ശിക്ഷണം രക്ഷിക്കുന്നു

ശിക്ഷണം രക്ഷിക്കുന്നു

മക്കൾക്ക് സമുന്നതമായ ഒരു ഭാവി കെട്ടിപ്പടുക്കുവാൻ വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന മാതാപിതാക്കളെ ഇന്ന് എവിടെയും കാണുവാൻ കഴിയും. തങ്ങളുടെ ലക്ഷ്യത്തിലേക്കു മക്കളെ നയിക്കുവാനായി ബാല്യംമുതൽതന്നെ പഠനത്തോടൊപ്പം അവരുടെ നൈസർഗ്ഗികമായ കഴിവുകളെ പരിപോഷിപ്പിക്കുന്ന അനേകം മാതാപിതാക്കളുണ്ട്. മക്കളെ ലോകത്തിന്റെ എല്ലാ ശ്രേണിയിലും ഉന്നതരാക്കുവാനുള്ള ഈ തത്രപ്പാടിൽ അവരെ ദൈവാശ്രയത്തിലും ശിക്ഷണത്തിലും അച്ചടക്കത്തിലും വളർത്തുവാൻ ദൈവഭക്തിയിൽ ജീവിക്കുന്ന ബഹുഭൂരിപക്ഷം മാതാപിതാക്കൾക്കും കഴിയുന്നില്ല. മക്കളെ ദൈവാശ്രയത്തിലും ഭക്തിയിലും ശിക്ഷണത്തിലും വളർത്തണമെന്ന്, സദൃശവാക്യങ്ങൾപോലെ ആധികാരികമായി നിഷ്കർഷിക്കുന്ന മറ്റൊരു പുസ്തകം തിരുവചന പുസ്തകങ്ങളുടെ കൂട്ടത്തിൽ ഇല്ല. “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു” എന്ന ആദ്യപ്രബോധനം തന്നെ (സദൃ, 1:7) മക്കളെ ലോകത്തിന്റെ ജ്ഞാനംകൊണ്ടു നിറച്ച് ഉന്നതരാക്കുവാൻ ശ്രമിക്കുന്ന മാതാപിതാക്കൾക്കുള്ള മുന്നറിയിപ്പാണ്. മക്കളെ ബാല്യംമുതൽ അമിത വാത്സല്യത്താൽ പൊതിഞ്ഞ് അവരുടെ തെറ്റുകൾക്കു ശിക്ഷ നൽകുവാൻ വിസമ്മതിക്കുന്ന മാതാപിതാക്കളുടെ സംഖ്യ ഇന്നു വർദ്ധിച്ചിരിക്കുന്നു. കുഞ്ഞുങ്ങളെ മാതാപിതാക്കൾ ശിക്ഷിക്കരുതെന്ന് നിയമമുള്ള രാജ്യങ്ങളും ഇന്നത്തെ ലോകത്തിലുണ്ട്. ബാല്യത്തിൽ അഭ്യസിപ്പിക്കുന്നത് വാർദ്ധക്യത്തിലും വിട്ടുമാറുകയില്ലെന്നും ഭോഷത്തങ്ങളെ അകറ്റി നിർത്തുവാൻ വടി അത്യന്താപേക്ഷിതമാണെന്നും ശലോമോൻ പഠിപ്പിക്കുന്നു. (സദൃ, 22:6, 15). മാത്രമല്ല, അവരെ ബാല്യത്തിൽ വടികൊണ്ടടിക്കുമ്പോൾ കൊല്ലുവാൻ തക്കവണ്ണം അവരെ അടിക്കരുതെന്നും, ആ പ്രായത്തിൽ വടികൊണ്ട് അടിച്ച് യോഗ്യമായ രീതിയിൽ ശിക്ഷണം നൽകിയാൽ മക്കൾ മരിച്ചുപോകുകയില്ലെന്നും, അത് അവർക്കു ജ്ഞാനം നൽകുമെന്നും, അവരെ പാതാളത്തിൽനിന്നു വിടുവിക്കുമെന്നും ശലോമോൻ വ്യക്തമാക്കുന്നു. (സദൃ, 19:18; 23:13,14; 29:15). ദൈവത്തിന്റെ ദാനമായ നമ്മുടെ മക്കൾക്ക് ദൈവഭയത്തിലും ഭക്തിയിലും വളരുവാൻ ആവശ്യമായ ശിക്ഷണം നൽകുവാൻ നമുക്കു കഴിയുന്നില്ലെങ്കിൽ, നാം ദൈവത്തിനു വണ്ടി എന്തെല്ലാം പ്രവർത്തിച്ചുവെന്ന് അവകാശപ്പെട്ടാലും, അതു ലോകത്തിനു നമ്മെ വിമർശിക്കുവാനുള്ള ഒരു കറുത്തപൊട്ടായി നമ്മുടെ ആത്മീയയാത്രയിൽ അവശേഷിക്കും. പുരോഹിതനായ ഏലിക്കും, പ്രവാചകനും ന്യായാധിപനുമായിരുന്ന ശമുവേലിനും, ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനും രാജാവുമായിരുന്ന ദാവീദിനും തങ്ങളുടെ മക്കളെ ദൈവിക ശിക്ഷണത്തിൽ വളർത്തുവാൻ കഴിയാഞ്ഞതിന്റെ പ്രത്യാഘാതങ്ങൾ, ശലോമോന്റെ ഗുണ പാഠങ്ങളോടൊപ്പം, തലമുറകളെ ദൈവഭയത്തിലും ഭക്തിയിലും വളർത്തുന്നതിനുള്ള ആഹ്വാനങ്ങളാണ്.

Leave a Reply

Your email address will not be published.