ഏഫോദ് (Ephod)
മഹാപുരോഹിതന്റെ ധരിക്കുന്ന സവിശേഷവസ്ത്രം. സ്വർണ്ണം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച ലിനൻ എന്നിവകൊണ്ട് നെയ്ത്തുകാരന്റെ ചിത്രപ്പണിയായി നിർമ്മിച്ചതാണ് ഏഫോദ്. അതിന്റെ രണ്ടറ്റത്തും ചേർന്ന് രണ്ടു ചുമൽക്കണ്ടം (തോൾവാർ) ഉണ്ട്. ഏഫോദിനു രണ്ടു ഭാഗങ്ങളുണ്ട്. ഒരു ഭാഗം പുറകുവശത്തെയും ഒരു ഭാഗം മാറിനെയും മറയ്ക്കും. രണ്ടു ഭാഗങ്ങളും ഒരുമിച്ച് ഓരോ ചുമലിന്റെ മുകളിലും സ്വർണ്ണ കൊളുത്തുകൊണ്ട് ബന്ധിക്കും. രണ്ടു ഗോമേദക കല്ലുകളിൽ ഓരോന്നിലും ആറുഗോത്രങ്ങളുടെ പേർ വീതം കൊത്തി സ്വർണ്ണത്തകിടിൽ പതിച്ച് അവ ചുമൽ ക്കണ്ടത്തിൽ ഉറപ്പിക്കും. തങ്കംകൊണ്ടു ചരടുപോലെ മുറിച്ചു രണ്ടു സരപ്പൊളി നിർമ്മിച്ച് സ്വർണ്ണത്തകിടിൽ ബന്ധിക്കും. ഏഫോദിൽ മാർപതക്കം ബന്ധിച്ചിട്ടുണ്ടായിരിക്കും: (പുറ, 28:6-12; 39:2-7). ഏഫോദിന്റെ അങ്കി നീലനിറത്തിലുളളതും തുന്നലുകളില്ലാതെ നെയ്തെടുത്തതുമാണ്. ഏഫോദിന്റെ അടിയിലായി അങ്കി ധരിക്കും. ഏഫോദിനെക്കാൾ നീളമുള്ള അങ്കി മുട്ടുകൾക്കല്പം താഴെവരെ എത്തും. ഈ അങ്കിക്ക് കൈകൾ ഉണ്ടായിരിക്കുകയില്ല. തലകടത്താനായി ഒരു ദ്വാരം ഉണ്ടായിരിക്കും. തലകടത്തുമ്പോൾ കീറിപ്പോകാതിരിക്കാൻ ദ്വാരത്തിനു ചുറ്റും ഒരു നാട ഭംഗിയായി ചേർക്കും. അങ്കിയുടെ വിളുമ്പിൽ നീലനൂൽ, ചുവപ്പുനൂൽ, ധൂമ്രനൂൽ എന്നിവ കൊണ്ടുള്ള മാതളപ്പഴങ്ങളും അവയ്ക്കിടയിൽ പൊൻമണികളും ബന്ധിച്ചിരിക്കും: (പുറ, 28:31-34).
ശമൂവേൽ ബാലൻ ലിനൻ ഏഫോദ് (പഞ്ഞിനൂലു കൊണ്ടുളള അങ്കി) ധരിച്ചു യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തു: (1ശമൂ, 2:18). ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്നപ്പോൾ ദാവീദും ലിനൻ ഏഫോദ് ധരിച്ച് (പഞ്ഞിനൂലങ്കി) യഹോവയുടെ സന്നിധിയിൽ നൃത്തം ചെയ്തു: (2ശമൂ, 6:14; 1ദിന, 15:27). ഈ ഭാഗങ്ങളിൽ ഏഫോദ് നഗ്നതയുടെ ആവരണം ആയിരിക്കണം. അവർ ചെറിയ അരയാടകളാണ് ധരിച്ചിരുന്നത്. ശൗലിന്റെ കല്പനയനുസരിച്ച് ദോവേഗ് കൊന്ന എൺപത്തഞ്ചു പുരോഹിതന്മാരും ഏഫോദ് ധരിച്ചവരായിരുന്നു: (1ശമൂ, 22:18). മഹാപുരോഹിതൻ ധരിക്കുന്ന ഏഫോദിൽ നിന്നു വ്യത്യസ്തമായിരിക്കണം മേല്പറഞ്ഞവ. കൊള്ളയിൽ കിട്ടിയ പൊന്നുകൊണ്ടു (ആയിരത്തെഴുന്നൂറു ശേക്കെൽ) ഗിദെയോൻ ഒരു ഏഫോദ് നിർമ്മിച്ചു സ്വന്തപട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു. അതു വിഗ്രഹാരാധനാ വസ്തുവായി; ഗിദെയോനും കുടുംബത്തിനും ഒരു കെണിയായി മാറി: (ന്യായാ, 8:26,27). നോബിലെ ദൈവാലയത്തിൽ ഒരു ഏഫോദ് ഉണ്ടായിരുന്നു. അതിന്റെ പുറകിലാണ് ഗൊല്യാത്തിന്റെ വാൾ സൂക്ഷിച്ചത്: (1ശമൂ, 21:9). യിസ്രായേൽ മക്കൾ വളരെക്കാലം പ്രഭുവോ ഏഫോദോ ഇല്ലാതിരിക്കും എന്നു ഹോശേയ പ്രവചിച്ചു: (3:4).