അബീമേലെക്ക് (Abimelech)
പേരിനർത്ഥം – മെലെക്ക് എൻ്റെ പിതാവ്
അബ്രാഹാമിന്റെ കാലത്തു ഗെരാർ ഭരിച്ചിരുന്ന ഫെലിസ്ത്യരാജാവ്: (ഉല്പ, 20). രാജാക്കന്മാരുടെ സ്ഥാനപ്പേരായിരിക്കണം അബീമേലെക്ക് എന്നത്. മിസ്രയീം രാജാക്കന്മാർ ഫറവോൻ എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്നതു പോലെ. സൊദോമിന്റെ നാശത്തിനുശേഷം അല്പകാലം അബ്രാഹാം ഗെരാരിൽ പരദേശിയായി പാർത്തു. അബ്രാഹാം സാറയെ തന്റെ സഹോദരിയെന്നു പറഞ്ഞതിനാൽ അബീമേലെക്ക് ആളയച്ചു സാറയെ കൊണ്ടുപോയി. സാറയുടെ സൗന്ദര്യത്തിൽ ഉണ്ടായ ഭ്രമമോ അംബാഹാമിനോടു ഉടമ്പടി ചെയ്യാനുള്ള താത്പര്യമോ ആയിരിക്കണം കാരണം. രാത്രി ദൈവം സ്വപ്നത്തിൽ അബീമേലെക്കിനോടു സംസാരിച്ചു. അവൾ ഒരു പുരുഷന്റെ ഭാര്യയാണെന്നും അവൾ നിമിത്തം അബീമേലെക്ക് മരിക്കുമെന്നും അരുളിച്ചെയ്തു. അബീമേലെക്ക് സാറയുടെ അടുക്കൽ ചെന്നിരുന്നില്ല. അയാളുടെ ഹൃദയപരമാർത്ഥതയെ ദൈവം ആദരിച്ചു. ദൈവകല്പനയനുസരിച്ചു അബീമേലെക്ക് സാറയെ അബ്രാഹാമിനെ എല്പിക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. പ്രതിശാന്തിയായി ആയിരം വെള്ളിക്കാശും കൊടുത്തു. ഈ പണം പ്രായശ്ചിത്ത ദ്രവ്യമാണെന്നും, അല്ല സാറയുടെ സൗന്ദര്യം മറയ്ക്കാൻ മൂടുപടം വാങ്ങാൻ കൊടുത്ത തുകയാണെന്നും അഭിപ്രായവ്യത്യാസമുണ്ട്. വിവാഹിതകൾ മൂടുപടം ധരിക്കേണ്ടതാണ്. അബ്രാഹാം അബീമേലെക്കിന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിച്ചു. ദൈവം അബീമേലെക്കിന്റെ ഭാര്യയെയും ദാസിമാരെയും സൗഖ്യമാക്കുകയും അവർ പ്രസവിക്കുകയും ചെയ്തു. ചില വർഷങ്ങൾക്കുശേഷം അബ്രാഹാമും അബീമേലെക്കും തമ്മിൽ ഉടമ്പടി ചെയ്തു. ആ സമയത്തു അബീമേലെക്കിന്റെ സേനാപതിയായ പീക്കോലും സന്നിഹിതനായിരുന്നു. അബ്രാഹാമിന്റെ ദാസന്മാർ കുഴിച്ച കിണർ അബീമേലെക്കിന്റെ ദാസന്മാർ അപഹരിച്ചതായിരുന്നു കാരണം. ദാസന്മാർ ചെയ്തത് അബീമേലെക്ക് അറിഞ്ഞിരുന്നില്ല. അബ്രാഹാമിനു കിണർ മടക്കിക്കൊടുത്ത് അബീമേലെക്ക് അബ്രാഹാമുമായി ഉടമ്പടി ചെയ്തു. ആ സ്ഥല ത്തിനു ബേർ-ശേബ (സത്യത്തിന്റെ കിണർ) എന്നു പേരിട്ടു. ചരിത്രത്തിൽ അറിയപ്പെടുന്ന ആദ്യത്തെ ഉടമ്പടിയാണിത്. (ഉല്പ, 21:22-34).
അബീമേലെക്ക്
(രണ്ടാമൻ)
ഗെരാരിലെ അടുത്ത രാജാവ്. അബ്രാഹാമിന്റെ കാലത്തു ഭരിച്ചിരുന്ന അബീമേലെക്കിന്റെ പിൻഗാമിയായിരിക്കണം ഇയാൾ. ദേശത്താ ക്ഷാമമുണ്ടായപ്പോൾ യിസ്ഹാക്ക് ഗെരാരിൽ പോയി പാർത്തു. അപ്പോൾ ഗെരാരിലെ രാജാവ് അബീമേലെക്ക് ആയിരുന്നു. അബ്രാഹാമിനെപ്പോലെ തന്നെ തന്റെ ഭാര്യയായ റിബെക്കയെ സഹോദരിയെന്നു യിസ്ഹാക്കും പറഞ്ഞു. യിസ്ഹാക്കിന്റെ പ്രസ്താവന വ്യാജമെന്നു അബീമേലെക്ക് മനസ്സിലാക്കി: (ഉല്പ, 26:8). ഇക്കാര്യം അബീമേലെക്ക് യിസ്ഹാക്കിനോടു ചോദിച്ചു കുറ്റപ്പെടുത്തി. തുടർന്ന് യിസ്ഹാക്കിനെയോ ഭാര്യയെയോ തൊടുന്നവൻ മരണശിക്ഷ അനുഭവിക്കുമെന്നു അബീമേലെക്ക് സകല ജനത്തോടും കല്പിച്ചു. യിസ്ഹാക്ക് മഹാധനികനായിത്തീർന്നു. അതിൽ ഫെലിസ്ത്യർക്കു അസൂയയുണ്ടായി. യിസ്ഹാക്കിന്റെ ബലത്തിൽ ഭയന്ന അബീമേലെക്ക് യിസ്ഹാക്കിനോടു അവിടം വിട്ടുപോകുവാൻ ആവശ്യപ്പെട്ടു. യിസഹാക്ക് ഗെരാർതാഴ്വരയിൽ ചെന്നു പാർത്തു. യിസ്ഹാക്കിന്റെ ഇടയന്മാർ കുഴിച്ച രണ്ടു കിണറിനുവേണ്ടി അബീമേലെക്കിന്റെ ഇടയന്മാർ ശണ്ഠയിട്ടു. അവിടെനിന്നും അകലെപ്പോയി യിസ്ഹാക്കിന്റെ ഇടയന്മാർ ഒരു കിണർ കുഴിച്ചു. അതിനെക്കുറിച്ചു ശണ്ഠയുണ്ടായില്ല. അതിനുശേഷം ബേർ-ശേബയിൽ വെച്ച് യിസ്ഹാക്കുമായി ഉടമ്പടി ചെയ്യുവാൻ അബീമേലെക്ക് വന്നു. അവർ ഉടമ്പടി ചെയ്യുകയും സമാധാനത്തോടെ പിരിഞ്ഞു പോകുകയും ചെയ്തു: (ഉല്പ, 26:26-31).
അബീമേലെക്ക്
(ഗിദെയോൻ്റെ പുത്രൻ)
ഗിദെയോനു ശെഖേമ്യ വെപ്പാട്ടിയിലുണ്ടായ പുത്രൻ: (ന്യായാ, 8:31; 9:1-57). പിതാവിന്റെ മരണശേഷം രാജാവാകുവാൻ ആഗ്രഹിച്ചു. അമ്മയുടെ കുടുംബത്തിലുള്ളവരുമായി ഗൂഢാലോചന ചെയ്ത് അബീമേലെക്ക് ശെഖേമിലെ സകല പൗരന്മാരെയും വശീകരിച്ചു. ശെഖേമ്യർ ബാൽബെരീത്തിന്റെ ക്ഷേത്രത്തിൽ നിന്നു 70 വെള്ളിക്കാശെടുത്ത് അവനു കൊടുത്തു. ഈ ദ്രവ്യംകൊണ്ട് തുമ്പു കെട്ടവരെയും നിസ്സാരന്മാരെയും അബീമേലെക്ക് കൂലിക്കുവാങ്ങി, അവരുടെ നായകനായി. അനന്തരം അപ്പന്റെ വീട്ടിൽ ചെന്ന് സഹോദരന്മാരായ എഴുപതുപേരെയും കൊന്നു. ഏറ്റവും ഇളയവനായ യോഥാം ഒളിച്ചുകളഞ്ഞു. ശെഖേമിലെ പൗരന്മാരും മില്ലോഗൃഹവും ഒരുമിച്ചുകൂടി ശെഖേമിലെ ജ്ഞാപകസ്തംഭത്തിന്നരികെയുള്ള കരുവേലകത്തിങ്കൽവച്ചു അബീമേലെക്കിനെ രാജാവാക്കി. ഇതറിഞ്ഞ യോഥാം ഗെരിസ്സീം മലമുകളിൽ ചെന്ന് ശെഖേം പൗരന്മാരോടു വൃക്ഷങ്ങൾ രാജാവിനെ തിരഞ്ഞെടുത്ത ഉപമ പറയുകയും അവരെ ശപിക്കുകയും ചെയ്തു: (ന്യായാ, 9:7-21). അബീമേലെക്ക് മൂന്നുവർഷം ഭരണം നടത്തി. തുടർന്നു വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. ശെഖേം പൗരന്മാർ അബീമേലെക്കിനു വിരോധമായി മലമുകളിൽ പതിയിരുപ്പുകാരെ ആക്കി. അവർ വഴിപോക്കരെ കവർച്ച ചെയ്തു. അവർക്കു നായകനായി ഏബെദിന്റെ മകനായ ഗാലിനെ ലഭിച്ചു. ഉത്സവം നടന്ന അവസരത്തിൽ ഗാലിന്റെ നേതൃത്വത്തിൽ അവർ അബീമേലെക്കിനെ ശപിച്ചു. ഗാൽ അബീമേലെക്കിനെ യുദ്ധത്തിനു വെല്ലുവിളിച്ചു. നഗരാധിപനായ സെബുൽ രഹസ്യമായി ദൂതന്മാരെ അയച്ച് അബീമേലെക്കിനെ കാര്യം അറിയിച്ചു. സെബൂലിന്റെ നിർദ്ദേശം അനുസരിച്ചു അബീമേലെക്കും പടജ്ജനവും രാത്രി പുറപ്പെട്ട് ശെഖേമിനരികെ പതിയിരുന്നു. ഗാൽ ശെഖേം പൗരന്മാരുമായി പുറപ്പെട്ട് അബീമേലെക്കിനോട് യുദ്ധം ചെയ്ത് ദയനീയമായി പരാജയപ്പെട്ടു . സെബുൽ ഗാലിനെയും സഹോദരന്മാരെയും ശെഖേമിൽനിന്നു നീക്കിക്കളഞ്ഞു. അബീമേലെക്കും സൈന്യവും ജനത്തെ സംഹരിക്കുകയും പട്ടണത്തെ ഇടിച്ചു ഉപ്പു വിതറുകയും ചെയ്തു. ശെഖേം പൗരന്മാർ പട്ടണത്തിന്റെ സ്ഥിതി മനസ്സിലാക്കി ഏൽ-ബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു ഒളിച്ചു. ഇതറിഞ്ഞ അബീമേലെക്കും സൈന്യവും സല്മോൻ മലയിൽ ചെന്നു മരക്കൊമ്പുകൾ വെട്ടി മണ്ഡപത്തിനു ചുറ്റും ഇട്ടു മണ്ഡപത്തിനു തീ കൊടുത്തു. പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം ആയിരം പേർ മരിച്ചു. അബീമേലെക്ക് തേബെസിലേക്കു ചെന്ന് പാളയമിറങ്ങി അതിനെ പിടിച്ചു. പട്ടണത്തിനകത്ത് ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു. പട്ടണവാസികൾ വാതിലടച്ചു ഗോപുരത്തിനു മുകളിൽ കയറി. തീ കൊടുത്ത് അതിനെ ചുടേണ്ടതിനു അബീമേലെക്ക് ഗോപുരവാതിലിനടുത്തു ചെന്നു. ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള അവന്റെ തലയിലിട്ടു; തലയോടു പൂർണ്ണമായി തകർത്തു. ഒരു സ്ത്രീ കൊന്നു എന്ന അപമാനം വരാതിരിക്കാൻ വേണ്ടി അവന്റെ അപേക്ഷയനുസരിച്ച് ബാല്യക്കാരൻ അബീമേലെക്കിനെ കുത്തിക്കൊന്നു. ഇങ്ങനെ യോഥാമിന്റെ ശാപം സാക്ഷാത്ക്കരിക്കപ്പെട്ടു: (ന്യായാ, 9:22-56).