എപ്പിക്കൂര്യർ
അഥേനയിൽവച്ച് അപ്പൊസ്തലനായ പൗലൊസിന് എപ്പിക്കൂര്യരുമായി വാദപ്രതിവാദമുണ്ടായി. (പ്രവൃ, 17:18). ബിസി. 341-നും 270-നും മദ്ധ്യ ജീവിച്ചിരുന്ന യവനദാർശനികനായ എപ്പിക്കൂറസിന്റെ അനുയായികളാണ് എപ്പിക്കൂര്യർ എന്ന പേരിൽ അറിയപ്പെട്ടത്. അണുസിദ്ധാന്തം അവതരിപ്പിച്ച ഡെമോക്രീറ്റസിന്റെ ഒരു ശിഷ്യനായിരുന്നു എപ്പിക്കൂറസിന്റെ ഗുരു. അണുസംയോജനത്താലാണ് പ്രപഞ്ചം ഉണ്ടായതെന്ന് എപ്പിക്കൂറസ് പഠിപ്പിച്ചു. ബി.സി. 306-ൽ അഥേനയിൽ സ്വന്തം ഉദ്യാനത്തിൽ ഒരു പാഠശാല ആരംഭിക്കുകയും അവിടെ തന്റെ സിദ്ധാന്തങ്ങൾ പഠിപ്പിക്കുകയും ചെയ്തു. ഏഷ്യാമൈനറിലും അലക്സാണ്ഡ്രിയയിലും എപ്പിക്കൂര്യൻ സിദ്ധാന്തങ്ങൾക്കു പ്രചാരം ലഭിച്ചു. റോമിൽ ലുക്രീഷ്യസ് (ബി.സി. 95-50) ആയിരുന്നു ഈ സിദ്ധാന്തത്തിന്റെ പ്രമുഖ വക്താവ്. ആനന്ദത്തിന് ഒരു പ്രായോഗിക മാർഗ്ഗദർശനം തത്ത്വചിന്തയിൽ കണ്ടെത്തുകയായിരുന്നു എപ്പിക്കൂറസിന്റെ ലക്ഷ്യം. കേവല സത്യം കണ്ടെത്തുന്നതിനല്ല, പ്രത്യുത കേവലമായ ആനന്ദം കണ്ടെത്തുന്നതിനായിരുന്നു പ്രാധാന്യം നല്കിയത്. സകല പദാർത്ഥങ്ങളും, മനുഷ്യാത്മാവുപോലും പരമാണുക്കളുടെ സംയോജനം മാത്രമാണെന്നും അതിൽ ദൈവത്തിന്റെ ഇടപെടൽ ഇല്ലെന്നും എപ്പിക്കൂറസ് പഠിപ്പിച്ചു. മരണാനന്തരം ആത്മാവ് പുനസ്സംയോഗം സാധ്യമല്ലാത്തവിധം ശിഥിലീഭവിക്കുമെന്ന് അദ്ദേഹം കരുതി. തന്മൂലം മരണാനന്തര ജീവിതത്തിലും ഉയിർത്തെഴുന്നേല്പിലും എപ്പിക്കൂര്യർ വിശ്വസിച്ചില്ല. ആശകളെ ചുരുക്കുന്നതിലും സുഖത്തെ പിന്തുടരുന്നതിലും അവർ തൃപ്തി കണ്ടെത്തി. എപ്പിക്കൂറസിന്റെ അനുയായികൾ അമിതമായ ഭോഗലോലുപത ജീവിതലക്ഷ്യമായി കണ്ടു. എപ്പിക്കൂര്യൻ സിദ്ധാന്തത്തിന്റെ രൂപഭേദമാണ് ആധുനിക കാലത്തെ ആനന്ദവാദം (Hedonism). പുനരുത്ഥാനത്തെക്കുറിച്ചുള്ള പൗലൊസിന്റെ ഉപദേശം എപ്പിക്കുര്യർക്കു അഗ്രാഹ്യമായിരുന്നു. മരണാന്തര ജിവിതത്തെ നിഷേധിക്കുന്നവനെ യെഹൂദ റബ്ബിമാർ അപിക്കൊറൊസ് എന്നു വിളിച്ചു. അനന്തരകാലത്ത് ഈപദം അവിശ്വാസിയുടെ പര്യായമായിമാറി.