വാഗ്ദത്തസന്തതി (1) അബ്രാഹാമിൻ്റെ സന്തതി

വാഗ്ദത്തസന്തതി (അബ്രാഹാമിൻ്റെ സന്തതി)

“ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 12:2,3)

“നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” (ഉല്പ, 22:18)

“ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 26:5)

“നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 28:14)

“എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.” (ഗലാ, 3:16). 

ഒരു വ്യക്തിയുടെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടി എന്തെങ്കിലും നല്കാമെന്നോ ഒരു പ്രത്യേക കാര്യം ചെയ്യാമെന്നോ, ചെയ്യുന്നതിൽനിന്നു ഒഴിഞ്ഞിരിക്കാമെന്നോ ആയാൾക്കു നല്കുന്ന ഉറപ്പാണ് വാഗ്ദത്തം. ബൈബിളിൽ ഒരു വാഗ്ദത്ത സന്തതിയെക്കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. (ഉല്പ, 22:16-18; 26:2:5; 28:12-14; റോമ, 4:13-16,20; 9:8,9; 15:8; ഗലാ, 3:16-22; 4:23; എബ്രാ, 6:13-17; 7:6; 11:9,11,18). അത് കല്ദയ പട്ടണമായ ഊരിൽനിന്ന് ദൈവം വിളിച്ചു വേർതിരിച്ച അബ്രാഹാമിനോടു ചെയ്ത നിയമത്തിൽ പെട്ടതാണ്. ദൈവത്തിൻ്റെ സ്നേഹിതനും (2ദിന, 20:7; യെശ, 41:8; യാക്കോ, 2:23), ദൈവത്തിൽ അചഞ്ചലമായ വിശ്വാസം ആർപ്പിച്ചവനുമായ അബ്രാഹാമിനോടു ദൈവം ചെയ്ത വാഗ്ദത്തനിയമം നിരുപാധികവും നിത്യവുമാണ്. (ഉല്പ, 17:7,13,19). പില്ക്കാലത്ത് ദൈവം യിസ്രായേലിനോട് ചെയ്ത എല്ലാ ഉടമ്പടികൾക്കും അടിസ്ഥാനം അബ്രഹാമ്യ നിയമമത്രേ. അതിൽ ഏഴ് വാഗ്ദത്തങ്ങളുണ്ട്: ഒന്ന്; ഞാൻ നിന്നെ വലിയോരു ജാതിയാക്കും. (ഉല്പ, 12:2). രണ്ട്; നിന്നെ അനുഗ്രഹിക്കും. (12:2). മൂന്ന്; ഞാൻ നിൻ്റെ നിന്റെ പേർ വലുതാക്കും. (12:2). നാല്; നീ ഒരു അനുഗ്രഹമായിരിക്കും. (12:2). അഞ്ച്; നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. (12:3). ആറ്; നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും. (12:3). ഏഴ്; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും. (12:3). അതിൽ ഒന്നാമത്തെയും ഏഴാമത്തെയും ഏഴാമത്തെയും വാഗ്ദത്തം ശ്രദ്ധേയമാണ്. ‘ഞാൻ നിന്നെ വലിയോരു ജാതിയാക്കും’ എന്നതാണ് ഒന്നാമത്തെ വാഗ്ദത്തം. ‘നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും’ എന്നതാണ് ഏഴാമത്തെ വാഗ്ദത്തം. എബ്രായരുടെ പിതാവ് എബ്രായനെന്ന് ആദ്യം വിളിക്കപ്പെട്ട അബ്രാഹാമാണ്. (ഉല്പ, 14:13). ഈ വാഗ്ദത്തങ്ങൾ പോലെ, ഭൂമിയിലെ പൊടിപോലെ ഭൗമിക സന്തതികളെയും ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആത്മീയ സന്തതികളെയും അബ്രാഹാമിനു ലഭിച്ചു. “അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.” (റോമ, 4:16). ഒന്നും ഏഴും വാഗ്ദത്തപ്രകാരം ഭൗമികസന്തതി ന്യായപ്രമാണമുള്ള യിസ്രായേൽ ജനതയും, ആത്മീയസന്തതി ന്യായപ്രമാണമില്ലാത്ത വിശ്വാസികളുമാണ്. അഥവാ, പ്രവൃത്തിയുടെ മക്കളും (യാക്കോ, 2:21) വിശ്വാസത്തിൻ്റെ മക്കളും. (റോമ, 4:16).

യിസ്ഹാക്കിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ നോക്കിയാൽ, ദൈവം വാഗ്ദത്തം ചെയ്ത സന്തതി യിസ്ഹാക്കാണെന്ന് തോന്നും. (ഉല്പ, 21:1-3). അതുകൊണ്ടാണ് യിസ്ഹാക്കാണ് വാഗ്ദത്ത സന്തതിയെന്ന് പലരും പറയുകയും പ്രസംഗിക്കുകയും ചെയ്യുന്നത്. എന്നാൽ, നാം മുകളിൽ ചിന്തിച്ച ഹാരാനിൽവെച്ചുള്ള ഏഴ് വാഗ്ദത്തങ്ങളുടെ കൂട്ടത്തിൽ യിസ്ഹാക്കെന്ന ഏകനല്ല ഉള്ളത്. “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.” നിൻ്റെ സന്തതിയാലല്ല; ‘നിന്നിൽ’ അഥവാ അബ്രാഹാമിൽ: ‘സകല വംശങ്ങളും.’ അവിടെ ഒരു സന്തതിയില്ല; അബ്രാഹാമിലൂടെ സകലവംശങ്ങളും അനുഗ്രഹം പ്രാപിക്കുമെന്നാണ് വാഗ്ദത്തം. അനുഗ്രഹിക്കപ്പെടേണ്ടവർ യിസ്രായേലും ജാതികളുമാണ്. അവരുടെ കൂട്ടത്തിൽ യിസ്ഹാക്ക് ഉൾപ്പെടുമെന്ന് മാത്രമേയുള്ളു. എന്നാൽ ഈ വാഗ്ദത്തം പൂർവ്വപിതാക്കന്മാരോട് (അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്) സ്ഥിരീകരിക്കുമ്പോൾ, അബ്രാഹാമിലൂടെ ഒരു ‘വാഗ്ദത്തസന്തതി’ വരുന്നതുകാണാം. എന്നാൽ ആ സന്തതിയും വാഗ്ദത്തം സാക്ഷാത്കരിക്കുന്നതിൽ പരാജയപ്പെടുകയും, ഒടുവിലത് യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നതായും കാണാം. നമുക്കിനി ദൈവം, അബ്രാഹാം യിസ്ഹാക്ക് യാക്കോബുമാരിലൂടെ വാഗ്ദത്തം ഉറപ്പിക്കുന്നത് നോക്കാം:

വാഗ്ദത്തസ്ഥിരീകരണം. അബ്രാഹാമിനോടു: “ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” (ഉല്പ, 22:17,18). നാലു കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒന്ന്; ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും. (22:17). ‘ഞാൻ നിന്നെ’ ഇത് യിസ്ഹാക്കല്ല; അബ്രാഹാമാണ്. രണ്ട്; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും. (22:17). ഇതും യിസ്ഹാക്കല്ല; നിൻ്റെ സന്തതിയെന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, ‘ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽപോലെയും’ എന്ന് പറഞ്ഞിരിക്കുന്നത് യിസ്രായേലിനെയാണ്. മൂന്ന്; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. (22:17). ഇതും യിസ്ഹാക്കല്ല; ഇവിടെയും നിൻ്റെ സന്തതിയെന്ന് ഏകവചനത്തിൽ പറഞ്ഞശേഷം ‘ശത്രുക്കളുടെ പട്ടണങ്ങളെ (കനാൻ) കൈവശമാക്കുന്ന’ യിസ്രായേലിനെ കുറിച്ചാണ് പറയുന്നത്. നാല്; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും. (22:18). ഇവിടെ വ്യക്തമല്ലേ? അബ്രാഹാം മുഖാന്തരമല്ല, സന്തതി മുഖാന്തരമാണ് അനുഗ്രഹിക്കപ്പെടേണ്ടത്. ആ സന്തതി യിസ്ഹാക്കല്ല; ആകാശത്തിലെ നക്ഷത്രങ്ങൾപോലെ പെരുകി, ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കുന്ന യിസ്രായേലാണ്. മിസ്രയീമിൽ അവർ വർദ്ധിച്ചുപെരുകി നാല്പത് ലക്ഷത്തിലധികം പേരാണ് പുറപ്പെട്ടുവന്ന് ശത്രുക്കളുടെ പട്ടണമായ കനാൻ കൈവശമാക്കിയത്. (ആവ, 20:16,17).

യിസ്ഹാക്കിനോടു: “ഈ ദേശത്തു താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും. അബ്രാഹാം എന്റെ വാക്കു കേട്ടു എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 26:3-5). അബ്രാഹാമിനോടു പറഞ്ഞ അതേ കാര്യംതന്നെയാണ് യിസ്ഹാക്കിനോടും പറയുന്നത്. ഇവിടെ അഞ്ച് കാര്യങ്ങൾ കാണാം: ഒന്ന്; ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും. (26:3). രണ്ട്; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും. (26:3). ഇവിടെയും സന്തതിയെന്ന് പറയുന്നത് ഏകവചനത്തിലാണ്. മൂന്ന്; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും. (26:3). നാല്; ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും. (26:5). ഇവിടെ വ്യക്തമല്ലേ? സന്തതി ഏകനല്ല; ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ പെരുപ്പമുള്ളതാണ്. അഞ്ച്; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.” (26:5). ഇവിടെയും സ്പഷ്ടമല്ലേ; സന്തതി മുഖാന്തരമാണ് സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ടത്. അബ്രാഹാമിനോടുള്ള സന്തതിയുടെ വാഗ്ദത്തം യിസ്ഹാക്കിനും കൊടുക്കുമ്പോൾ, സന്തതി യിസ്ഹാക്കല്ല; അനേകരായ യിസ്രായേലാണ്. 

യാക്കോബിനോടു: “അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 28:13,14). ഇവിടെയും നാലുകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്: ഒന്ന്; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. (28:13). ആദ്യഭാഗത്ത് സന്തതിയെന്ന് ഏകവചനത്തിലാണ് പറയുന്നത്. രണ്ട്; നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും. (28:14). സന്തതി ഏകനല്ല; ഭൂമിയിലെ പൊടിപോലെ അസംഖ്യമാണെന്ന് വ്യക്തമാകുന്നു. മൂന്ന്; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും. (28:4). ഇതും സന്തതി ഏകനല്ല; ഒരു ജനതയെ കുറിക്കുന്നതായി മനസ്സിലാക്കാം. നാല്; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും. (28:14). ദൈവം അബ്രഹാമിനു വാഗ്ദത്തങ്ങൾ നല്കുമ്പോൾ, “ഞാൻ നിന്നെ വലിയോരു ജാതിയാക്കും, നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നും പറഞ്ഞിരുന്നു. (12:2,3). എന്നാൽ വാഗ്ദത്തം വീണ്ടും ഉറപ്പിക്കുമ്പോൾ, അബ്രാഹാമിനോടും യിസ്ഹാക്കിനോടും ‘നിൻ്റെ സന്തതി മുഖന്തരം’ എന്നാണ് പറയുന്നത്. (22:18; 26:5). എന്നാൽ അതേ വാഗ്ദത്തം യാക്കോബിനു കൊടുക്കുമ്പോൾ, ‘നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും’ എന്നാണ് പറയുന്നത്. ‘നീ മുഖാന്തരം അഥവാ യാക്കോബ് മുഖാന്തരം’ എന്നു പറയാൻ കാരണം: അബ്രാഹാമിൻ്റെ പൗത്രനും യിസ്ഹാക്കിൻ്റെ പുത്രനുമായ യാക്കോബിലൂടെയാണ് ദൈവത്തിൻ്റെ ജനമായ യിസ്രായേലിൻ്റെ ഉത്ഭവം. യാക്കോബിന് ദൈവം കൊടുത്ത മറുപേരാണ് യിസ്രായേൽ. (ഉല്പ, 32:28; 35:10). യാക്കോബിലൂടെ അവൻ്റെ സന്തതികളായ പന്ത്രണ്ട് ഗോത്രങ്ങൾക്കും, ആ ജനതയ്ക്കും, അവരുടെ രാജ്യത്തിനൂം യിസ്രായേലെന്ന പേരായി. അടുത്തഭാഗം: നിന്റെ സന്തതി മുഖാന്തരവും: ഇവിടെയും വ്യക്തമാകുന്നു; വാഗ്ദത്തസന്തതി യിസ്ഹാക്കുമല്ല, യാക്കോബുമല്ല, രൂബേനുമല്ല; സകലജാതികളിലും വെച്ചു പ്രത്യേക സമ്പത്തായി ദൈവം തിരഞ്ഞടുത്ത സ്വന്തജനമായ യിസ്രായേലാണ്. 

പഴയനിയമത്തിലെ വാഗ്ദത്തസന്തതി യിസ്ഹാക്കല്ല; യിസ്രായേലാണ് എന്നതിൻ്റെ അഞ്ച് തെളിവുകൾ: ഒന്ന്; അബ്രാഹാമിനോടുള്ള നിത്യവും നിരുപാധികവുമായ വാഗ്ദത്തം: “ഞാൻ നിന്നെ വലിയോരു ജാതിയാക്കും എന്നും, നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നാണ്. (ഉല്പ, 12:2,3). ഈ വാഗ്ദത്തം യിസ്ഹാക്കെന്ന വ്യക്തിയോടല്ല, സകലജാതി അഥവാ സകല വംശങ്ങളോടുമാണ്. അത്, യിസ്രായേലും ജാതികളും ഉൾപ്പെടുന്ന അഥവാ ഭൗമിക സന്തതികളും ആത്മീയ സന്തതികളും ഉൾപ്പെടുന്ന അസംഖ്യം വ്യക്തികളെക്കുറിച്ചാണ്; അതിനുള്ളിൽ യിസ്ഹാക്കും ഉൾപ്പെടുമെന്ന് മാത്രം. രണ്ട്; അബ്രാഹാമിനോട് വാഗ്ദത്തം പുതുക്കുമ്പോൾ, “നിൻ്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നു പറയുന്നു. (22:18). ‘നിൻ്റെ സന്തതി മുഖാന്തരം’ എന്നു ഏകവചനത്തിൽ പറയുമ്പോൾ, യിസ്ഹാക്കാണെന്ന് തോന്നുമെങ്കിലും, യിസ്ഹാക്കല്ല; അത് യിസ്രായേലാണെന്ന് മനസ്സിലാക്കാം. കാരണം: യിസ്ഹാക്കിനും (26:5), യാക്കോബിനും (28:14) ദൈവം അതേ വാഗ്ദത്തമാണ് നല്കുന്നത്. അതിനാൽ, വാഗ്ദത്തസന്തതി യിസ്ഹാക്കും, യാക്കോബും, രൂബേനുമല്ല; യിസ്രായേലാണെന്ന് വ്യക്തം. മൂന്ന്; വാഗ്ദത്തസന്തതി യിസ്ഹാക്കല്ല എന്നതിന് ശക്തമായൊരു തെളിവ് പുതിയ നിയമത്തിലുണ്ട്. എന്തായാലും അബ്രാഹാമിൻ്റെ സന്തതിയാണല്ലോ വാഗ്ദത്ത സന്തതി. എന്നാൽ എബ്രായലേഖകൻ പറയുന്നു: യിസ്ഹാക്കല്ല; യിസ്ഹാക്കിൽനിന്ന് ജനിക്കുന്നവരാണ് അബ്രാഹാമിൻ്റെ സന്തതി: “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു.” (11:18). യിസ്ഹാക്കിൽനിന്ന് ജനിച്ചവരാണല്ലോ യിസ്രായേല്യർ. ‘ജനിക്കുന്നവർ നിൻ്റെ സന്തതി എന്നു വിളിക്കപ്പെടും’ ഇവിടെ നോക്കുക: ‘യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ’ എന്നു ബഹുവചനത്തിൽ പറഞ്ഞശേഷം ‘സന്തതി’ എന്നു ആ ജനതയെ ഏകവചനത്തിൽ പറയുന്നത് ശ്രദ്ധിക്കുക. ഇതിൽക്കൂടുതൽ തെളിവെന്തിനാണ്. നാല്: വാഗ്ദത്തസന്തതി യിസ്രായേല്യർ ആണെന്നതിന് മറ്റനവധി തെളിവുകൾ കൂടിയുണ്ട് പുതിയനിയമത്തിൽ: “വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.” (പ്രവൃ, 2:39. ഒ.നോ: പ്രവൃ, 13:32; റോമ, 4:13; 9:4; 9:8; 15:8; എബ്രാ, 6:17). അഞ്ച്; ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ദൈവം ജാതികൾക്കു പ്രകാശമാക്കി വെച്ചിരിക്കുന്നത് യിസ്രായേലിനെയാണ്. (യെശ, 49:6). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതെന്നു” യേശു പറഞ്ഞതും കുറിക്കൊള്ളുക. (യോഹ, 4:22). അതിനാൽ, സന്തതി യിസ്ഹാക്കല്ല; യിസ്രായേലാണെന്ന് പകൽപോലെ വ്യക്തമാകുന്നു.

അബ്രാഹാമിനോടുള്ള നിത്യവും നിരുപാധികവുമായ വാഗ്ദത്തം: “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നതാണ് വാഗ്ദത്തം. (ഉല്പ, 12). ഈ വാഗ്ദത്തപ്രകാരം, ‘നിന്നിൽ’ അഥവാ അബ്രാഹാമിലൂടെ, ‘ഭൂമിയിലെ സകല വംശങ്ങളും’ അനുഗ്രഹിക്കപ്പെടണം. എന്നാൽ ദൈവം വാഗ്ദത്തം പുതുക്കുമ്പോൾ, പൂർവ്വപിതാക്കന്മാർ മൂന്നുപേർക്കും അതിൻ്റെ ഉറപ്പുകൊടുക്കുന്നു. ഒപ്പം വാഗ്ദത്തത്തിന്മേൽ ഒരു വ്യത്യാസവും വരുത്തുന്നു. ‘നിന്നിൽ’ അബ്രാഹാമിൽ എന്നതുമാറി, “നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും” അഥവാ, “അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും സന്തതി മുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നായി. (22:18; 26:5; 28:14). ആ സന്തതി യിസ്രായേലാണെന്ന് ദൈവത്തിൻ്റെ വചനം വ്യക്തമായി പറഞ്ഞിരിക്കുന്നത് നാം കണ്ടുകഴിഞ്ഞു. ഈ സന്തതി അഥവാ യിസ്രായേൽജനത മുഖാന്തരമാണ് ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ടത്. (യെശ, 49:6; യോഹ, 4:22).

അബ്രാഹാമിൻ്റെ സന്തതി പുതിയനിയമത്തിൽ: പഴയനിയമത്തിൽ അബ്രാഹാമിൻ്റെ സന്തതി അഥവാ പൂർവ്വപിതാക്കന്മാരുടെ സന്തതി യിസ്രായേലാണെന്ന് നാം കണ്ടുകഴിഞ്ഞു. ഇനി നാം ചിന്തിക്കുന്നത്, പുതിയനിയമത്തിൽ ആ സ്ഥാനം യേശുക്രിസ്തുവിൽ വന്നതെങ്ങനെയാണ്? നമുക്കറിയാം: പുതിയനിയമത്തിൽ യേശുവിനെ യിസ്ഹാക്കിൻ്റെ സന്തതിയെന്നും, യാക്കോബിൻ്റെ സന്തതിയെന്നും അക്ഷരംപ്രതി വിളിച്ചിട്ടില്ല; എന്നാൽ രണ്ട് വംശാവലികളിലും അവരുടെ സന്തതിയായി പറഞ്ഞിട്ടുണ്ട്. (മത്താ, 1:2; ലൂക്കൊ, 3:34). എന്നാൽ യേശു അബ്രാഹാമിൻ്റെ സന്തതിയാണെന്ന്  കൃത്യമായി പറഞ്ഞിട്ടുണ്ട്: “എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.” (ഗലാ, 3:16. ഒ.നോ: മത്താ, 1:1,2; ലൂക്കൊ, 3:34). ഈയൊരു വേദഭാഗം പഴയനിയമവുമായി താരതമ്യം ചെയ്യുമ്പോൾ ക്രിസ്തു അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും സന്തതിയാണെന്ന് വ്യക്തമാണ്. (ഉല്പ, 12:7; 13:15; 22:18; 26:5; 28:14 = ഗലാ, 3:16). പഴയനിയമത്തിൽ യിസ്രായേൽ പൂർവ്വപിതാക്കന്മാരുടെ സന്തതി മാത്രമല്ല; ദാവീദിൻ്റെയും (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89:29, 36,37=ദാനീ, 7:27), വിശേഷാൽ ദൈവത്തിൻ്റെയും സന്തതിയാണ്. (പുറ, 4:22,23; സങ്കീ, 2:7, 2:12; ഹോശേ, 11:2). പഴയനിയമത്തിൽ ദൈവത്തിൻ്റെ പുത്രനെന്ന് വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. 

യേശുക്രിസ്തുവിൻ്റ പദവികൾ: പഴയനിയമത്തിൽ യേശുക്രിസ്തു അഥവാ യേശുവെന്ന അഭിഷിക്ത മനുഷ്യനില്ല; തന്മൂലം യാതൊരു പദവികളും അവിടെയില്ല; ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനങ്ങൾ മാത്രമാണുള്ളത്. പുതിയനിയമത്തിലെ ക്രിസ്തുവിൻ്റെ പ്രധാനപദവികൾ ഇതാണ്: അബ്രാഹാമിൻ്റെ സന്തതി (മത്താ, 1:1; ഗലാ, 3:16), അഭിഷിക്തൻ/ക്രിസ്തു (മത്താ, 1:1; ലൂക്കൊ, 4:18-21; പ്രവൃ, 10:38), ആദ്യജാതൻ (റോമ, 8:29; കൊലൊ, 1:15), ജാതികളുടെ പ്രകാശം (മത്താ, 4:14-16; യോഹ, 8:12; 9:5), ദാവീദിൻ്റെ പുത്രൻ (മത്താ, 9:27; 15:22), ദാസൻ (മത്താ, 12:17; പ്രവൃ, 3:13,26), ദൈവപുത്രൻ (ലൂക്കൊ, 1:32,35; മത്താ, 14:33), പരിശുദ്ധൻ (ലൂക്കൊ, 4:34; യോഹ, 6:69; പ്രവൃ, 2:27; 3:14; 13:35), പുരുഷൻ/മനുഷ്യൻ (മത്താ, 26:72,74; യോഹ, 8:40), പുരോഹിതൻ (എബ്രാ, 5:6; 6:20; 7:3), പ്രവാചകൻ (മത്താ, 14:5; പ്രവൃ, 3:22), മനുഷ്യപുത്രൻ (മത്താ, 8:20; 9:6), മുന്തിരിവള്ളി (യോഹ, 15:1, 15:5), യാക്കോബിൻ്റെ സന്തതി (മത്താ, 1:2; ലൂക്കൊ, 3:34; ഗലാ, 3:16), യിസ്ഹാക്കിൻ്റെ സന്തതി (മത്താ, 1:2; ലൂക്കൊ, 3:34; ഗലാ, 3:16), രക്ഷാനായകൻ (എബ്രാ, 2:10), രാജാവ് (മത്താ, 2:2; ലൂക്കൊ, 1:33; യോഹ, 1:49), വലത്തുഭാഗത്തിരിക്കുന്ന കർത്താവ് (മത്താ, 22:43,44).

യിസ്രായേലിൻ്റെ പദവികൾ: പുതിയനിയമത്തിൽ യേശുവിൽ നിവൃത്തിയായ മേല്പറഞ്ഞ പദവികളെല്ലാം പഴയനിയമത്തിൽ ദൈവം യിസ്രായേലിനു കൊടുത്തിരുന്നതാണെന്ന് കാണാൻ കഴിയും. നോക്കുക: അബ്രഹാമിൻ്റെ സന്തതി (ഉല്പ, 22:17,18), അഭിഷിക്തൻ (2ശമൂ, 2:10, 35; സങ്കീ, 132:10, 17), ആദ്യജാതൻ (പുറ, 4:22), ജാതികളുടെ പ്രകാശം (യെശ, 42:7; 49:6) ദാവീദിൻ്റെ സന്തതി (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89:29, 36), ദാസൻ (സങ്കീ, 136:22; യെശ, 41:8; 42:1), പുത്രൻ (പുറ, 4:22,23; ഹോശേ, 11:1), പരിശുദ്ധൻ (പുറ, 19:6; സങ്കീ, 16:10), പുരുഷൻ (സങ്കീ, 8:4; 80:17), പുരോഹിതൻ (പുറ, 19:6; സങ്കീ, 110:4; യെശ, 61:6; ഹോശേ, 4:6), പ്രവാചകൻ (1ദിന, 16:22; സങ്കീ, 105:15), മനുഷ്യപുത്രൻ (സങ്കീ, 8:4; 80:17; ദാനീ, 7:13), മുന്തിരിവള്ളി (സങ്കീ, 80:8; യിരെ, 2:21; ഹോശേ, 10:1), യാക്കോബിൻ്റെ സന്തതി (28:13,14), യിസ്ഹാക്കിൻ്റെ സന്തതി (ഉല്പ, 26:5), രക്ഷാവാഹകൻ (യെശ, 49:6), രാജാവ് (സങ്കീ, 2:6; 20:9; 45:1; ദാനീ, 7:18, 21, 27), വലത്തുഭാഗത്തിരിക്കുന്ന കർത്താവ് (സങ്കീ, 110:1; 80:17).

ഭൗമിക സന്തതിയും ആത്മീയ സന്തതിയും: ദൈവം അബ്രാഹാമിനു കൊടുത്ത നിത്യവും നിസ്തലവുമായ വാഗ്ദത്തപ്രകാരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടണം. (ഉല്പ, 12:2,3). വാഗ്ദത്തം സ്ഥിരീകരിക്കുമ്പോൾ, ഒരു സന്തതിയിലൂടെയാണ് സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ടതെന്നും, ആ സന്തതി യിസ്രായേലെന്നും മുകളിൽ നാം കണ്ടുകഴിഞ്ഞു. അപ്പോൾത്തന്നെ യേശുക്രിസ്തുവിനെ പൂർവ്വപിതാക്കന്മാരുടെ സന്തതിയായി പുതിയനിയമത്തിലും പറഞ്ഞിരിക്കുന്നു. (ഗലാ, 3:16). ക്രിസ്തു സ്വർഗ്ഗീയനായതിനാൽ അതൊരു ആത്മീയ സന്തതിയാണെന്ന് വ്യക്തമാണ്. (യോഹ, 3:31). യിസ്രായേൽ ഇപ്പോഴും ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടാതെ ദൈവത്തിൻ്റെ ഭൗമിക സന്തതിയായി തിനിച്ചുപാർക്കുന്ന ഒരു ജനതയാണെങ്കിലും (സംഖ്യാ, 23:9), വാഗ്ദത്ത സന്തതിയെന്ന പദവി അവർക്കിപ്പോഴില്ല. പകരം ആത്മീയ സന്തതിയായ യേശുക്രിസ്തു മാത്രമേയുള്ളു. (ഗലാ, 3:16). ക്രിസ്തുവെന്ന വാഗ്ദത്തസന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളിലും നിന്ന് (യിസ്രായേൽ, ശമര്യ, ജാതികൾ: ലൂക്കൊ, 24:47; പ്രവൃ, 1:8) ഒരു ആത്മീയ സന്തതികളും ഇപ്പോൾ ദൈവത്തിനുണ്ട്. (യോഹ, 1:12,13; 3:15-18; എഫെ, 1:18; കൊലൊ, 1:20; 1:20). ക്രിസ്തുവെന്ന ആത്മീയ സന്തതിയുടെ രക്തംകൊണ്ട് ദൈവത്തിനായി വിലയ്ക്ക് വാങ്ങപ്പെട്ടവരിൽ യിസ്രായേൽ ഉൾപ്പെടെ, സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരുണ്ട്. (വെളി, 5:9). എങ്ങനെയാണ് സാക്ഷാൽ വാഗ്ദത്തസന്തതിയായ യിസ്രായേലിൽ നിന്ന് ആ പദവി യേശുക്രിസ്തുവിൽ വന്നുപെട്ടത്. 

സകല ജാതികളുടെയും വെളിച്ചം: “നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.” (യെശയ്യാ 49:6). പഴയനിയമത്തിൽ ദൈവത്തിൻ്റെ ഏക സന്തതിയും; പൂർവ്വപിതാക്കന്മാരുടെ സന്തതിയും യിസ്രായേലാണെന്ന് നാം കണ്ടതാണ്. ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ദൈവം ജാതികൾക്കു പ്രകാശമാക്കി വെച്ചിരുന്നത് യിസ്രായേലിനെയാണ്. ഒന്നുകൂടി പറഞ്ഞാൽ; സകല ജാതികളിലേക്കും ദൈവത്തിൻ്റെ രക്ഷയെത്താൻ തിരഞ്ഞെടുത്തിരുന്ന ക്രിസ്തു അഥവാ അഭിഷിക്തൻ യിസ്രായേലായിരുന്നു. (2ശമൂ, 2:10, 35; സങ്കീ, 132:10, 17). എന്നാൽ റോമാലേഖനത്തിൽ പൗലൊസ് പറയുന്നതുപോലെ; ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്താലുള്ള നീതി കരസ്ഥമാക്കാൻ യിസ്രായേലിന് കഴിഞ്ഞില്ല; അവർ അതിൽ പരാജയപ്പെട്ടുപോയി. “ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.” (റോമ, 8:3). ന്യായപ്രമാണം മോശെയുടെ ബുദ്ധിമൂശയിൽ നിന്ന് ഉളവായതല്ല; ദൈവം നല്കിയതാണ്. അവിടെ പറയുന്ന ബലഹീനത ന്യായപ്രമാണത്തിൻ്റെയല്ല; യിസ്രായേൽ ജനതയുടേതാണ്. നമുക്കറിയാം: ന്യായപ്രമാണം ആചരിക്കുന്നവർ നീതികരിക്കപ്പെടുന്നു (റോമ, 2:13), ന്യായപ്രമാണം വിശുദ്ധം (റോമ, 7:12), ആത്മികം (7:14), നല്ലത് (7:16), അതു ചെയ്യുന്ന മനുഷ്യൻ അതിനാൽ ജീവിക്കും (10:5; ഗലാ, 3:12) എന്നൊക്കെയാണ് ന്യായപ്രമാണത്തെ പറഞ്ഞിരിക്കുന്നത്. അതു ചെയ്യുന്ന മനഷ്യൻ അതിനാൽ ജീവിക്കുമെന്ന് പറഞ്ഞാൽ; കേലവജീവനെക്കുറിച്ചല്ല; നിത്യജീവനെക്കുറിച്ചാണ് പറയുന്നത്.  നിത്യജീവൻ അവകാശമാക്കാൻ താൻ എന്തുചെയ്യണമെന്ന് ചോദിച്ച ഒരു പ്രമാണിയോട് യേശു പറഞ്ഞത്; കുലചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ ന്യായപ്രമാണ കല്പനകൾ അനുസരിക്കാനാണ്. (മർക്കൊ, 10:17-19; ലൂക്കൊ, 18:18-20). അതായത്, ന്യായപ്രമാണം ബലഹീനമായിരുന്നില്ല; യെഹൂദന്മാരായ മനുഷ്യരുടെ പാപസ്വഭാവംനിമിത്തം ന്യായപ്രമാണം പൂർണ്ണമായി ആചരിക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നതാണ് വസ്തുത. “മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല” എന്ന് യേശുവും (യോഹ, 7:19), “ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല” എന്ന് സ്തെഫാനോസും (പ്രവൃ, 7:53), “നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കഴിഞ്ഞിട്ടില്ലത്ത നുകം” എന്ന് പത്രൊസും പറയുന്നതും ഓർക്കുക. (പ്രവൃ, 15:10). അപ്പോൾ, കുഴപ്പം ന്യായപ്രമാണമല്ല; മനുഷ്യൻ്റെ പാപമാണ്. എന്നാൽ ക്രിസ്തുവിൻ്റെ രക്തത്താൽ ഒരു പുതിയനിയം അഥവാ രണ്ടാമത്തെ നിയമം പ്രാബല്യത്തിൽ വന്നപ്പോൾ ഒന്നാമത്തെ നിയമം അഥവാ ന്യായപ്രമാണം ബലഹീനമാകുകയും നീങ്ങിപ്പോകുകയും ചെയ്തു. (എബ്രാ, 7:18,19). 

പർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും വിശേഷാൽ ദൈവത്തിൻ്റെ അഭിഷിക്തൻ, ആദ്യജാതൻ, ജാതികളുടെ പ്രകാശം, ദാസൻ, പുത്രൻ, പരിശുദ്ധൻ, പുരുഷൻ, പുരോഹിതൻ, പ്രവാചകൻ, മനുഷ്യപുത്രൻ, മുന്തിരിവള്ളി, രക്ഷാവാഹകൻ, രാജാവ്, വലത്തുഭാഗത്തിരിക്കുന്ന കർത്താവ് തുടങ്ങിയ പദവികൾ ദൈവം യിസ്രായേലിന്നു നല്കിയതായിരുന്നു. എന്നാൽ, ജഡത്താലുള്ള ബലഹീനത അഥവാ പാപംനിമിത്തം അവർക്ക് ആ പദവികളൊന്നും സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. അതിനാൽ, യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിച്ചിട്ട് അവരുടെ പദവികളെല്ലാം തൻ്റെ മരണത്താൽ സാക്ഷാത്കരിച്ചു കൊടുത്തിട്ട്, അവരിലൂടെ അഥവാ അവരിൽ തുടങ്ങി സകല ജാതികളെയും രക്ഷിക്കാനാണ് (ലൂക്കൊ, 24:47; പ്രവൃ, 1:8), യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32), ദൈവപുത്രനെന്ന പദവിയിലും (1:32,35) മനുഷ്യനായി വെളിപ്പെട്ടത്. (ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16). “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21. ഒ.നോ: ലൂക്കൊ, 1:32,35). യഹോവയുടെ ജനമായ യിസ്രായേലിനു വേണ്ടി (സംഖ്യാ, 11:29), അവൻ തന്നെയാണ് വചനം ജഡമായ (യോഹ, 1:1; 1:14) മനുഷ്യനായി പ്രത്യക്ഷനായത്. (ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). ഇമ്മാനുവേലിൻ്റെ അർത്ഥം ദൈവപുത്രൻ നമ്മോടുകൂടെ എന്നല്ല; ‘ദൈവം നമ്മോടുകൂടെ’ എന്നാണ്. (മത്താ, 1:22). ദൈവപുത്രനല്ല മനുഷ്യനായി നമ്മോടുകൂടെ വസിച്ചത്; ദൈവമാണ്.

ഉപസംഹാരം: അബ്രാഹാമിനോടുള്ള ദൈവത്തിൻ്റെ നിരുപാധികമായ വാഗ്ദത്തം: “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നതാണ്. (ഉല്പ, 12:3). ഈ വാഗ്ദത്തപ്രകാരം: സ്വന്തജനമായ യിസ്രായേലും ഭൂമിയിലെ സകല ജാതികളുമാണ് അനുഗ്രഹിക്കപ്പെടേണ്ടത്. എന്നാൽ പൂർവ്വപിതാക്കന്മാരോട് വാഗ്ദത്തം സ്ഥിരിരീകരിച്ചപ്പോൾ അതിലൊരു വ്യത്യാസം വരുത്തി: അബ്രാഹാമിൽ അനുഗ്രഹിക്കപ്പെടും എന്നതുമാറി “അവരുടെ മൂന്നുപേരുടെയും സന്തതിയായ യിസ്രായേൽ മുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നായി. (22:18; 26:5; 28:14). അങ്ങനെ വാഗ്ദത്തസന്തതിയെന്ന പദവി ദൈവം യിസ്രായേലിന്നു കൊടുത്തു. ഒപ്പം, ദൈവത്തിൻ്റെ പുത്രൻ, അഭിഷിക്തൻ, ആദ്യജാതൻ തുടങ്ങി അനേകം പദവികളും നല്കി. എന്നാൽ വാഗ്ദത്ത സന്തതിയായ യിസ്രായേലിന് തങ്ങളുടെ പാപസ്വഭാവം നിമിത്തം, ദൈവത്തിൻ്റെ പുത്രത്വമോ, വാഗ്ദത്തസന്തതിയെന്ന പദവിയോ നിവൃത്തിക്കുവാൻ കഴിഞ്ഞില്ല. അങ്ങനെ ആ പദവി ദൈവംതന്നെ ഏറ്റെടുത്തു; അഥവാ ദൈവത്തിൻ്റെ ക്രിസ്തുവിൽ അത് നിവൃത്തിയായി. അങ്ങനെയാണ് വാഗ്ദത്തന്തതി യേശുക്രിസ്തുവെന്ന ഏകനായത്. (ഗലാ, 3:16. ഒ.നോ: ഉല്പ, 12:7; 13:15; 22:18; 26:5; 28:14). ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവം തൻ്റെ കൃപയാൽ അബ്രാഹാമിനു നല്കിയ ഉപാധികളൊന്നുമില്ലാത്ത വാഗ്ദത്തം, പാപംനിമിത്തം വാഗ്ദത്തസന്തതിയായ യിസ്രായേലിനു സാക്ഷാത്കരിക്കാൻ കഴിയാഞ്ഞതിനാൽ ദൈവംതന്നെ ആ കുറ്റം ഏറ്റെടുത്തുകൊണ്ട്, പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും മനുഷ്യനായി ഭുമിയിൽവന്നു മരിച്ച് യിസ്രായേലിലൂടെ വാഗ്ദത്തം ചെയ്തിരുന്ന രക്ഷ സർവ്വജാതികൾക്കും പ്രദാനം ചെയ്യുകയായിരുന്നു. എന്നിലൂടെ രക്ഷ വരുന്നുവെന്നല്ല; ‘രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതെന്നു’ യേശു പറഞ്ഞതും കുറിക്കൊള്ളുക. സത്യം അറിയുകയും സത്യം എല്ലാവരെയും സ്വതന്ത്രമാക്കുകയും ചെയ്യട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ!

3 thoughts on “വാഗ്ദത്തസന്തതി (1) അബ്രാഹാമിൻ്റെ സന്തതി”

Leave a Reply

Your email address will not be published.