ഏകജാതൻ (only son)
സഹോദരങ്ങൾ ഇല്ലാത്തവൻ. യാഖീദ് (yachiyd) എന്ന എബ്രായപദം പന്ത്രണ്ട് പ്രാവശ്യമുണ്ട്. ഏകജാതൻ (only son – ഉല്പ, 22:2; 22:12; 22:16; യിരെ, 6:26; ആമോ, 8:10; സെഖ, 12:10), ഏകപുത്രി (olny child – ന്യായാ, 11:34), പ്രാണൻ (darling – സങ്കീ, 22:20; 35:17), ഏകാകി (desolate – സങ്കീ, 35:17; 68:6), ഏകപുത്രൻ (only son – സദൃ, 4:3). യിസ്ഹാക്കിനെക്കുറിച്ച് ഏകജാതൻ എന്നു പറഞ്ഞിട്ടുണ്ട്. വാഗ്ദത്തസന്തതി ആകയാലാണ് ആ പ്രയോഗം. ഹാഗാറിൽ ജനിച്ച യിശ്മായേലും കെതൂറയിൽ ജനിച്ച മക്കളും വാഗ്ദത്തപ്രകാരമുള്ളവർ ആയിരുന്നില്ല: (ഉല്പ, 22:2,12,16). അബ്രാഹാം ഏകജാതനെ അർപ്പിച്ചത് എബ്രായ ലേഖനകാരനും എടുത്തുപറയുന്നുണ്ട്: (11:18). വിലാപത്തിന്റെ കാഠിന്യം വ്യക്തമാക്കുവാൻ ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ എന്ന് പറയും: (യിരെ, 6:26; ആമോ, 8:10; സെഖ, 12:10). ഏകപുത്രനോടുള്ള വാത്സല്യം അപ്രമേയമാണ്: (സദൃ, 4:3). പുതിയനിയമത്തിൽ മൊണൊഗെനെസ് (monogenes) ഒൻപത് പ്രാവശ്യമുണ്ട്: (ലൂക്കൊ, 7:12; 8:42; 9:38; യോഹ, 1:14; 1:18; 3:16; 3:18; എബ്രാ, 11:17; 1യോഹ, 4:9). യേശുക്രിസ്തു ഉയിർപ്പിച്ചവരിൽ നയീനിലെ വിധവയുടെ മകൻ ഏകജാതനും (ലൂക്കൊ, 7:12), യായീറോസിന്റെ മകൾ ഏകജാതയും (ലൂക്കൊ, 8:42) ആയിരുന്നു. യേശു സൌഖ്യമാക്കിയ അശുദ്ധാത്മ ബാധിതനായ ബാലനും പിതാവിന് ഏകജാതനായിരുന്നു: (ലൂക്കൊ, 9:38). യിസ്ഹാക്കും ഏകജാതനായിരുന്നു: (എബ്രാ, 11:17).
ഏകജാതനായ ക്രിസ്തു: പുതിയനിയമത്തിൽ യേശുക്രിസ്തുവിനോടുള്ള ബന്ധത്തിലാണ് ഏകജാതനെന്ന പ്രയോഗം അധികം പ്രയോഗിച്ചു കാണുന്നത്. പിതാവായ ദൈവത്തിന്റെ ഏകജാതനായ പുത്രനാണ് ക്രിസ്തു: (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9). ദൈവം തന്റെ ഏകജാതനായ പുത്രനെ ലോകത്തേക്കയച്ചത് നാം അവനാൽ ജീവിക്കേണ്ടതിനാണ്: (1യോഹ, 4:9). ഏകജാതൻ ദൈവത്തിൻ്റെ സൃഷ്ടിപുത്രനാണെന്ന് കരുതുന്നവരുണ്ട്. യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവരിൽത്തന്നെ ഏകജാതൻ എന്ന പ്രയോഗം ആയക്കുഴപ്പം ഉണ്ടാക്കുന്നു. ആദ്യജാതൻ, ഏകജാതൻ, ദൈവപുത്രൻ, മനുഷ്യപുത്രൻ എന്നിത്യാദി പ്രയോഗങ്ങൾ അക്ഷരീകാർത്ഥത്തിലല്ല; പ്രത്യുത, ആത്മീകാർത്ഥത്തിൽ അഥവാ, യേശുവിൻ്റെ സ്ഥാനപ്പേരുകൾ മാത്രമാണെന്ന് തിരിച്ചറിയാത്തതാണ് എല്ലാ പ്രശ്നങ്ങളുടേയും കാരണം. ദൈവത്തിൻ്റെ ആദ്യജാതനായ ക്രിസ്തുവിന് എങ്ങനെ അവൻ്റെ ഏകജാതനാകാൻ കഴിയും??? ആദ്യജാതനെന്ന് അഞ്ചുപ്രാവശ്യവും, ഏകജാതനന്ന് അഞ്ചുപ്രാവശ്യവും വിളിച്ചിട്ടുണ്ട്. ആദ്യജാതൻ അഥവാ, മൂത്തപുത്രൻ എന്ന പ്രയോഗം അനന്തര ജാതന്മാർ അഥവാ, ദൈവത്തിന് മറ്റ് മക്കൾ ഉണ്ടെന്ന സൂചന നല്കുന്നതാണ്. അത് ശരിയാണെങ്കിൽ, പിന്നെങ്ങനെ ക്രിസ്തു ഏകജാതൻ അഥവാ, ഒറ്റ പുത്രനാകും??? ഏകജാതൻ തൻ്റെ നിസ്തുലജനനം അഥവാ, ജഡത്തിലുള്ള വെളിപ്പാടിനെ കുറിക്കുന്ന പ്രയോഗമാണ്. ആദാമ്യപാപം നിമിത്തം മനുഷ്യരെല്ലാം പാപത്തിനും ശാപത്തിനും വിധേയരായതുകൊണ്ട്, മനുഷ്യരുടെ പാപം ചുമന്നൊഴിക്കാൻ, സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തവനായി അഥവാ, നിസ്തുലനായി വെളിപ്പെട്ടതുകൊണ്ടാണ് ഏകജാതൻ എന്നു വിളിക്കുന്നത്. ഏകസത്യദൈവം പുത്രൻ എന്ന അഭിധാനത്തിൽ വെളിപ്പെട്ടതാണ് കർത്താവായ യേശുക്രിസ്തു. ഈ നിലയിൽ ദൈവത്തെ വ്യക്തിപരമായി പിതാവേ എന്നുവിളിക്കാൻ യോഗ്യതയുള്ള ഒരാളേയുള്ളു; അത് ക്രിസ്തു മാത്രമാണ്. ക്രിസ്തുവിലൂടെയും ക്രിസ്തു മുഖാന്തരവുമാണ് നമുക്കോരോരുത്തർക്കും ദൈവം പിതാവായത്. അഥവാ, ദൈവത്തിൻ്റെ പുത്രത്വം അഥവാ, ജഡത്തിലുള്ള വെളിപ്പാടാണ് നമ്മളെ ദൈവത്തിൻ്റെ പുത്രീപുത്രന്മാരാക്കിയത്. അങ്ങനെ, ഏകജാതനായി വെളിപ്പെട്ടവൻ തൻ്റെ മരണത്താൽ നമ്മെ ദൈവത്തിൻ്റെ പുത്രന്മാരും പുത്രിമാരും ആക്കിയതിനാൽ, ദൈവത്തിൻ്റെ ആദ്യജാതനും നമ്മുടെ ജേഷ്ഠസഹോദരനും ആയിത്തീർന്നു. ഒന്നുകൂടി പറഞ്ഞാൽ, നമ്മുടെ സൃഷ്ടിതാവും പിതാവുമായവൻ തന്നെയാണ് രക്ഷിതാവും ജേഷ്ഠസഹോദരനുമായി നമ്മെ വീണ്ടെടുത്തത്.
ചിലർ കരുതുന്നതുപോലെ ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ സൃഷ്ടിപുത്രനാ അല്ല. ദൈവപുത്രൻ മനുഷ്യപുത്രൻ എന്നീ പ്രയോഗങ്ങൾ ക്രിസ്തുവിൻ്റെ ദൈവത്വവും മനുഷ്യത്വവും വേർതിരിച്ചു കാണിക്കുന്ന പ്രയോഗങ്ങളാണ്. അഥവാ, സ്ഥാനനാമങ്ങളാണ്. ജഡത്തിൽ വന്നവൻ പൂർണ്ണമനുഷ്യൻ മാത്രമായതുകൊണ്ടാണ് മരിച്ചത്. സാക്ഷാൽ ദൈവം മനുഷ്യനായി വന്നതുകൊണ്ടാണ് മരണത്തിനവനെ പിടിച്ചുവെക്കാൻ കഴിയാഞ്ഞത്: “ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തു:” (റോമ, 1:5). മനുഷ്യരാരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമാണ് ദൈവം: (1തിമമൊ, 1:17; 6:15,16). ആ ഏകസത്യദൈവത്തിൻ്റെ പൂർണ്ണ വെളിപ്പാടാണ് ദൈവപുത്രത്വം: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ വക്ഷസ്സിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു:” (യോഹ, 1:18). ദൈവം മനുഷ്യനായി വെളിപ്പെട്ടതുകൊണ്ടാണ് മനുഷ്യപുത്രൻ എന്നു വിളിക്കുന്നത്. മനുഷ്യരുടെ എല്ലാ ഗുണവിശേഷങ്ങളോടും കൂടിയവനായി വന്ന് മനുഷ്യരുടെ പാപവും വഹിച്ചുകൊണ്ടവൻ മരിച്ചു: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14. ഒ.നോ: യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16).
യേശു ദൈവപുത്രനാണ്. എന്നാൽ, അനേകരും പഠിപ്പിക്കുന്നതും വിശ്വസിക്കുന്നതും യേശു നിത്യപുത്രനാണെന്നാണ്. നൂറ്റിയിരുപത്തഞ്ചു പ്രാവശ്യം ദൈവപുത്രനെന്നും, അഞ്ചുപ്രാവശ്യം ദൈവത്തിൻ്റെ ആദ്യജാതനെന്നും, അഞ്ചുപ്രാവശ്യം ഏകജാതനെന്നും അങ്ങനെ 135 പ്രാവശ്യം യേശുവിനെ ദൈവപുത്രൻ എന്നു ബൈബിൾ വിശേഷിപ്പിക്കുന്നു. തന്മൂലം, യേശുവിൻ്റെ പുത്രത്വത്തെ നിഷേധിക്കുവാൻ അഖിലാണ്ഡത്തിൽ ആർക്കും കഴിയില്ല. പക്ഷെ, യേശു നിത്യപുത്രനാണോ? അല്ല, അവൻ നിത്യപിതാവാണ്. (യെശ, 9:6; എബ്രാ, 2:14). ബൈബിളിൽ ‘നിത്യപിതാവു’ എന്ന് ഒരു പ്രയോഗമേയുള്ളൂ. അത് പുത്രനെക്കുറിക്കുവാനാണ്. പിന്നെങ്ങനെ യേശു നിത്യപുത്രനാകും? പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് സ്ഥാനനാമങ്ങളാണ്. അതിൽ സൃഷ്ടിതാവും പരിപാലകനുമെന്ന അർത്ഥത്തിൽ പിതാവെന്ന ഒരേയൊരു സ്ഥാനം മാത്രമാണ് നിത്യമായുള്ളത്. അത് ജനിക്കുവാനുള്ള ശിശുവിനെക്കുറിച്ച് യെശയ്യാവ് പ്രവചിക്കുന്നതാണ്. (9:6). നിത്യപിതാവെന്ന് ബൈബിൾ വിശേഷിപ്പിക്കുന്നവനെ നിത്യപുത്രനെന്നു വിളിച്ചാൽ ശരിയാകുമോ?