ഉസ്സീയാവ് (അസര്യാവ്) (Uzziah)
പേരിനർത്ഥം — യഹോവ എൻ്റെ ബലം
യെഹൂദയിലെ പത്താമത്തെ രാജാവ്. ഭരണകാലം ബി.സി. 792-740. ചിലഭാഗങ്ങളിൽ ഈപേര് അസര്യാവ് എന്നു ദീർഘരൂപത്തിൽ കാണുന്നു. (2രാജാ, 14:21; 15:1, 6-8; 1ദിന, 3:12). ഇത് പകർപ്പെഴുത്തിൽ പറ്റിയ പിഴയായി കരുതപ്പെടുന്നു. അമസ്യാവിന്റെ വധശേഷം പുത്രനായ ഉസ്സീയാവിനെ ജനങ്ങൾ രാജാവായി തിരഞ്ഞെടുത്തു. (2രാജാ, 14:21). രാജാവായ ഉസ്സീയാവിനു 16 വയസ്സായിരുന്നു; 52 വർഷം രാജ്യം ഭരിച്ചു. ഉസ്സീയാവിന്റെ ഭരണകാലം സാമ്പത്തിക അഭിവൃദ്ധിയുടെയും സാമ്രാജ്യ വികസനത്തിന്റെയും കാലമായിരുന്നു. യൊരോബെയാമിന്റെ ഭരണത്തിൽ യിസായേലും പ്രാബല്യം പ്രാപിച്ചു. രണ്ടു രാജ്യങ്ങൾക്കും മദ്ധ്യേ സമാധാനം നിലനിന്നിരുന്നതു കൊണ്ടു യിസ്രായേൽ വടക്കോട്ടും കിഴക്കോട്ടും യെഹൂദാ തെക്കോട്ടും പടിഞ്ഞാറോട്ടും രാജ്യം വിശാലമാക്കി. രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പ് ദാവീദ് ഭരിച്ചിരുന്ന പ്രദേശം മുഴുവൻ ഇരുരാജ്യങ്ങളും കൂടി കൈവശപ്പെടുത്തി. ഭരണം ഏറ്റെടുത്ത ഉടൻതന്നെ ഏദോമ്യരെ യുദ്ധത്തിൽ പരാജയപ്പെടുത്തി; ഏലാത്ത് പിടിച്ചെടുത്തു. തെക്കോട്ടു മെയൂന്യരെയും ഗൂർ-ബാലിലെ അരാബ്യരെയും കീഴടക്കി. പടിഞ്ഞാറ് ഫെലിസ്ത്യരോടു യുദ്ധം ചെയ്ത് ഗത്തിന്റെയും യാബ്നെയുടെയും അസ്തോദിന്റെയും മതിലുകൾ ഇടിച്ചുകളഞ്ഞു. ഫെലിസ്ത്യരുടെ ഇടയിൽ പുതിയ പട്ടണങ്ങൾ പണിതു. (2ദിന, 26:6-7).
ഉസ്സീയാവ് യെരൂശലേമിന്റെ മതിലുകൾ പണിതുറപ്പിച്ചു; ഗോപുരങ്ങൾ നിർമ്മിച്ചു. അദ്ദേഹം കൃഷിപ്രിയനായിരുന്നു. താഴ്വീതിയിലും സമഭുമിയിലും വളരെയധികം കന്നുകാലികൾ ഉണ്ടായിരുന്നു. യഹോവയ്ക്കു പ്രസാദമായതു ചെയ്തു. ദൈവഭയത്തിൽ മുന്നോട്ടു പോകുന്നതിന് സെഖര്യാപ്രവാചകൻ രാജാവിനു ഉപദേശം നല്കിവന്നു. (2ദിന, 26:5). ഉസ്സീയാവിന്റെ കാലത്ത് ഒരു വലിയ ഭൂകമ്പം ഉണ്ടായി. (ആമോ, 1:1; സെഖ, 14:35).
ഉസ്സീയാവു പ്രബലനായപ്പോൾ അവന്റെ ഹൃദയം നിഗളിച്ചു. മഹാപുരോഹിതനായ അസര്യാവും എൺപതു പുരോഹിതന്മാരും എതിർത്തിട്ടും വകവയ്ക്കാതെ ദൈവാലയത്തിൽ കടന്നു ധൂപകാട്ടി. ഉടൻതന്നെ രാജാവു കുഷ്ഠരോഗിയായി. (2ദിന, 26:16-21). ഉസ്സീയാവു അവിഹിതമായി ദൈവാലയത്തിൽ പ്രവേശിച്ചു ധൂപം കാട്ടിയപ്പോഴാണ് ഭൂകമ്പം ഉണ്ടായതെന്നു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബൈബിൾ രേഖ അതിനെക്കുറിച്ചൊന്നും മിണ്ടുന്നില്ല. കുഷ്ഠരോഗിയായ രാജാവ് ഒരു പ്രത്യേകശാലയിൽ താമസിച്ചു. ഉസ്സീയാവു രാജാവായി തുടർന്നു എങ്കിലും പുത്രനായ യോഥാം രാജധാനിയുടെ വിചാരകത്വം വഹിച്ച് ന്യായപാലനം നടത്തിവന്നു. ഉസ്സീയാവിനെ രാജാക്കന്മാർക്കുള്ള ശ്മശാനഭൂമിയിൽ അടക്കം ചെയ്തു. (2ദിന, 26:23). എ.ഡി. 1931-ൽ ഒരു ശില ഒലിവുമലയിൽ നിന്നും കണ്ടെടുത്തു. അതിൽ “യെഹൂദാ രാജാവായ ഉസ്സീയാവിന്റെ അസ്ഥികൾ ഇവിടെ കൊണ്ടു വന്നു-തുറക്കരുത്” എന്ന് അരാമ്യഭാഷയിൽ എബ്രായ ലിപിയിൽ എഴുതിയിട്ടുണ്ട്. ബി.സി. ഒന്നാം നൂറ്റാണ്ടിൽ ഹെരോദാവ് യെരൂശലേം വികസിപ്പിച്ചപ്പോൾ എഴുതിയതാണെന്നു കരുതപ്പെടുന്നു.