സ്വദേശം വിട്ടുപോകണ്ടി വന്നവൻ

സ്വദേശം വിട്ടുപോകണ്ടി വന്നവൻ

യിസായേൽമക്കളെ 430 വർഷത്തെ മിസ്രയീമ്യ അടിമത്തത്തിൽനിന്ന് അത്യത്ഭുതകരമായി വിമോചിപ്പിച്ച സർവ്വശക്തനായ ദൈവം, അവർ അനുസരിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ കല്പനകൾ വായ്മൊഴിയായും വരമൊഴിയായും നൽകിയതിനുശേഷമായിരുന്നു അവരെ കനാനിലേക്കു നയിച്ചത്. ശിക്ഷകളും ശിക്ഷണങ്ങളും നിറഞ്ഞ നാലു പതിറ്റാണ്ടു കാലത്തെ മരുഭൂപ്രയാണത്തിലൂടെ കനാൻദേശത്തെത്തിയ യിസ്രായേൽമക്കൾക്ക് അത് അവകാശമായി കൊടുക്കുമ്പോഴും, അവർ തന്നെ മറന്ന് അന്യദേവന്മാരെയും മറ്റു മിഥ്യാമൂർത്തികളെയും ആരാധിച്ചാൽ താൻ അവർക്കു നൽകിയ അനുഗ്രഹങ്ങൾ തകർത്തുകളയുമെന്ന് ദൈവം മുന്നറിയിപ്പു നൽകിയിരുന്നു. അവർ തന്നെ മറന്ന് അന്യദൈവങ്ങളെ ആരാധിച്ചപ്പോഴൊക്കെയും അവരെ അടിമത്തത്തിലേക്ക് അയച്ച ദൈവം, അവരുടെ നിലവിളിക്കു മുമ്പിൽ മനസ്സലിഞ്ഞ് അവരെ വീണ്ടെടുക്കുവാൻ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർക്ക് രാജാക്കന്മാരെയും പ്രവാചകന്മാരെയും നൽകി. അവർക്ക് ആരാധിക്കുവാനായി, ദൈവം സ്വന്തം കൈകൊണ്ട് അതിശ്രഷ്ഠമായ ദൈവാലയത്തിന്റെ മാതൃക വരച്ച്, അതു പണിയുവാൻ അവർക്ക് അവസരം നൽകി. അങ്ങനെ ഭൂമുഖത്തെ ഏറ്റവും മനോഹരവും അമൂല്യവുമായ ദൈവാലയം യെരൂശലേമിൽ അവർ പടുത്തുയർത്തി. അവരുടെ സുരക്ഷിതത്വത്തിനായി യെരൂശലേമിനു ചുറ്റും മതിൽ കെട്ടി ഉയർത്തി. പക്ഷേ, മറ്റു ജനതകൾക്ക് മാത്യകാമുദ്രയാകുവാൻ താൻ തിരഞ്ഞെടുത്ത തന്റെ ജനം തന്റെ ദൂതന്മാരുടെയും പ്രവാചകന്മാരുടെയും മുന്നറിയിപ്പുകൾ വകവയ്ക്കാതെ, അവരെ ധിക്കരിക്കുകയും നിന്ദിക്കുകയും ചെയ്ത്, അന്യദൈവങ്ങളെ ആരാധിക്കുകയും മേച്ഛമായ ജീവിതം നയിക്കുകയും ചെയ്തു. അപ്പോൾ സർവ്വശക്തനായ ദൈവം ബാബിലോൺ രാജാവിനെ അവർക്കെതിരെ അയച്ച് തന്റെ പ്രമോദമായിരുന്ന യെരൂശലേമിനെ നശിപ്പിക്കുവാൻ അനുവദിച്ചു. ദൈവാലയത്തെ മാത്രമല്ല, രാജകൊട്ടാരത്തെയും പ്രധാന ഭവനങ്ങളെയും അവൻ ചുട്ടുകളഞ്ഞു. വൃദ്ധന്മാരെയും കന്യകമാരെയും യൗവനക്കാരെയും അവൻ വാളിനിരയാക്കി. അവശേഷിച്ചവരെ അടിമകളായി ബാബിലോണിലേക്കു കൊണ്ടുപോയി. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടുപോകേണ്ടിവന്നു. (2രാജാ, 25:21; 2ദിന, 36’20; യിരെ, 52:27). സ്നേഹവാനായ ദൈവം നൽകുന്ന അനുഗ്രഹങ്ങളുടെ മട്ടുപ്പാവിലിരുന്ന് അവ അനുഭവിക്കുമ്പോൾത്തന്നെ ദൈവത്തെ മറക്കുകയും അന്യദൈവങ്ങളെ ആരാധിക്കുകയും ചെയ്യുന്നവരുടെ മേൽ ദൈവം നടത്തുന്ന ന്യായവിധിയുടെ, ഉത്തമദൃഷ്ടാന്തമാണ് സ്വദേശം വിട്ടു പോകേണ്ടിവന്ന യെഹൂദന്മാർ.

Leave a Reply

Your email address will not be published. Required fields are marked *