വചനകേൾവി

വചനകേൾവി

ദൈവത്തിന്റെ വചനം കേൾക്കുവാൻ ആവേശത്തോടെ അനേകർ കൺവെൻഷൻ പന്തലുകളിലും ധ്യാനകേന്ദ്രങ്ങളിലും മറ്റും തടിച്ചുകൂടാറുണ്ട്. അപ്രകാരം വചനം കേൾക്കുന്നതുകൊണ്ട് ദൈവത്തിന്റെ പ്രസാദവർഷം തങ്ങളുടെമേൽ ഉണ്ടാകുമെന്നു കരുതിയാണ് ഇക്കുട്ടർ കൺവെൻഷനുകളിലും വചനോത്സവമേളകളിലും ഓട്ടപ്രദക്ഷിണങ്ങൾ നടത്തുന്നത്. ഇങ്ങനെയുള്ള സമൂഹത്തെക്കുറിച്ച് തന്റെ പ്രവാചകനായ യെഹെസ്കേലിനോടുള്ള സർവ്വജ്ഞാനിയായ ദൈവത്തിന്റെ അരുളപ്പാടിലൂടെ, താൻ ഇക്കൂട്ടരെ എങ്ങനെ വീക്ഷിക്കുന്നു എന്ന് ദൈവം ചൂണ്ടിക്കാണിക്കുന്നു. “സംഘം കൂടിവരുന്നതുപോലെ അവർ നിന്റെ അടുക്കൽവന്നു എന്റെ ജനമായിട്ടു നിന്റെ മുമ്പിൽ ഇരുന്നു നിന്റെ വചനങ്ങളെ കേൾക്കുന്നു; എന്നാൽ അവർ അവയെ ചെയ്യുന്നില്ല; വായ്കൊണ്ടു അവർ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, ദുരാഗ്രഹത്തെ പിന്തുടരുന്നു.” (യെഹെ, 33:31). സ്നേഹഭാവത്തോടെ തങ്ങൾ ശ്രവിക്കുന്ന വചനം അവർ ചെയ്യുന്നില്ല. അഥവാ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നില്ലെന്ന് ദൈവം അടിവരയിട്ടു പ്രഖ്യാപിക്കുന്നു. അന്ധകാരം നിറഞ്ഞ ഈ ലോകയാത്രയിൽ പാപത്തിൽ വീഴാതെ നമ്മെ വഴി നടത്തുവാൻ നാം കേൾക്കുന്ന ദൈവത്തിന്റെ വചനം പ്രകാശധാരയായി നമ്മുടെ ജീവിതത്തിൽ വർത്തിക്കണം. ആ അനുഭവ പശ്ചാത്തലത്തിലാണ് സങ്കീർത്തനക്കാരൻ: “നിന്റെ വചനം എന്റെ കാലിന് ദീപവും എന്റെ പാതയ്ക്ക് പ്രകാശവും ആകുന്നു” (സങ്കീ, 119:105) എന്നു പ്രഖ്യാപിക്കുന്നത്. ഇന്ന് അനേകർ താൽക്കാലികമായ ആത്മസംതൃപ്തിക്കു വേണ്ടിയാണ് വചനം ശ്രവിക്കുന്നത്. എന്നാൽ തങ്ങൾ കേൾക്കുന്ന വചനം ദൈവത്തിന്റെ വചനമാണെന്നും അത് തങ്ങളെ ന്യായം വിധിക്കുമെന്നുമുള്ള ബോധം കേൾക്കുന്ന അനേകർക്കില്ല. ആ ബോധം സൃഷ്ടിക്കുവാൻ വചനപ്രഘോഷണം നടത്തുന്ന പലർക്കും കഴിയാറുമില്ല. “എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്ന ഒരുവനുണ്ട്; ഞാൻ സംസാരിച്ച വചനം തന്നെ അന്ത്യനാളിൽ അവനെ ന്യായം വിധിക്കും” (യോഹ, 12:48) എന്ന കർത്താവായ യേശുക്രിസ്തുവിന്റെ മുന്നറിയിപ്പ് വചനം കേൾക്കുന്ന ഓരോരുത്തരുടെയും സ്മൃതി മണ്ഡലത്തിൽ ഉണ്ടായിരിക്കണം.

Leave a Reply

Your email address will not be published.