സാത്താൻ

സാത്താൻ (Satan) 

ബൈബിളിൽ 53 പ്രാവശ്യം സാത്താൻ പ്രയോഗിച്ചിട്ടുണ്ട്. സാത്താൻ (Satan) എന്ന എബ്രായ പദത്തിനു പ്രതിയോഗി അഥവാ എതിരാളി എന്നർത്ഥം. പഴയനിയമത്തിലെ എട്ടു പുസ്തകങ്ങളിൽ 27 പ്രാവശ്യം പ്രതിയോഗി, ദ്രോഹി, എതിരാളി, സാത്താൻ എന്നിങ്ങനെ വിവിധനാമങ്ങളിൽ ആൾ പരാമൃഷ്ടനാണ്. പുതിയനിയമത്തിൽ സാറ്റനൊസ് (Satanas) എന്ന ഗ്രീക്കുപദം 36 പ്രാവശ്യവും, ഡയബൊലൊസ് (diabolos) 38 പ്രാവശ്യവുമുണ്ട്. പുതിയനിയമ എഴുത്തുകാർ എല്ലാരുംതന്നെ സാത്താനെക്കുറിച്ചു പ്രത്യക്ഷമായോ പരോക്ഷമായോ പ്രസ്താവിച്ചിട്ടുണ്ട്. പുതിയനിയമത്തിലെ 20 പുസ്തകങ്ങളിൽ സാത്താൻ പ്രസ്തുതനാണ്. പ്രതിയോഗി എന്ന സാമാന്യാർത്ഥത്തിൽ സാത്താൻ എന്ന പദം പ്രയോഗിച്ചിട്ടുള്ളതിന് ഉദാഹരണമാണ് ‘യഹോവ ഏദോമ്യനായ ഹദദ് എന്ന ഒരു പ്രതിയോഗിയെ (സാത്താനെ) ശലോമോന്റെ നേരെ എഴുന്നേല്പിച്ചു.’ (1രാജാ, 11:14). ‘എതിരാളി അവന്റെ വലത്തു ഭാഗത്തു നില്ക്കട്ടെ’ (സങ്കീ, 109:6) എന്ന ഭാഗത്ത് ‘എതിരാളി’ക്ക് എബ്രായയിൽ സാത്താൻ ആണ്. സാത്താൻ വലത്തുഭാഗത്തു നില്ക്കുന്നതു അനർത്ഥം തന്നെയാണ്. മഹാപുരോഹിതനായ യോശുവയെ എതിർക്കാൻ സാത്താൻ വലത്തുവശത്താണ് നിന്നത്. (സെഖ, 3:1). ദൈവപുത്രന്മാരോടൊപ്പം സാത്താൻ ദൈവമുമ്പാകെ നിൽക്കുന്നതായി ഇയ്യോബിന്റെ ആദ്യത്തെ രണ്ടദ്ധ്യായങ്ങളിൽ കാണാം. ഇയ്യോബിന്റെ നേർക്ക് സാത്താൻ ശത്രുതയോടെ പെരുമാറി. യിസ്രായേൽ ജനത്തെ എണ്ണുവാൻ സാത്താൻ ദാവീദിനെ പ്രേരിപ്പിച്ചു. (1ദിന, 21:1).

സാത്താൻ വിവിധ പേരുകൾ: 

1. അഗാധദൂതൻ (വെളി, 9:11)

2. അപവാദി (വെളി, 12:10) 

3. അബദ്ദോൻ (വെളി, 9:11) 

4. അരുണോദയപുത്രനായ ശുക്രൻ (യെശ, 14:12)

5. ആകാശത്തിലെ അധികാരത്തിനു അധിപതി. (എഫെ, 2:2) 

6. ഈ ലോകത്തിന്റെ ദൈവം (2കൊരി, 4:4)

7. ഈ ലോകത്തിന്റെ പ്രഭു (യോഹ, 12:31) 

8. ദുഷ്ടൻ (യോഹ, 17:15)  

9. പരീക്ഷകൻ (മത്താ, 4:3). 

10. പഴയപാമ്പ് (വെളി, 12:9)

11. പിശാച് (ലൂക്കൊ, 4:3)

12. ബെയെത്സബൂൽ (മത്താ, 12:24) 

13. ഭോഷ്കിന്റെ അപ്പൻ (യോഹ, 8:44) 

14. ഭൂതങ്ങളുടെ തലവൻ (മത്താ, 12:24) 

15. മഹാസർപ്പം (വെളി, 12:3) 

16. സർപ്പം (2കൊരി, 11:3) 

സാത്താനെക്കുറിച്ചുള്ള വ്യക്തമായ വിവരണം നമുക്കു ലഭിക്കുന്നത് പുതിയനിയമത്തിൽ നിന്നാണ്. യേശുവിന്റെ ശുശ്രൂഷയുടെ തുടക്കത്തിൽ സാത്താൻ യേശുവിനെ പരീക്ഷിച്ചു. (മത്താ, 4:1-11;ലൂക്കൊ, 4:1:13; മർക്കൊ, 1:13). അതിനു ശേഷം ഒരു കാലത്തേക്കു പിശാച് യേശുവിനെ വിട്ടുപോയി. പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കാനാണ് യേശു ലോകത്തിൽ വന്നത്. (1യോഹ . 3:8; എബ്രാ, 2:14). പാപം ഒഴികെ സർവ്വത്തിലും യേശു നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടു. (എബ്രാ, 4:15). ദൈവത്തോടും ദൈവജനത്തോടും നിരന്തരം സംഘട്ടനത്തിലാണ് സാത്താനും അവനോടൊപ്പമുള്ള ദുഷ്ടാത്മശക്തികളും. അവനു അധികാരം ലഭിച്ചതാണ്. (ലൂക്കൊ, 4:6). ദൈവം വച്ചിട്ടുള്ള പരിധിയിൽനിന്നു മാത്രമേ അവനു പ്രവർത്തിക്കുവാൻ കഴിയുകയുള്ളൂ. (ഇയ്യോ, 1:12; 2:6; 1കൊരി, 10:13; വെളി, 20:2, 7). സാത്താനും അവന്റെ ദൂതന്മാർക്കും വേണ്ടി ഒരുക്കിയിട്ടുള്ളതാണ് നിത്യാഗ്നി അഥവാ അഗ്നിനരകം. (മത്താ, 25:41). പിശാചിനെ ഗന്ധകത്തീപ്പൊയ്കയിൽ തള്ളിയിടും. (വെളി, 20:10). ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്ത് തള്ളിക്കളയുമെന്നും (യോഹ, 12:31) ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടു എന്നും (യോഹ, 16:11) യേശു പ്രസ്താവിച്ചു. 

ആരെയാണ് വിഴുങ്ങേണ്ടത് എന്നന്വേഷിച്ചുകൊണ്ട് അലറുന്ന സിംഹം പോലെ പിശാച് ചുറ്റിത്തിരിയുന്നു. (1പത്രൊ, 5:8). സാത്താൻ വെളിച്ചദൂതന്റെ വേഷം ധരിക്കുന്നു. (2കൊരി, 11:14). പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തു നിൽക്കേണ്ടതിനു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിക്കുവാൻ പൗലൊസ് എഫെസ്യരെ ഉപദേശിച്ചു. (6:11). പിശാചിനോടു എതിർത്തുനില്പിൻ എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും എന്നു യാക്കോബ് വ്യക്തമാക്കി. (4:7). “ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിക്കാൻ കഴിയേണ്ടതിന്നു പരീക്ഷയോടു കൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും” എന്നു പൗലൊസ് അപ്പൊസ്തലൻ ഉറപ്പു നല്കുന്നു. (1കൊരി, 10:13). 

സാത്താൻ സുവിശേഷത്തെ നിരന്തരം എതിർക്കുന്നു. അവൻ പത്രൊസിൽ കടന്ന് ക്രിസ്തുവിന്റെ ക്രൂശീകരണത്തെ പരാജയപ്പെടുത്തുവാൻ ശ്രമിച്ചു. (മത്താ, 16:23). സാത്താൻ പാറ്റികളയാതിരിക്കേണ്ടതിനു പത്രൊസിനു വേണ്ടി യേശു അപേക്ഷിച്ചു . സാത്താൻ യൂദയിൽ പ്രവേശിച്ചു യേശുവിനെ കാണിച്ചുകൊടുക്കാൻ പ്രേരിപ്പിച്ചു. (ലൂക്കൊ, 22:3; യോഹ, 13:2,27). നാമമാത്രവിശ്വാസികളിൽ സാത്താൻ ശക്തിയായി പ്രവർത്തിക്കുന്നുണ്ട്. ‘സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു’ എന്നാണ് അനന്യാസിനോടു പതൊസ് ചോദിച്ചത്. (പ്രവൃ, 5:3). എലീമാസിനെ പൗലൊസ് വിളിച്ചത് ‘പിശാചിന്റെ മകനേ’ എന്നാണ്. (പ്രവൃ, 13:10). നീതി പ്രവർത്തിക്കാത്തവനും സഹോദരനെ സ്നേഹിക്കാത്തവനും പിശാചിന്റെ മകനാണ്. (1യോഹ, 3:10; യോഹ, 8:44). മനുഷ്യഹൃദയത്തിൽ വിതയ്ക്കപ്പെട്ട വചനം അവൻ എടുത്തു കളയുന്നു. (മർക്കൊ, 4:15). സാത്താന്റെ പ്രവർത്തനം മൂലം ശാരീരികമായ രോഗങ്ങളും മറ്റും ഉണ്ടാകുന്നു. (ലൂക്കൊ, 13:16). 

സാത്താന്നു ഏല്പിക്കുക: ‘ദുഷ്ടപ്രവൃത്തി ചെയ്തവനെ ജഡസംഹാരത്തിനായി സാത്താനെ ഏല്പിക്കുവാൻ’ (1കൊരി, 5:5) അപ്പൊസ്തലൻ ആവശ്യപ്പെടുന്നു സഭയിൽ നിന്നും മുടക്കുകയാണ് സാത്താനെ ഏല്പിക്കുക. (1തിമൊ, 1:20). സഭയിൽ നിന്നു പുറത്താക്കപ്പെട്ട വ്യക്തി ലോകത്തിൻ്റെ ദൈവവും അധിപതിയുമായവൻ്റെ കയ്യിൽ ചെന്നുപെടുന്നു. ലോകത്തിന്റെ അധിപതി സാത്താനാണ്. (2കൊരി, 4:4). സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു. (1യോഹ, 5:19).

Leave a Reply

Your email address will not be published. Required fields are marked *