യേശുവില്ലാതെ കദനക്കടലിൽ 96 മണിക്കുർ

യേശുവില്ലാതെ കദനക്കടലിൽ 96 മണിക്കുർ

യേശുവിന്റെ വിളി കേട്ട് യേശുവിനുവേണ്ടി പ്രവർത്തിക്കുന്ന സഹോദരങ്ങൾ, രോഗങ്ങളുടെയും രോദനങ്ങളുടെയും നീർച്ചുഴിയിൽ നിസ്സഹായരായി താണുപോകുന്ന അവസ്ഥകൾ ജീവിതയാത്രയിൽ ഉണ്ടാകാറുണ്ട്. ആ ദുർഘടനിമിഷങ്ങളിൽ തങ്ങളെ രക്ഷിക്കുവാനായി യേശുവിനോടു നിലവിളിക്കും. എന്നാൽ യേശുവിന്റെ സഹായം വൈകുന്തോറും മനുഷ്യനു രക്ഷപ്പെടുത്തുവാൻ കഴിയാത്ത കയങ്ങളിലേക്ക് അവർ താണുകൊണ്ടിരിക്കും. ആ സന്ദർഭങ്ങളിൽ യേശുവിന്റെ സ്നേഹത്തെയും വിശ്വസ്തതയെയും കുറിച്ച് അനേകർ സംശയിച്ചുപോകാറുണ്ട്. അങ്ങനെയുള്ള ദുർഘടവേളകളിൽ എന്തുകൊണ്ടാണ് താൻ: സഹായമെത്തിക്കുവാൻ വൈകുന്നതെന്ന് താൻ സ്നേഹിച്ച ബേഥാന്യയിലെ കുടുംബത്തിലുണ്ടായ അനുഭവത്തിലൂടെ യേശു നമ്മെ പഠിപ്പിക്കുന്നു. യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു. (യോഹ, 11:5). മാത്രമല്ല, “കർത്താവേ, ഇതാ, നിനക്കു പ്രിയനായവൻ രോഗിയായിരിക്കുന്നു” (യോഹ, 11:3) എന്ന് ആ സഹോദരിമാർ യേശുവിന്റെ അടുക്കലേക്ക് ആളയച്ച് അറിയിച്ചതിൽനിന്ന്, യേശു എത്രമാത്രം ലാസറിനെ സ്നേഹിച്ചിരുന്നു എന്നു വ്യക്തമാകുന്നു. പ്രിയപ്പെട്ട സ്നേഹിതൻ മരണത്തിന്റെ താഴ്വരയിൽ ആയിരുന്നിട്ടും യേശു ലാസരിന്റെ ഭവനത്തിലേക്കു പോകുവാൻ കൂട്ടാക്കാതെ താൻ ആയിരുന്ന സ്ഥലത്തു രണ്ടു ദിവസം കൂടി പാർക്കുകയാണ് ചെയ്തത്. നാലാം ദിവസം യേശു ബേഥാന്യയിൽ ലാസറിന്റെ കല്ലറയ്ക്കൽ എത്തി, അത് അടച്ചിരുന്ന കല്ലു നീക്കുവാൻ കല്പ്പിച്ചപ്പോൾ “കർത്താവേ, നാറ്റംവച്ചു തുടങ്ങി; അവൻ മരിച്ചിട്ട് നാലു ദിവസമായല്ലോ” (യോഹ, 11:39) എന്ന മാർത്തയുടെ പ്രതികരണം യേശു വരുവാൻ വൈകിപ്പോയതിലുള്ള സങ്കടം വെളിപ്പെടുത്തുന്നതായിരുന്നു. യേശു സ്നേഹിക്കുകയും യേശുവിനെ സ്നേഹിക്കുകയും ചെയ്ത ആ കൊച്ചുകുടുംബം യേശുവിന്റെ സാന്നിദ്ധ്യമില്ലാതെ, യേശുവിൽ നിന്നു യാതൊരു മറുപടിയും ലഭിക്കാതെ, കണ്ണീർക്കയത്തിൽ കഴിച്ചുകൂട്ടിയ 96 മണിക്കൂറുകളെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല. യേശു വന്ന് തന്റെ പ്രിയസ്നേഹിതനെ സൗഖ്യമാക്കുമെന്നു കരുതി അവർ കാത്തിരുന്നു. യേശു വന്നില്ല; ലാസർ മരിച്ചു. ബന്ധുമിത്രാദികളെല്ലാം എത്തി . . . യേശുവിനെ കാണുന്നില്ല; ശവസംസ്കാരത്തിനു പോലും യേശു എത്തിയില്ല. യെഹൂദാസഭയുടെ വിലക്കുകൾ വകവയ്ക്കാതെ യേശുവിനെ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത ആ കുടുംബത്തിൽ അവശേഷിക്കുന്ന രണ്ടു സഹോദരിമാർ യേശുവിന്റെ ആഗമനംവരെയുള്ള 96 മണിക്കുർ അനുഭവിച്ച വേദന വർണ്ണിക്കുവാൻ ആർക്കും സാദ്ധ്യമല്ല. താൻ തന്നെ പുനരുത്ഥാനവും ജീവനുമാണെന്ന് യേശുവിന് ലോകത്തിന്റെ മുമ്പിൽ തെളിയിക്കണമെങ്കിൽ, താൻ സ്നേഹിക്കുന്ന ആ കുടുംബത്തെ കണ്ണീർക്കയത്തിലൂടെ ആ 96 മണിക്കുർ കടത്തിവിടണമായിരുന്നു. എന്തെന്നാൽ മരിച്ചു ജീർണ്ണിച്ച മനുഷ്യശരീരത്തിനു ജീവൻ നൽകുമ്പോഴാണ് താൻ ദൈവപുത്രനാണെന്ന്, ആർക്കും നിഷേധിക്കുവാൻ സാദ്ധ്യമല്ലാത്ത സത്യം, ലോകത്തിന്റെ മുമ്പിൽ തെളിയിക്കപ്പെടുന്നത്. ആ മരണവീട്ടിൽ വന്ന് ആ ദുഃഖത്തിൽ പങ്കുചേർന്നവരും, ലാസറിന്റെ ശവശരീരത്തിന് അന്തിമോപചാരം അർപ്പിച്ചവരും, ശവസംസ്കാര ശുശ്രൂഷ നടത്തിയവരുമെല്ലാം ലാസറിന്റെ മരണത്തിന്റെയും തുടർന്നുള്ള ഉയിർത്തെഴു ന്നേല്പിന്റെയും സാക്ഷിപത്രങ്ങളാണ്. എന്നാൽ അതു സാദ്ധ്യമാക്കുവാൻ താൻ സ്നേഹിച്ച ആ സഹോദരിമാരെ നാലുദിവസം കണ്ണീർക്കടലിലൂടെ കർത്താവിന് കടത്തിവിടണമായിരുന്നു. ഈ ആത്മീയ യാത്രയിൽ കഷ്ടതകളുടെയും വേദനകളുടെയും കദനക്കടലിൽ ആയിരിക്കുന്ന തന്റെ പ്രിയപ്പെട്ടവരുടെ അടുത്തേക്കു ചില സന്ദർഭങ്ങളിൽ യേശു വരുവാൻ വൈകുന്നത്, അവരിലൂടെ താൻ മഹത്ത്വീകരിക്കപ്പെടുവാനും അവരെ നിത്യസന്തോഷത്തിന്റെ തുറമുഖത്ത് എത്തിക്കുവാനുമാണെന്ന് മാർത്തയുടെയും മറിയയുടെയും അനുഭവം തെളിയിക്കുന്നു.

Leave a Reply

Your email address will not be published.