അരവ്നാ (Araunah)
പേരിനർത്ഥം – യഹോവ ബലവാൻ
മോരിയാമലയിൽ ഒരു മെതിക്കളം സ്വന്തമായുണ്ടായിരുന്ന യെബൂസ്യൻ: (2ശമൂ, 24:16). യഹോവയ്ക്ക് യാഗപീഠം നിർമ്മിക്കാനായി ദാവീദ് അതിനെ വിലയ്ക്കുവാങ്ങി. ജനസംഖ്യ എടുത്തതിനു ദാവീദിനെ ശിക്ഷിക്കാനായി ദൈവം അയച്ച ദൂതൻ അരവ്നായുടെ കളത്തിനടുത്തെത്തിയപ്പോഴാണ് സംഹാരം മതിയാക്കിയത്. ദാവീദ് ഈ കളം വാങ്ങാനാഗ്രഹിച്ചപ്പോൾ സൗജന്യമായി നല്കാമെന്ന് അരവ്നാ പറഞ്ഞു. എന്നാൽ യാഗപീഠം നിർമ്മിക്കുന്നതിന് കളം വിലയ്ക്കേ വാങ്ങു എന്നു ദാവീദ് ശഠിച്ചപ്പോൾ വിലവാങ്ങി കളം നല്കി. 2ശമൂവേൽ 24:24-ൽ അമ്പതുശേക്കെൽ വെള്ളി കൊടുത്തു എന്നും, 1ദിനവൃത്താന്തം 21:25-ൽ 600 ശേക്കെൽ പൊന്നു കൊടുത്തു എന്നും കാണുന്നു. ഈ വിലയിൽ കാണുന്ന വൈരുദ്ധ്യം ഒഴിവാക്കാൻ ചില വ്യാഖ്യാതാക്കൾ ശ്രമിച്ചിട്ടുണ്ട്. കാളകൾക്കു അമ്പതു ശേക്കെൽ വെള്ളിയും കളത്തിനു 600 ശേക്കെൽ പൊന്നും നല്കിയെന്നതാണൊരു വ്യാഖ്യാനം. കാളകൾക്കും കളത്തിനുമായി 50 ശേക്കെൽ വെള്ളിയും അധികസ്ഥലത്തിനു 600 ശേക്കെൽ സ്വർണ്ണവും നല്കിയെന്നു മറ്റൊരു വ്യാഖ്യാനവും ഉണ്ട്. ഈ പ്രദേശമാണ് പിൽക്കാലത്ത് യെരൂശലേം ദൈവാലയത്തിൻ്റെ സ്ഥാനമായത്: (2ദിന,3:1). 1ദിനവൃത്താന്തം 21:18-ൽ അരവ്നായെ ഒർന്നാൻ എന്നും വിളിക്കുന്നു.