വിശ്വാസം

വിശ്വാസം (faith)

വിശ്വാസത്തെക്കുറിക്കുന്ന എബ്രായപദം ‘എമൂന’ ആണ്. ‘നീതിമാൻ വിശ്വാസത്താൽ ജീവിക്കും’ (ഹബ, 2:4). ഇവിടെ വിശ്വാസം എന്നതിലേറെ വിശ്വസ്തതയാണ് വിവക്ഷിതമെന്നു അഭിപ്രായപ്പെടുന്നുണ്ട്. പഴയനിയമത്തിൽ വിശ്വാസം എന്ന പദം വിരളമാണെങ്കിലും പ്രസ്തുത ആശയം ഉണ്ട്. വിശ്വാസത്തിനു തത്തുല്യമായാണ് ആശ്രയം എന്ന പ്രയോഗം പലസ്ഥാനങ്ങളിലും കാണുന്നത്. “യഹോവേ എനിക്കു ന്യായം പാലിച്ചുതരേണമേ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു; ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.” (സങ്കീ, 26:1). ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നതു വിശ്വാസത്തെ കാണിക്കുന്നു. ‘പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്തവിവേകത്തിൽ ഊന്നരുത്’ (സദൃ, 3:5) തുടങ്ങി അനേകം പഴയ നിയമഭാഗങ്ങൾ വിശ്വാസത്തിന്റെ ആശയം വ്യഞ്ജിപ്പിക്കുന്നു. പുതിയനിയമത്തിൽ വിശ്വാസം പ്രമുഖമായി കാണപ്പെടുന്നു. പിസ്റ്റിസ് (വിശ്വാസം) പിസ്റ്റ്യൂവോ (വിശ്വസിക്കുക) എന്നീ ഗ്രീക്കുപദങ്ങൾ പുതിയനിയമത്തിൽ ഇരുന്നൂറ്റിനാല്പതോളം പ്രാവശ്യം കാണപ്പെടുന്നു; പിസ്റ്റോസ് എന്ന നാമവിശേഷണം അറുപത്തേഴു പ്രാവശ്യവും. ദൈവം ക്രിസ്തുയേശുവിൽ നിറവേറ്റിയ രക്ഷണ്യപ്രവൃത്തിയുടെ പശ്ചാത്തലത്തിലാണ് വിശ്വാസം പുതിയ നിയമത്തിൽ പരമപ്രധാനമായി മാറിയത്. ക്രിസ്തു സ്വന്തമരണത്താൽ മനുഷ്യന്റെ രക്ഷ പൂർത്തിയാക്കി. സ്വന്ത്രപ്രവൃത്തികളിൽ ആശ്രയിക്കാതെ രക്ഷയ്ക്കുവേണ്ടി ക്രിസ്തുവിൽ പൂർണ്ണമായി ആശ്രയിക്കുന്ന മനോഭാവമാണ് വിശ്വാസം.

അറിവിന്റെ ആഴത്തിൽ കിടക്കുന്നത് വിശ്വാസമാണ്. ആൻസലത്തിന്റെ ‘അറിയുവാൻ വേണ്ടി വിശ്വസിക്കുക’ എന്ന പ്രസ്താവന പ്രസിദ്ധമാണ്. ദൈവിക സാക്ഷ്യം സ്വീകരിച്ചു അംഗീകരിക്കുന്നവർ സ്വർഗ്ഗീയ ജ്ഞാനത്തിനു പങ്കാളികളാകുന്നു. അവരുടെ ജ്ഞാനം വിശ്വാസത്തിൽ നിന്നുവരുന്നു. യുക്തിക്കു വിരുദ്ധമല്ലെങ്കിൽ തന്നെയും ദൈവിക വെളിപ്പാടിലെ സത്യങ്ങൾ യുക്തിക്കതീതമാണ്. യുക്തിക്കു കണ്ടെത്താനാവാത്തതു കൊണ്ടാണ് ദൈവം ഈ സത്യങ്ങളെ വെളിപ്പെടുത്തുന്നത്. തന്മൂലം യുക്തികൊണ്ടു തെളിയിക്കുവാൻ കഴിഞ്ഞില്ലെങ്കിലും നാം അവയെ സ്വീകരിക്കേണ്ടതാണ്. വെളിപ്പാടിന്റെ തെളിവുകളെ പരിശോധിക്കാൻ യുക്തി ആവശ്യമാണ്. പരിശോധനയിലൂടെ വെളിപ്പാടിന്റെ ആശയവും സത്യതയും തെളിയിച്ചു കഴിയുന്നതോടെ തന്റെ കർത്തവ്യം പൂർത്തിയാക്കി യുക്തി പിൻവാങ്ങുന്നു. തുടർന്നു വിശ്വാസമാണ് വെളിപ്പാടിനെ സ്വീകരിക്കുന്നത്. ക്രിസ്തുവിലൂടെ മനുഷ്യവർഗ്ഗത്തനു ലഭിച്ച രക്ഷയുടെ യുക്തി സാധാരണ ബുദ്ധിക്ക് അപ്രാപ്യമാകയാൽ പരിശുദ്ധാത്മാവിന്റെ പ്രത്യക്ഷ സാക്ഷിയിലൂടെയാണു വ്യക്തി അതു സ്വായത്തമാക്കുന്നത്. ഇങ്ങനെ രക്ഷയുടെ അനുഭവത്തിൽ ദൈവിക വെളിപ്പാടിന്റെ സത്യതയുടെ അസന്ദിഗ്ദ്ധമായ തെളിവു ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി കൈക്കൊള്ളുന്ന വ്യക്തിക്കു ലഭിക്കുന്നു. ഇവിടെയെല്ലാം വിശ്വാസത്തിനു വിധേയമാണ് യുക്തി. “നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ. ദൈവപുത്രനിൽ വിശ്വസിക്കുന്നവനു ഉള്ളിൽ ആ സാക്ഷ്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്ക്കയാൽ അവനെ അസത്യവാദിയാക്കുന്നു; ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ.” (1യോഹ, 5:9-11). “ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്റെ ആത്മാവിനെ അല്ലാ നാം ‘അബ്ബാ പിതാവേ’ എന്നു വിളിക്കുന്ന പുത്രത്വത്തിന്റെ ആത്മാവിനെ അത്രേ പ്രാപിച്ചത്. നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവു താനും നമ്മുടെ ആത്മാവോടു കൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളും തന്നേ.” (റോമ, 8:14-17).

രക്ഷയുടെ നിബന്ധനയാണ് വിശ്വാസം. വിശ്വാസം രക്ഷയ്ക്കു കാരണമല്ല; കരണം മാത്രമാണ്. നാം വിശ്വസിക്കുന്നതു പോലും ദൈവത്തിന്റെ ബലത്തിന്റെ വല്ലഭത്വത്തിന്റെ വ്യാപാരത്താലാണ്. നീതിമാൻ ജീവിക്കുന്നതു വിശ്വാസത്തോലാണ്. (എബ്രാ, 10:38). വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുന്നതല്ല. (എബ്രാ, 11:6). എബ്രായർ 11-ൽ വിശ്വാസവീരന്മാരുടെ ഒരു പട്ടിക ഉണ്ട്. ക്രിസ്തീയ ജീവിതം വിശ്വാസജീവിതമാണ്. (2കൊരി, 5:7). വിജയകരമായ ജീവിതത്തിന്റെ അടിസ്ഥാനമാണു വിശ്വാസം. (1യോഹ, 5:4,5). വിശ്വാസത്താൽ വിശുദ്ധീകരണം പ്രാപിക്കുന്നു (പ്രവൃ, 26:18), സ്വസ്ഥതയും സമാധാനവും അനുഭവിക്കുന്നു (മത്താ, 11:28; യെശ, 26:3; യോഹ, 14:1; ഫിലി, 4:6,7), ദൈവശക്തിയിൽ കാക്കപ്പെടുന്നു (1പത്രൊ, 1:4), സന്തോഷം അനുഭവിക്കുന്നു. (1പത്രൊ, 1:8), പ്രാർത്ഥനയ്ക്കുത്തരം ലഭിക്കുന്നു (മത്താ, 21:21), അത്ഭുതം പ്രവർത്തിക്കുന്നു (എബ്രാ, 11:32-34).

One thought on “വിശ്വാസം”

Leave a Reply

Your email address will not be published. Required fields are marked *