിധിൽത്തന്നെയാണ് അത് വരുന്നത്. രണ്ടാമത്, യെഹൂദന്മാർ ശുശ്രൂഷ്യ്ക്ക് ഇറങ്ങിയിരുന്നത്; മുപ്പത് വയസ്സിന് ശേഷമാണ്. സമാഗമന കൂടാരത്തിലും, ദൈവാലയത്തിലും ശുശ്രൂഷയിൽ പ്രവേശിപ്പിച്ചിരുന്നത് മുപ്പതു വയസ്സുമുതൽ മേലോട്ടുള്ള ലേവ്യരെയാണ്. (സംഖ്യാ, 4:2; 1ദിന, 23:2-5). തന്മൂലം, യേശുവിനു മുപ്പത് വയസ്സിൽ കുറയാത്ത പ്രായം ഉണ്ടെന്ന് കാണിക്കാനാണ്, ഏകദേശം മുപ്പത് വയസ്സായിരുന്നു” എന്ന് പറഞ്ഞതെന്ന് മനസ്സിലാക്കാം. അതായത്, ന്യായപ്രമാണത്തിന് കീഴെ ജനിച്ച യേശു, ന്യായപ്രമാണം അനുശാസിക്കുന്ന പ്രായത്തിൽ തന്നെയാണ് ശുശ്രൂഷ ആരംഭിച്ചതെന്നാണ്, ആ പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്. അല്ലാതെ, മുപ്പത് വയസ്സെന്ന ഖണ്ഡിതമായ അർത്ഥം അതിനില്ല. യോഹന്നാൻ സ്നാപകനേക്കാൾ ആറുമാസത്തിന്; ഇളയതാണ് യേശു. (ലൂക്കോ, 1:26). സ്നാപകൻ ശുശ്രൂഷ ആരംഭിച്ച് അധികം താമസിയാതെ യേശുവും ശുശ്രൂഷ ആരംഭിച്ചു. ലേവ്യനായതുകൊണ്ട് യോഹന്നാൻ മുപ്പത് വയസ്സ് കഴിഞ്ഞപ്പോൾത്തന്നെ ശുശ്രൂഷയ്ക്ക് ഇറങ്ങി എന്നു വിചാരിക്കുന്നതിൽ അർത്ഥമില്ല. സാധാരണ പുരോഹിതന്മാരെപ്പോലെ മുപ്പത് വയസ്സ് ആകുമ്പോൾത്തന്നെ ശുശ്രൂഷ ആരംഭിക്കുവാനും, ശിഷ്ടകാലം ദൈവാലയംകൊണ്ടും ദശാംശം കൊണ്ടും സുഖജീവിതം നയിക്കുവാനുമല്ല യോഹന്നാനെ ദൈവം അയച്ചിരിക്കുന്നത്. ദൈവശബ്ദത്തിനായി കാതോർത്തുകൊണ്ട് യോഹന്നാന്റെ വാസംതന്നെ മരുഭൂമിയിലായിരുന്നു. (ലൂക്കോ, 1:80). വഴി ഒരുക്കപ്പെടേണ്ടവൻ അഥവാ, ക്രിസ്തു എപ്പോൾ ശുശ്രൂഷ ആരംഭിക്കുന്നുവോ അതിനു തൊട്ടുമുൻപ് മാത്രമാണ് വഴി ഒരുക്കുന്നവന്റെ ശുശ്രൂഷ. ഔഗുസ്തൊസ് കൈസർ മരിക്കുന്നത് എ.ഡി. 14, ഓഗസ്റ്റ് 19-നാണ്. പിറ്റേമാസം സെപ്റ്റംബർ 18-നാണ് തിബെര്യാസ് കൈസറുടെ സ്ഥാനാരോഹണം. അതിന്റെ പതിനഞ്ചാം വർഷം അഥവാ എ.ഡി. 29-ലാണ് യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷ ആരംഭിക്കുന്നത്. (ലൂക്കൊ, 3:1-2). അതിന്റെ ചില ദിവസങ്ങൾക്കോ, ആഴ്ചകൾക്കോ ഉള്ളിൽത്തന്നെ യേശുവും ശുശ്രൂഷ ആരംഭിച്ചു.
ഡിസംബറിലല്ല യേശുവിന്റെ ജനനം
യേശു ജനിച്ചത് ഡിസംബർ മാസത്തിലാണെന്ന് കരുതുന്നവരുണ്ട്. അതിന് ബൈബിളിലോ ചരിത്രത്തിലോ യാതൊരു തെളിവുമില്ല. മാത്രമല്ല, നവംബർ ഡിസംബർ ജനുവരി മാസങ്ങളിലല്ല യേശുവിന്റെ ജനനമെന്ന് സമർത്ഥിക്കാൻ കഴിയുന്ന രണ്ടു തെളിവുകൾ ബൈബിളിൽ തന്നെയുണ്ട്. ഒന്ന്; ജനസംഖ്യയെടുപ്പ് അഥവാ പേർവഴി ചാർത്തൽ പോലൊരു സാർവ്വത്രിക വിഷയം റോമാ സാമ്രാജ്യത്തിൽ ഡിസംബർ മാസത്തിൽ സാധ്യമല്ല. പലസ്തീൻ നാടുകളിൽ ഇന്നും അത് പ്രായോഗികമല്ല. പലയിടത്തും മൈനസ് ഡിഗ്രിവരെ തണുപ്പ് ഇപ്പോഴുമുണ്ട്. തന്മൂലം യാത്രാസൗകര്യം പോലുമില്ലാതിരുന്ന രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് അതൊട്ടും സാധ്യമാകുകയില്ല. പേര് ചാർത്താനാണല്ലോ യോസേഫും കുടുംബവും സ്വന്തപട്ടണമായ നസറെത്ത് വിട്ട് ബേത്ത്ളേഹെമിൽ വന്നത്. (ലൂക്കൊ, 2:1). രണ്ട്; യേശുവിന്റെ ജനനസമയത്ത് ഇടയന്മാർ ആട്ടിൻക്കൂട്ടത്തെ കാവൽകാത്തുകൊണ്ട് വെളിമ്പ്രദേശത്തായിരുന്നു. (ലൂക്കൊ, 2:8). യിസ്രായേലിലെ കാലാവസ്ഥ പ്രകാരം കിസ്ലേവ്, തേബത്ത്, ശേബാത്ത് മാസങ്ങളിൽ അഥവാ നവംബർ പകുതി മുതൽ ഫെബ്രുവരി പകുതിവരെ ഭയങ്കര തണുപ്പായിരിക്കും. ഈ മൂന്നു മാസങ്ങളിൽ ആടുകൾ ആലയിലായിരിക്കും. യേശുവിന്റെ ജനനം ഡിസംബർ മാസത്തില്ല എന്നതിന് ഇതിൽക്കൂടുതൽ തെളിവെന്തിനാണ്. ചരിത്രത്തിലെയും ബൈബിളിലെയും എല്ലാ തെളിവുകളും ചേർത്ത് പരിശോധിക്കുമ്പോൾ നാം എത്തിച്ചേരുന്നത് യേശുവിന്റെ ജനനം ഒരു വസന്തകാലത്താണ്. (മാർച്ച്-മെയ്) അതായത്, ബി.സി. 6-മാണ്ട് മാർച്ചുമാസം അഥവാ, വസന്തകാലത്തിന്റെ ആരംഭത്തിലാണ് യേശു ജനിച്ചത്. സകലതും പുഷ്പിക്കുന്നതും പൂവിടുന്നതും വസന്തകാലത്താണ്. ലോകത്തിന്റെ പാപപരിഹാരാർത്ഥം ദൈവത്തിന്റെ ക്രിസ്തു ഭൂജാതനായതും സർവ്വജനത്തിനും ഉണ്ടാവാനുള്ളാരു മഹാസന്തോഷം ദൂതൻ അറിയിച്ചതും ബി.സി. 6-ലെ വസന്തകാലത്താണ്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!
ബി സി 4 ൽ ആണ് യേശു ജനിക്കുന്നത്.
മറ്റുള്ളതെല്ലാം വിവാദങ്ങളുണ്ടാക്കാനും ദുഷ്ടന്മാരുടെ ദുഷ്ചെയ്തികൾ മറയ്ക്കാനും മാത്രം.
യേശു ജനിച്ചത് ബി.സി. 4-ലാണെന്ന് വിചാരിക്കുന്നവരുണ്ട്. ബി.സി. 4-ൽ യേശുവിന് ജനിക്കാൻ കഴിയില്ലെന്നുള്ളതാണ് വസ്തുത.
യേശു ജനിക്കുമ്പോൾ മഹാനായ ഹെരോദാവ് ജീവിച്ചിരുന്നു. ഹെരോദാവ് മരിക്കുന്നത് ബി.സി. 4, മാർച്ച് 13-നാണ്. ഹെരോദാവിൻ്റെ മരണംവരെ ബി.സി. നാലാമാണ്ടിൽ 72 ദിവസമാണുള്ളത്. യേശുവിൻ്റെ ജനനം മുതൽ ഹെരോദാവിൻ്റെ മരണംവരെയുള്ള സംഭവങ്ങൾ 72 ദിവസത്തിൽ ഒതുങ്ങുന്നതല്ല. എട്ടാം ദിവസം യേശുവിൻ്റെ പരിച്ഛേദന; പിന്നെയും 33 ദിവസം ആകുമ്പോഴാണ് മറിയയുടെ ശുദ്ധീകരണകാലം തികയുന്നത്. പിന്നെയാണ് യോസേഫും കുടുംബവും ദൈവാലയത്തിൽ പോകുന്നത്. അതിനുശേഷമാണ് വിദ്വാന്മാർ (ജ്ഞാനികൾ) യേശുവിനെ സന്ദർശിക്കുന്നത്. പിന്നീട് ഈജിപ്റ്റിലേക്കുള്ള പലായനം.
യേശുവിൻ്റെ ജനനം മുതൽ വിദ്വാന്മാരുടെ സന്ദർശനംവരെ ഏറ്റവും കുറഞ്ഞത് 42 ദിവസംവേണം. ശേഷിക്കുന്നത് 30 ദിവസമാണ്. യെരൂശലേമിൽനിന്ന് മിസ്രയീമിലേക്ക് (ഈജിപ്റ്റ്) ഏകദേശം 425 കി.മീ. ദൂരമുണ്ട്. വണ്ടിയും വള്ളവുമില്ലാത്ത അക്കാലത്ത് കൈക്കുഞ്ഞുമായി സത്രങ്ങളിൽ മാറിമാറി താമസിച്ച് 30 ദിവസംകൊണ്ട് മിസ്രയീമിൽ എത്താൻപോലും അവർക്ക് കഴിയില്ല. അങ്ങനെ വരുമ്പോൾ: “ഹെരോദാവിന്റെ മരണത്തോളം അവൻ (യേശു) അവിടെ പാർത്തു” എന്ന മത്തായിയുടെ പ്രസ്താവനയും; “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” (2:15) എന്ന പ്രവചനവും അസ്ഥാനത്താകും. (സഹോദരൻ ലേഖനം മുഴുവൻ വായിച്ചുനോക്കുക).
പിന്നെ, ബി.സി. 4-ൽ ജനിച്ച യേശുവിൻ്റെ ജനനവർഷം ബി.സി. 6-ലേക്ക് മാറ്റിയാൽ, ദുഷ്ടന്മാരുടെ എന്തു ദുഷ്പ്രവൃത്തിയാണ് മറയ്ക്കപ്പെടുന്നതെന്ന് അങ്ങ് വ്യക്തമാക്കണം. ആർക്കെന്തു ഗുണമാണ് ഉണ്ടാകുന്നത്; അതെങ്കിലും അങ്ങ് പറയണം. പ്ലീസ്….
സഹോദരാ; താങ്കൾ ഒരുപക്ഷെ സ്വതന്ത്രനായിരിക്കാം; അതുകൊണ്ട്
താങ്കൾക്ക് എന്തുവേണമെങ്കിലും വിശ്വസിക്കാം പറയാം. പക്ഷെ, ഞാൻ സ്വതന്ത്രനല്ല; ക്രിസ്തുവിൻ്റെ അടിമയാണ്; അവൻ്റെ നുകത്തിൻ കീഴിൽ ബന്ധിക്കപ്പെട്ടവൻ. അതിനാൽ, എനിക്ക് ദൈവവചനത്തിൽ തെളിവില്ലാത്തതൊന്നും വിശ്വസിക്കാനും, എഴുതാനും, പറയാനും പറ്റത്തില്ല. ദയവായി ദൈവനാമത്തിൽ എന്നോട് ക്ഷമിക്കണം!
It was such a valuable information. I want to know more about this .
Thank God 🙏