വിലാപങ്ങൾ

വിലാപങ്ങളുടെ പുസ്തകം (Book of Lamentations)

പഴയനിയമത്തിലെ ഇരുപത്തഞ്ചാമത്തെ പുസ്തകം. എബ്രായകാനോനിലെ മൂന്നാം വിഭാഗമായ എഴുത്തുകളിൽ (കൈത്തുവീം) പെട്ടതാണ് വിലാപങ്ങൾ. മെഗില്ലോത്ത് അഥവാ അഞ്ചു ചുരുളുകളിൽ മൂന്നാമത്തേതാണിത്. അബ് മാസം 9-നുള്ള ഉപവാസത്തിൽ സിനഗോഗിലെ പ്രഭാത സന്ധ്യാരാധനകളിൽ വിലാപങ്ങൾ പാരായണം ചെയ്യും. ബി.സി. 587-ൽ കല്ദായരും എ.ഡി. 70-ൽ തീത്തൂസിന്റെ കീഴിൽ റോമാക്കാരും വിശുദ്ധനഗരം നശിപ്പിച്ചതിന്റെ സ്മാരകദിനമാണ് അബ്മാസം ഒമ്പതാം തീയതി. അയ്യോ എങ്ങനെ എന്നർത്ഥം വരുന്ന ‘ഏഹാഹ്’ ആണ് എബ്രായ പേര്. ഈ പദം കൊണ്ടാണ് എബായയിൽ വിലാപങ്ങൾ ആരംഭിക്കുന്നത്. പാരമ്പര്യമനുസരിച്ച് യിരെമ്യാവാണ് എഴുത്തുകാരൻ. പ്രവാചകൻ യഹോവയുടെ നീതിയെ വാഴ്ത്തുകയും യിസ്രായേൽ ജനത്തിന്റെ അതിക്രമത്തിൽ ദു:ഖിക്കുകയും ചെയ്യുന്നു. അനുതപിക്കുവാൻ അദ്ദേഹം ജനത്തെ ആഹ്വാനം ചെയ്യുന്നു. ദുഷ്ടത ഹേതുവായിട്ടാണ് യഹോവ സ്വന്തം ജനത്തെ ഉപേക്ഷിക്കുകയും വിശുദ്ധമന്ദിരം ജാതികൾക്കു ഏല്പിച്ചു കൊടുക്കുകയും ചെയ്തത്. 

ഗ്രന്ഥകർത്താവും കാലവും: എബ്രായയിൽ പുസ്തകത്തിന്റെ പേരിനോടൊപ്പം എഴുത്തുകാരന്റെ പേർ ചേർത്തിട്ടില്ല. ‘യെരൂശലേമിനെക്കുറിച്ചു യിരെമ്യാവു ഈ വിലാപം വിലപിച്ചു’എന്ന ആമുഖക്കുറിപ്പ് സെപ്റ്റജിന്റിലുണ്ട്. യിരെമ്യാവിന്റെ കർത്തൃത്വത്തെ നിഷേധിക്കുന്ന പല പണ്ഡിതന്മാരുമുണ്ട്. അവരുടെ നിഗമനത്തിൽ പാരമ്പര്യം വിശ്വാസയോഗ്യമല്ല. യിരെമ്യാവിന്റെ മറ്റു രചനകളുമായി തുലനം ചെയ്യുമ്പോൾ ആന്തരികമായ തെളിവും ചരിത്രപരമായ ചില സൂചനകളും യിരെമ്യാവിന്റെ കർത്തൃത്വത്തിന്നെതിരാണ്. അവരുടെ അഭിപ്രായത്തിൽ പലർ ചേർന്നെഴുതിയതാണ് വിലാപങ്ങൾ. ഈ പുസ്തകത്തിനു അന്തിമരൂപം നല്കിയതു് ബാരൂക്കാണെന്നു കരുതുന്നവരുമുണ്ട്. എന്നാൽ യിരെമ്യാവിന്റെ കർത്തൃത്വം നിഷേധിച്ചുകഴിഞ്ഞാൽ ഇതിന്റെ കർത്താവായി ചൂണ്ടിക്കാണിക്കപ്പെടാവുന്ന ഒരു സമകാലീന വ്യക്തിയില്ല. യിരെമ്യാവാണ് എഴുത്തുകാരൻ എന്ന് ദീർഘകാലമായി നിലനിന്നുപോരുന്ന പാരമ്പര്യം ഒരടിസ്ഥാനവുമില്ലാതെ ഉണ്ടായതാവാൻ ഇടയില്ല. പദസഞ്ചയത്തിലെ വ്യത്യാസം അടിസ്ഥാനമാക്കിയുള്ള വാദം നിലനില്പ്പുള്ളതല്ല. ഈ പാരമ്പര്യമാകട്ടെ ഗ്രീക്കു വിവർത്തനത്തിന്റെ കാലം മുതൽ നിലനിന്നു വരുന്നതാണ്. വുൾഗാത്ത, യോനാഥാന്റെ തർഗും, സഭാപിതാക്കന്മാർ എന്നിങ്ങനെ സാക്ഷികളുടെ പിൻബലം പാരമ്പര്യത്തിനുണ്ട്. വിലാപങ്ങളിലെ വർണ്ണന ഒരു ദൃക്സാക്ഷിയുടേതാണ്. ബി.സി. 587-ലെ ദുരന്തത്തിനു എഴുത്തുകാരൻ സാക്ഷിയായിരുന്നു എന്ന് രണ്ടും നാലും അദ്ധ്യായങ്ങൾ സൂചിപ്പിക്കുന്നു. പുസ്തകത്തിന്റെ ശേഷിച്ച ഭാഗം പ്രവാസത്തിന്റെ ആരംഭകാലത്ത് ബാബിലോണിൽ വച്ചെഴുതിയിരിക്കാം. യിരെമ്യാ പ്രവാചകന്റെ വികാര നിർഭരമായ ഹൃദയമാണ് വിലാപങ്ങളിൽ തുടിക്കുന്നത്.

ഉദ്ദേശ്യം: ബി.സി. 587-ൽ വിശുദ്ധനഗരത്തിനു നേരിട്ട നാശത്തെക്കുറിച്ചു ദു:ഖിച്ചെഴുതിയ അഞ്ചു വിലാപകവിതകളാണ് ഉള്ളടക്കം. ആദ്യത്തെ രണ്ടിലും (ഒന്നും രണ്ടും അദ്ധ്യായങ്ങൾ) വാക്യം തുടങ്ങുന്നത് എബായ അക്ഷരമാലാ ക്രമത്തിലാണ്. മൂന്നാമത്തെ അദ്ധ്യായത്തിൽ ഓരോ അക്ഷരത്തിലും മൂന്നു വാക്യം വീതമുണ്ട്. ഒരേ അക്ഷരം കൊണ്ടു തന്നെയാണ് ഓരോ മൂന്നു വാക്യങ്ങളും ആരംഭിക്കുന്നത്. അഞ്ചാമത്തെ ഗീതത്തിന് ഇരുപത്തിരണ്ടു വാക്യങ്ങളുണ്ടെങ്കിലും അത് അക്ഷരമാലാ ക്രമത്തിലല്ല. വിലാപഗാനം എന്നതിലേറെ അതൊരു പ്രാർത്ഥനയാണ്. യഹൂദയുടെ നിരന്തരവും അനുതാപമില്ലാത്തതുമായ വിഗ്രഹാരാധനയുടെ ഫലമായി, യെരൂശലേം നഗരം ഉപരോധിക്കാനും കൊള്ളയടിക്കാനും നശിപ്പിക്കാനുമായി ദൈവം ബാബിലോണിയരെ അനുവദിച്ചു. ഏകദേശം 400 വർഷമായി നിലനിന്നിരുന്ന ശലോമോന്റെ ദൈവാലയം ശത്രുക്കൾ തീവെച്ച് നശിപ്പിച്ചു. ഈ സംഭവങ്ങളുടെ ദൃക്സാക്ഷിയായ യിരെമ്യാ പ്രവാചകൻ യഹൂദയ്ക്കും യെരൂശലേമിനും സംഭവിച്ചതിന്റെ വിലാപമായിട്ടാണ് ഈ ഗ്രന്ഥം എഴുതുന്നത്. യിരമ്യാപ്രവചനങ്ങളുടെ ഒരു അനുബന്ധം എന്ന രീതിയിലാണ് ഈ പുസ്തകം രൂപകല്പന ചെയ്തിരിക്കുന്നത്. യെരുശലേമിന്റെയും ആലയത്തിന്റെയും നാശത്തിങ്കലുള്ള പ്രവാചകന്റെ അഗാധമായ ദുഃഖമാണ് അതിൽ വിവരിച്ചിരിക്കുന്നത്. തന്റെ പ്രവചനങ്ങൾ നിവൃത്തിയായതിൽ ആവേശഭരിതനാകാതെ, തന്റെ ജനത്തിന്റെ കഷ്ടതയോർത്ത് താൻ കയ്പോടെ കരയുകയാണ് ചെയ്യുന്നത്.

പ്രധാന വാക്യങ്ങൾ: 1. “യഹോവ നിർണ്ണയിച്ചതു അനുഷ്ടിച്ചിരിക്കുന്നു; പുരാതനകാലത്തു അരുളിച്ചെയ്തതു നിവർത്തിച്ചിരിക്കുന്നു. കരുണകൂടാതെ അവൻ ഇടിച്ചുകളഞ്ഞു; അവൻ ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിപ്പിച്ചു വൈരികളുടെ കൊമ്പു ഉയർത്തിയിരിക്കുന്നു.” വിലാപങ്ങൾ 2:17.

2. “നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു.” വിലാപങ്ങൾ 3:22,23.

3. “യഹോവേ, നീ ശാശ്വതനായും നിന്റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു. നീ സദാകാലം ഞങ്ങളെ മറക്കുന്നതും ദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്തു? യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിന്നു ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ; ഞങ്ങൾക്കു പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ.” വിലാപങ്ങൾ 5:19-21.

ബാഹ്യരേഖ: I. യെരുശലേമിന്റെ ഭയങ്കരമായ ശൂന്യത: 1:1-11.

II. ജനത്തിന്റെ ദാരുണമായ അവസ്ഥ: 1:12-22.

1. കരച്ചിൽ: 1:12-17.

2. അനുതാപം: 1:18,19.

3. പ്രാർത്ഥന: 1:20-22. 

III. യെരുശലേമിന് എതിരെയുള്ള ദൈവത്തിൻ്റെ കോപം: 2:1-22.

1. ദൈവകോപത്തിന്റെ ഫലങ്ങൾ: 2:1-13.

2. ദൈവകോപത്തിന്റെ കാരണം; ജനത്തിനു താക്കീതു നൽകുന്നതിലെ കള്ളപ്രവാചകന്മാരുടെ പരാജയം: 2:14.

3. കാഴ്ചക്കാരുടെ പരിഹാസം: 2:15,16.

4. ദൈവികമുന്നറിയിപ്പുകളുടെ നിവൃത്തീകരണം: 2:17.

5. അനുതാപത്തിനായുള്ള ക്ഷണം: 2:18,19.

6. ദൈവിക കരുണയ്ക്കു വേണ്ടിയുള്ള പ്രാർത്ഥന: 2:20-22. 

IV. ശേഷിപ്പിന്റെ ദുഃഖവും അനുതാപവും പ്രവാചകന്റെ വാക്കുകളിൽ: 3:1-66.

1. ദൈവത്തിന്റെ ന്യായവിധികൾ: 3:1-18.

2. ദൈവത്തിന്റെ കരുണ: 3:19-39.

3. ആത്മീയ പുതുക്കത്തിനായുള്ള ക്ഷണം: 3:40-42. 

4. യെരുശലേമിനെ കുറിച്ചുള്ള യിരമ്യാവിന്റെ ദുഖം: 3:43-51.

5. ശത്രുക്കളിൽ നിന്നുള്ള വിടുതലിനു വേണ്ടിയുള്ള പ്രവാചകന്റെ പ്രാർത്ഥന: 3:52-66.

V. യഹൂദയുടെ കഴിഞ്ഞകാലവും ഇപ്പോഴത്തെ അവസ്ഥയും:  4:1-20.

VI. നശിപ്പിക്കപ്പെടുന്ന ഏദോമും, പുനരുദ്ധരിക്കപ്പെടുന്ന യഹുദയും: 4:21,22.

VIl. കരുണയ്ക്കും പുനരുദ്ധാരണത്തിനുമായി ശേഷിപ്പ് ദൈവത്തോട് അപേക്ഷിക്കുന്നു: 5:1-22.

Leave a Reply

Your email address will not be published.