കുഷ്ഠരോഗം
പൗരാണികകാലത്തുതന്നെ അറിയപ്പെട്ടിരുന്ന ഒരു രോഗമാണ് കുഷ്ഠം. മെസൊപ്പൊട്ടേമിയയിലും പൗരസ്ത്യ നാടുകളിലും കുഷ്ഠം സാധാരണമായിരുന്നു. ഈജിപ്റ്റിലെ മമ്മികളിൽനിന്നും കുഷ്ഠരോഗത്തിന്റെ ഒരുദാഹരണം ലഭിച്ചിട്ടുണ്ട്. മോശയെയും യിസ്രായേൽമക്കളെയും ഈ ജിപ്റ്റിൽ നിന്നു പുറത്താക്കിയതിനു കാരണം അവർക്കു കുഷ്ഠം ബാധിച്ചിരുന്നതാണെന്നു ഈജിപ്ഷ്യൻ ചരിത്രകാരൻമാർ രേഖപ്പെടുത്തിയതായി ജൊസീഫസ് പറയുന്നുണ്ട്. ഈ ധാരണയെ ജൊസീഫസ് ശക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. കുഷ്ഠരോഗത്തെക്കുറിച്ചുള്ള വിവരണം ലേവ്യർ 13-ലും 14-ലും ഉണ്ട്. ഒരുവനെ കുഷ്ഠരോഗി എന്നു വിധിക്കുന്നത് പുരോഹിതന്റെ ചുമതലയാണ്. കുഷ്ഠരോഗത്തെ തിരിച്ചറിയുവാൻ അനേകം ലക്ഷണങ്ങൾ കൊടുത്തിട്ടുണ്ട്. കുഷ്ഠബാധ നൈസർഗ്ഗികമായിരിക്കാം. (ലേവ്യ, 13:2 ?-17). ദേഹത്ത് പരു ഉണ്ടായി സൗഖ്യമായശേഷം കുഷ്ഠത്തിന്റെ ലക്ഷണങ്ങൾ കാണിക്കാം. 13:18-23). തൊലിയിൽ പൊള്ളലുണ്ടായശേഷം കുഷ്ഠം ഉണ്ടാകാം. (13:24-28). തലയിലോ താടിയിലോ കുഷ്ഠം ഉണ്ടാകാം. (13:29-44). തൊലിപ്പുറത്തു പരിശോധിക്കുന്ന സ്ഥലത്തു മറ്റുലക്ഷണങ്ങളോടൊപ്പം രോമം വെളുത്തുകണ്ടാൽ രോഗിയെ കുഷ്ഠബാധിതനും അശുദ്ധനുമായി പ്രഖ്യാപിക്കണം. ഇതിൽ ഒരുലക്ഷണം മാത്രം കണ്ടാൽ ഏഴുദിവസം പുരോഹിതൻ അവനെ മാറ്റി പാർപ്പിക്കണം. അതിനുശേഷം വീണ്ടും പരിശോധിച്ച് കൂടുതൽ ദോഷം കണ്ടില്ലെങ്കിൽ വീണ്ടും ഏഴുദിവസത്തേക്കുകൂടി മാറ്റി പാർപ്പിക്കണം. അതിനുശേഷം അവനെ ശുദ്ധനെന്നു പ്രഖ്യാപിക്കണം.
കുഷ്ഠരോഗം മരണത്തിന്റെ പ്രതിരൂപമാണ്. ധരിക്കുന്ന വസ്ത്രത്തിലും മുണ്ഡനം ചെയ്ത തലയിലും കുഷ്ഠബാധിതൻ തനിക്കു മരണത്തോടുള്ള അടുപ്പം പ്രദർശിപ്പിക്കേണ്ടതാണ്. കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയുകയും തല മൂടാതിരിക്കുകയും അധരം മൂടുകയും അശുദ്ധൻ അശുദ്ധൻ എന്നു വിളിച്ചു പറയുകയും വേണം. രോഗമുള്ള നാൾ മുഴുവൻ അവൻ അശുദ്ധനാണ്: തനിച്ചു പാർക്കേണ്ടതാണ്; പാർപ്പു പാളയത്തിനു പുറത്തായിരിക്കേണ്ടതാണ്. (ലേവ്യ, 13:45-46). ബൈബിൾ കാലഘട്ടങ്ങളിൽ കുഷ്ഠരോഗം എത്ര ഭയാനകമായിരുന്നുവോ അതിനേക്കാൾ ഭയാനകമായിരുന്നു നമ്മുടെ ഓരോരുത്തരുടേയും പാപം. പാപവും ശാപവും പേറി, അറുക്കുവാനുള്ള ആടുകളെപ്പോലെ നരകത്തിലേക്ക് പൊയ്ക്കൊണ്ടിരുന്ന നമ്മളെ ദൈവം തൻ്റെ പുത്രൻ മുഖാന്തരം വീണ്ടെടുത്തു. നാം സഹിക്കേണ്ടിയിരുന്ന എല്ലാ ശിക്ഷയും സ്വന്തം ശിരസ്സിൽ വഹിച്ച് നമുക്കുപകരം മരിച്ചുകൊണ്ട് അവൻ നമ്മെ നിരുപാധികം സ്വതന്ത്രമാക്കി.