കടലുകൾ

കടലുകൾ (Oceans) 

കടക്കാൻ പാടില്ലാത്തത് എന്നു പദാർത്ഥം. എബ്രായപദമായ ‘യാം’മിന് ഗർജ്ജിക്കുന്നതെന്നർത്ഥം. ‘തലാസ്സ’ എന്ന ഗ്രീക്കുപദത്തിന് ഉപ്പുള്ളതു എന്നായിരിക്കണം അർത്ഥം. പഴയനിയമകാലത്തെ പ്രധാന സമുദ്രം മെഡിറ്ററേനിയൻ ആയിരുന്നു. പലസ്തീന്റെ പടിഞ്ഞാറാണു മെഡിറ്ററേനിയൻ സമുദം. തന്മൂലം ‘യാമിനു’ പടിഞ്ഞാറെന്നർത്ഥവും ലഭിച്ചു. സമുദ്രത്തെമാത മാത്രല്ല, പലസ്തീനിലുള്ള തടാകങ്ങളെയും (ശുദ്ധജലമുള്ളവയും ഉപ്പുവെള്ളമുള്ളവയും) എബ്രായർ കടൽ (യാം) എന്നുവിളിച്ചിരുന്നു.

എബ്രായർക്കു കടലിനോടു വലിയ മമത ഇല്ലായിരുന്നു. ദൈവത്തിനെതിരെ പോരാടുന്ന ശക്തിയുടെ മൂർത്തിമദ്ഭാവമായി പുരാതന ശേമ്യജനത കടലിനെ കണ്ടു. സമുദ്രം ദൈവത്തിന്റെ സൃഷ്ടിയാണ്. (ഉല്പ, 19). ദൈവമാണ് സമുദ്രത്തെ നിയന്ത്രിക്കുകയും (സങ്കീ, 104:7-9), മനുഷ്യന് അനുഗ്രഹമാക്കി തീക്കുകയും (ഉല്പ, 49:25; ആവ, 33:13) ചെയ്യുന്നത്. ദൈവത്തിന്റെ അത്ഭുതകരമായ ശക്തി സമുദ്രത്തിന്മേൽ വെളിപ്പെട്ടിട്ടുണ്ട്. (പുറ, 14-15; സങ്കീ, 77:16; യോനാ, 1-2). യേശുക്രിസ്തു കടലിന്മേൽ നടന്നതും കാറ്റിനെയും കടലിനെയും ശാന്തമാക്കിയതും പ്രഖ്യാത വൃത്താന്തങ്ങളാണ്. ദുഷ്ടന്മാരുടെ ഉപമാനമാണ് കലങ്ങിമറിയുന്ന കടൽ. (യെശ, 57:20). ശത്രുസൈന്യത്തിന്റെ ശബ്ദം കടലിന്റെ അലർച്ചപോലെയാണ്. (യെശ, 5:30; യിരെ, 6:23). സമുദ്രത്തെ കതകുകളാൽ അടയ്ക്കുക (ഇയ്യോ, 38:8) എന്നത് സമുദ്രത്തെ നിയന്ത്രിച്ചു അതിർ വയ്ക്കന്നതിനെ സൂചിപ്പിക്കുന്നു. സമുദ്രത്തിലെ തിരമാല നീതിയുടെയും (യെശ, 48:18), സംഹാരക സൈന്യത്തിന്റെയും (യെഹ, 26:3,4), സ്വസ്ഥതയില്ലാത്ത ദുഷ്ടൻമാരുടെയും (യെശ, 57:20), സംശയാലുവിന്റെയും (യാക്കോ, 1:6) ഉപമാനങ്ങളാണ്. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം ഭൂമിയിൽ നിറയുന്നത് സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതു പോലെയാണ്. (യെശ, 11:9; ഹബ, 2:14). വ്യാജോപദേഷ്ടാക്കന്മാർ തങ്ങളുടെ നാണക്കേടു നുരച്ചുതള്ളുന്ന കൊടിയ കടൽത്തിരകളാണ്. (യൂദാ, 13). ദ്വീപുകളും തീരദേശപട്ടണങ്ങളും സഞ്ചയിച്ചുവച്ചിരിക്കുന്ന സമ്പത്താണു് സമുദ്രത്തിന്റെ ധനം. (യെശ, 60:5). സോരിലെ കച്ചവടക്കാർ ‘സമുദ്രത്തിലെ പ്രഭുക്കന്മാർ’ എന്ന അപരനാമത്തിൽ അറിയപ്പെട്ടു. (യെഹെ, 26:16). ഭൂമിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ എന്നതിനു സമാനമാണ് ‘സമുദ്രം മുതൽ സമുദ്രം വരെ’ എന്നത്. (ആമോ, 8:12; മീഖാ, 7:12). പുതിയഭൂമിയിൽ സമുദ്രം ഉണ്ടായിരിക്കുകയില്ല. (വെളി, 21:1).

ബൈബിളിലെ കടലുകൾ:

1. അദ്രിയക്കടൽ

2. കണ്ണാടിക്കടൽ

3. ഗലീലക്കടൽ

4. ചാവുകടൽ

5. ചെങ്കടൽ

6. താമ്രക്കടൽ

7. മഹാസമുദ്രം