വീര്യം

വീര്യം – സൽഗുണം (virtue)

‘അറെറ്റി’ എന്ന ഗ്രീക്കുപദത്തിന് സൽഗുണം അഥവാ സുകൃതം എന്നാണർത്ഥം. (എഫെ, 4:8, 1പത്രൊ, 2:9). ഒരു വസ്തുവിന്റെയോ, വ്യക്തിയുടെയോ വൈശിഷ്ട്യത്തിനു നിദാനമായ ഗുണമാണ് അറെറ്റീ (സൽഗുണം). ആന്തരികമായ ഔൽകൃഷ്ട്യം അഥവാ ധാർമ്മികമായ നന്മ അഥവാ സുകൃതം ആണത്. ബൈബിൾ ധർമ്മശാസ്ത്രത്തിന്റെ ആത്യന്തിക ലക്ഷ്യം സൽഗുണ പൂർണ്ണതയാണ്. സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതു പോലെ ദൈവമക്കൾ സൽഗുണ പൂർണ്ണരാകണമെന്ന് ക്രിസ്തു ഉപദേശിച്ചു. (മത്താ, 5:48). ലേവ്യയാഗങ്ങൾക്കു സൽഗുണപൂർത്തി വരുത്തുവാൻ കഴിഞ്ഞില്ല. എന്നാൽ ക്രിസ്തുവിന്റെ ഏകയാഗത്താൽ അവൻ സദാകാലത്തേക്കും സൽഗുണ പൂർത്തി വരുത്തി. (എബ്രാ, 10:1,14). ദൈവത്തിന്റെ സൽഗുണങ്ങളെ ഘോഷിക്കുകയാണ് വിശ്വാസിയുടെ കർത്തവ്യം. (1പത്രൊ, 2:9). വിശ്വാസത്തിന്റെ അനുബന്ധവും, ഫലവും ആണ് സൽഗുണം. (2പത്രൊ, 1:5). ഇവിടെ അറെറ്റീ എന്ന ഗ്രീക്കുപദത്തെ വീര്യം എന്നാണ് തർജ്ജമ ചെയ്തിട്ടുള്ളത്. ഓശാന, പി.ഒ.സി. വിശുദ്ധഗ്രന്നന്ഥം തുടങ്ങിയവയിൽ ‘സുകൃതം’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു. വാക്കിൽ തെറ്റാത്തവൻ സൽഗുണപൂർത്തിയുള്ള പുരുഷൻ ആണ്. (യാക്കോ, 3:2). സഭയിലെ അദ്ധ്യക്ഷൻ സൽഗുണപ്രിയൻ ആയിരിക്കണം. (തീത്തൊ, 1:8). അന്ത്യകാലത്തു മനുഷ്യർ സൽഗുണ ദോഷികളായി മാറും. (2തിമൊ, 3:4).

Leave a Reply

Your email address will not be published.