ശാസ്ത്രിമാർ

ശാസ്ത്രിമാർ

വ്യവസ്ഥിതമായ രീതിയിൽ ന്യായപ്രമാണം പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുക എന്നത് തൊഴിലായി സ്വീകരിച്ചിരുന്ന പണ്ഡിതഗണത്തെയാണ് ശാസ്ത്രിമാർ എന്നു വിളിക്കുന്നത്. മോശെയുടെ ന്യായപ്രമാണം പഠിക്കുന്നതിൽ ജാഗ്രത പുലർത്തിയവരായിരുന്നു ശാസ്ത്രിമാർ. പുരോഹിതന്മാരായിരുന്നു മുമ്പു ന്യായപ്രമാണപഠനത്തിൽ മുഴുകിയിരുന്നത്. എസ്രാ ശാസ്ത്രിയും പുരോഹിതനുമായിരുന്നു. (നെഹെ, 8:9). പ്രവാസപൂർവ്വകാലത്ത് ശാസ്ത്രിമാർ എഴുത്തുകാരും, രായസക്കാരും ന്യായപ്രമാണത്തിന്റെയും മറ്റു രേഖകളുടെയും പകർപ്പെഴുത്തുകാരും ആയിരുന്നു. (2ശമൂ, 8:17; 20:25; 1രാജാ, 4:3; 2രാജാ, 12:10; യിരെ, 8:8; 36:18; സദൃ, 25:1). എന്നാൽ ‘ശാസ്ത്രി’ എന്ന പേരിന്റെ പുതിയ ഔദ്യോഗികവിവക്ഷ ഉദയം ചെയ്തത് എസ്രായുടെ കാലത്താണ്. പ്രവാസത്തിൽ നിന്നു മടങ്ങിവന്നവരെ ന്യായപ്രമാണം പഠിപ്പിക്കുവാൻ എസ്രാ ഒരുങ്ങി. (എസ്രാ, 7:6, 10,11, 21). ന്യായപ്രമാണത്തിന്റെ സംരക്ഷണം പകർപ്പെഴുത്ത്, വ്യാഖ്യാനം എന്നിവയ്ക്കായി ശാസ്ത്രിമാർ സ്വയം സമർപ്പിച്ചു. ഗ്രീക്കുകാലഘട്ടത്തിൽ പുരോഹിതന്മാർ ജാതികളുടെ മേച്ഛതകളിൽ വീണപ്പോൾ ന്യായപ്രമാണത്തിന്റെ വക്താക്കളും സാമാന്യജനത്തിന്റെ ഉപദേഷ്ടാക്കന്മാരായി അവർ മാറി.

സിനഗോഗുകളിലെ ശുശ്രൂഷയുടെ ആരംഭകർ ഇവരായിരുന്നു. ഇവരിൽ ചിലർ ന്യായാധിപസംഘത്തിൽ അംഗങ്ങളായിരുന്നു. (മത്താ, 16:21; 26:3). വാചികന്യായപ്രമാണത്തെ അവർ എഴുതി സൂക്ഷിക്കുകയും എബ്രായ തിരുവെഴുത്തുകളെ വിശ്വസ്തതയോടെ സംപ്രേഷണം ചെയ്യുകയും ചെയ്തു. ലിഖിത ന്യായപ്രമാണത്തെക്കാളും വാചികമായ ന്യായപ്രമാണത്തിനു അഥവാ കീഴ്വഴക്കങ്ങൾക്ക് അതിയായ പ്രാധാന്യം നല്കി. (മർക്കൊ, 7:5). ശാസ്ത്രിമാർ നിമിത്തം മതം ബാഹ്യരൂപത്തിനു പ്രാധാന്യം നല്കുന്ന ഒന്നായി തരംതാണു. അനേകം വിദ്യാർത്ഥികളെ ശാസ്ത്രിമാർ കൂട്ടിവരുത്തി അവർക്കു ന്യയപ്രമാണത്തിൽ അഭ്യസനം നല്കി. പഠിച്ച കാര്യങ്ങൾ നഷ്ടപ്പെടുത്താതിരിക്കുവാനും അല്പവും വ്യത്യാസം കൂടാതെ മറ്റുള്ളവർക്കു പകർന്നു കൊടുക്കുവാനും അവർ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു. മാതാപിതാക്കളോട് ഉള്ളതിനെക്കാൾ ബഹുമാനം വിദ്യാർത്ഥികളിൽ നിന്നും അവർ പ്രതീക്ഷിച്ചു. ശാസ്ത്രിമാർ ദൈവാലയത്തിൽ ഉപദേശിച്ചു. (ലൂക്കൊ, 2:46; യോഹ, 18:20). അവരുടെ ഉപദേശം സൗജന്യമായിരുന്നു. ചിലപ്പോൾ അവർക്കു കൂലി ലഭിച്ചിരുന്നു. (മത്താ, 10:10; 1കൊരി, 9:3-18). മുഖ്യാസനം അവർ കാംക്ഷിച്ചിരുന്നു. (മർക്കൊ, 12:40; ലൂക്കൊ, 20:47). 

ശാസ്ത്രിമാർ നിയമോപദേഷ്ടാക്കന്മാർ ആയിരുന്നു. ന്യായാധിപസംഘത്തിലെ ന്യായാധിപതികളെന്ന നിലയിൽ നിയമനിർവ്വഹണം അവരുടെ ചുമതലയായിരുന്നു. (മത്താ, 12:35; മർക്കൊ, 14:43, 53). ന്യായാധിപസംഘത്തിലെ സേവനത്തിനു അവർക്കു പ്രതിഫലം നല്കിയിരുന്നില്ല. സമ്പന്നരല്ലാത്തവർ തന്മൂലം മറ്റെന്തെങ്കിലും ജോലി ചെയ്ത് അഹോവൃത്തി കഴിക്കേണ്ടിയിരുന്നു. ശാസ്ത്രിമാർ പരീശവിഭാഗത്തിൽ ഉൾപ്പെട്ടവരായിരുന്നു എങ്കിലും ഒരു ഗണമെന്ന നിലയിൽ അവർ വ്യത്യസ്തരായിരുന്നു. പുനരുത്ഥാന പ്രശ്നത്തിൽ അവർ സദൂക്യർക്കെതിരായിരുന്നു. (അപ്പൊ, 23:9). ക്രിസ്തു അധികാരത്തോടെ ഉപദേശിച്ചതുകൊണ്ട് അവർ ക്രിസ്തുവുമായി ഇടഞ്ഞു. (മത്താ, 7:28,29). ശാസ്ത്രിമാർ പത്രോസിനെയും യോഹന്നാനെയും പീഡിപ്പിച്ചു. (അപ്പൊ, 4:5). ഭൂരിപക്ഷം പേരും ക്രിസ്തുവിനെ എതിർത്തെങ്കിലും (മത്താ, 21:15) ചിലർ വിശ്വസിച്ചു. (മത്താ, 8:19). യേശുവിന്റെ മരണത്തിൽ അവർ സുപ്രധാന പങ്കുവഹിച്ചു. (മത്താ, 26:57; 27:4; മർക്കൊ, 15:1, 31; ലൂക്കൊ, 22:66; 23:10).

Leave a Reply

Your email address will not be published. Required fields are marked *