അഗ്നിമേഘസ്തംഭം (pillar of cloud and fire)
ദൈവം യിസ്രായേൽ ജനത്തെ മരുഭൂമിയിലൂടെ നയിച്ചത് അഗ്നിമേഘസ്തംഭത്താലാണ്. ചെങ്കടലിന്നരികെയുള്ള മരുഭൂമിയിൽ കൂടി ദൈവം ജനത്തെ ചുറ്റിനടത്തി. (പുറ, 13:18). തുടർന്ന്, “അവർ പകലും രാവും യാത്രചെയ്വാൻ തക്കവണ്ണം അവർക്കു വഴികാണിക്കേണ്ടതിന്നു പകൽ മേഘസ്തംഭത്തിലും അവർക്കു വെളിച്ചം കൊടുക്കേണ്ടതിനു രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു. പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുമ്പിൽ നിന്നു മാറിയതുമില്ല.” (പുറ, 13:21,22). മരുഭൂമിയിലൂടെ പകലും രാത്രിയും ജനത്തിനു യാത്ര ചെയ്യുവാൻ വേണ്ടിയായിരുന്നു ഈ ദൈവിക കരുതൽ. അഗ്നിയുടെയും മേഘത്തിന്റെയും ഒരേ ഒരു സ്തംഭം (തൂൺ) മാത്രമേ ഉണ്ടായിരുന്നുള്ളു. (പുറ 14:24). രാത്രിയിൽ പ്രകാശിക്കുമ്പോൾ അതിനെ മേഘസ്തംഭമെന്നും (പുറ, 14:19), മേഘം എന്നും (സംഖ്യാ, 9:21) വിളിച്ചു. അതു അഗ്നിയാൽ ആവരണം ചെയ്യപ്പെട്ട മേഘം ആയിരുന്നു. പകൽ സൂര്യപ്രകാശത്തിൽ വെറും മേഘമായി കാണപ്പെട്ടു; എന്നാൽ രാത്രി അഗ്നിപ്രഭയായും. മിസ്രയീമ്യസൈന്യം യിസ്രായേല്യരുടെ അടുത്തുവന്നപ്പോൾ യിസ്രായേല്യരുടെ സൈന്യത്തിനു മുമ്പായി നടന്ന ദൈവദൂതൻ അവരുടെ പിന്നാലെ നടന്നു; ഒപ്പം മേഘസ്തംഭവും. രാത്രിയിൽ മിസ്രയീമ്യസൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മിൽ അടുക്കാതവണ്ണം മേഘസ്തംഭം അവരുടെ മദ്ധ്യേ വന്നു. മിസ്രയീമ്യർക്കു അതു മേഘവും അന്ധകാരവും ആയിരുന്നു. എന്നാൽ യിസ്രായേല്യർക്കു രാത്രിയെ പ്രകാശമാക്കികൊടുത്തു. സമാഗമനകൂടാരത്തിനകത്തു കടന്നു മോശെ ദൈവത്തോടു സംസാരിക്കുമ്പോൾ മേഘസ്തംഭം കൂടാരവാതിൽക്കൽ നിൽക്കും. (പുറ, 33:7-11). യഹോവ ന്യായവിധിക്കായി ഇറങ്ങിവന്നതും മേഘത്തിലാണ്. (സംഖ്യാ, 12:5; 14:13-35). മോശെയുടെ മരണകാലമടുത്തപ്പോൾ പിന്തുടർച്ചയ്ക്കായി യോശുവയ്ക്ക് കല്പന കൊടുക്കുവാൻ ദൈവം സമാഗമനകൂടാരത്തിൽ വച്ച് മോശെക്കും യോശുവയ്ക്കും മേഘസ്തംഭത്തിൽ പ്രത്യക്ഷനായി. (ആവ, 31:14-21). യഹോവ മേഘസ്തംഭത്തിൽനിന്നു ജനത്തോടു സംസാരിച്ചതായി സങ്കീർത്തനം 99:7-ൽ പ്രസ്താവിക്കുന്നു. മടങ്ങിവന്ന പ്രവാസികളുടെ സാന്നിദ്ധ്യത്തിൽ പ്രാർത്ഥിക്കുമ്പോൾ ദൈവം യിസ്രായേൽജനത്തെ മേഘസ്തംഭം കൊണ്ടും അഗ്നിസ്തംഭം കൊണ്ടും വഴിനടത്തിയ ചരിത്രം എസ്രാ അനുസ്മരിപ്പിച്ചു. (നെഹ, 9:12-19). പിതാക്കന്മാരെല്ലാവരും മേഘത്തിൻ കീഴിലായിരുവെന്നും മേഘത്തിൽ സ്നാനം ഏറ്റു മോശെയോടു ചേർന്നു എന്നും അപ്പൊസ്തലനായ പൗലൊസ് രേഖപ്പെടുത്തി. (1കൊരി, 10:1,2). പ്രകൃതിസഹജമായ ഒരു വിശദീകരണവും നല്കാൻ കഴിയാത്ത വിധമുള്ള ദൈവികപ്രത്യക്ഷത ആയിരുന്നു ഈ അഗ്നിമേഘസ്തംഭം.