ഒത്നീയേൽ (Othniel)
പേരിനർത്ഥം – ദൈവം എന്റെ ബലം
കാലേബിന്റെ അനുജനായ കെനസിന്റെ മകൻ: (ന്യായാ, 3:9). കിര്യത്ത്-സേഫെർ അഥവാ ദെബീർ കീഴടക്കുന്നവന് സ്വപുതിയായ അക്സയെ വിവാഹം ചെയ്തുകൊടുക്കും എന്ന് കാലേബ് പറഞ്ഞു. ഒത്നീയേൽ കിര്യത്ത്-സേഫെർ പിടിക്കുകയും അക്സയെ വിവാഹം ചെയ്യുകയും ചെയ്തു: (യോശു, 15:16,17; ന്യായാ, 1:12,13). യഹോവയെ മറന്നതുകൊണ്ട് യിസ്രായേല്യരെ യഹോവ മെസൊപ്പൊത്താമ്യയിലെ രാജാവായ കൂശൻ രിശാഥയീമിന്റെ കയ്യിൽ ഏല്പിച്ചു. എട്ടുവർഷം അവർ കുശൻ രിശാഥയീമിനെ സേവിച്ചു. തുടർന്നു അവർ ദൈവത്തോടു നിലവിളിക്കയും യഹോവ അവർക്കു രക്ഷകനായി കെനിസ്യനായ ഒത്നീയേലിനെ എഴുന്നേല്പിക്കുകയും ചെയ്തു. അയാൾ കൂശൻ രിശാഥയീമിനെ ജയിച്ചു, യിസ്രായേലിനു ന്യായപാലനം ചെയ്തു. തുടർന്ന് ദേശത്തിനു നാല്പതു വർഷം സ്വസ്ഥത ലഭിച്ചു: (ന്യായാ, 3:7-11). 1ദിനവൃത്താന്തം 27:15-ൽ നെതോഫാത്യ കുടുംബത്തലവനായി ഹെൽദായിയുടെ പൂർവ്വികനായി ഒരു ഒതീയേലിനെക്കുറിച്ചു പറയുന്നുണ്ട്. ഇയാൾ മേല്പറഞ്ഞ ഒത്നീയേൽ ആയിരിക്കുവാൻ സാദ്ധ്യതയുണ്ട്.