സങ്കീർത്തനങ്ങൾ

സങ്കീർത്തനങ്ങൾ

ദൈവമായ യഹോവയ്ക്കുള്ള ഗീതങ്ങളാണ് സങ്കീർത്തനങ്ങൾ. ദൈവാലയത്തിലെയും സിനഗോഗുകളിലയും ആരാധനയ്ക്കു യെഹൂദന്മാർ വ്യാപകമായി ഉപയോഗിച്ചുവന്ന പ്രാചീന കീർത്തനങ്ങളുടെ സമാഹാരമാണിത്. യഹോവയും യിസ്രായേലുമാണ് സങ്കീർത്തനങ്ങളിലെ മുഖ്യകഥാപാത്രങ്ങൾ. ചില വ്യക്തിഗത സങ്കീർത്തനങ്ങൾ ഒഴിച്ചുനിർത്തിയാൽ, സങ്കീർത്തനങ്ങൾ മുഴുവൻ നിറഞ്ഞുനില്ക്കുന്നത് ദൈവവും സ്വന്തജനമായ യിസ്രായേലുമാണ്. സങ്കീർത്തകർ ഉത്തമപുരുഷനിലോ മദ്ധ്യമപുരുഷനിലോ പ്രഥമപുരുഷനിലോ പരാമർശിക്കുന്നത് യിസ്രായേലിനെയാണ്. കർത്താവും (2:4) ദൈവവും (3:4) രക്ഷകനും (18:2) വീണ്ടെടുപ്പുകാരനും (19:4) പിതാവും (68:5) പരിപാലകനും (121:4) കൊമ്പും (18:2) കോട്ടയും (31:2) ഗോപുരവും (18:2) പരിചയും (18:2) പാറയും (18:2) ശൈലവും (18:2) ശരണവും (43:2) ആയി യഹോവ സങ്കീർത്തനങ്ങളിൽ നിറഞ്ഞുനില്ക്കുന്നു. ദൈവം ജനിപ്പിച്ച പുത്രനും (2:7) ജാതികളെ ഇരുമ്പുകോൽകൊണ്ട് തകർക്കുന്നവനും (2:9) ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പടുന്ന പുത്രനും (2:12) ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കി, സകലത്തെയും കാൽകീഴെയാക്കിയിരിക്കുന്ന മർത്യനും മനുഷ്യപുത്രനും (8:4-6) ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധനും (16:10) മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (45:2) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയത രാജാവും (45:6) ദൈവത്തിൻ്റെ ഭൗമിക രാജാവും നിത്യരാജാവായ യഹോവയുടെ പുത്രനായ രാജകുമാരനും (72:1) ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു ജാതികളെ നീക്കിക്കളഞ്ഞു നട്ട മുന്തിരിവള്ളിയും (80:8) ദൈവത്തിൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ പുരുഷനും മനുഷ്യപുത്രനും (80:17) സൂര്യചന്ദ്രന്മാരുള്ളിടത്തോളം ശാശ്വത സിംഹാസനമുള്ളവനും (സങ്കീ, 89:36,37), ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന കർത്താവും (സങ്കീ, 110:1) മൽക്കീസേദെക്കിൻ്റെ ക്രമത്തിൽ എന്നേക്കും പുരോഹിതനും (110:4) ആയി ദൈവത്തൻ്റെ സ്വന്തജനമായ യിസ്രായേലിനെയും കാണാം. സങ്കീർത്തനം ശ്രദ്ധയോടെ പഠിക്കുന്ന ഏതൊരാൾക്കും യിസ്രായേലിൻ്റെയും യേശുക്രിസ്തുവിൻ്റെയും അനുഭവങ്ങൾ വളരെ സാമ്യമുള്ളതായി തോന്നും. അതിൻ്റെ കാരണം: വാഗ്ദത്തം പ്രാപിച്ച മശീഹ യിസ്രായേലാണ്; എന്നാൽ യിസ്രായേലിന്റെ വാഗ്ദത്തങ്ങളെല്ലാം നിവൃത്തിച്ചത് അവൻ്റെ ദൈവമായ യഹോവയിലൂടെയാണ്. അഥവാ യഹോവയുടെ പ്രത്യക്ഷതയായ യേശുവെന്ന മശീഹയിലൂടെയാണ്. (1തിമൊ, 3:14-16). അതിനാലാണ്, യിസ്രായേലിൻ്റെ എല്ലാ പദവികളും യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നത്. ഇരുവരും; കഷ്ടതയും, ദുഃഖവും, പീഢകളും, വെറുപ്പും, തിരസ്കരണവും, ആനന്ദവും, ഉയർച്ചയും, മഹത്വവും അനുഭവിച്ചതായും കാണാം. എന്തെന്നാൽ, ജഡത്താലുള്ള ബലഹീനത നിമിത്തം സ്വന്തവാഗ്ദത്തങ്ങൾ സാക്ഷാത്കരിക്കാനോ, ന്യായപ്രമാണത്താൽ രക്ഷപ്രാപിക്കാനോ കഴിയാതിരുന്ന തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിച്ച് അവരുടെ വാഗ്ദത്തങ്ങൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവരുടെ ദൈവം അവരുടെ പദവികളുമായി മനുഷ്യനായി വന്നത്. (മത്താ, 1:21; റോമ, 8:3. ഒ.നോ: ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15; 1പത്രൊ, 1:20; 1യോഹ, 5:20). അതിനാൽ, അവർ അനുഭവിച്ച കഷ്ടങ്ങളെക്കാൾ അധികം അവരുടെ രക്ഷകൻ അവർക്കുവേണ്ടിയും ലോകം മുഴുവനുവേണ്ടിയും അനുഭവിച്ചു. 

യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ, ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കുമെന്നും അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നും പറഞ്ഞിരിക്കയാൽ (ലൂക്കൊ, 1:33,34) യേശുക്രിസ്തു ഭൂമിയിൽ രാജാവായി ഭരിക്കുമെന്നാണ് മിക്ക ക്രൈസ്തവരും കരുതുന്നത്. താൻ ഈ ഭൂമിയിലെ രാജാവല്ലെന്ന് പീലാത്തൊസിൻ്റെ മുമ്പിൽവെച്ച് യേശുക്രിസ്തു അസന്ദിഗ്ധമായി പറഞ്ഞു: “എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36,37). രണ്ടുകാര്യങ്ങൾ യേശു ഇവിടെ സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്: ഒന്ന്; എൻ്റെ രാജ്യം ഭൂമിയിലല്ല. രണ്ട്; ഞാൻ രാജാവുതന്നേ. തൻ്റെ രാജ്യം ഐഹികമല്ലെന്ന് താൻ ആവർത്തിച്ചു പറഞ്ഞശേഷമാണ് ‘ഞാൻ രാജാവുതന്നേ’ എന്ന് പറയുന്നത്. തൻ്റെ രാജ്യം ഭൂമിയിലല്ല; അപ്പോൾത്തന്നെ രാജാവും ആണെങ്കിൽ താൻ സ്വർഗ്ഗത്തിലെ നിത്യരാജാവാണെന്ന് വ്യക്തമാണല്ലോ. സത്യദൈവവും ശാശ്വതരാജാവുമായ യഹോവയാണ് സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന് യേശുവെന്ന നാമത്തിൽ മനുഷ്യനായി ജനിച്ചത്. (യിരെ, 10:10; മത്താ, 1:21). ഒന്നുകൂടി വ്യക്തമാക്കിയാൽ; ജഡത്താലുള്ള ബലഹീനത (പാപം) നിമിത്തം ദൈവപുത്രനും വാഗ്ദത്തരാജാവുമായ യിസ്രായേലിന് അവൻ്റെ പദവികളൊന്നും സാക്ഷാത്കരിക്കാൻ കഴിയാഞ്ഞതിനാൽ അവൻ്റെ ദൈവമായ യഹോവ അവൻ്റെ എല്ലാ പദവികളുമായി യേശുവെന്ന നാമത്തിൽ ജഡത്തിൽ വെളിപ്പെട്ട് അവൻ്റെ പാപങ്ങളിൽ നിന്ന് അവനെ രക്ഷിച്ച് അവൻ്റെ വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിച്ചു കൊടുക്കുകയായിരുന്നു. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16; 1പത്രൊ, 1:20). യേശു ആരാണെന്നറിയാതെ അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ട് അവനെപ്പിടിച്ച് രാജാവാക്കാൻ യെഹൂദന്മാർ ഒന്നു ശ്രമിച്ചിരുന്നു. (യോഹ, 6:14,15). ഒരുദാഹരണം പറഞ്ഞാൽ; അമേരിക്കൻ പ്രസിഡന്റ് അട്ടപ്പാടിയിലെ ആദിവാസിമേഖല സന്ദർശിക്കാൻ വന്നപ്പോൾ അവൻ ചെയ്ത ദാനധർമ്മങ്ങൾ കണ്ടിട്ട് അവനാരാണെന്നറിയാതെ അവനെപ്പിടിച്ച് അട്ടപ്പാടിയിലെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ നോക്കിയാൽ എങ്ങനെയിരിക്കും? ത്രിത്വവിശ്വാസികളും അതുപോലൊരു അബദ്ധമാണ് വിശ്വസിക്കുന്നത്. യഥാർത്ഥ ഭൗമികരാജാവ് ആരാണെന്നോ രാജപ്രതിനിധിയായി ഭരണം നടത്തുന്നത് ആരാണെന്നോ അറിയാത്തതാണ് വിശ്വാസികളുടെ പ്രശ്നം. ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1, 7; 45:1, 5, 11; 61:6; 72:1; 89:29, 36,37; 110:2; ദാനീ, 7:13,14,18,21,27). അന്നാളിൽ സ്വർഗ്ഗീയ രാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും. അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.” (യേഹെ, 34:23,24. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24,25; ഹോശേ, 3:5; ആമോ, 9:11). (കൂടുതലറിയാൻ: സങ്കീർത്തനങ്ങൾ)

1. രണ്ടാം സങ്കീർത്തനം

2. എട്ടാം സങ്കീർത്തനം

3. 16

4. 22

5. 45

6. 72

7. 80

8. 89

9. 91

10. നൂറ്റിപ്പത്താം സങ്കീർത്തനം

Leave a Reply

Your email address will not be published. Required fields are marked *