യേശുവിൻ്റെ ജീവിതത്തിൽ അജ്ഞാത വർഷങ്ങളുണ്ടോ?

യേശുവിൻ്റെ ജീവിതത്തിൽ അജ്ഞാത വർഷങ്ങളുണ്ടോ?

യേശുവിൻ്റെ പന്ത്രണ്ട് വയസ്സു മുതൽ മുപ്പത് വയസ്സു വരെയുള്ള കാലത്തെക്കുറിച്ച് ബൈബിളിൽ വിവരങ്ങളൊന്നും ഇല്ലെന്നാണ് അനേകർ കരുതുന്നത്. അതിനാൽ, യേശുവിൻ്റെ അജ്ഞാത വർഷങ്ങൾ എന്നപേരിൽ പലരും അനേകം നുണക്കഥകൾ മെനഞ്ഞെടുത്തിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ, നിക്കോളസ് നൊട്ടൊവിച്ച് (Nicolas Notivitch) എന്ന റഷ്യൻ യാത്രികൻ രചിച്ച, യേശുക്രിസ്തുവിന്റെ അജ്ഞാത ജീവിതം (The Unknown Life of Jesus Christ) എന്ന കൃതിയിലൂടെയാണ്, യേശുവിന്റെ ഇന്ത്യാ ജീവിതത്തെക്കുറിച്ചുള്ള നുണക്കഥയ്ക്ക് ഏറെ പ്രചാരവും പ്രസിദ്ധിയും ലഭിച്ചത്. ഇന്ത്യയിലെത്തിയ നൊട്ടൊവിച്ച് കാലൊടിഞ്ഞ് ബുദ്ധാശ്രമത്തിൽ ചികിത്സയിൽ ആയിരിക്കുമ്പോൾ, യേശുവിന്റെ ഇന്ത്യാ സന്ദർശനത്തെ കുറിച്ചുള്ള ബുദ്ധമത ലിഖിതങ്ങൾ വായിച്ചു കേട്ടെന്നാണ് ആ കഥ,. തുടർന്ന് താൻ നാട്ടിൽ പോയി 1890-ൽ പുസ്തകമെഴുതി പ്രസിദ്ധീകരിച്ചു. അടുത്തത്, ലെവി. എച്ച്, ഡൗലിംഗ് 1908-ൽ പ്രസിദ്ധീകരിച്ച, യേശുക്രിസ്തുവിന്റെ അക്വേറിയൻ സുവിശേഷം (The Aquarian Gospel of Jesus Christ) എന്ന ഗ്രന്ഥമാണ്. അതിൽ പറയുന്നത്, യേശു തന്റെ അജ്ഞാത വർഷങ്ങളിൽ ഇന്ത്യ, ടിബറ്റ്, പേർഷ്യ, അസ്സീറിയ, ഗ്രീസ്, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തിയതായാണ്. ബൈബിൾ തുറന്നുപോലും നോക്കാത്തവർക്കേ ഇങ്ങനെയുള്ള നുണകൾ പ്രചരിപ്പിക്കാൻ സാധിക്കയുള്ളു. യേശുവിൻ്റെ പന്ത്രണ്ടു വയസ്സുമുതൽ മുപ്പതു വയസ്സു വരെയുള്ള കാലത്തെ വളരെയേറെ വിവരങ്ങൾ ഇല്ലെങ്കിലും, ഒരു സത്യാന്വേഷകനു ഗ്രഹിക്കാൻ വേണ്ടതിലും അധികം തെളിവുകൾ ബൈബിളിലുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം:

ഒന്നാമത്തെ തെളിവ്: യേശുവിൻ്റെ അമ്മയായ മറിയ യും വളർത്തച്ഛനായ യോസേഫും നസറെത്ത് പട്ടണ നിവാസികളായിരുന്നു. (ലൂക്കൊ, 1:26; 2:4). യേശു ബേത്ത്ലഹേമിൽ ജനിച്ചശേഷം, ന്യായപ്രമാണപ്രകാരമുള്ള യാഗങ്ങളൊക്കെ അർപ്പിച്ചനന്തരം, മിസ്രയീമ്യ വാസവും കഴിഞ്ഞ്, അവർ തങ്ങളുടെ പട്ടണമായ നസറെത്തിലേക്ക് തന്നെയാണ് മടങ്ങിപ്പോയത്. (മത്താ, 2:22), ലൂക്കൊ, 2:39). പിന്നെ, യേശു പന്ത്രണ്ടാം വയസ്സിൽ അമ്മയപ്പന്മാരോടൊപ്പം ദൈവാലയത്തിൽ പോയശേഷം, നസറെത്തിലേക്ക് മടങ്ങിവന്ന് അവർക്ക് കീഴടങ്ങിയിരുന്നു എന്നാണ് വായിക്കുന്നത്. “പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു.” (ലൂക്കൊ, 2:51). തുടർന്ന്, ലൂക്കൊസ് എഴുതിയിരിക്കുന്നത്: “യേശുവോ, ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു” എന്നാണ്. (ലൂക്കൊ, 2:52). ഒന്നാമത്തെ തെളിവ് ഈ വേദഭാഗത്ത് ഉണ്ട്. നസറെത്തിൽ വന്നു അപ്പനുമമ്മയ്ക്കും കീഴടങ്ങിയിരുന്ന യേശു, ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നത് നസറെത്തിൽ തന്നെയാണല്ലോ? അവൻ വളർന്നത്, നസറെത്തിലാണെന്ന് ചരിത്രകാരനായ ലൂക്കൊസ് കൃത്യമായി എഴുതിവെച്ചിട്ടുമുണ്ട്. യോർദ്ദാനിലെ സ്നാനം കഴിഞ്ഞശേഷം, അവൻ സ്വന്തപട്ടണത്തിൽ മടങ്ങിയെത്തിയതിനെ, “അവൻ വളർന്ന നസറെത്തിൽ വന്നു” എന്നാണ് പറഞ്ഞിരിക്കുന്നത്. (ലൂക്കൊ, 4:16). അവൻ വളർന്ന നസെത്തിൽ വന്നു എന്ന് പറഞ്ഞാൽ, അവൻ നസറെത്തിൽ തന്നെയാണ് വളർന്ന് വലുതായത് എന്നാണല്ലോ? ദേശാന്തരിയായി എവിടെയെങ്കിലും സഞ്ചരിച്ചവൻ, നസറെത്തിലെ മനുഷ്യരുടെ കൃപയനുഭവിച്ച്, നസറെത്തിൽ വളർന്നു എന്ന് പറയുമോ? ഇതാണ്, യേശുവിൻ്റെ അജ്ഞാതവർഷ കുതുകികൾക്കുള്ള ആദ്യത്തെ പ്രഹരം.

രണ്ടാമത്തെ തെളിവ്: യേശുവിനെ, നസറായൻ (മത്താ, 2:22), നസറായനായ യേശു (മത്താ, 26ൻ്റ°:71), നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു (മത്താ, 21:11), യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ (യോഹ, 1:45) എന്നിങ്ങനെ വിളിച്ചിരിക്കുന്നത് കാണാം. ഈ പ്രയോഗങ്ങളെല്ലാം യേശു നസറെത്തിലെ സ്ഥിര താമസക്കാരനായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്. ദേശാന്തരിയായി നടന്നിട്ട് മുപ്പതാമത്തെ വയസ്സിൽ മാത്രം തിരിച്ചുവന്ന ഒരാളെ നസറെത്ത് നിവാസിയെന്ന് ആരും വിളിക്കില്ല,. മാത്രമല്ല, താൻ പരസ്യ ശുശ്രൂഷയ്ക്ക് മുമ്പായി സ്നാനം ഏല്പാൻ വന്നത് നസറെത്തിൽ നിന്നാണെന്നും പറഞ്ഞിട്ടുണ്ട്. (മർക്കൊ, 1:9). അപ്പോൾ, അവൻ നസറെത്തിൽത്തന്നെ ഉണ്ടായിരുന്നു എന്ന് വ്യക്തമാണല്ലോ?

മൂന്നാമത്തെ തെളിവ്: “ഇവൻ മറിയയുടെ മകനും യാക്കോബ്; യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.” (മർക്കൊ, 6:3). യേശുവിൻ്റെ വായിൽനിന്നുവന്ന ജ്ഞാനത്തിൻ്റെ വാക്കുകളും അവൻ ചെയ്ത വീര്യപ്രവൃത്തികളും കണ്ടപ്പോൾ, യെഹൂദന്മാർ അത്ഭുതത്തോടെ ചോദിക്കുകയാണ്, ഈ ആശാരിപ്പണിക്കാരനും ഇവൻ്റെ സഹോദരീ സഹോദരന്മാരും നമ്മോടുകൂടെ ഉള്ളതല്ലേ, പിന്നെ, ഈ കഴിവുകളൊക്കെ ഇവനു എവിടുന്ന് കിട്ടി. (മർക്കൊ, 6:2). യേശു നസറെത്തിൽ ആശാരിപ്പണി ചെയ്യുകയായിരുന്നു എന്ന് ഈ വേദഭാഗത്തുനിന്ന് വ്യക്തമായി മനസ്സിലാക്കാം. അവൻ മറുനാട്ടിൽ എവിടെയെങ്കിലും പോയിരുന്നെങ്കിൽ, ഇവൻ തച്ചനല്ലയോ എന്ന ചോദ്യവും, ഇവനു ഈ കഴിവുകൾ എവിടുനിന്ന് കിട്ടിയെന്ന ആശ്ചര്യവും അസ്ഥാനത്താണ്. അതായത്, അവൻ മറുനാട്ടിൽ എവിടെയെങ്കിലും പോയിരുന്നെങ്കിൽ, ജ്ഞാനവും കഴിവുകളും അവിടെനിന്ന് സമ്പാദിച്ചതാണെന്ന് അവർ പറയുമായിരുന്നു. മാത്രമല്ല. അവനെ തച്ചനെന്ന് അവർ വിളിക്കയുമില്ലായിരുന്നു. അതിനാൽ, യേശു നസറെത്തിൽ അവരുടെ ഇടയിൽ ആശാരിപ്പണി ചെയ്തുവന്നിരുന്നവനാണ് എന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

നാലാമത്തെ തെളിവ്: ദൈവത്തിൻ്റെ ക്രിസ്തു, കന്യകയായ മറിയയിൽ ഒരു തച്ചൻ്റെ മകനായിട്ടാണ് ജനിച്ചത്. (മത്താ, 13:55). വിശേഷാൽ, അവനും ഒരു തച്ചൻ ആയിരുന്നു. (മർക്കൊ, 6:3). മാത്രമല്ല. യേശു യോസേഫിൻ്റെയും മറിയയുടെയും ആദ്യജാതൻ ആയിരുന്നു. (ലൂക്കൊ, 2:7,23. ഒ.നോ: മത്താ, 1:25). അവൻ അവരുടെ ആദ്യജാതൻ ആയതുകൊണ്ടാണ്, മറിയയുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ അവനെ ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതനുള്ള കർമ്മങ്ങൾ ചെയ്തത്. (ലൂക്കൊ, 2:22-24). ആദ്യജാതൻ എന്ന പ്രയോഗം അനന്തര ജാതന്മാരെ കുറിക്കുന്നു. അഥവാ, യേശുവിനെക്കൂടാതെ അവർക്ക് മറ്റു മക്കളും ഉണ്ടെന്നുള്ളതിൻ്റെ തെളിവാണ് ആദ്യജാതനെന്ന പ്രയോഗം. യേശുവിനെ കൂടാതെ, യോസേഫിനും മറിയയ്ക്കും കുറഞ്ഞത് ആറു മക്കളെങ്കിലുമുണ്ടെന്ന് ബൈബിൾ വ്യക്തമാക്കുന്നുമുണ്ട്: “ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ, ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? (മത്താ, 13:55 56; മർക്കൊ, 6:3). യേശുവിൻ്റെ പന്ത്രണ്ടാമത്തെ വയസ്സുവരെ മാത്രമേ വളർത്തച്ഛനായ യോസേഫിനെക്കുറിച്ച് പറയുന്നുള്ളു. (ലൂക്കൊ, 2:42-50). യേശുവിൻ്റെ ചെറുപ്രായത്തിൽത്തന്നെ യോസേഫ് മരിച്ചിരുന്നോ അറിയില്ല,. എന്തായാലും യേശു ശുശ്രൂഷ ആരംഭിക്കുന്ന സമയത്തൊന്നും യോസേഫ് ജീവിച്ചിരിപ്പില്ല. ന്യായപ്രമാണപ്രകാരം ആദ്യജാതനു പല ഉത്തരവാദിത്വങ്ങളും ഉണ്ട്. ആദ്യജാതൻ കുടുംബത്തിൻ്റെ തലവനാണ്. അതിനാൽ, പിതാവിൻ്റെ അധികാരം പോലെ ഇളയ സഹോദരങ്ങളുടെ മേൽ അവന് അധികാരവും ഉത്തരവാദിത്വവുമുണ്ട്. കുടുംബത്തലവൻ എന്ന നിലയിൽ അവൻ അമ്മയെ മരണംവരെയും, സഹോദരിമാരെ വിവാഹംവരെയും സംരക്ഷിക്കണം. അപ്പൻ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും, മൂത്തമകനെന്ന നിലയിലുള്ള തൻ്റെ ധാർമ്മികവും കാർമികവുമായ ഉത്തരവാദിത്വങ്ങളിൽ നിന്ന്, തനിക്ക് ഒരിക്കലും മാറി നില്ക്കാൻ പറ്റില്ല,. താൻ ക്രൂശിൽ മരിക്കുന്നതിനു മുമ്പായി തൻ്റെ അമ്മയെ പ്രിയശിഷ്യനായ യോഹന്നാൻ്റെ കരങ്ങളിൽ ഏല്പിച്ചത്, ഇതിനോട് ചേർത്ത് ചിന്തിക്കുക. (യോഹ, 19:26-27). മരണസമയത്തുപോലും തൻ്റെ അമ്മയോടുള്ള ഉത്തരവാദിത്വത്തിൽ നിന്ന് വ്യതിചലിക്കാഞ്ഞവൻ, തൻ്റെ യൗവ്വനപ്രായത്തിൽ അമ്മയെയും സഹോദരങ്ങളെയും നോക്കാതെ, ദേശാന്തരിയായി പോകുമോ? ന്യായപ്രമാണത്തിൽ വള്ളിക്കോ, പുള്ളിക്കോ മാറ്റം വരുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതാണ് എളുപ്പമെന്ന് പഠിപ്പിച്ചവൻ, ന്യായപ്രമാണത്തിനു വിരുദ്ധമായി ആദ്യജാതൻ്റെ ഉത്തരവാദിത്വം നിവൃത്തിക്കാതിരിക്കുമോ? അതിനാൽ, നസറെത്തിൽനിന്ന് അവനു തൻ്റെ അമ്മയെയും സഹോദരങ്ങളെയും വിട്ട് എവിടെയും പോകാൻ കഴിയില്ലെന്ന് വ്യക്തമാണല്ലോ?

അഞ്ചാമത്തെ തെളിവ്: യേശുവിന് ഏകദേശം മുപ്പത് വയസ്സായപ്പോൾ, യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനം ഏല്ക്കുകയും, പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം അവനെ അഭിഷേകം ചെയ്യുകയും ചെയ്തു. (ലൂക്കൊ, 3:21-23). പ്രവൃ, 10:38). അനന്തരം, മരുഭൂമിയിലെ പരീക്ഷയ്ക്കുശേഷം യേശു ആത്മാവിൻ്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്നു. (ലൂക്കൊ, 4:1,14). പിന്നെ വായിക്കുന്നത്, “അവൻ വളർന്ന നസറെത്തിൽ വന്നു, ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു” എന്നാണ്. (ലൂക്കൊ, 4:16). ഈ വേദഭാഗം ശ്രദ്ധിക്കണം: പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റു നിന്നു. പന്ത്രണ്ട് വയസ്സുമുതൽ മുപ്പത് വയസ്സുവരെ യേശു ഇന്ത്യയിലോ, മറ്റെവിടെയെങ്കിലുമോ ആയിരുന്നെങ്കിൽ, നസറെത്തിലെ സിനഗോഗിൽ പതിവുപോലെ അഥവാ, എല്ലാ ശബ്ബത്തുകളിലും ന്യായപ്രമാണം പാരായണം ചെയ്യാൻ അവനു കഴിയുമായിരുന്നോ? ഇനി, എന്തുകൊണ്ടായിരിക്കും യേശു പതിവുപോലെ ന്യായപ്രമാണം വായിക്കാൻ എഴുന്നേറ്റുനിന്നു എന്ന് ചരിത്രകാരനായ ലൂക്കൊസ് പറഞ്ഞത്? അതായത്, നസറെത്തിലെ സിനഗോഗിൽ പതിവായി ന്യായപ്രമാണം വായിച്ചിരുന്ന ഹസ്സാൻ ആയിരുന്നു യേശുവെന്ന് മനസ്സിലാക്കാം. സിനഗോഗിൽ ന്യായപ്രമാണം വായിക്കുന്നവരെയാണ് ഹസ്സാൻ എന്ന് വിളിക്കുന്നത്. ന്യായപ്രമാണം ശ്രുതിമധുരമായി വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നവരെയാണ് ഹസ്സാൻ ആക്കിയിരുന്നത്. ഹസ്സാൻ ആകാനുള്ള യോഗ്യതകളെക്കുറിച്ചു യെഹൂദാ സർവ്വവിജ്ഞാനകോശത്തിൽ പറഞ്ഞിട്ടുണ്ട്. ന്യായപ്രമാണത്തെക്കുറിച്ചും ആരാധനയെക്കുറിച്ചും പ്രാർത്ഥനയുടെ ആവശ്യക തയെക്കുറിച്ചും ആഴമായ അറിവും, ആലപിക്കാൻ മനോഹരമായ ഒരു ശബ്ദവുമാണ് പ്രധാനമായും വേണ്ടത്. യേശുവിന് ഈ യോഗ്യതകളെല്ലാം ഉണ്ടായിരുന്നു എന്ന് ബൈബിൾ വ്യക്തമാക്കുന്നു. യേശു പന്ത്രണ്ടാം വയസ്സിൽ തന്നെ ദൈവാലയത്തിൽ വെച്ച് ഉപദേഷ്ടാക്കന്മാരുടെ മുമ്പിൽ ന്യായപ്രമാണത്തിലുള്ള തൻ്റെ പ്രാവീണ്യം തെളിയിക്കുകയും, അവരെ വിസ്മയിപ്പിക്കുകയും ചെയ്തതാണ്. (ലൂക്കൊസ് 2:46-47). യേശുവിൻ്റെ വായിൽനിന്നു പുറപ്പെട്ട ജ്ഞാനം കേട്ടിട്ട്, യെഹൂദന്മാർ അതിശയിച്ചത് മുകളിൽ നാം ചിന്തിച്ചതാണ്. (മർക്കൊ, 6:2). ന്യായപ്രമാണത്തിൻ്റെ വക്താക്കളെന്ന് അവകാശപ്പെട്ടിരുന്ന പരീശന്മാർപോലും യേശുവിൻ്റെ ചോദ്യത്തിനു മുമ്പിൽ പകച്ചുപോയിട്ടുണ്ട്. (മത്താ, 22:41-45). പ്രാർത്ഥനയുടെ ആവശ്യകതയെക്കുറിച്ചു താൻ പഠിപ്പിക്കുകയും, രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടും, രാത്രിമുഴുവനും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾനിമിത്തം ആശ്ചര്യപെട്ടു എന്നും വായിക്കുന്നുണ്ട്. (ലൂക്കൊ, 4:22). അതൊക്കെ, യേശു തന്നെയാണ് അക്കാലത്ത് നസറെത്തിലെ പള്ളിയിൽ പതിവായി ന്യായപ്രമാണം വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിരുന്നത് എന്നതിൻ്റെ വ്യക്തമായ തെളിവുകളാണ്.

അതായത്, യേശു തൻ്റെ ജനനം മുതൽ യിസ്രായേലിൽത്തന്നെ ഉണ്ടായിരുന്നു. മുപ്പത് വയസ്സുവരെ ആഴ്ചയിൽ ആറുദിവസം താൻ മരപ്പണി ചെയ്ത് അമ്മയെയും സഹോദരങ്ങളെയും പോറ്റുകയും, ഏഴാംനാൾ ശബ്ബത്തിൽ ദൈവവേലയിൽ മുഴുകുകയും ചെയ്തിരുന്നു എന്ന് ബൈബിളിൽനിന്ന് സ്ഫടിക സ്ഫുടം മനസ്സിലാക്കാം. അതിനാൽ, യേശുവിൻ്റെ അജ്ഞാതവർഷം തേടിയലഞ്ഞ സാറന്മാര് ക്ഷമിക്കണം. നിങ്ങളുടെ മണ്ടൻ കണ്ടുപിടുത്തങ്ങൾ കയ്യിൽത്തന്നെ ഇരിക്കട്ടെ. യേശു യിസ്രായേൽവിട്ട് എവിടെയും പോയിട്ടില്ല എന്നതിന് ബൈബിളിൽത്തന്നെ വ്യക്തമായ തെളിവുണ്ടെന്ന് മനസ്സിലായല്ലോ? അതായത്, അജ്ഞാതവർഷം എന്നൊന്ന് യേശുവിൻ്റെ ജീവിതത്തിലില്ല. അതിനാൽ, യേശുവിൻ്റെ അജ്ഞാത വർഷംതേടി ഇനിയാരും മഞ്ഞുകൊള്ളുകയും വേണ്ട,. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ.

4 thoughts on “യേശുവിൻ്റെ ജീവിതത്തിൽ അജ്ഞാത വർഷങ്ങളുണ്ടോ?”

  1. ഇത് ദൈവശാസ്ത്രം പഠിക്കുന്നതും, ബൈബിൾ അറിയാൻ ആഗ്രഹിക്കുന്നവർക്കും, വിശ്വാസികൾക്കും ഒരുപോലെ അനുഗ്രഹപ്രദമായ പുസ്തകം.👍👍🙏🙏🙏🙏

  2. മത്തായി 15:24 അതിന്നു അവൻ: “യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു ഉത്തരം പറഞ്ഞു.
    ഈ വാക്യം ഈ വിഷയവുമായി വളരെ ബന്ധമുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *