ഹെർമ്മോൻ പർവ്വതം

ഹെർമ്മോൻ പർവ്വതം (Mountain of Hermon) 

പേരിനർത്ഥം – വിശുദ്ധപർവ്വതം

ആന്റിലെബാനോൻ പർവ്വതനിരയുടെ തെക്കെ അറ്റത്തുള്ള ഒരു കൊടുമുടി. ഫിനീഷ്യരും സീദോന്യരും ഹെർമ്മോനെ ‘സിര്യോൻ’ എന്നും അമോര്യർ ‘സെനീർ’ എന്നും വിളിച്ചുവന്നു. (ആവ, 3:8,9; 4:48). ഈ പർവ്വതത്തിന്റെ മറ്റൊരു പേരാണ് സീയോൻ (Sion) Zion അല്ല. (ആവ, 4:47,48). ഹെർമ്മോൻ പർവ്വതത്തിന്റെ ഒരു ഭാഗത്തെക്കുറിക്കുവാനും സെനീർ എന്ന പേര് ഉപയോഗിച്ചിരുന്നു. (1ദിന, 5:23). ബാലിന്റെ വിശുദ്ധഭൂമിയായിരുന്നു ഈ പർവ്വതം. ബാൽ-ഗാദ് (യോശു, 13:5) ബാൽ-ഹെർമ്മോൻ (ന്യായാ, 3:3; 1ദിന, 5:23) എന്നീ പേരുകൾ അതിനു തെളിവാണ്. സിറിയയുടെ തലസ്ഥാനമായ ദമസ്കോസിനു 48 കി. മീറ്റർ തെക്കുപടിഞ്ഞാറും, ഗലീലക്കടലിനു 64 കി.മീറ്റർ വടക്കുകിഴക്കുമായി സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും 2743 മീറ്റർ പൊക്കമുള്ള ഈ പർവ്വതം വടക്കുതെക്കായി 32 കി.മീറ്റർ ദുരം വ്യാപിച്ചു കിടക്കുന്നു. പർവ്വതം സദാ ഹിമാവൃതമാണ്. വേനൽകാലത്ത് മഞ്ഞുരുകി യോർദ്ദാൻ നദിയിൽ വെള്ളപ്പൊക്കമുണ്ടാകാറുണ്ട്. ഹെർമ്മോൻ പർവ്വതത്തിൽ നിന്നു വീഴുന്ന മഞ്ഞ് സീയോൻ പർവ്വതത്തിലെ വൃക്ഷങ്ങളിൽ തട്ടി തുള്ളികളായി വീഴുന്ന കാഴ്ച മനോഹരമാണ്. സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യ മഞ്ഞുപോലെയും (സങ്കീ, 133:3) എന്ന വർണ്ണനയുടെ സാരസ്യം ഇതാണ്. താബോരിനോടൊപ്പം ഹെർമ്മോനും യഹോവയുടെ നാമത്തിൽ ആനന്ദിക്കുന്നതായി സങ്കീർത്തിനക്കാരൻ (89:12) പാടുന്നു. യേശുവിന്റെ രൂപാന്തരത്തിന്റെ രംഗവും ഹെർമ്മോൻ പ്രദേശമാണെന്നു കരുതപ്പെടുന്നു. വാഗ്ദത്തനാടിന്റെ വടക്കെ അതിരായി ഹെർമാൻ മാറി. (യോശു, 12:1; 13:2, 5, 8, 11). താഴ്വരയിൽ പാർത്തിരുന്ന ഹിവ്യരെ യോശുവ പരാജയപ്പെടുത്തി. (യോശു, 11:1-3, 8, 16, 17). ഹെർമ്മോൻ പർവ്വതത്തിന്റെ ഉപരിതലത്തിൽ ചിലയിനം കുറ്റിച്ചെടികൾ മാത്രമേ വളരുന്നുള്ളൂ. അല്പം താഴെയായി ചരിവുകളിൽ അത്തിയും ഫലവൃക്ഷങ്ങളും കുറ്റിച്ചെടികളും കാണാം. പടിഞ്ഞാറും തെക്കും ചരിവുകളിൽ താഴെയായി മുന്തിരിത്തോട്ടങ്ങൾ ഉണ്ട്. പുരാതന കാലത്തു് സിംഹം, പുള്ളിപ്പുലി തുടങ്ങിയ കാട്ടുമൃഗങ്ങൾ ഇവിടെ ഉണ്ടായിരുന്നു. (ഉത്ത, 4:8). ഇപ്പോഴാകട്ടെ ചെന്നായ്, കുറുക്കൻ, പുള്ളിപ്പുലി തുടങ്ങിയ മൃഗങ്ങളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *