ബൈബിൾ വിശ്വാസയോഗ്യമല്ലെന്ന് കരുതുന്നവർ ചൂണ്ടിക്കാണിക്കുന്നതാണ് കയീൻ്റെ ഭാര്യയുടെ വിഷയം. ആദ്യമനുഷ്യരാണ് ആദാമും ഹവ്വായും. അവർക്ക് രണ്ട് പുത്രന്മാരാണ് ഉണ്ടായിരുന്നത്. അതിൽ മൂത്തവനായ കയീൻ ഇളയവനായ ഹാബെലിനെ കൊന്നു. എന്നാൽ അനന്തരം കയീൻ ദൈവസന്നിധിയിൽനിന്ന് മറ്റൊരു ദേശത്തേക്ക് ഓടിപ്പോയി ഒരു സ്ത്രീയെ വിവാഹം കഴിച്ചതായും അവർക്ക് വലിയൊരു സന്തതി പരമ്പര ഉണ്ടായതായും പറഞ്ഞിട്ടുണ്ട്: (ഉല്പ, 4:16-26). ഇതിൻ്റെ പരിഹാരം വളരെ ലളിതമാണ്. ആദത്തിനും ഹവ്വയ്ക്കും കയീൻ, ഹാബെൽ, ശേത്ത് എന്നിവരെക്കൂടാതെ മറ്റനേകം പുത്രന്മാരും പുത്രമാരും ഉണ്ടായതായി പറഞ്ഞിട്ടുണ്ട്: ❝ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരേയും പുത്രിമാരെയും ജനിപ്പിച്ചു:❞ (ഉല്പ, 5:4). പാരമ്പര്യമനുസരിച്ച് ആദാമിനു 33 പുത്രന്മാരും 23 പുത്രിമാരും ഉണ്ടായിരുന്നു: [കാണുക: The Antiquities of the Jews – Book I, Chapter 2:3 (11)]. അന്ന് ഭൂമിയിൽ ഒരു കുടുംബം മാത്രം ഉണ്ടായിരുന്ന സ്ഥിതിക്ക് സഹോദരന്മാരും സഹോദരിമാരും തമ്മിൽ വിവാഹം ചെയ്യാതെ നിവൃത്തിയില്ല. ആരംഭകാലത്ത് ഇമ്മാതിരി വിവാഹങ്ങൾ ദോഷകരമായി കണക്കാക്കിയിരുന്നില്ല. തന്മൂലം, കയീൻ്റെ ഭാര്യ സ്വന്തം സഹോദരി ആയിരുന്നു എന്നതിൽ സംശയത്തിനിടമില്ല. കയീൻ്റെ ചരിത്രം മുമ്പും (4-ാം അദ്ധ്യായം) ആദാമിനു് ശേത്തും മറ്റുമക്കളു ജനിച്ചകാര്യം പിമ്പും (5-ാം അദ്ധ്യായം) പറഞ്ഞിരിക്കുന്നത്: കയീൻ്റെ ചരിത്രം നാലാം ആദ്ധ്യായത്തിൽ പറഞ്ഞ് അവസാനിപ്പിക്കാനും, ശേത്തിലൂടെയാണ് ബൈബിൾ ചരിത്രം പുരോഗമിക്കുന്നത് എന്നതിനാലുമാണ്.