ആമുഖം

ആമുഖം

പുതിയനിയമം (New Testament)

എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ പഴയനിയമം, പുതിയനിയമം എന്നീ സംജ്ഞകൾ നിലവിൽ വന്നു. പുതിയനിയമം എന്ന പേര് ആദ്യം പ്രയോഗിച്ചത് തെർത്തുല്യനാണ്. എബ്രായ തിരുവെഴുത്തുകളെ പഴയനിയമം എന്നു വിളിച്ചു. നിയമം ഉടമ്പടിയാണ്. ഉടമ്പടിക്കു എബ്രായയിൽ ‘ബ്റീത്തെന്നും’ ഗ്രീക്കിൽ ‘ഡയാഥികീ’ എന്നും പറയും. മോശീയ നിയമത്തിന്റെയും ഉടമ്പടികളുടെ പുസ്തകത്തിന്റെയും (നിയമ പുസ്തകം: 2രാജാ, 23:2) തുടർച്ചയാണീ നാമം. ഉടമ്പടി അഥവാ നിയമം മോശ സീനായിയിൽ ചെയ്ത ഉടമ്പടിയെ (പുറ, 24:3-8) സൂചിപ്പിക്കുന്നു. മോശയ്ക്കു മുമ്പു തന്നെ ദൈവം അബ്രാഹാമിനോടു ഉടമ്പടി ബന്ധത്തിൽ പ്രവേശിച്ചു. എന്നാൽ ദൈവം തന്റെ ജനത്തോടു ചെയ്ത ഉടമ്പടിയാണ് സീനായിയിലേത്. ഉടമ്പടി ചെയ്യുന്നതിനു മുമ്പുതന്നെ ദൈവം തന്റെ ജനത്തോടു വീണ്ടെടുപ്പിന്റെ ബന്ധത്തിൽ ഇടപെടുകയായിരുന്നു. ഈ ഉടമ്പടി ചരിത്രത്തിലൂടെ പ്രാവർത്തികമാക്കിയത് എങ്ങനെയാണെന്ന് പഴയനിയമം ആഖ്യാനം ചെയ്യുന്നു. യിസ്രായേൽജനം ഒരു പുതിയ നിയമത്തെ മുന്നറിയിക്കപ്പെട്ട പ്രകാരം പ്രതീക്ഷിക്കുകയായിരുന്നു. (യിരെ, 31:34). ഇതു അനേകർക്കു വേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയനിയമത്തിനുള്ള എന്റെ രക്തം (മത്താ, 26:28) എന്നിങ്ങനെ ആ പുതിയനിയമത്തെ കർത്താവ് മുന്നറിയിച്ചു. 1കൊരിന്ത്യർ 11:23-26-ൽ നിന്നും പുതിയനിയമം വന്നു കഴിഞ്ഞു എന്നതു സ്പഷ്ടമാണ്. അപ്പൊസ്തലനായ പൗലൊസ് പഴയനിയമത്തെയും (പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ. 2കൊരി, 3:14), പുതിയനിയമത്തെയും (അവൻ ഞങ്ങളെ പുതിയനിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി, അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു. 2കൊരി, 3:6), അവ തമ്മിലുള്ള വ്യത്യാസവും (പുതിയതു എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീർണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാൻ അടുത്തിരിക്കുന്നു. എബ്രാ, 8:13) വിശദമാക്കുന്നുണ്ട്. പുതിയനിയമ എഴുത്തുകൾക്കു പുതിയനിയമമെന്നോ പുതിയ ഉടമ്പടിയെന്നോ പേരിടുന്നതു പൂർണ്ണമായും ശരിയല്ല. നാലു സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളിലധികവും പഴയ ഉടമ്പടിയിൽ നടന്നവയാണു. ക്രിസ്തുവിന്റെ മരണസമയത്ത് യെരുശലേം ദൈവാലയത്തിലെ തിരശ്ശീല രണ്ടായി ചിന്തിയതോടു കൂടി (മത്താ, 27:51) ന്യായപ്രമാണയുഗം അവസാനിച്ചു പുതിയ വഴി പ്രതിഷ്ഠിച്ചുകൊണ്ടു പുതിയനിയമം ആരംഭിച്ചു. “അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽ കൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി, തന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിനു ധൈര്യവും ദൈവാലയത്തിന്മേൽ ഒരു മഹാപുരോഹിതനും നമുക്കുള്ളതു കൊണ്ടു” (എബ്രാ, 10:19-21). 

പഴയനിയമത്തിൽ പ്രവചിക്കപ്പെട്ട മശീഹയുടെ ജനനം, ജീവിതം, മരണം, പുനരുത്ഥാനം, സ്വർഗ്ഗാരോഹണം, പെന്തെക്കൊസ്തുനാളിൽ സഭയുടെയും പുതിയ യുഗവ്യവസ്ഥയുടെയും തുടക്കം ഇവ പുതിയനിയമത്തിൽ ആഖ്യാനം ചെയ്യുന്നു. പുതിയനിയമത്തിലെ ഇരുപത്തേഴു പുസ്തകങ്ങളും കാലാനുക്രമത്തിലല്ല, പ്രത്യുത, വിഷയാടിസ്ഥാനത്തിലാണ് സംവിധാനം ചെയ്തിട്ടുള്ളത്. യേശുക്രിസ്തുവിന്റെ ജനനം, ശുശ്രൂഷ, മരണം, പുനരുത്ഥാനം എന്നിവ ഉൾക്കൊള്ളുന്ന നാലു സുവിശേഷങ്ങളാണ് ആദ്യം. തുടർന്നു അപ്പൊസ്തലന്മാരുടെ പ്രവ്യത്തികളാണ്. മുപ്പതു വർഷത്തിനുള്ളിൽ ഉണ്ടായ സുവിശേഷ വ്യാപനത്തിന്റെ ഈ ചരിത്രം ലൂക്കൊസ് എഴുതിയ സുവിശേഷത്തിന്റെ തുടർച്ചയാണ്. ഈ അഞ്ചു ചരിത്രപുസ്തകങ്ങളെ ഇരുപത്തൊന്നു ലേഖനങ്ങൾ പിന്തുടരുന്നു. ലേഖനങ്ങളിൽ പതിമൂന്ന് എണ്ണം എഴുത്തുകാരനായി പൗലൊസിന്റെ പേർ വഹിക്കുന്നു. എബ്രായലേഖനത്തിന്റെ കർത്താവാരാണെന്നു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. രണ്ടു ലേഖനങ്ങൾ പത്രോസിന്റേതും ഒന്നു യാക്കോബിന്റേതും ഒന്നു യൂദായുടേതും മൂന്നെണ്ണം യോഹന്നാന്റേതുമാണ്. ഒടുവിലുള്ള ഏഴിനെയും പൊതുമേഖനങ്ങൾ അഥവാ സാർവ്വത്രിക ലേഖനങ്ങൾ എന്നു വിളിക്കുന്നു. വെളിപ്പാടുപുസ്തകം പ്രവചനപരമാണ്. റോമൻ പ്രവിശ്യയായ എഷ്യാമൈനറിലെ ഏഴു സഭകൾക്കെഴുതിയ ലേഖനങ്ങൾ വെളിപ്പാടിലുണ്ട്. യേശുക്രിസ്തു പുസ്തകങ്ങൾ ഒന്നും എഴുതിയില്ല. തന്റെ ഉപദേശങ്ങൾ എല്ലാം എളുപ്പം മനസ്സിലാകത്തക്കവണ്ണം ലളിതമായ രീതിയിൽ ശിഷ്യന്മാർക്കു നല്കി. ഈ ഉപദേശം സകലജാതികളെയും പഠിപ്പിക്കുവാൻ അവർക്കു നിർദ്ദേശവും നല്കി. 

ആദ്യകാലങ്ങളിൽ യേശുക്രിസ്തുവിന്റെ ചരിത്രം രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യം വലുതായി തോന്നിയില്ല. ക്രിസ്തുവിൽ നിന്നു കേൾക്കുകയും കാണുകയും ചെയ്ത സാക്ഷികൾ സാക്ഷ്യം നല്കുന്നതിനു ജീവിച്ചിരിപ്പുണ്ടായിരുന്നു. ഈ ചരിത്രം വായ്മൊഴിയായി പ്രചരിച്ചു. എന്നാൽ അപ്പൊസ്തലൻ ഒരു സ്ഥലത്തുള്ള സഭയിൽ ശുശ്രൂഷിക്കുമ്പോൾ ദൂരെയുള്ള സഭകൾക്കു ഉപദേശം നൽകേണ്ടി വന്നു. എഴുത്തിലൂടെ മാത്രമേ അതു ചെയ്യുവാൻ കഴിഞ്ഞിരുന്നുള്ളു. അങ്ങനെ പുതിയ നിയമത്തിലെ ലേഖനങ്ങൾ ആദ്യം എഴുതപ്പെട്ടു. ലേഖനങ്ങളെല്ലാം പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ക്രിസ്തുവിന്റെ ഉപദേശത്തെ അതേപടി സംപ്രേഷണം ചെയ്യുകയായിരുന്നു. ലേഖനങ്ങൾക്കു അപ്പൊസ്തലിക അധികാരം മുദ്രചാർത്തിയിരുന്നു. യേശുക്രിസ്തുവിന്റെ മരണ പുനരുത്ഥാനങ്ങൾക്കുശേഷം എല്ലാ സംഭവങ്ങൾക്കും സാക്ഷികളായിരുന്ന ആദ്യതലമുറ മരണത്താൽ നീക്കപ്പെട്ടു തുടങ്ങി. അവർ എല്ലാവരും മരിക്കുന്നതിനു മുമ്പു അനന്തര തലമുറകൾക്കുവേണ്ടി അവരുടെ സാക്ഷ്യം രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതു അനിവാര്യമായിത്തീർന്നു. അങ്ങനെ എ.ഡി. അറുപതിനടുത്തു സുവിശേഷങ്ങൾ പ്രത്യക്ഷപ്പെട്ടു. ആദ്യമായി മർക്കൊസ് യേശുവിന്റെ സ്നാനം മുതൽ പുനരുത്ഥാനം വരെയുള്ള ശുശ്രൂഷയുടെ വിവരണം റോമിലെ സഭയ്ക്കുവേണ്ടി ക്രോഡീകരിച്ചു. ഒരു പരിധിവരെ പത്രൊസിന്റെ പ്രസംഗത്തെ അവലംബിച്ചാണു മർക്കൊസ് സുവിശേഷം രചിച്ചത്. തുടർന്നു  മത്തായി ക്രമീകൃതമായ രീതിയിൽ അല്പം വിശദമായിത്തന്നെ സുവിശേഷം എഴുതി. രേഖകളെ വ്യക്തമായി പരിശോധിച്ചു കർത്താവിന്റെ സ്വർഗ്ഗാരോഹണം വരെയുള്ള കാര്യങ്ങളെ ഉൾപ്പെടുത്തി പ്രിയ വൈദ്യനായ ലൂക്കൊസ് സുവിശേഷം രചിച്ചു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെയുള്ള സഭകളിലെ ആരംഭ പ്രവർത്തനമാണ് അപ്പൊസ്തല പ്രവൃത്തികളിൽ. വചനം ജഡമായി വെളിപ്പെട്ട യേശുക്രിസ്തുവിന്റെ മഹത്വം വെളിപ്പെടുത്തുകയാണ് യോഹന്നാൻ്റെ സുവിശേഷം. പൗലൊസിന്റെ ലേഖനങ്ങൾ സ്വീകർത്താക്കൾ സുക്ഷിച്ചു. വളരെ മുമ്പു നഷ്ടപ്പെട്ടുപോയ ലേഖനത്തിന്റെ പരാമർശം അനന്തരലേഖനങ്ങളിൽ ഉണ്ട് . (1കൊരി, 5:9; കൊലൊ, 4:16). ഒന്നാം നൂറ്റാണ്ടിന്റെ അവസാന ദശകത്തോടു കൂടി ലേഖനങ്ങളെ എല്ലാം കൂട്ടിച്ചേർത്ത് ഒരു സമാഹാരമായി സഭകളിൽ കൊടുക്കുവാനുള്ള ശ്രമം നടന്നതിന്റെ തെളിവുണ്ട്. പൗലൊസിന്റെ ലേഖനങ്ങൾ ഇപ്രകാരം സമാഹരിക്കുവാനുള്ള ചോദന എന്താണെന്നോ ഈ ഉദ്യമം ആരംഭിച്ചതു ആരാണെന്നോ തീർത്തു പറയുവാൻ കഴിയുകയില്ല. രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ തന്നെ പൗലൊസിന്റെ ലേഖനസഞ്ചയം പ്രചരിച്ചു തുടങ്ങി. 

സുവിശേഷങ്ങളുടെ രചനയ്ക്കു മുമ്പു തന്നെ പൗലൊസിന്റെ ലേഖനങ്ങൾ എഴുതപ്പെട്ടു. ക്രിസ്തുവിന്റെ ഏതെങ്കിലും പ്രവൃത്തിയോ ഭാഷണമോ പൗലൊസിന്റെ ആദ്യ ലേഖനങ്ങളിൽ കാണപ്പെടുകയാണെങ്കിൽ അതാണ് നമ്മുടെ ആദ്യത്തെ ലിഖിതരേഖ. അങ്ങനെ കർത്താവിന്റെ അത്താഴത്തിന്റെ സ്ഥാപനത്തെക്കുറിച്ചുള്ള പൗലൊസിന്റെ രേഖ (1കൊരി, 11:23) ഏറ്റവും പഴക്കമുള്ള മർക്കൊസു സുവിശേഷത്തിലെ രേഖയ്ക്കും (മർക്കൊ, 14:22) മുമ്പുള്ളതാണ്. അതുപോലെ തന്നെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള ആദ്യരേഖ 1കൊരിന്ത്യർ 15 തന്നെയാണ്.

പുതിയനിയമപുസ്തകങ്ങൾ: ‘പുസ്തകം — കർത്താവ് — കാലം — അനുവാചകർ — പ്രമേയം’ എന്നീ ക്രമത്തിൽ:

1. മത്തായിസുവിശേഷം — മത്തായി — എ.ഡി. 58 — അന്തൊക്ക്യ — യെഹൂദ്യ ക്രിസ്ത്യാനികൾ — യേശു സാക്ഷാൽ മശീഹ (രാജാവ്).

2. മർക്കൊസ് സുവിശേഷം — മർക്കൊസ് — എ.ഡി. 55 — റോം — റോമിലെ ക്രിസ്ത്യാനികൾ — യേശു ദാസൻ.

3. ലൂക്കൊസ് — ലൂക്കൊസ് സുവിശേഷം — എ.ഡി. 60 — കൈസര്യ — വിജാതീയ ലോകം — യേശു സമ്പൂർണ്ണ മനുഷ്യൻ.

4. യോഹന്നാൻ — യോഹന്നാൻ്റെ സുവിശേഷം — എ.ഡി. 94 — എഫെസൊസ് — ക്രൈസ്തവസഭ — യേശു ദൈവം.

5. അപ്പൊസ്തല പ്രവൃത്തികൾ — ലൂക്കൊസ് — എ.ഡി. 62 — റോം — വിജാതീയലോകം — അപ്പൊസ്തല സഭകളുടെ ഉത്ഭവം.

6. റോമർ — പൗലൊസ് — എ.ഡി. 58 — ഗ്രീസ് — റോമിലെ ക്രിസ്ത്യാനികൾ — വിശ്വാസാത്താലുള നീതീകരണം.

7. 1കൊരിന്ത്യർ — പൗലൊസ് — എ.ഡി. 54 — മക്കെദോന്യ — കൊരിന്തിലെ വിശ്വാസികൾ — ക്രിസ്തുവിൻ്റെ പുനരുത്ഥാനം.

8. 2കൊരിന്ത്യർ — പൗലൊസ് — എ.ഡി. 55 — മക്കെദോന്യ — കൊരിന്തിലെ വിശ്വാസികൾ — അപ്പൊസ്തലത്വത്തിൻ്റെ സമർത്ഥനം.

9. ഗലാത്യർ — പൗലൊസ് — എ.ഡി. 49 — അന്ത്യൊക്യ — ഗലാത്യയിലെ വിശ്വാസികൾ — രക്ഷ വിശ്വാസത്താൽ.

10. എഫയസ്യർ — പൗലൊസ് — എ.ഡി. 61 — റോം —  എഫെസൊസിലെ വിശ്വാസികൾ — സഭയുടെ മഹത്വം.

11. ഫിലിപ്പിയർ — പൗലൊസ് — എ.ഡി. 62 — റോം — ഫിലിപ്പിയിലെ സഭ — ആത്ഥീയ പ്രോത്സാഹനം.

12. കൊലൊസ്സ്യർ — പൗലൊസ് — എ.ഡി. 63 — റോം — കൊലൊസ്സ്യ സഭ — മതഭേദവിമർശനം.

13. 1തെസ്സലോനിക്യർ — പൗലൊസ് — എ.ഡി. 51 — കൊരിന്ത് — തെസ്സലോനിക്യ സഭ — ക്രിസ്തുവിൻ്റെ പുനരാഗമനം.

14. 2തെസ്സലോനിക്യർ — പൗലൊസ് — എ.ഡി. 52 — കൊരിന്ത് — തെസ്സലോനിക്യ സഭ — ക്രിസ്തുവിൻ്റെ പുനരാഗമനംം

15. 1തിമൊഥെയൊസ് — പൗലൊസ് — എ.ഡി. 64 — മക്കെദോന്യ — തിമൊഥെയൊസ് — സഭാ ശുശ്രൂഷകന്മാരുടെ ചുമതലകൾ.

16. 2തിമൊഥെരൊസ് — പൗലൊസ് — എ.ഡി. 67 — റോം — തിമൊഥെയൊസ് — സഭാ ശുശ്രൂഷകന്മാരുടെ ചുമതലകൾ.

17. തീത്തൊസ് — പൗലൊസ് — എ.ഡി. 65 — ഗ്രീസ് — തീത്തൊസ് — സഭാശുശ്രൂഷ.

18. ഫിലേമോൻ — പൗലൊസ് — എ.ഡി. 63 — റോം — ഒനേസിമൊസിൻ്റെ യജമാനൻ — ഒനേസിമൊസിൻ്റെ സ്വാതന്ത്ര്യം.

19. എബ്രായർ — (?) — എ.ഡി. 65 — പലസ്തീൻ — യെഹൂദ്യ ക്രിസ്ത്യാനികൾ — യേശുവിൻ്റെ മഹാപൗരോഹിത്യം.

20. യാക്കോബ് — യാക്കോബ് — എ.ഡി. 63 — യെരൂശലേം — യെരുശലേം സഭ — വിശ്വാസം-പ്രവൃത്തി.

21. 1പത്രൊസ് – പത്രൊസ് — എ.ഡി. 64 — ബാബിലോൺ — ചിതറിപ്പാർക്കുന്ന യെഹൂദന്മാർ — ശുശ്രൂഷയ്ക്കു പ്രോത്സാഹനം.

22. 2പത്രൊസ് പത്രൊസ് — എ.ഡി. 65 — ബാബിലോൺ — സഭയ്ക്ക് പൊതുവെ — പുതിയ ആകാശം പുതിയ ഭൂമി.

23. 1യോഹന്നാൻ — യോഹന്നാൻ — ഏ.ഡി. 94 — എഫെസൊസ് — സഭയ്ക്ക് പൊതുവെ — സ്നേഹം.

24. 2യോഹന്നാൻ — യോഹന്നാൻ — എ.ഡി. 95 — എഫെസൊസ് — മാന്യവനിതയ്ക്കും മക്കൾക്കും — യേശുവിനോടുള്ള വിശ്വസ്തതയും അനുസരണവും.

25. 3യോഹന്നാൻ — യോഹന്നാൻ — എ.ഡി. 95 — എഫെസൊസ് — മൂപ്പനും ഗായൊസിനും — സഭയുടെ സ്ഥിതി.

26. യൂദാ — യൂദാ — എ.ഡി. 75 — (?) യെഹൂദ്യ ക്രിസ്ത്യാനികൾ — ദുരുപദേഷ്ടാക്കന്മാർ.

27. വെളിപ്പാട് — യോഹന്നാൻ — എ.ഡി. 96 — പത്മൊസ് — ആസ്യയിലെ ഏഴു സഭകൾ — സർവ്വത്തിൻ്റെയും പരിസമാപ്തി.

Leave a Reply

Your email address will not be published. Required fields are marked *