ആസാ (Asa)
പേരിനർത്ഥം — വൈദ്യൻ
യെഹൂദയിലെ മൂന്നാമത്തെ രാജാവ്. അബീയാമിന്റെ പുത്രനായ ആസാ നാല്പത്തിയൊന്നു വർഷം (ബി.സി. 911/10-870/69) രാജ്യം ഭരിച്ചു. (1രാജാ, 15:10,11). ആസാ യഹോവയ്ക്കു പ്രസാദവും ഹിതവുമായുള്ളതു ചെയ്തു. (2ദിന, 14:2). വല്യമ്മയായ മയഖായെ രാജമാതാവിന്റെ സ്ഥാനത്തു നിന്നും നീക്കി. അശേരയ്ക്ക് മേച്ഛവിഗ്രഹം പ്രതിഷ്ഠിച്ചതായിരുന്നു കാരണം. ഈ മേച്ഛവിഗ്രഹത്തെ രാജാവു വെട്ടിമുറിച്ചു കിദ്രോൻ തോട്ടിന്നരികെവെച്ചു ചുട്ടുകളഞ്ഞു. (1രാജാ, 15:13). എന്നാൽ പൂജാഗിരികളെ പൂജാസ്ഥാനങ്ങളായിത്തന്നെ അവശേഷിപ്പിച്ചു. എഫയീം മലനാട്ടിൽ അവൻ പിടിച്ചിരുന്ന പട്ടണങ്ങളിൽ നിന്നും മേച്ഛവിഗ്രഹങ്ങളെ നീക്കിക്കളയുകയും യഹോവയുടെ മണ്ഡപത്തിൻ മുമ്പിലുള്ള യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു. (2ദിന, 15:8).
ആസായുടെ ഭരണത്തിന്റെ ആദ്യത്തെ പത്തു വർഷം സമാധാനപൂർണ്ണമായിരുന്നു. ഒരു വലിയ സൈന്യത്ത ആസാ സജ്ജമാക്കി. അതിൽ വൻപരിചയും കുന്തവും പ്രയോഗിക്കുവാൻ കഴിവുള്ള മൂന്നു ലക്ഷം യെഹൂദ്യരും ചെറുപരിച എടുക്കുന്നതിനും വില്ലു കുലയ്ക്കുന്നതിനും പ്രാപ്തിയുള്ള രണ്ടുലക്ഷത്തി എൺപതിനായിരം ബെന്യാമീന്യരും ഉണ്ടായിരുന്നു. (2ദിന, 14:8) ഈ സംഖ്യ അല്പം അതിശയോക്തിപരമാണ്. ആസയുടെ ഭരണത്തിന്റെ പതിനൊന്നാം വർഷത്തിൽ എത്യോപ്യനായ (കുശ്യനായ) സേരഹ് പത്തുലക്ഷം വരുന്ന സൈന്യവുമായി യെഹൂദയെ ആക്രമിച്ചു. ആസാ സഹായത്തിന്നായി യഹോവയോട് അപേക്ഷിച്ചു. മാരേശെക്കു സമീപം സെഫാഥാ താഴ്വരയിൽ വച്ച് സേരെഹുമായി ഏറ്റുമുട്ടി അവനെ തോല്പിച്ചു. ഗെരാറിനു ചുറ്റുമുള്ള പട്ടണങ്ങളെ കൊള്ളയടിച്ചു അസംഖ്യം ആളുകളെയും കന്നുകാലി കളെയും പിടിച്ചുകൊണ്ട് യെരുശലേമിലേക്കു മടങ്ങിവന്നു. (2ദിന, 14:9-15). അസര്യാ പ്രവാചകൻ ആസയെ എതിരേറ്റുവന്ന് രാജാവിനെയും ജനങ്ങളെയും ധൈര്യപ്പെടുത്തി, ദൈവവിശ്വാസത്തിൽ ഉറച്ചുനില്ക്കുവാൻ അവരെ പ്രോത്സാഹിപ്പിച്ചു.
ആസാ ചില നവീകരണ പ്രവർത്തനങ്ങൾ ചെയ്തു. ജനത്തെ യെരുശലേമിൽ കൂട്ടിവരുത്തി യഹോവയ്ക്ക് യാഗങ്ങൾ കഴിച്ച് യഹോവയുമായി ഒരു ഉടമ്പടി ചെയ്തു. യിസ്രായേൽ രാജ്യത്തുനിന്ന് അനേകം പേർ ഈ ചടങ്ങുകളിൽ സംബന്ധിച്ചു. യഹോവ ആസയോടുകൂടെ ഉണ്ടെന്നു യിസ്രായേല്യർ വിശ്വസിച്ചു. തന്റെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടിൽ യിസ്രായേൽ രാജാവായ ബയെശയുമായി ശത്രുത ആരംഭിച്ചു. ആസയുടെ അടുക്കലേക്കു തന്റെ ജനങ്ങൾ പോകുന്നതു തടയാനായി ബയെശാ രാമായെ പണിതുറപ്പിച്ചു. അരാംരാജാവായ ബെൻ-ഹദദുമായി സഖ്യം ചെയ്തത് ആസയ്ക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നു. കൊട്ടാരത്തിലെയും ദൈവാലയത്തിലെയും നിക്ഷേപങ്ങളെടുത്തു കൊടുത്താണു ദമ്മേശെക്കിലെ രാജാവായ ബെൻ-ഹദദ് ഒന്നാമന്റെ സഹായം നേടിയത്. ബെൻ-ഹദദ് ഉത്തരയിസ്രായേൽ ആക്രമിച്ചപ്പോൾ ബയെശാ രാമായെ ഉപേക്ഷിച്ചു മടങ്ങിപ്പോയി. (1രാജാ, 15:7-21). അവിടെനിന്നു കല്ലും മരവും എടുത്തു കൊണ്ടുപോയി ആസാ ഗേബയും മിസ്പയും പണിതു. ദർശകനായ ഹനാനി രാജാവിന്റെ അവിശ്വാസത്തെ കുറ്റപ്പെടുത്തി. ഈ സഖ്യം നിമിത്തമാണ് ആസാ അരാമ്യരെ ആക്രമിക്കാത്തത്. ശേഷിച്ച കാലം മുഴുവൻ യുദ്ധം തുടരുമെന്ന് ഹനാനി പ്രവചിച്ചു. കുപിതനായ ആസാ ഹനാനിയെ ജയിലിലടച്ചു. (2ദിന, 16:1-10). തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം വർഷം ആസായുടെ കാലിൽ ദീനം പിടിച്ചു. രോഗസൗഖ്യത്തിന്നായി യഹോവയെ ആശ്രയിക്കുന്നതിനു പകരം ആസാ വൈദ്യന്മാരെ ആശ്രയിച്ചു. തന്റെ വാഴ്ചയുടെ നാല്പത്തൊന്നാം വർഷം ആസാ മരിച്ചു. (2ദിന, 16:12-14). അവന്റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി. (2ദിന, 17:1).