ശലോമോൻ

ശലോമോൻ (Solomon)

പേരിനർത്ഥം — സമാധാന പൂർണ്ണൻ

യിസ്രായേലിലെ മുന്നാമത്തെ രാജാവ് (971-931 ബി.സി.). ദാവീദിനു ഊരീയാവിന്റെ ഭാര്യയായിരുന്ന ബത്ത്-ശേബയിൽ ജനിച്ച പുത്രൻ. (2ശമു, 12:24). നാഥാൻ പ്രവാചകൻ അവനെ ‘യഹോവയുടെ പ്രീതി നിമിത്തം’ യെദീദ്യാവു എന്നു പേർ വിളിച്ചു. (2ശമു, 12:25). 

ദാവീദ് വൃദ്ധനായപ്പോൾ മൂത്തപുത്രനായ അദോനീയാവു സ്വയം രാജാവായി. (1രാജാ, 1:5-9). എന്നാൽ ബത്ത്-ശേബ നാഥാൻ പ്രവാചകന്റെ സഹായത്തോടുകൂടി ദാവീദിനോടു സംസാരിക്കുകയും ദാവീദ് പ്രവാചകന്റെയും പുരോഹിതന്മാരുടെയും മറ്റു സേനാപതികളുടെയും സഹകരണത്തിൽ ശലോമോനെ രാജാവായി വാഴിക്കുകയും ചെയ്തു. (1രാജാ, 1:39). സാദോക് പുരോഹിതനാണാ ശലോമോനെ അഭിഷേകം ചെയ്തത്. മരണസമയത്തു ദാവീദ് ശലോമോനോടു പറഞ്ഞ വാക്കുകൾ പ്രസിദ്ധമാണ്. “ഞാൻ സകല ഭൂവാസികളുടെയും വഴിയായി പോകുന്നു. നീ ധൈര്യം പുണ്ടു പുരുഷനായിരിക്കുക.” (1രാജാ, 2:2). 

തന്റെ രാജത്വത്തോട് എതിർത്തവരെ ശലോമോൻ ക്രൂരമായി ഒടുക്കി. അബ്യാഥാർ പുരോഹിതനെ പൗരോഹിത്യത്തിൽ നിന്നും മാറ്റി അനാഥോത്തിലേക്കു പറഞ്ഞയച്ചു. (1രാജാ, 2:26-27). അദോനീയാവു ശൂനേംകാരത്തിയായ അബീശഗിനെ ഭാര്യയായി ആവശ്യപ്പെട്ടു. മരിച്ച രാജാവിന്റെ ഗൃഹത്തിൽ നിന്നും ഒരു സ്ത്രീയെ ഭാര്യയായി എടുക്കുന്നതു രാജത്വത്തിനുള്ള അവകാശവാദമായി കരുതിയിരുന്നു. അതുകൊണ്ടു ശലോമോൻ ബെനായാവെ അയച്ച് അദോനീയാവിനെ വെട്ടിക്കൊന്നു. (1രാജാ, 2:25). സൈന്യാധിപനായിരുന്ന യോവാബും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നതിനാൽ അവനെയും കൊല്ലിച്ചു. (1രാജാ, 2:34). ശിമെയിയി കിദ്രോൻ തോടു കടക്കരുതെന്നുള്ള വ്യവസ്ഥയിൽ യെരുശലേമിൽ പാർപ്പിച്ചു. എന്നാൽ അവൻ കിദ്രോൻ തോടു കടക്കുകയാൽ അവനെയും വധിച്ചു. (1രാജാ, 2:46). അങ്ങനെ രാജ്യത്തിനകത്തുള്ള തന്റെ ശത്രുക്കളെയെല്ലാം ഒടുക്കി രാജത്വം സ്ഥിരമാക്കി. ഭരണകാലം പൊതുവെ സമാധാനപൂർണ്ണമായിരുന്നു. 

രാജവംശത്തിൽ ജനിച്ച ആദ്യരാജാവാണ് ശലോമോൻ. ശൗലും ദാവീദും ന്യായാധിപന്മാരെപ്പോലെ തിരഞ്ഞെടുക്കപ്പെട്ട രാജാക്കന്മാരായിരുന്നു. ദൈവം അവർക്കു പ്രത്യേക കഴിവുകൾ നല്കിയിരുന്നു. ഗിബെയോനിൽ വച്ചു ശലോമോൻ യാഗങ്ങൾ അർപ്പിച്ചു. യഹോവ അവനു പ്രത്യക്ഷനായി വേണ്ടുന്ന വരം ചോദിക്കുവാൻ ആവശ്യപ്പെട്ടു. ജനത്തിനു ന്യായപാലനം ചെയ്യുവാൻ വിവേകമുള്ള ഹൃദയം അവൻ ചോദിച്ചു. യഹോവ അവന് അതു കൊടുത്തു; കുടാതെ സമ്പത്തും മഹത്വവും കൂടി കൊടുത്തു. (1രാജാ,3:4-15). രണ്ടു വേശ്യമാർ തമ്മിൽ ഒരു കുട്ടിക്കു വേണ്ടിയുണ്ടായ തർക്കത്തിൽ രാജാവിന്റെ ന്യായതീർപ്പ് അവന്റെ ജ്ഞാനം വിളിച്ചറിയിക്കുന്നു. (1രാജാ, 3:16-28). ശലോമോന്റെ ജ്ഞാനം മറ്റെല്ലാ വിദ്വാന്മാരിലും പൂർവ്വ ദിഗ്വാസികളിലും മിസയീമ്യരിലും ശ്രേഷ്ഠമായിരുന്നു. (1രാജാ, 4:29-31). അവൻ 3000 സദൃശവാക്യങ്ങളും 1005 ഗീതങ്ങളും ചമച്ചു. ഉത്തമഗീതത്തിന്റെ കർത്താവ് ശലോമോനാണ്. (1:1). കൂടാതെ സദൃശവാക്യങ്ങളും (1:1), സഭാപ്രസംഗിയും (1:1,12), രണ്ടു സങ്കീർത്തനങ്ങളും (72-ഉം, 127-ഉം) രചിച്ചു. വൃക്ഷങ്ങൾ, മൃഗങ്ങൾ, പക്ഷികൾ എന്നിങ്ങനെ ഏതു വിഷയം സംബന്ധിച്ചും അവനു അറിവുണ്ടായിരുന്നു. (1രാജാ, 4-32-34. ശൈബാ രാജ്ഞി അവന്റെ ജ്ഞാനം ഗ്രഹിപ്പാനും അവനെ പരീക്ഷിക്കുവാനും വന്നിട്ട്, ‘ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു’ എന്നു പ്രസ്താവിച്ചു. (1രാജാ, 10:1-18). 

ശലോമോൻ സൈന്യത്തെ സുസജ്ജമാക്കി. യിസ്രായേലിൽ വൻതോതിൽ രഥങ്ങളും കുതിരകളും ഉപയോഗിച്ചു തുടങ്ങിയത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. ഒരു സുശക്തമായ രഥ-കുതിര സൈന്യം വിന്യസിച്ചു. (1രാജാ, 4:26). ഗേസെർ, മെഗിദ്ദോ, ഹാസോർ, യെരുശലേം എന്നീ രഥനഗരങ്ങളിൽ ഈ സൈന്യത്തെ താവളമുറപ്പിച്ചു. (1രാജാ, 9:15-19. അദ്ദേഹത്തിന് 1400 രഥങ്ങളും 12000 കുതിരച്ചേവകരും ഉണ്ടായിരുന്നു. അവരെ രഥനഗരങ്ങളിലും യെരുശലേമിലും പാർപ്പിച്ചു. (1രാജാ, 10:26). മെഗിദ്ദോയിൽ 450 കുതിരകളെയും 150 രഥങ്ങളെയും സൂക്ഷിക്കാവുന്ന ലായങ്ങൾ ഉൽഖനനം ചെയ്തിട്ടുണ്ട്. ഹാസോരിൽ നിന്നും മറ്റും ഇതുപോലുള്ള ലായങ്ങൾ കണ്ടത്തിയിട്ടുണ്ട്.

വ്യാപാരസംബന്ധമായി രാജ്യം വളരെയധികം പുരോഗമിച്ചു. കരമാർഗ്ഗവും കടൽമാർഗ്ഗവും വ്യാപാരം വികസിച്ചു. ശലോമോന്റെ കാലത്ത് ഫലഭൂയിഷ്ഠമായ ചന്ദ്രക്കലയ്ക്കും ദക്ഷിണ അറേബ്യയ്ക്കും മദ്ധ്യ വ്യാപകമായ തോതിൽ കച്ചവടം നടന്നിരുന്നുവെന്ന് പുരാവസ്തു വിജ്ഞാനം വ്യക്തമാക്കുന്നു. അറേബ്യയ്ക്കും മെസൊപ്പൊട്ടേമിയയ്ക്കും ഇടയിലും ചെങ്കടൽ മുതൽ പാമീർ വരെയും ഉള്ള സഞ്ചാര വ്യാപാരത്തിന്റെ കുത്തക ശലോമോൻ സ്വായത്തമാക്കി. തന്റെ പ്രദേശത്തിനരികത്തു കുടെ കടന്നു പോയിരുന്ന സഞ്ചാരളവ്യാപാരികളിൽ നിന്നും വർത്തകന്മാരിൽ നിന്നും വലിയ തുക വരുമാനം ലഭിച്ചിരുന്നു. (1രാജാ, 10:15). വ്യാപാരത്തിന്റെ വികസനത്തിനു വേണ്ടിയാണു മരുഭൂമിയിൽ തദ്മോരും ഹമാത്തിൽ സംഭാരനഗരങ്ങളും പണിതത്. (2ദിന, 8:4). ഹീരാമിന്റെ കപ്പലുകളെ കൂടാതെ തർശീശ് കപ്പലുകളും ഉണ്ടായിരുന്നു. അവ നവംബറിൽ യാത്ര പുറപ്പെട്ട് മൂന്നാം വർഷം വസന്തത്തിൽ മടങ്ങിവരും. പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ മുതലായവ ഈ കപ്പലുകളിൽ കൊണ്ടുവന്നിരുന്നു. (1രാജാ, 10:22). കച്ചവടച്ചരക്കുകളുടെ പട്ടികയിൽ നിന്നും ശലോമോനു ഭാരതവുമായും വ്യാപാര ബന്ധം ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. 

ഫിനിഷ്യൻ വിദഗ്ദ്ധരാണ് ശലോമോനുവേണ്ടി എസ്യോൻ-ഗേബെർ എന്ന തുറമുഖം പണിതത്. 1938-ൽ നെൽസൻ ഗ്ലുവെക്ക് ഒരു ചെമ്പു സംസ്കരണശാല അവിടെ കണ്ടെത്തി. അത് ഫിനിഷ്യൻ വിദഗ്ദ്ധരുടെ പണിയായിരുന്നു. ഇവിടെ നിന്നും അസംസ്കൃതമായ ചെമ്പയിര് കയറ്റുമതി ചെയ്തിരുന്നു. അതിന്റെ പേരായിരുന്നു തർശീശ്. അതു കയറ്റി അയക്കുന്ന കപ്പലുകളെ തർശീശ് കപ്പലുകളെന്നു വിളിച്ചിരുന്നു. ശലോമോന്റെ അസാധാരണ സമ്പത്തിന്റെ ഒരു പ്രാഭവം കൂടിയായിരുന്നു അത്. അരാബാ താഴ്വരയിൽ ദേശീയതലത്തിൽ ലോഹഖനന വ്യവസായം ആദ്യം തുടങ്ങിയതു ശലോമോനായിരുന്നു. ഇരുമ്പു വ്യവസായം വളർന്നു. ദാവീദ് ഫെലിസ്ത്യരുടെ ഇരുമ്പു വ്യവസായത്തിന്റെ കുത്തക തകർത്തിരുന്നു. (1ശമു, 13:19,20). കുതിര-രഥ വാണിജ്യവും നടന്നിരുന്നു. ഏഷ്യാമൈനറിലെയും ഈജിപ്റ്റിലെയും കുതിരക്കച്ചവടത്തിൽ ശലോമോൻ മദ്ധ്യവർത്തിയായിരുന്നു. ഈജിപ്റ്റിൽ നിന്ന് ഒരു രഥം 600 ശേക്കെൽ വെള്ളിക്കും ഒരു കുതിര 150 ശേക്കെൽ വെള്ളിക്കും ഇറക്കുമതി ചെയ്തിരുന്നു. (1രാജാ, 10:28,29). നാലു കുതിരയുടെ വിലയായിരുന്നു ഒരു രഥത്തിന്. 

ഭരണകാര്യങ്ങളിൽ പരിചയം സിദ്ധിച്ചവരെ നിയമിച്ചു. രാജ്യത്തെ 12 ജില്ലകളായി വിഭജിച്ചു . ഇത് മുമ്പുണ്ടായിരുന്ന ഗോത്രപരമായ അതിരുകളെ ഇല്ലാതാക്കി. (1രാജാ, 4:7-20). ഓരോ ജില്ലയിലെയും കരം പിരിവിനും മറ്റുമായി ഓരോരുത്തരെ നിയമിച്ചു. കൊട്ടാരത്തിനാവശ്യമായ ആഹാരസാധനങ്ങൾ ശേഖരിച്ചു എത്തിച്ചിരുന്നത് ഈ ഉദ്യോഗിസ്ഥന്മാരാണ്. കൊട്ടാരത്തിലെ ഒരു ദിവസത്തെ ചെലവ്, “ദിവസം മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണ മാവും, മാൻ, ഇളമാൻ, മാവു, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്തുകാളയും മേച്ചിൽപുറത്തെ ഇരുപതു കാളയും നൂറു ആടും ആയിരുന്നു. (1രാജാ, 4:22,23). പ്രത്യക്ഷനികുതി വർദ്ധിപ്പിച്ചു. യിസ്രായേല്യർ അല്ലാത്തവരുടെ മേൽ സൗജന്യമായ ഊഴിയവേല നിർബന്ധമാക്കി. (1രാജാ, 9:20,21).

ദാവീദിനോടു യഹോവ അരുളിച്ചെയ്തിരുന്നതു പോലെ ശലോമോൻ തന്റെ വാഴ്ചയുടെ 4-ാം വർഷം അതായതാ പുറപ്പാടിന്റെ 480-ാം വർഷം ദൈവാലയത്തിന്റെ പണി ആരംഭിച്ചു. (1രാജാ, 6 :1). ലെബാനോനിൽ നിന്നു ദേവദാരു മരം മുറിപ്പിച്ചു ‘ഹീരാം’ എത്തിച്ചു. തടി ഇറക്കി കൊടുക്കുക മുതലായ പണികൾ ഹീരാമിന്റെ പണിക്കാർ തന്നെ ചെയ്തു. പകരം അവനാവശ്യമായ ആഹാരം ശലോമോൻ എത്തിച്ചു കൊടുത്തു. ഏഴുവർഷം കൊണ്ടു ദൈവാലയത്തിന്റെ പണി പൂർത്തിയായി. (1രാജാ, 5-6 അ). അതിനു ശേഷം 13 വർഷം കൊണ്ടു രാജധാനി പണിതു. ലെബാനോൻ വനഗൃഹവും പണിതു. ശലോമോന്റെ ഭരണകാലത്തു വളരെയധികം കെട്ടിടനിർമ്മാണവും നഗര നിർമ്മാണവും നടന്നിട്ടുണ്ട്. അതിനായി വളരെയധികം ഊഴിയവേലക്കാരെ നിയമിച്ചതും അവരെ നിർബ്ബന്ധിച്ചു പണിയിച്ചതും എതിർപ്പിനു കാരണമായി. ദൈവാലയത്തിന്റെ പ്ലാൻ ഫിനിഷ്യനാണ്. 

ശലോമോൻ ദൈവകല്പന വിട്ടു അന്യജാതികളിൽ നിന്നും ഭാര്യമാരെ എടുത്തു. മിസ്രയീമിലെ രാജകുമാരിയെ വിവാഹം ചെയ്തു. (1രാജാ, 3:1,2). മോവാബ്യർ, അമ്മോന്യർ, ഏദോമ്യർ, സീദോന്യർ, ഹിത്യർ എന്നിവരിൽ നിന്നും ഭാര്യമാരെ സ്വീകരിച്ചു. അന്തഃപുരത്തിൽ 700 കുലീനപത്നികളും 300 വെപ്പാട്ടികളും ഉണ്ടായിരുന്നു. (1രാജാ, 11:1-3). അവർ രാജാവിനെ അന്യദേവന്മാരിലേക്കും ക്ലേച്ഛവിഗ്രഹങ്ങളിലേക്കും വശീകരിച്ചു. യിസ്രായേലിന്റെ ദൈവമായ യഹോവയെ അവൻ ഉപേക്ഷിച്ചു. ശലോമോൻ 40 വർഷം രാജ്യം ഭരിച്ചു. മരിച്ചപ്പോൾ അവനെ യെരുശലേമിൽ അടക്കി. ശലോമോന്റെ മരണത്തോടു കൂടി രാജ്യം യിസ്രായേൽ, യെഹൂദാ എന്നിങ്ങനെ രണ്ടായി പിളർന്നു. 

ശലോമോന്റെ കുളങ്ങൾ: ശലോമോൻ മൂന്നു കുളങ്ങൾ കുഴിപ്പിച്ചു. ഇവ യെരൂശലേമിൽ നിന്ന് അല്പം അകലെയായിരുന്നു. നീർച്ചാൽ വഴി വെള്ളം കുളങ്ങളിലെത്തിച്ചു. നീർച്ചാലുകൾ മുഖേന തന്നേ കുളങ്ങളിൽ നിന്നു വെള്ളം ദൈവാലയ പ്രാന്തങ്ങളിലും എത്തിച്ചു. (സഭാ, 2:6).  

ശലോമോന്റെ മണ്ഡപം: ദൈവാലയത്തിന്റെ കിഴക്കുഭാഗത്ത് ശലോമോൻ നിർമ്മിച്ച മനോഹരമായ മണ്ഡപം. യേശുവും ശിഷ്യന്മാരും ഈ മണ്ഡപത്തിൽ പ്രവേശിച്ചിരുന്നു. (യോഹ, 10:23; പ്രവൃ, 3:11; 5:12).

Leave a Reply

Your email address will not be published.