ഇയ്യോബ്

ഇയ്യോബിന്റെ പുസ്തകം (Book of Job)

പഴയനിയമത്തിലെ പതിനെട്ടാമത്തെ പുസ്തകം. പ്രധാന കഥാപാത്രത്തിന്റെ പേരിലറിയപ്പെടുന്നു. എബായ കാനോനിൽ മൂന്നാം വിഭാഗമായ എഴുത്തുകളിൽ (കെത്തുവീം) മൂന്നാമത്തെ പുസ്തകം (സങ്കീ; സദ്യ; ഇയ്യോബ്). പഴയ നിയമത്തിലെ വിജ്ഞാനസാഹിത്യത്തിൽ ഒന്നായി അറിയപ്പെടുന്നു. സദൃശവാക്യങ്ങൾ, ഇയ്യോബ്, സഭാപ്രസംഗി, ചില സങ്കീർത്തനങ്ങൾ എന്നിവ ഉൾപ്പെട്ടതാണ് ബൈബിളിലെ വിജ്ഞാനസാഹിത്യം. ഈ പുസ്തകത്തിൽ പ്രയോഗിച്ചിട്ടുള്ള നൂറ്റിപ്പത്തോളം വാക്കുകൾ പഴയനിയമത്തിൽ മറ്റൊരേടത്തും പ്രയോഗിച്ചിട്ടില്ല. ഇയ്യോബിന്റെ പരിഭാഷകളും എബ്രായപാഠവും തമ്മിലൊത്തുനോക്കുന്നതും പ്രയാസമാണ്. മസ്സോറെറ്റിക് പാഠത്തിലെ അഞ്ചിലൊന്നുഭാഗം സെപ്റ്റ്വജിന്റെ പാഠത്തിൽ ഇല്ല. സെപ്റ്റ്വജിന്റെ പരിഭാഷ സ്വത്രന്തവും ഉപരിപ്ലവവുമാണ്. മൂലപാഠത്തെ സംബന്ധിച്ച പ്രശ്നം 26-27 അദ്ധ്യായങ്ങളിലുണ്ട്. ബിൽദാദിന്റെ തൃതീയ ഭാഷണത്തിനുള്ള ഇയ്യോബിന്റെ മറുപടിയാണിത്. 27:2-6 വരെയുള്ള വാക്യങ്ങൾ ഇയ്യോബിന്റേതാണ് എന്നതിനു സംശയമില്ല. എന്നാൽ 27:7-23-വാക്യങ്ങൾ ഇയ്യോബിന്റേത് ആകാനിടയില്ല. അതു സോഫറിന്റെയോ ബിൽദാദിന്റെ തൃതീയ ഭാഷണത്തിന്റെയോ ഭാഗം ആയിരിക്കണം. 

പുസ്തകത്തിന്റെ ഐക്യം: അനേകം പണ്ഡിതന്മാർ ഗദ്യരൂപത്തിലുള്ള മുഖവുരയെയും ഉപസംഹാരത്തെയും പദ്യഭാഗത്തിൽനിന്നും വേർപെടുത്തുന്നു. ഈ ഗദ്യഭാഗങ്ങൾ പദ്യഭാഗത്തേക്കാൾ പഴക്കമുള്ളവ എന്നതാണ് അവരുടെ നിഗമനം. എഴുത്തുകാർ ഈ പൗരാണിക കഥയുടെ ഹൃദയഭാഗത്തെ ഉജ്ജ്വലമായ കവിതയാക്കി മാറ്റിയിരിക്കുകയാണ്. ഈ സിദ്ധാന്തം തെളിയിക്കുവാനുള്ള വ്യക്തമായ രേഖകൾ ചൂണ്ടിക്കാണിക്കാനില്ല. പുസ്തകം സംവിധാനം ചെയ്യുന്ന സമയത്ത് മറ്റൊരാൾ ഗദ്യഭാഗങ്ങൾ കൂട്ടിച്ചേർത്തു എന്നതിനും വസ്തുനിഷ്ഠമായ തെളിവുകളൊന്നുമില്ല. താഴെപ്പറയുന്ന ഭാഗങ്ങൾ പ്രക്ഷിപ്തമാണെന്നു പലരും കരുതുന്നു. 1. മുഖവുരയും ഉപസംഹാരവും. 2. ദൈവിക ജ്ഞാനത്തെക്കുറിച്ചുള്ള കവിത. (അ.28). 3. നദീഹയം, മഹാനക്രം എന്നിവയെക്കുറിച്ചുള്ള വിവരണം. (40:15-41:34). 4. എലീഹുവിന്റെ പ്രഭാഷണം. (32:1-37:24). മുഖവുരയുടെയും ഉപസംഹാരത്തിന്റെയും കർത്തൃത്വം ഒരു പില്ക്കാല എഴുത്തുകാരനിൽ ആരോപിക്കുന്നതിൽ ഒരു ന്യായീകരണവുമില്ല. സംഭാഷണങ്ങൾക്കു മുഖവുരയും ഉപസംഹാരവും കൂടാതെ സ്വതന്ത്രമായ നിലനില്പില്ല. 28-ാം അദ്ധ്യായം സന്ദർഭവുമായി ദൃഢബന്ധമില്ലാത്തതാണെങ്കിൽ തന്നെയും പാഠത്തിലുൾപ്പെടാത്തതാണെന്നു പറയുവാൻ നിവൃത്തിയില്ല. നദീഹയം, മഹാനക്രം എന്നിവയെക്കുറിച്ചുള്ള വർണ്ണന പില്ക്കാലത്തെ കൂട്ടിച്ചേർക്കലുകളായി കരുതുന്നതിലും അർത്ഥമില്ല. ഈ ഭാഗത്തെ ഭാഷയും ആശയവും പുസ്തകത്തിന്റെ ശിഷ്ടഭാഗത്തേതിനു സമാനമാണ്. 

ഗ്രന്ഥകർത്താവും, കാലവും: തൽമൂദ് അനുസരിച്ചു മോശെയാണ് ഇയ്യോബിന്റെ എഴുത്തുകാരൻ. പിൽക്കാലത്ത് പല ക്രൈസ്തവ എഴുത്തുകാരും മോശെയുടെ കർത്തൃത്വം അംഗീകരിച്ചു. ഗ്രന്ഥത്തിന്റെ കർത്താവ് ആരെന്നോ രചനാകാലം ഏതെന്നോ കണ്ടുപിടിക്കാൻ ഉതകുന്ന വസ്‌തുനിഷ്‌ഠമായ തെളിവുകൾ നമുക്കു ലഭിച്ചിട്ടില്ല. വളരെ പ്രാചീനമാണ്ഈ പുസ്തകം എന്നതിന് ആഭ്യന്തര തെളിവുകളുണ്ട്. അത് കഥയുടെ പഴക്കത്തെയാണു സൂചിപ്പിക്കുന്നതെന്നും ഇന്നത്തെ രൂപത്തിലുള്ള പുസ്തകത്തിന്റെ രൂപത്തെ അല്ലെന്നും വാദിക്കുന്നവരുണ്ട്. ആദാമിന്റെ വീഴ്ചയുടെയും ജലപ്രളയത്തിന്റെയും സൂചന ഇയ്യോബിലുണ്ട്. (31:33; 22:11-17). ഇയ്യോബ് ജീവിച്ചിരുന്ന കാലം പ്രളയശേഷമാണെന്ന് അത് വ്യക്തമാക്കുന്നു. ഇസ്രായേല്യ ചരിത്രത്തിന്റെ വിശദാംശങ്ങളെ പുസ്തകം സ്പർശിക്കുന്നതേയില്ല. ന്യായപ്രമാണത്തെക്കുറിച്ചോ ഇസ്രായേലിന്റെ പുറപ്പാടിനെക്കുറിച്ചോ ഒരു പരാമർശവും പുസ്തകത്തിലില്ല. ഇസ്രായേല്യ ചരിത്രത്തിൽ പറയപ്പെടുന്ന ഉടമ്പടിക്ക് പുറത്തുള്ള പ്രശ്നങ്ങളാണ് ഇതിൽ ചർച്ച ചെയ്യപ്പെടുന്നത്. ഇയ്യോബിന്റെ കാലം മോശെക്കു മുമ്പാണെന്ന നിഗമനത്തിനു ഇതു വഴിയൊരുക്കുന്നു. അലഞ്ഞു തിരിയുന്ന കൊള്ളക്കാരായി കൽദയരെ പരാമർശിക്കുന്നതും (1:17), കെസിയ എന്ന ലുപ്തപദത്തിന്റെ പ്രയോഗവും (42:14), ഇയ്യോബിന്റെ ആയുർദൈർഘ്യവും (42:16), ദൈവപ്രത്യക്ഷതയും (38:1) പിതാക്കന്മാരുടെ കാലത്തിന്റെ ആദ്യഘട്ടത്തെയാണ് വെളിപ്പെടുത്തുന്നത്. കുടുംബനാഥൻ യാഗം കഴിക്കുക, ഭവനത്തിൽ ആരാധനയ്ക്ക് എല്ലാവരും കൂടിവരുക, കന്നുകാലികളെ ധനമായി കരുതുക എന്നിവ എബ്രായ പിതാക്കന്മാരുടെ കാലത്തുണ്ടായിരുന്ന ജീവിതക്രമമായിരുന്നു. 

ഇയ്യോബിന്റെ കാലം ബി.സി. രണ്ടാം സഹസ്രാബ്ദത്തിനു ആദ്യഘട്ടം ആയിരുന്നുവെന്നു ഒരു വിധത്തിൽ ഉറപ്പിക്കാം. എന്നാൽ ഗ്രന്ഥം എഴുതപ്പെട്ട കാലത്തെക്കുറിച്ച് പണ്ഡിതന്മാരുടെ ഇടയിൽ അഭിപ്രായൈക്യമില്ല. എബ്രായ പിതാക്കന്മാരുടെ കാലത്തിനും ബി.സി. 250-നും ഇടയ്ക്ക് വിവിധ കാലങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ശലോമോന്റെ കാലത്തു എഴുതപ്പെട്ടുവെന്നാണ് പൊതുവേയുള്ള ധാരണ. വിജ്ഞാന സാഹിത്യത്തിലെ മറ്റു ഗ്രന്ഥങ്ങളോടു (സദൃശവാക്യങ്ങൾ, സഭാപ്രസംഗി) ഇയ്യോബിനു വളരെ സാമ്യമുണ്ട്. വിജ്ഞാന സാഹിത്യഗ്രന്ഥങ്ങൾ അധികവും രചിക്കപ്പെട്ടത് ശലോമോന്റെ കാലത്തായിരുന്നു. സദൃശവാക്യം 8-ാമദ്ധ്യായത്തിനാ ഇയ്യോബ് 15:8; 28-ാമദ്ധ്യായം എന്നിവയോടുള്ള സാമ്യം വെറും ഉപരിപ്ലവമല്ല. 

ഇയ്യോബിലെ പ്രശ്നം: ഉദാത്തമായ ചിന്ത ഉൾക്കൊള്ളുന്ന ഈ കാവ്യത്തിൽ മനുഷ്യന്റെ അനുഭവങ്ങൾ അവയിലെ നിഗൂഢതകളും വ്യക്തമായി പ്രതിഫലിപ്പിക്കുന്നു. നീതിമാന്റെ കഷ്ടത എന്ന പ്രശ്നത്തെയാണ് ഇതിലവതരിപ്പിക്കുന്നത്. ഇയ്യോബിന്റെ ശാരീരിക വേദനകളെക്കുറിച്ചുള്ള സൂചനകൾ കാവ്യത്തിൽ വിരളമാണ്. തന്റെ ശാരീരിക വേദനയെക്കാളും ഇയ്യോബിനു പ്രശ്നവും പ്രയാസവും സൃഷ്ടിച്ചത്, ബന്ധുക്കളുടെയും നാട്ടുകാരുടെയും പെരുമാറ്റമാണ്. ദൈവം അവനെ ഉപേക്ഷിച്ചു എന്നതിനുള്ള തെളിവാണ്. നീതിമാൻ കഷ്ടപ്പെടുന്നു എന്നതിലേറെ പ്രാധാന്യം ആ കഷ്ടതയുടെ അടിസ്ഥാന കാരണമാണ്. ദൈവവും സാത്താനും തമ്മിലുള്ള പന്തയത്തിന്റെ പേരിലാണ് ഇയ്യോബു കഷ്ടം അനുഭവിക്കുന്നത്. തൻമൂലം ഇയ്യോബിലെ പ്രശ്നം പ്രധാനമായും ദൈവശാസ്ത്രപരമാണ്. തന്റെ പൂർവ്വകാലാനുഭവങ്ങളും എല്ലാ തത്വങ്ങളും വെളിപ്പെടുത്തുന്നതുപോലെ ദൈവം എന്തുകൊണ്ടു പ്രവർത്തിച്ചില്ല? ആ കാലത്തിന്റെ സന്താനം എന്ന നിലയ്ക്ക് ദൈവത്തിന്റെ നീതി നന്മയിലും സമൃദ്ധിയിലും അധിഷ്ഠിതമാണെന്ന ചിന്താഗതിയിലാണ് ഇയ്യോബ് തന്റെ ജീവിതം കെട്ടിപ്പടുത്തത്. 

സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്താൽ ഇയ്യോബിന്റെ പല ഭാഷണങ്ങളെക്കാളും സ്വീകാര്യം കൂട്ടുകാരുടെയും എലീഹുവിന്റെയും ഭാഷണങ്ങളാണ്. എന്നാലവയെ ദൈവം തിരസ്കരിച്ചു. (42:7). അവ അസത്യമായിരുന്നത് കൊണ്ടായിരുന്നില്ല, തീരെ സങ്കുചിതമായിരുന്നതു കൊണ്ടുമാത്രം. ദുഷ്ടന്മാരുടെ വിധിയെക്കുറിച്ചുള്ള സംഭാഷണത്തിൽ ഇതു സ്പഷ്ടമാക്കിയിട്ടുണ്ട്. ഇയ്യോബിന്റെ വേദനയ്ക്ക് പ്രധാന കാരണം തന്റെ ദൈവശാസ്ത്രപരമായ വിശ്വചിത്രം തകർന്നതാണ്. ഒരു തൃപ്തികരമായ പരിസമാപ്തി അല്ല കാവ്യത്തിനുള്ളത്. ഇയ്യോബിന്റെ പ്രശ്നങ്ങൾക്കോ ആരോപണങ്ങൾക്കോ ദൈവം മറുപടി പറയുന്നില്ല. തന്റെ സർവ്വശക്തിയെക്കുറിച്ചു ദൈവം വെളിപ്പെടുത്തിയപ്പോൾ ഇയ്യോബിന് തൃപ്തിയായി. ദൈവത്തിന്റെ സർവ്വശക്തിയുടെ മുമ്പിൽ നൈതിക സിദ്ധാന്തങ്ങൾ അപ്രസക്തമായി. ദൈവത്തെക്കുറിച്ചുള്ള തന്റെ ധാരണ വളരെ ചെറുതാകയാൽ അതു തകർന്നുവീണു എന്നു ഇയ്യോബിനു മനസ്സിലായി. ദൈവത്തിന്റെ മഹത്വം മനസ്സിലാക്കിയപ്പോൾ തന്റെ പ്രശ്നങ്ങൾ ഇല്ലാതെയായി. കഷ്ടതയുടെ പ്രശ്നത്തിനു മറുപടി പറയുകയല്ല, ദൈവം വലിയവനാകയാൽ അതിനു മറുപടി ആവശ്യമില്ലെന്നു തെളിയിക്കുകയാണു ‘ഇയ്യോബ്’.

പ്രധാന വാക്യങ്ങൾ: 1. “ഊസ് ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.” ഇയ്യോബ് 1:1.

2. “നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.” ഇയ്യോബ് 1:21.

3. “അനന്തരം യഹോവ ചുഴലിക്കാറ്റിൽ നിന്നു ഇയ്യോബിനോടു ഉത്തരം അരുളിച്ചെയ്തതെന്തെന്നാൽ: അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവനാർ? നീ പുരുഷനെപ്പോലെ അര മുറുക്കികൊൾക; ഞാൻ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക.” ഇയ്യോബ് 38:1-3.

4. “ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു. ആകയാൽ ഞാൻ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.” ഇയ്യോബ് 42:5,6.

വിഷയവിഭജനം: I. മുഖവുര: ഇയ്യോബിന്റെ പരിശോധന: അ.1.2.

1. ഇയ്യോബിന്റെ സ്വഭാവ മഹിമ: 1:1-5.

2.  സാത്താന്റെ ആരോപണം: 1:6-12.

3. ഇയ്യോബിന്റെ പീഡ: 1:13-2:13.

II. മൂന്നു സ്നേഹിതന്മാർ നല്കുന്ന വ്യാജമായ ആശ്വാസം: അ.3-31.

1. ഭാഷണങ്ങളുടെ പ്രഥമഘട്ടം: അ.3-14.

a. ഇയ്യോബിന്റെ പ്രഥമഭാഷണം: അ.3. ജന്മദിവസത്തെ ശപിക്കുന്നു: 3:1-9; മരണം ആഗ്രഹിക്കുന്നു: 3:10-26.

b. എലീഫസിന്റെ പ്രഥമഭാഷണം: അ.4,5. ഇയ്യോബിനെ ഭർത്സിക്കുന്നു: 4:1-6; നിർദ്ദോഷി നശിക്കുന്നില്ല: 4:7-11; ഭയാനകമായ ദർശനം: 4:12-21; എലീഫസിന്റെ ഉപദേശം: 5:1-16; ദൈവം തിരുത്തുന്ന മനുഷ്യൻ ഭാഗ്യവാൻ: 5:17-27. 

c. ഇയ്യോബിന്റെ മറുപടി: അ.6-7. തന്റെ വേദനയുടെ ആധിക്യം: 6:1-7; ചേദിച്ചുകളയുവാൻ ദൈവത്തോടു അപേക്ഷിക്കുന്നു: 6:8-13; സുഹൃത്തുക്കളെ നിന്ദിക്കുന്നു: 6:14-30; ജീവിതത്തിലെ കഷ്ടത: 7:1-7; ദൈവം ക്ഷമിക്കയില്ലേ? 7:8-21.

d. ബിൽദാദിന്റെ പ്രഥമഭാഷണം: അ.8. പാപം നിമിത്തം ദൈവം ഇയ്യോബിനെ ശിക്ഷിക്കുന്നു: 8:1-7; ദൈവം നീതിമാനെ കൈവിടുകയില്ല: 8:8-22.

e. ഇയ്യോബിന്റെ മറുപടി: അ.9-10. ദൈവം ജ്ഞാനിയും മഹാശക്തനും: 9:1-10; ദൈവത്തെ അഭിമുഖീകരിക്കുവാനുള്ള തന്റെ കഴിവില്ലായ്മ: 9:11-24; മദ്ധ്യസ്ഥനു വേണ്ടിയുള്ള വാഞ്ഛ: 9:25-35; ഇയ്യോബിന്റെ പരാതി: 10:1-17; മരണം ആഗ്രഹിക്കുന്നു: 10:18-22. 

f. സോഫറിന്റെ പ്രഥമഭാഷണം: അ.11. ഇയ്യോബിന്റെ വാഗ്ബാഹുല്യത്തെ കുറ്റപ്പെടുത്തുന്നു: 11:1-6; ദൈവത്തി ന്റെ അഗാധത്വം, സമ്പുർത്തി എന്നിവയെ പ്രകീർത്തിക്കുന്നു: 11-7-12; അനുതപിക്കുവാൻ ഇയ്യോബിനോട് ഉപദേശിക്കുന്നു: 11:13-20.

g. ഇയ്യോബിന്റെ മറുപടി: അ.12-14. ഇയ്യോബ് നിന്ദാഗർഭമായി സംസാരിക്കുന്നു: 12:1-6; ദൈവശക്തിയെ വർണ്ണിക്കുന്നു: 12:7-25; സുഹൃത്തുക്കളെ കുറ്റപ്പെടുത്തുന്നു: 13:1-13; ദൈവത്തിൽ ചാരുന്നു: 13:14-28; ജീവിതത്തിന്റെ ക്ഷണികതയും , ജീവിതത്തിലെ കഷ്ടതയും: 14:1-6; അമർത്ത്യതയുടെ പ്രത്യാശാകിരണങ്ങൾ: 14:7-22. 

2. ഭാഷണങ്ങളുടെ ദ്വിതീയഘട്ടം: അ.15-21 

a. എലീഫസിന്റെ ദ്വീതീയഭാഷണം: അ.15. ഇയ്യോബിനെ അധികം കുറ്റപ്പെടുത്തുന്നു: 15:1-16; ദുഷ്ടന്മാരുടെ അന്ത്യം: 15:17-35.

b. ഇയ്യോബിന്റെ മറുപടി: അ.16-17. ഇയ്യോബ് സുഹൃത്തുക്കളെ വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ എന്നു വിളിക്കുന്നു: 16:1-5; യഹോവ തന്നെ പീഡിപ്പിച്ചിരിക്കുന്നു: 16:6-22; കഷ്ടത്തിന്മേൽ കഷ്ടം പിടികൂടി: 17:1-12; തന്റെ പ്രത്യാശ എവിടെ?: 17:13-16.

c. ബിൽദാദിന്റെ ദ്വിതീയഭാഷണം: അ.18. ഇയ്യോബിനോടു പരുഷമായി സംസാരിക്കുന്നു: 18:1-4; ദുഷ്ടന്റെ നാശം വിവരിച്ച് ഇയ്യോബിനെ ഭയപ്പെടുത്താൻ ശ്രമിക്കുന്നു: 18:5-21. 

d. ഇയ്യോബിന്റെ മറുപടി: അ.19. ബിൽദാദിന്റെ വാക്കുകൾ ഇയ്യോബിനെ പ്രകോപിപ്പിച്ചു; പരിഭ്രമത്തിൽ ദൈവത്തെ കുറ്റം പറയുന്നു: 19:1-12; സ്വന്തം ദയനീയസ്ഥിതിയെക്കുറിച്ചു വിലപിക്കുന്നു: 19:13-24; നിരാശ പ്രത്യാശയ്ക്ക് വഴിമാറുന്നു; വീണ്ടെടുപ്പുകാരനെക്കുറിച്ച് പ്രസ്താവിക്കുന്നു: 19:25-27.

e. സോഫറിന്റെ ദ്വിതീയ ഭാഷണം: അ.20. ധൃതിയിലുള്ള മറുപടി: 20:1-3; ഇയ്യോബിനെ ദുഷ്ടന്മാരിൽ ഉൾപ്പെടുത്തുന്നു: 20:4-29.

f. ഇയ്യോബിന്റെ മറുപടി: അ.21. ദുഷ്ടന്മാർ ഈ ജീവിതത്തിൽ അഭിവൃദ്ധി പ്രാപിക്കുന്നു: 21:1-26. സുഹൃത്തുക്കളുടെ നിഗമനങ്ങൾ വ്യാജമെന്നു കുറ്റപ്പെടുത്തുന്നു: 21:27-34.

3. ഭാഷണങ്ങളുടെ തൃതീയഘട്ടം: അ.22-31.

a. എലീഫസിന്റെ തൃതീയഭാഷണം: അ.22. ഇയ്യോബ് മഹാപാപിയെന്നു എലീഫസ് ദൃഢമായി പ്രസ്താവിക്കുന്നു: 22:1-11; ദൈവത്തിന്റെ സർവ്വജ്ഞാനവും മനുഷ്യന്റെ ദുഷ്ടതയും: 22:12-20; ദൈവത്തോടു സമാധാനം പ്രാപിക്കുവാൻ ഉപദേശിക്കുന്നു: 22:21-30.

b. ഇയ്യോബിന്റെ മറുപടി: അ.23,24. വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയിൽ ഉലയുന്നു: 23:1-17; ദുഷ്ടന്മാരുടെ ഐശ്വര്യത്തിനുള്ള കൂടുതൽ തെളിവുകൾ: അ.24.

c. ബിൽദാദിന്റെ തൃതീയഭാഷണം: അ.25. ദൈവം ആരെന്നും മനുഷ്യൻ ആരെന്നും വ്യക്തമാക്കുന്നു: 25:1-6. 

d. ഇയ്യോബിന്റെ മറുപടി: അ.26. ബിൽദാദിന്റെ വാദങ്ങളെ പുച്ഛിക്കുന്നു: 26:1-4; ദൈവത്തിന്റെ മഹത്വം വർണ്ണിക്കുന്നു: 26:5-14.

e. ഇയ്യോബിന്റെ സ്വയസമർത്ഥനം: അ.27-31. സ്വയനീതിയിൽ ഉറച്ചുനില്ക്കുന്നു: 27:1-6; ദുഷ്ടന്മാരോടു സ്വയം താരതമ്യം ചെയ്യുന്നു: 27:7-23; ജ്ഞാനപ്രകീർത്തനം: 28:1-28; തന്റെ പൂർവ്വകാലവും പൂർവ്വപ്രവൃത്തികളും അനുസ്മരിക്കുന്നു: 29:1-25; ഇപ്പോഴത്തെ അവസ്ഥ: 30:1-31; തന്റെ സൽപ്രവൃത്തികൾ: 31:1-40. 

III. എലീഹുവിന്റെ ഭാഷണങ്ങൾ: അ.32-37.

a. എലീഹുവിന്റെ പ്രഥമഭാഷണം: അ.32,33. ദൈവം മനുഷ്യനെ കഷ്ടതയിലൂടെ അഭ്യസിപ്പിക്കുന്നു. 

b. എലീഹുവിന്റെ ദ്വിതീയഭാഷണം: അ.34. ദൈവനീതിയെ ന്യായീകരിക്കുന്നു, കഷ്ടതയുടെ ഉദ്ദേശ്യം എന്താണെന്നു് ഇയ്യോബ് ഇനിയും മനസ്സിലാക്കിയില്ല. 

c. എലീഹുവിന്റെ തൃതീയഭാഷണം: അ.35. ഇയ്യോബിന്റെ തെറ്റായ നിഗമനങ്ങളെ നിരാകരിച്ചുകൊണ്ട് ഭക്തിയുടെ പ്രയോജനം വ്യക്തമാക്കുന്നു: 35:1-8; മനുഷ്യൻ നീതിമാനോ ദുഷ്ടനോ എന്നു ദൈവം നോക്കുന്നു: 35:9-16.

d. എലീഹുവിന്റെ ചതുർത്ഥഭാഷണം: അ.36,37. പ്രത്യേക ഉദ്ദേശ്യത്തോടെ ദൈവം ഭക്തനെ കഷ്ടപ്പെടുത്തുന്നു: 36:1-21. പ്രകൃതിയിൽ ദൈവത്തിന്റെ സാന്നിദ്ധ്യം ദർശിക്കുന്നു: 37:1-16; ദൈവത്തിന്റെ മുമ്പാകെ മനുഷ്യന്റെ ചപലത: 37:17-24.

IV. ഇയ്യോബിനോടു ദൈവം സംസാരിക്കുന്നു: 38:1-42:6.

a. ദൈവത്തിന്റെ ആദ്യഭാഷണം: 38:1-40:5; സൃഷ്ടി ദൈവത്തിന്റെ സർവ്വശക്തി വെളിപ്പെടുത്തുന്നു: 38:1-39:30; ഇയ്യോബ് തന്റെ നിസ്സാരത്വം ഏറ്റുപറയുന്നു: 40:1-5. 

b. ദൈവത്തിന്റെ ദ്വിതീയഭാഷണം: 40:6-42:6; ദൈവത്തിന്റെ ശക്തിയും മനുഷ്യന്റെ ദൗർബല്യവും തമ്മിൽ തുലനം ചെയ്യുന്നു: 40:6-14. നദീഹയം: 40:15-24. മഹാനക്രം: 41:1-34; ദൈവത്തോടുള്ള ഇയ്യോബിന്റെ മറുപടി, ഇയ്യോബിന്റെ സംശയങ്ങൾക്കു നിവാരണം വരുത്തുന്നു: 42:1-6. 

V. ഇയ്യോബിന്റെ സുഹൃത്തുക്കളെ ദൈവം കുറ്റപ്പെടുത്തുന്നു. ഇയ്യോബിനു സമ്പത്തും പുതീപുത്രന്മാരും എല്ലാം വീണ്ടും ലഭിക്കുന്നു, ഇയ്യോബ് സമാധാനത്തോടെ മരിക്കുന്നു: 42:7-17.

പൂർണ്ണവിഷയം

ഇയ്യോബിന്റെ സ്വഭാവം, കുടുംബം, വസ്തുവകകൾ: 1:1-5
ദൈവവും സാത്താനും തമ്മിലുള്ള സംവാദം: 1:13-19
സാത്തൻ ഇയ്യോബിന്റെ മേൽ വരുത്തുന്ന അത്യാപത്ത്: 1:13-19
അത്യാപത്തുകളുടെ മദ്ധ്യേ ഇയ്യോബിന്റെ അത്ഭുതകരമായ പെരുമാറ്റം: 1:20-22
ദൈവവും സാത്താനും തമ്മിൽ കൂടുതൽ സംവാദം: 2:2-6
ഇയ്യോബിന്റെ ആരോഗ്യത്തെ സാത്താൻ ആക്രമിക്കുന്നു 2:7-8
ഇയ്യോബിന്റെ ഭാര്യയുടെ വാക്കും, അവന്റെ അത്ഭുതകരമായ മറുപടിയും 2:9-10
ഇയ്യോബിന്റെ സുഹൃത്തുക്കളുടെ സന്ദര്‍ശനം 2:11 -13
ഇയ്യോബ് ജന്മദിനത്തെ ശപിക്കുന്നു 3:1-26
എലീഫസിന്റെ ആദ്യ പ്രഭാഷണം 4:1—5:27
എലീഫസിന് ഇയ്യോബിന്റെ മറുപടി 6:1—7:21
ബിൽദാദിന്റെ ആദ്യപ്രസംഗം 8:1-22
ബിൽദാദിന് ഇയ്യോബിന്റെ മറുപടി 9:1—10:22
സോഫറിന്റെ ആദ്യ പ്രസംഗം 11:1-20
സോഫറിന് ഇയ്യോബിന്റെ മറുപടി 12:1—14:22
എലീഫസിന്റെ രണ്ടാമത്തെ പ്രഭാഷണം 15:1-35
ഇയ്യോബിന്റെ മറുപടി 16:1—17:16
ഇയ്യോബിന്റെ പ്രധാനപ്പെട്ട ഒരു ചിന്ത 16:19-21
ബിൽദാദിന്റെ രണ്ടാമത്തെ പ്രസംഗം 18:1-21
ഇയ്യോബിന്റെ മറുപടി 19:1-29
ഇയ്യോബിന്റെ അത്ഭുതകരമായ വചനങ്ങൾ 19:25-27
സോഫറിന്റെ രണ്ടാമത്തെ പ്രസംഗം 20:1-29
ഇയ്യോബിന്റെ മറുപടി 21:1-34
എലീഫസിന്റെ മൂന്നാമത്തെ പ്രസംഗം 22:1-30
ഇയ്യോബിന്റെ മറുപടി 23:1—24:25
ബിൽദാദിന്റെ മൂന്നാമത്തെ പ്രസംഗം 25:1-6
ഇയ്യോബിന്റെ മറുപടി 26:1—31:40
ഇയ്യോബിന്റെ തീരുമാനം 26:3-6
ജ്ഞാനത്തിന്റെ മാര്‍ഗ്ഗം 28:28
ഇയ്യോബ് തന്റെ ജീവിതശൈലി വെളിപ്പെടുത്തുന്നു 29:11-17 31:1-40
എലീഹൂവിന്റെ പ്രസംഗം 32:1—37:24
ദൈവം ചുഴലിക്കാറ്റിൽ നിന്നും സംസാരിക്കുന്നു 38:1—41:34
ദൈവം ഒരു ചോദ്യം ചോദിക്കുന്നു 38:2
പ്രപഞ്ചത്തിന്റെ സൃഷ്ടിതാവും ലോകത്തിന്റെ പരിപാലകനുമായി ദൈവം സ്വയം വെളിപ്പെടുത്തുന്നു. 38:3—39:30
ഇയ്യോബിനോട് മറ്റൊരു ചോദ്യം ചോദിക്കുന്നു 40:1-2
ഇയ്യോബിന്റെ ഉത്തരം: 40:3-5
ഇയ്യോബിനോട് വീണ്ടും ചോദ്യങ്ങൾ ദൈവം ചോദിക്കുന്നു 40:6-14
ദൈവം രണ്ടു വലിയ ജന്തുക്കളെക്കുറിച്ച് സംസാരിക്കുന്നു 40:15—41:34
ദൈവത്തോടുള്ള ഇയ്യോബിന്റെ മറുപടിയിൽ അനുതാപം പ്രതിഫലിക്കുന്നു 42:1-6
ദൈവം എലീഫസിനോട് സംസാരിക്കുന്നു 42:7-8
എലീഫസിന്റെയും സ്നേഹിതരുടെയും അനുസരണം 42:9
ദൈവം ഇയ്യോബിനെ അനുഗ്രഹിക്കുന്നു 42:10-15
ഇയ്യോബിന്റെ ദീര്‍ഘായുസ്സ് 42:16 അദ്ധ്യായം:1

Leave a Reply

Your email address will not be published. Required fields are marked *