ശീലോഹാം കുളം

ശീലോഹാം കുളം (Pool of Siloam) 

ശീലോഹാം കുളം

തിരുവെഴുത്തുകളിൽ മൂന്നു പ്രാവശ്യം ശീലോഹാം കുളത്തെക്കുറിച്ചു പറയുന്നുണ്ട്. (നെഹെ, 3:15; യെശ, 8:6; യോഹ, 9:7). ശീലോഹാം കുളവും (നെഹ, 3:15) ദാവീദിന്റെ നഗരത്തിന്റെ പടിക്കെട്ടും (നെഹെ, 12;37) രാജോദ്യാനവും അടുത്തടുത്താണ്. യേശു കുരുടനെ ശീലോഹാം കുളത്തിൽ പോയി കഴുകാൻ അയച്ചു. അതിൽ നിന്നും കുളം ദൈവാലയത്തിനു അടുത്താണെന്നു വ്യക്തമാകുന്നു. കൂടാരപ്പെരുന്നാളിനു ഈ കുളത്തിൽ നിന്നു വെള്ളം സ്വർണ്ണപാത്രത്തിൽ ദൈവാലയത്തിലേക്കു കൊണ്ടുവരും. ഇതിനെ ചൂണ്ടിയായിരിക്കണം കർത്താവു പറഞ്ഞത്. “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.” (യോഹ, 7:37).

ഗീഹോൻ ഉറവിൽ നിന്നു 540 മീറ്റർ നീളമുള്ള നീർപ്പാത്തി വഴിയാണ് വെള്ളം ശീലോഹാം കുളത്തിൽ എത്തുന്നത്. പാറയിലൂടെയാണ് നീർപ്പാത്തി നിർമ്മിച്ചിരിക്കുന്നത്. യെരൂശലേമിന്റെ പരിസരത്തുള്ള ഒരേയൊരു ശുദ്ധജല ഉറവ ഇതു മാത്രമാണ്. നഗരം നിരോധിക്കപ്പെടുന്ന സമയം പട്ടണത്തിനു വെളിയിലുള്ള ശത്രുക്കൾക്കു് ജലം ലഭിക്കാതിരിക്കുന്നതിനും പട്ടണത്തിലുള്ളവർക്കു ജലം ലഭിക്കുന്നതിനും വേണ്ടിയാണ് ഈ നീർപ്പാത്തി നിർമ്മിച്ചിരിക്കുന്നത്. നഗരമതിലിനു വെളിയിൽ കിദ്രോൻ താഴ്വരയ്ക്കു മുകളിലുള്ള ചരിഞ്ഞ പാറക്കെട്ടിലാണ് ഉറവ ഉത്ഭവിക്കുന്നത്. യുദ്ധകാലത്ത് ഈ ഉറവ അടച്ചുകളയാം. അശ്ശൂർ രാജാവായ സൻഹേരീബ് യെരൂശലേമിനെ ആക്രമിക്കാൻ ഒരുങ്ങിയപ്പോൾ യെഹിസ്കീയാ രാജാവു പട്ടണത്തിനു പുറത്തുള്ള ഉറവുകളും തോടും അടെച്ചുകളഞ്ഞു. (2ദിന, 32:3-4). 

ശീലോഹാം കുളം ദീർഘചതുരശ്ര രൂപമാണ്. അതു ഭാഗികമായി പാറയിൽ കുഴിച്ചതും ഭാഗികമായി കല്പണി കൊണ്ടു കെട്ടിപ്പൊക്കിയതുമാണ്. കുളത്തിന് 15.9 മീറ്റർ നീളവും 5.4 മീറ്റർ വീതിയും 5.7 മീറ്റർ ആഴവുമുണ്ട്. ഈ നീർപ്പാത്തിയെക്കുറിച്ചാദ്യം അറിവു ലഭിക്കുന്നതു് 1838-ലാണ്. അമേരിക്കൻ സഞ്ചാരിയായ എഡ്വേർഡു റോബിൻസനും അദ്ദേഹത്തിന്റെ മിഷണറി സുഹ്യത്തായ ഏലിസ്മിത്തും ചേർന്നാണ് അതു പര്യവേക്ഷണം നടത്തിയത്. 1867-ൽ ക്യാപ്റ്റൻ ചാർലസ് വാറനും ഈ നീർപാത്തിയെ പര്യവേക്ഷണം ചെയ്തു. ഇവരാരും തന്നെ നീർപ്പാത്തിയിൽ ശീലോഹാം കുളത്തിനടുത്തുണ്ടായിരുന്ന ഒരു ലിഖിതം കണ്ടില്ല. 1880-ൽ ഒരു കുട്ടിയാണ് ലിഖിതം കണ്ടത്. തുടർന്ന് ഈ ലിഖിതം സെയ്സി മറ്റു പണ്ഡിതന്മാരുടെ സഹായത്തോടുകൂടി നിർദ്ധാരണം ചെയ്തു. പൗരാണിക എബ്രായഭാഷയിലെഴുതിയ ആറുവരികളുണ്ട്. ലിഖിതത്തിന്റെ ആദ്യ പകുതി നഷ്ടപ്പെട്ടു. ഈ ലിഖിതം വെട്ടിയെടുത്തു ഇപ്പോൾ ഇസ്താൻബൂളിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബൈബിളിൽ പറഞ്ഞിട്ടുള്ള മറ്റു പ്രധാന കുളങ്ങൾ ഇവയാണ്: ഗിബെയോനിലെ കുളം. (2ശമൂ, 2:13); ഹെബ്രോനിലെ കുളം. (2ശമൂ, 4:12); ശമര്യയിലെ കുളം. (1രാജാ, 22:38); ഹെശ്ബോനിലെ കുളം. (ഉത്ത, 7:5); രാജോദ്യാനത്തിന്റെ നീർപ്പാത്തിക്കരികെയുള്ള കുളം. (നെഹ, 3:15); മേലത്തെ കുളം. (2രാജാ, 18:17; യെശ, 7:3; 36:2); ഹിസ്കീയാരാജാവ് നിർമ്മിച്ചകുളം. (2രാജാ, 20:20); താഴത്തെ കുളം. (യെശ, 22:9); പഴയ കുളം. (യെശ, 22:11); രാജാവിന്റെ കുളം. (നെഹ, 2:14); വെട്ടിക്കുഴിച്ച കുളം. (നെഹെ, 3:16).

ചില കുളങ്ങൾ ചരിത്രസംഭവങ്ങൾക്കു സാക്ഷിയാണ്. അബ്നേറുടെയും ദാവീദിന്റെയും സൈന്യങ്ങൾ തമ്മിൽ യുദ്ധം നടന്നത് ഗിബെയോനിലെ കുളത്തിനരികെ വെച്ചായിരുന്നു. (2ശമൂ, 2:13). ആഹാബിന്റെ രഥം കഴുകിയത് ശമര്യയിലെ കുളത്തിലായിരുന്നു. പ്രവചനമനുസരിച്ചു ആഹാബിന്റെ രക്തം നായ്ക്കൾ നക്കിയത് അപ്പോഴാണ്. (1രാജാ, 22:38). യെരൂശലേമിലെ ബേഥേസ്ദാ കുളവും (യോഹ, 52-7), ശിലോഹാം കുളവും (യോഹ, 9:7) രോഗസൗഖ്യവുമായി ബന്ധമുള്ളതായി കരുതിപ്പെട്ടു. ഉത്തമഗീതത്തിൽ പ്രിയയുടെ കണ്ണുകളെ കുളങ്ങളോടാണ് ഉപമിച്ചിട്ടുള്ളത്. (ഉത്ത, 7:5).

Leave a Reply

Your email address will not be published. Required fields are marked *