സ്നേഹം

സ്നേഹം (love)

സ്നേഹം എന്ന സാമാന്യാർത്ഥത്തിൽ എബ്രായ പഴയനിയമത്തിൽ പ്രയോഗിച്ചിട്ടുള്ള പദം ‘അഹവാഹ്’ ആണ്. മിക്കവാറും എല്ലാ വിധത്തിലുള്ള സ്നേഹത്തെയും കുറിക്കുന്ന ഈ പദം പഴയനിയമത്തിൽ 55 പ്രാവശ്യം കാണപ്പെടുന്നു. ആദ്യ പ്രയോഗം ഉല്പത്തി 29:20-ലാണ്. സ്ത്രീപുരുഷന്മാർക്കു തമ്മിലുള്ള സ്നേഹം (ഉല്പ, 29:20), ലൈംഗിക ബന്ധം (ഹോശേ, 3:1) സുഹൃത്തുക്കൾ തമ്മിലുള്ള സ്നേഹം (1ശമു, 18:3), ദൈവത്തിന്റെ സ്നേഹം (ആവ, 7:8) എന്നിവയെ കുറിക്കുവാൻ ‘അഹവാഹ്’ പ്രയോഗിച്ചിട്ടുണ്ട്. ക്രിയാധാതുവായ ‘ആഹേവ്’ അഥവാ ‘ആഹവ്’ 250 തവണ പഴയനിയമത്തിലുണ്ട്. സ്നേഹം എന്ന അർത്ഥത്തിൽ വിരളമായി പ്രയോഗിച്ചിട്ടുള്ള പദങ്ങളാണ് ദോദ്, റേയാ, യെദീദ് (സങ്കീ, 127:2-പ്രിയൻ), ഹാഷക് (സങ്കീ, 91:14) ഹാവവ് (ആവ, 33:3), റാഹം (സങ്കീ, 18:1) എന്നിവ. സ്നേഹം എന്ന ആശയത്തെ ദ്യോതിപ്പിക്കുന്ന നാലു പദങ്ങൾ ഗ്രീക്കിലുണ്ട്. 1. സ്റ്റൊർഗീ: കുടുംബബന്ധത്തിൽ പ്രത്യക്ഷമാവുന്ന സ്നേഹവാത്സല്യാദികളെ വിവക്ഷിക്കുന്നു. പുതിയനിയമത്തിൽ ഈ പദം പ്രയോഗിച്ചുകാണുന്നില്ല. റോമർ 12:10-ൽ ഫിലൊസ്റ്റൊർഗൊയ് (സ്ഥായിപൂണ്ടു) എന്ന സമസ്തപദം ഉണ്ട്. 2. എറൊസ്: കാലികമായ ആഹ്ലാദം പ്രദാനം ചെയ്യുന്ന ലൈംഗിക സ്നേഹമാണിത്. പക്വത എത്തിയിട്ടില്ലാത്ത സ്നേഹം അഥവാ കാമം ആണ് എറൊസ്. പുതിയനിയമത്തിൽ ഈ പദം ഒരിടത്തും പ്രയോഗിച്ചു കാണുന്നില്ല. 3. ഫിലിയ = പിയം: ഫിലെയോ എന്ന ധാതുവിനു ചുബിക്കുക എന്നർത്ഥം. പുതിയനിയമത്തിൽ 25 പ്രാവശ്യം ഉണ്ട്. ലാളനം, ചുംബനം എന്നീ അർത്ഥങ്ങളിലാണു ഫിലിയ ഏറിയകൂറും പ്രയോഗിക്കപ്പെടുന്നത്. വിവാഹത്തിലും സൗഹൃദത്തിലും പ്രത്യക്ഷപ്പെടുന്ന സ്നേഹമാണത്. 4. അഗപേ: കുലീനവും ദൈവികവും ആയ സ്നേഹം. ദൈവത്തോടോ ക്രിസ്തുവിനോടോ ഉള്ള സ്നേഹം, ദൈവത്തിന്റെയും ക്രിസ്തുവിന്റെയും സ്നേഹം, സ്നേഹവിരുന്നു എന്നിവയാണു പ്രസിദ്ധാർത്ഥങ്ങൾ. ദൈവം മനുഷ്യനെ നേഹിക്കുന്നതു വ്യക്തമാക്കാൻ അഗാപാലാ, ഫിലെയോ എന്നീ രണ്ടു ക്രിയകളും പ്രയോഗിച്ചിട്ടുണ്ട്. സെപ്റ്റ്വജിന്റിൽ 14 തവണ അഗപേ പ്രയോഗിച്ചിട്ടുണ്ട്. പുതിയനിയമത്തിൽ അഗപേ 116 പ്രാവശ്യവും ക്രിയാരൂപം 142 പ്രാവശ്യവും ഉണ്ട്.

ദൈവത്തിന്റെ ലക്ഷണവും (1യോഹ, 4:8,16) പുത്രനായ ക്രിസ്തുവിന്റെ സ്വരൂപവും (കൊലൊ, 1:13) സ്നേഹമാണ്. പൗരുഷേയവും വൈകാരികവും ആയ ഭാവം ദൈവ സ്നേഹത്തിനുണ്ട്. വിശുദ്ധിയിലും സത്യത്തിലും അധിഷ്ഠിതവും ബുദ്ധിപരവും സ്വമേധാ ഉള്ളതും ആണത്. സാക്ഷാൽ സ്നേഹം സംവേദനം ഉൾക്കൊളളുന്നു. ദൈവം തന്റെ ജനത്തിന്റെ പാപത്തിൽ ദു:ഖിക്കുന്നതു താൻ അവരെ സ്നേഹിക്കുന്നു എന്നതിന്റെ സൂചനയാണ്. (യെശ, 63:9; എഫെ, 4:30). വീണ്ടെടുപ്പിനോടുള്ള ബന്ധത്തിൽ ദൈവത്തിന്റെ സ്നേഹം പഴയനിയമത്തിൽ പ്രകടമാണ്. “അവൻ നിന്നെ സ്നേഹിച്ചു അനുഗ്രഹിച്ചു വർദ്ധിപ്പിക്കും.” (ആവ, 7:13). ശലോമോന്റെ ജ്ഞാനം കേട്ടു അത്ഭുതപ്പെട്ട ശേബാരാജ്ഞി ശലോമോനെ യിസ്രായേലിനു രാജാവാക്കാൻ പ്രസാദിച്ച് യഹോവയുടെ സ്നേഹത്തെ വാഴ്ത്തി. (1രാജാ, 10:9; 2ദിന, 2:11; 9;8). നീതിമാനായ ദൈവത്തിന്റെ കൃപാപൂർണ്ണമായ സ്നേഹത്തെക്കുറിച്ചു പ്രവാചകന്മാർ എടുത്തു പറഞ്ഞിട്ടുണ്ട്. “ഞാൻ നിന്നെ നിത്യസ്നേഹം കൊണ്ടു സ്നേഹിച്ചിരിക്കുന്നു. അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.” (യിരെ, 31:13). ‘തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു.’ യെശ, 63:9). “ക്രിസ്തുവോ, നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.” (റോമ, 5:8). ദൈവസ്നേഹത്തിന്റെ ശക്തിയും ഉൺമയും നമുക്കു വെളിപ്പെടുത്തിത്തരുന്നതു പരിശുദ്ധാത്മാവാണ്. (റോമ, 5:5). പരിജ്ഞാനത്തെ കവിയുന്നതാണു ക്രിസ്തുവിന്റെ സ്നേഹം. (എഫെ, 3:17-19). സ്നേഹസ്വരൂപൻ എന്നാണ് പൌലൊസ് അപ്പൊസ്തലൻ ക്രിസ്തുവിനെ വിളിക്കുന്നത്. (കൊലൊ, 1:13). പിതാവായ ദൈവത്തെയും മനുഷ്യരെയും ക്രിസ്തു സ്നേഹിച്ചു. (യോഹ, 15:10). സ്വന്തജീവൻ മറുവിലയായി നൽകി ക്രിസ്തു പാപികളെ സ്നേഹിച്ചു. (മത്താ, 20:28; റോമ, 6:5-8).

ക്രൈസ്തവ ധർമ്മശാസ്ത്രത്തിലെ അടിസ്ഥാന സുകൃതങ്ങൾ മൂന്നാണ്. ‘വിശ്വാസം, പ്രത്യാശ, സ്നേഹം’ ഇവയിൽ വലുതു് സ്നേഹമത്രേ. (1കൊരി, 13:13). ദൈവം ലോകത്തെ സ്നേഹിച്ചു; ആ സ്നേഹം ലോകത്തിലേക്കു പകർന്നതു തന്റെ ഏകജാതനായ പുത്രനിലൂടെയാണ്. പ്രസ്തുത സ്നേഹം വിശ്വാസികളിലേക്കു ഒഴുക്കിയതു പരിശുദ്ധാത്മാവ് ആണ്. പാപികളിലേക്കു ആ സ്നേഹം പകരുന്നതു വിശ്വാസികളിലൂടെയാണ്. മാനുഷികവും ദൈവികവുമായ ഉത്തമ ബന്ധങ്ങളുടെ എല്ലാം അടിസ്ഥാനം സ്നേഹമാണ്. മനുഷ്യൻ ദൈവത്തെയും മറ്റു മനുഷ്യരെയും സ്നേഹിക്കുന്നു. ഇവയിൽ ഒന്നിന്റെ അഭാവത്തിൽ മറ്റേതില്ല. “ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കൽ നിന്നു ലഭിച്ചിരിക്കുന്നു.” (1യോഹ, 4:20). ന്യായപ്രമാണത്തിലെ മുഖ്യകല്പന ദൈവത്തെ സ്നേഹിക്കേണം എന്നതാണ്; “നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” (ആവ, 6:5) ഈ കല്പന വലിയതും ഒന്നാമത്തേതും ആണെന്നു ക്രിസ്തു വൈദികനോടു പറഞ്ഞു. (മത്താ, 22:37,38). ‘കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം’ എന്നതാണു അടുത്തകല്പന. ഈ രണ്ടു കല്പപനകളിൽ ന്യായപ്രമാണം മുഴുവനും ഉൾക്കൊള്ളുന്നു. സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തിയാണ്. (റോമ, 13:10). സ്നേഹം നിർവ്യാജമായിരിക്കണം. (റോമ, 12:9; 2കൊരി, 6:6). ഹൃദയപൂർവ്വം അന്യോന്യം ഉറ്റുനേഹിക്കേണ്ടതാണ്. (1പത്രൊ, 1:22). സമ്പൂർണ്ണതയുടെ ബന്ധമാണു സ്നേഹം. (കൊലൊ, 3:14). ‘അന്യോന്യം സ്നേഹിക്കുന്നതല്ലാതെ ആരോടും ഒന്നും കടമ്പട്ടിരിക്കരുതു’ (റോമ 13:8) എന്നതാണ് ക്രൈസ്തവ ധർമ്മശാസ്ത്രത്തിന്റെ സാരം.

Leave a Reply

Your email address will not be published. Required fields are marked *