റമ്പാൻ ബൈബിൾ

റമ്പാൻ ബൈബിൾ

മലയാളത്തിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ ബൈബിളാണ് റമ്പാൻ ബൈബിൾ എന്ന പേരിൽ അറിയപ്പെടുന്നത്. ‘വിശുദ്ധ വേദപുസ്തകം’ എന്ന പേരിൽ 1811-ൽ ബോംബെയിലെ കൂറിയർ പ്രസിൽ നിന്നും അച്ചടിച്ചിറക്കിയ ഈ ഗ്രന്ഥത്തിൽ നാലു സുവിശേഷങ്ങൾ മാത്രമാണടങ്ങിയിരുന്നത്. ബൈബിൾ സാധാരണക്കാർക്ക് വായിക്കാൻ ഈ പരിഭാഷ സഹായിച്ചു. മുഖ്യവിവർത്തകൻ കായംകുളം ഫിലിപ്പോസ് റമ്പാൻ ആയിരുന്നതിനാലാണ് ഈ പരിഭാഷയ്ക്ക് റമ്പാൻ ബൈബിൾ എന്ന പേരു ലഭിച്ചത്. ഇംഗ്ലീഷ് വേദപ്രചാരകൻ ഡോ. ക്ലോഡിയസ് ബുക്കാനന്റെ ഉത്സാഹത്താൽ നിർവഹിക്കപ്പെട്ട വിവർത്തനം ആയതിനാൽ ബുക്കാനൻ ബൈബിൾ, കൂറിയർ പ്രസിൽ അച്ചടിച്ചതിനാൽ കൂറിയർ ബൈബിൾ എന്നീ പേരുകളിലും ഈ പരിഭാഷ അറിയപ്പെടുന്നുണ്ട്.

ചരിത്രം: 1806-ൽ മലബാറിലെത്തിയ ഈസ്റ്റിൻ‌ഡ്യാ കമ്പനിയുടെ കൽക്കട്ടയിലെ ചാപ്‌ളയിൻ ഡോ. ക്ലോഡിയസ് ബുക്കാനൻ മലങ്കര സഭയുടെ അന്നത്തെ മേലധ്യക്ഷനായിരുന്ന മാർ ദീവന്നാസിയോസ് ഒന്നാമൻ മെത്രാപ്പോലീത്തയെ (ആറാം മാർത്തോമയെ) സന്ദർശിച്ചു. മെത്രാപ്പോലീത്ത ആയിരം വർഷമായി സുറിയാനി സഭയുടെ കൈവശമിരുന്നതെന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു പുരാതന ബൈബിൾ ബുക്കാനന് സമ്മാനിച്ചു. അതിനൊപ്പം മത്തായിയുടെ സുവിശേഷത്തിന്റെ മലയാള പരിഭാഷയുടെ ഒരു കൈയെഴുത്തു പകർപ്പും ഉണ്ടായിരുന്നു. മെത്രാപ്പോലീത്തയുടെ സെക്രട്ടറി ആയിരുന്ന ഫിലിപ്പോസ് റമ്പാൻ സ്വകാര്യ ഉപയോഗത്തിനായും ഒരു ഭക്ത്യഭ്യാസം എന്ന നിലയിലും നിർവഹിച്ചതാണ് ആ പരിഭാഷ എന്നറിഞ്ഞ ബുക്കാനൻ, മറ്റു സുവിശേഷങ്ങളുടെ തർജ്ജമ കൂടി ഏറ്റെടുക്കാൻ റമ്പാനെ പ്രേരിപ്പിച്ചു 1807-ൽ ആരംഭിച്ച ഈ വിവർത്തനയത്നത്തിന് ഇംഗ്ലണ്ടിലെ ബുക്കാനന്റെ മാതൃസഭയുടേയും മലയാളദേശത്തെ സുറിയാനി സഭാ നേതാക്കളുടെയും സഹകരണമുണ്ടായിരുന്നു. മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത പരിഭാഷക്കു മേൽനോട്ടം വഹിച്ചു. 1811-ൽ ഈ നാലു സുവിശേഷങ്ങളും ഒരു പുസ്തകമായി ബോംബെയിലെ കൂറിയർ പ്രസ്സിൽ നിന്നു അച്ചടിച്ചു പ്രസിദ്ധീകരിച്ചു. 9.5 ഇഞ്ച് നീളവും എട്ട് ഇഞ്ച് വീതിയും രണ്ട് ഇഞ്ച് കനവും 504 പേജുകളുമാണ് ഈ ബൈബിളിനുള്ളത്. സുറിയാനിയിൽ നിന്നുള്ള പദാനുപദ വിവർത്തനം ആയതിനാൽ ധാരാളം സുറിയാനി പദങ്ങൾ ആ വിവർത്തനത്തിൽ കടന്നു കൂടിയിരുന്നു. അദ്ധ്യായത്തിനു ‘കെപ്പാലഓൻ’ എന്നും സങ്കീർത്തനത്തിന് ‘മസുമൂർ’ എന്നും ജ്ഞാനസ്നാനത്തിന് ‘മാമൂദിസ’ എന്നും പഴയനിയമത്തിന് ‘ഒറേത്ത’ എന്നും മറ്റുമുള്ള സുറിയാനിപദങ്ങൾ റമ്പാൻ ബൈബിളിൽ അതേപടി സ്വീകരിച്ചിരിക്കുന്നു.

ഭാഷാശൈലി: മലയാളഭാഷയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കൃതിയായി റമ്പാന്റെ ബൈബിൾ പരിഭാഷയെ കാണുന്നവരുണ്ട്. രണ്ടു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ കൃതിയിലെ ഭാഷയാണ് മലയാളത്തിലെ മാനകഗദ്യ ശൈലിയായി പിന്നീട് വികസിച്ചതെന്നും എഴുത്തച്ഛൻ മലയാളത്തിലെ കാവ്യഭാഷയുടെ മനനീകരണത്തിനു തുടക്കം കുറിച്ചതുപോലെ ഗദ്യഭാഷയുടെ മാനനീകരണത്തിനു തുടക്കമിട്ടത് കായംകുളം പീലീപ്പോസ് റമ്പാനാണെന്നും വേദശബ്ദരത്നാകരം എന്ന മലയാളം ബൈബിൾ നിഘണ്ടുവിന്റെ കർത്താവായ ഡി. ബാബു പോൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ വാദം സ്ഥാപിക്കാൻ അദ്ദേഹം മത്തായിയുടെ സുവിശേഷം 2-ാം അദ്ധ്യായം 13-ാം വാക്യം റമ്പാൻ ബൈബിളിൽ നിന്നും എടുത്തെഴുതിയ ശേഷം അതിനെ എൻ.വി. കൃഷ്ണവാര്യരുടെ മേൽനോട്ടത്തിൽ നിർവഹിക്കപ്പെട്ട ഇരുപതാം നൂറ്റാണ്ടിലെ ഓശാന ബൈബിൾ പരിഭാഷയിലെ ഇതേ വാക്യത്തിന്റെ രൂപവുമായി താരതമ്യപ്പെടുത്തുന്നു.

റമ്പാൻ ബൈബിൾ: “എന്നാൽ, അവര് പൊയപ്പോൾ യൊസഫിന് സ്വപ്നത്തിൽ തമ്പുരാന്റെ മാലാഖ അവന് കാണപ്പെട്ട് അവനോട് ചൊല്ലി: നീ എഴുന്നേറ്റ് പൈതലിനെയും തന്റെ ഉമ്മായെയും കൂട്ടി മിസ്രേമിന് നീ ഓടി ഒളിക്കാ. നിന്നോട് ഞാൻ ചൊല്ലുന്നു എന്നതിനോളം അവിടെ നീ ആകാ. തന്നെ അവൻ മുടിപ്പാൻ എന്നപ്പോലെ പൈതലിനെ അന്വഷിപ്പാൻ ഹെറൊദേസ് ആയിസ്തപ്പെട്ടവനാകുന്നു.”

ഓശാന ബൈബിൾ: “അവർ പോയിക്കഴിഞ്ഞ് കർത്താവിന്റെ മാലാഖ സ്വപ്നത്തിൽ യോസേഫിന് പ്രത്യക്ഷപ്പെട്ട് പറഞ്ഞു: എഴുന്നേൽക്കുക; ശിശുവിനെയും അമ്മയെയും കൊണ്ട് ഈജിപ്തിലേക്ക് ഓടിപ്പോകുക. ഞാൻ പറയുംവരെ അവിടെ താമസിക്കണം. കാരണം, ഈ ശിശുവിനെ നശിപ്പിക്കാൻ ഹെറോദേസ് ഉടനെ അന്വേഷണം ആരംഭിക്കും.”

റമ്പാന്റെ വാക്യങ്ങളുടെ ‘അരികും മൂലയും ചെത്തിയാൽ’ ഇരുപതാം നൂറ്റാണ്ടിലെ പരിഭാഷയിലെ രൂപമാകും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

One thought on “റമ്പാൻ ബൈബിൾ”

Leave a Reply

Your email address will not be published.