യേശുക്രിസ്തുവിൻ്റെ ദൈവം

യേശുക്രിസ്തുവിൻ്റെ ദൈവം

“സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.” (എഫെസ്യർ 1:3)

യേശുക്രിസ്തുവിൻ്റെയും എൻ്റെയും ദൈവം ഒരാളാണ് അല്ലെങ്കിൽ യേശുവിൻ്റെ ദൈവമാണ് എൻ്റെയും ദൈവം എന്നിങ്ങനെ പറയുന്ന അനേകം പേരുണ്ട്. യഹോവസാക്ഷികളും കുറേ നവീന ഉപദേശക്കാരും യേശുവിൻ്റെ ദൈവത്വത്തിൽ വിശ്വസിക്കാത്ത എല്ലാവരും അക്കുട്ടത്തിൽ പെട്ടവരാണ്. യേശു ദൈവമാണെന്ന് വിശ്വസിക്കുന്നതിനാൽ ത്രിത്വവിശ്വാസികൾ യേശുവിൻ്റെ ദൈവമാണ് എൻ്റെ ദൈവമെന്ന് പറഞ്ഞുകേൾക്കാറില്ല; പക്ഷെ, യേശുവിൻ്റെ പിതാവാണ് ഞങ്ങളുടെയും പിതാവെന്ന് അവരും പറയാറുണ്ട്. ആരോ പറഞ്ഞുപഠിപ്പിച്ചപോലെ യേശുവിൻ്റെയും എൻ്റെയും ദൈവം ഒരാളാണെന്ന് പറയുന്നതല്ലാതെ, ബൈബിളിൽ വലിയ ഗ്രാഹ്യമൊന്നും ഇക്കൂട്ടർക്കുണ്ടെന്ന് കരുതാൻ നിർവ്വാഹമില്ല. ഇവർക്ക് ആകെക്കൂടി അറിയാവുന്നത്; ക്രിസ്തുവിനെ പുത്രനെന്നും ദാസനെന്നും വിളിച്ചിട്ടുണ്ട്; അവൻ ദൈവത്തെ, പിതാവെന്നും ദൈവമെന്നും വിളിച്ചിട്ടുണ്ട്. അതിനാൽ, സ്രഷ്ടാവും സൃഷ്ടിയായ മനുഷ്യരും തമ്മിലുള്ള ബന്ധംപോലെയാണ് ദൈവവും ദൈവത്തിൻ്റെ ക്രിസ്തുവും തമ്മിലുള്ളതെന്ന് അവർ വിചാരിക്കുന്നു. യേശു ദൈവത്തെ ‘എൻ്റെ പിതാവു’ എന്നു വിളിക്കുന്നത് സുവിശേഷങ്ങളിൽ ഉടനീളം കാണാം. (ഉദാ: മത്താ, 11:27; 15:3; 18:35: 20:23; 24:26). അപൂർവ്വമായിട്ടാണെങ്കിലും പിതാവിനെ ‘എൻ്റെ ദൈവം‘ എന്നും  സംബോധന ചെയ്തിട്ടുണ്ട്. (മത്താ, 27:46; യോഹ, 20:17). അഭിഷിക്ത മനുഷ്യനായ യേശു തൻ്റെ പിതാവിനെ എൻ്റെ ദൈവം എന്നു വിളിച്ചിരിക്കയാലാണ്, യേശുവിൻ്റെയും എൻ്റെയും ദൈവം ഒരാളാണെന്ന് ഇക്കൂട്ടർ പറയുന്നത്. എന്നാൽ, യേശു ദൈവമല്ലെന്ന് പറയുന്ന ഇവർക്ക് ദൈവമല്ലെങ്കിൽ പിന്നെയവൻ ആരാണെന്നറിയില്ല. ട്രിനിറ്റി, അവൻ പുത്രനായ ദൈവവും സാരാശത്തിൽ ഏകനുമാണെന്ന് പറയും; അതിനും തെളിവൊന്നുമില്ല. ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നെന്നേക്കും അനന്യനായ അവൻ്റെ അസ്തിത്വമെന്താണെന്ന് ചോദിച്ചാൽ അവൻ്റെ ദൈവത്വം നിഷേധിക്കുന്നവർക്ക് മറുപടിയില്ല. ചിലർ പറയും: യേശു ദൈവമാണ് പക്ഷെ സർവ്വശക്തനായ ദൈവമല്ല. എത്ര ബാലിശമാണ് ഇക്കൂട്ടരുടെ ഹൃദയവിചാരങ്ങളെന്ന് ബൈബിൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും.

ഇവിടെയൊരു ചോദ്യമുണ്ട്: ക്രിസ്തു, എൻ്റെ പിതാവെന്നും എൻ്റെ ദൈവമെന്നും വിളിക്കുന്ന വ്യക്തി തന്നെയല്ലേ മനുഷ്യരുടെ ദൈവം, പിന്നെന്താണ് പ്രശ്നം? പ്രശ്നമുണ്ട്. മനുഷ്യർക്ക് ദൈവവുമായുള്ള ബന്ധം പോലെയോ, ദൂതന്മാർക്ക് ദൈവവുമായൂള്ള ബന്ധം പോലെയോ ഒരു ബന്ധമല്ല, ദൈവവും അവൻ്റെ ക്രിസ്തുവുമായുള്ളത്. മനുഷ്യരുടെ പാപപരിഹാരാർത്ഥം ദൈവം തന്നെത്താൻ താഴ്ത്തി മനുഷ്യസാദൃശ്യത്തിലായി അഥവാ മനുഷ്യരോട് താദാത്മ്യം പ്രാപിച്ച് മരിച്ചുയിർത്തതല്ലാതെ, വിശ്വാസികൾ ക്രിസ്തുവിനോട് താദാത്മ്യം പ്രാപിച്ചുവെന്ന് പറയാൻ പറ്റുമോ? സഭയുടെ തലയായ ക്രിസ്തുവിനോളം വളരാൻ പറഞ്ഞിട്ടുണ്ടെന്ന് കരുതി, ഞാൻ ക്രിസ്തുവിനോളം വളർന്നു അഥവാ അവനൊപ്പമായി എന്നാരെങ്കിലും പറഞ്ഞാൽ എങ്ങനെയിരിക്കും? ക്രിസ്തു അപ്പൊസ്തലന്മാരെ സഹോദരന്മാരെന്ന് സംബോധന ചെയ്തിട്ടുണ്ട്; അപ്പൊസ്തലന്മാർ ആരെങ്കിലും യേശുവിനെ സഹോദരാ എന്ന് വിളിച്ചിട്ടുണ്ടോ? വിളിച്ചിട്ടില്ലെന്ന് മാത്രമല്ല; അവരൊക്കെ ക്രിസ്തുവിൻ്റെ ദാസൻ (അടിമ) ആയിട്ടാണ് തങ്ങളെത്തന്നെ എണ്ണിയിരുന്നത്. എന്തിനേറെപ്പറയുന്നു: യേശുവിൻ്റെ സ്വന്തസഹോദരന്മാരായ യാക്കോബും യൂദായും പോലും അവൻ്റെ ദാസനെന്നാണ് തങ്ങളെത്തന്നെ പരിചയപ്പെടുത്തുന്നത്. ഞങ്ങളുടെ മൂത്ത ജ്യേഷ്ഠനാണ് യേശുവെന്ന് അവർ എന്തേ പറഞ്ഞില്ല? ദൈവം ക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുക്കുകയും അവനെ ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കയും ചെയ്തിരിക്കയാൽ, നാം ദൈവത്തിൻ്റെ അനന്തര ജാതന്മാരാണ്. എന്നുകരുതി ക്രിസ്തുവിനെ ചേട്ടാ എന്ന് വിളിക്കാമോ? വിളിക്കാം; തലയായ ക്രിസ്തുവിനോളം നാം വളരണം. എന്നിട്ട് ചേട്ടാന്ന് വിളിക്കുയോ, എൻ്റെയും ക്രിസ്തുവിൻ്റെയും ദൈവം ഒരാളാണെന്ന് പറയുകയോ ചെയ്യാം.

മനുഷ്യരിൽ നിന്നും ദൂതന്മാരിൽനിന്നും അഭിഷിക്തമനുഷ്യനായ യേശു വ്യത്യസ്തനാണെന്നു കാണിക്കുന്ന വേദഭാഗങ്ങൾ പലതുണ്ട്: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:” (ഗലാ, 1:2). ക്രൂശിൽ മരിച്ചിട്ട് ദൈവം ഉയിർപ്പിച്ച യേശുക്രിസ്തു ഒരു മനുഷ്യനായിരുന്നു; എങ്കിലും എല്ലാമനുഷ്യരെപ്പോലെ ഒരു മനുഷ്യനായിരുന്നില്ല. അതിനാലാണ് പൗലൊസ് അപ്പൊസ്തലൻ മനുഷ്യരിൽനിന്ന് ക്രിസ്തുവിനെ വേർതിരിച്ചു പറഞ്ഞിരിക്കുന്നത്. അപ്പോൾത്തന്നെ, യേശുവെന്ന മനുഷ്യൻ മൂലമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടായതെന്ന് വേറൊരിടത്ത് പറയുന്നുമുണ്ട്. (1കൊരി, 15:21). ദൂതന്മാരും മനുഷ്യരും (ദൈവമക്കൾ) തുല്യരാണ്: ദൂതനെ നമസ്കരിക്കാൻ തുടങ്ങുന്ന യോഹന്നാനെ തടുത്തുകൊണ്ട് അവൻ പറഞ്ഞത്: “ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.” (വെളി, 22:9). ദൂതന്മാരൊക്കെയും ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കൾ ആണെന്നും പറഞ്ഞിട്ടുണ്ട്. (എബ്രാ, 1:14). എന്നാൽ നമ്മുടെ ഗുരുവും നായകനും കർത്താവുമാണ് മനുഷ്യനായ ക്രിസ്തുയേശു: “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ.” (മത്താ, 23:8-10). “യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6. ഒ.നോ: ലൂക്കൊ, 2:11). ഗുരുവും നായകനും കർത്താവും ക്രിസ്തു മാത്രമാണ്. മനുഷ്യർക്കാർക്കും അവൻ്റെ സ്ഥാനമായ ഗുരുവെന്നും നായകനെന്നും കർത്താവെന്നും പേരെടുക്കാൻപോലും കഴിയാത്തത്രയും ഉന്നതനാണ് നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശു. (1തിമൊ, 2:6). “ഏതു പുരുഷൻ്റെയും അഥവാ മനുഷ്യൻ്റെയും തലയും (1കൊരി, 11:3), സഭയാകുന്ന ശരീരത്തിൻ്റെ തലയും (എഫെ, 5:23), എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയുമായ (കൊലൊ, 2:10) ക്രിസ്തുവിൻ്റെയും എൻ്റെയും ദൈവം ഒരാളാണെന്ന് പറയാൻ ഒരു വിശ്വാസിക്കും അവകാശമില്ല. സഭയുടെ തലയായ ക്രിസ്തുവിനെ മുറുകെപ്പിടിക്കാനാണ് വിശ്വാസികളോട് കല്പിച്ചിരിക്കുന്നത്. (കൊലൊ, 1:18). അല്ലാതെ, അവൻ്റെ മരണത്താൽ ദൈവത്തോടു നിരപ്പുപ്രാപിച്ചവർ എൻ്റെയും യേശുക്രിസ്തുവിൻ്റെയും ദൈവം ഒരാളാണെന്ന് പറഞ്ഞുകൊണ്ട്, തന്നെത്തന്നെ ക്രിസ്തുവിനോട് സമനാക്കി അവനെ നിന്ദിക്കുകയല്ല വേണ്ടത്.”

ഇനി, യേശുവെന്ന അഭിഷിക്ത മനുഷ്യൻ അഥവാ ക്രിസ്തു പറഞ്ഞത് നോക്കാം: ഉയിർത്തെഴുന്നേറ്റ ക്രിസ്തു തൻ്റെ അപ്പൊസ്തലന്മാരെ അറിയിക്കാൻ മഗ്ദലക്കാരത്തി മറിയയോട്: “നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ക്രിസ്തു എന്തുകൊണ്ടാണ് നമ്മുടെ എന്നു പറയാതെ; എൻ്റെ പിതാവും നിങ്ങളുടെ പിതാവും എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും എന്നു വേർതിരിച്ചു പറഞ്ഞത്? മനുഷ്യനായ ക്രിസ്തുവിന് ദൈവവുമായുള്ള ബന്ധവും നമുക്ക് ദൈവവുമായുള്ള ബന്ധവും തമ്മിൽ അജഗജാന്തരമുണ്ട്. മനുഷ്യൻ്റെ പാപപരിഹാരത്തോടുള്ള ബന്ധത്തിൽ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായ യേശുവിന് ഒരു പിതാവും (മത്താ, 3:17) ദൈവവുമുണ്ട്. (മത്താ, 27:46). എങ്കിലും ദൈവത്തിനും അവൻ്റെ ക്രിസ്തുവിനുമുള്ള ബന്ധത്തിനു തുല്യമായിരുന്നില്ല സൃഷ്ടികളായ ദൂതന്മാർക്കും മനുഷ്യർക്കും ദൈവത്തോട് ഉണ്ടായിരുന്നത്. ദൂതന്മാർക്കും മനുഷ്യർക്കും ദൈവവുമായി ഒരേ ബന്ധമാണുള്ളത്. (വെളി, 10:10; 22;9). യേശുക്രിസ്തു പ്രധാന ദൂതനായ മീഖായേൽ ആണെന്ന് കരുതുന്നവരുണ്ട്. യേശു ദൂതഗണത്തിൽ പെട്ടതായിരുന്നെങ്കിലോ, അല്ലെങ്കിൽ സ്വർഗ്ഗീയരും ഭൗമികരും തമ്മിൽ വേർതിരിച്ചു കാണിക്കാനോ ആയിരുന്നെങ്കിൽ, ഞങ്ങളുടെ പിതാവും നിങ്ങളുടെ പിതാവും ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും എന്ന് പറയുമായിരുന്നു. ക്രിസ്തു ഒരിടത്തും ഞങ്ങളുടെ പിതാവെന്നോ, ഞങ്ങളുടെ ദൈവമെന്നോ പറഞ്ഞിട്ടില്ല. ഇനി, യേശുവിൻ്റെയും മനുഷ്യരുടെയും പുത്രത്വം ഒന്നായിരുന്നെങ്കിൽ, എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും എന്നു പറയാതെ; നമ്മുടെ പിതാവും നമ്മുടെ ദൈവവും എന്ന് പറയുമായിരുന്നു. നമ്മുടെ പിതാവെന്നോ, നമ്മുടെ ദൈവമെന്നോ അവൻ ഒരിടത്തും പറഞ്ഞിട്ടില്ല. എൻ്റെ പിതാവ് (മത്താ, 7:21; 10:32,33; 11:27; 12:50), എൻ്റെ ദൈവം (മത്താ, 27:46; മർക്കൊ, 15:34; യോഹ, 20:17) എന്നാണ് പറഞ്ഞിരിക്കുന്നത്. ഇനി, ചിലർ കരുതുന്നതുപോലെ യേശു ദൈവത്തിൻ്റെ സൃഷ്ടിയായിരുന്നെങ്കിൽ ‘എൻ്റെ ദൈവം നിങ്ങളുടെ ദൈവം’ എന്ന് പറയാതെ ‘നമ്മുടെ ദൈവം’ എന്ന് പറയാൻ അവർ ലജ്ജിക്കുമായിരുന്നോ? അവൻ ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയായ മനുഷ്യനായിരുന്നു. (1തിമൊ, 3:14-16). അതിനാൽ സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത ഒരു നിസ്തുല്യമായ പിതൃപുത്രബന്ധമാണ് പിതാവും പുത്രനും തമ്മിൽ ഉണ്ടായിരുന്നത്. ദൈവവത്തിന് തൻ്റെ ക്രിസ്തുവുമായി ഉണ്ടായിരുന്ന ഈ നിസ്തുലമായ ബന്ധത്താലാണ് അവൻ ഏകജാതനെന്ന് വിളിക്കപ്പെട്ടത്. അല്ലാതെ ദൈവം ജനിപ്പിക്കുകയോ, സൃഷ്ടിക്കുകയോ ചെയ്ത പുത്രനല്ല ക്രിസ്തു.

നിൻ്റെ ദൈവം ആരാണെന്ന് ചോദിക്കുമ്പോൾ, യേശുവിൻ്റെ ദൈവമാണ് എൻ്റെ ദൈവമെന്ന് പറയുന്നവർക്ക് ദൈവത്തെയോ, അവൻ്റെ ക്രിസ്തുവിനെയോ അറിയില്ലെന്നതാണ് വസ്തുത. യേശു യെഹൂദന്മാരോട് ഇപ്രകാരം പറഞ്ഞു: നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19. ഒ.നോ: 14:7). ക്രിസ്തുവിനെ അറിയാതെ അവൻ്റെ പിതാവിനെ എങ്ങനെ അറിയും? കന്യകയായ മറിയയിൽ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നിട്ട് ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട് മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമാക്കിയത് മനുഷ്യനായ യേശുവാണ്. (മത്താ, 1:16; ലൂക്കൊ, 2:52; 1തിമൊ, 2:5,6). എന്നാൽ യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) ജഡത്തിൽ പ്രത്യക്ഷനായത് ‘ആരായിരുന്നു’ എന്ന് അനേകർക്കും അറിയില്ല. പലവിധത്തിൽ ആളുകൾ ക്രിസ്തുവിനെ മനസ്സിലാക്കുന്നു. ഒന്ന്: യേശു കേവലം മനുഷ്യനായിരുന്നു; സ്നാനത്തിൽ ദൈവമവനെ ദത്തെടുത്ത് ക്രിസ്തുവാക്കിയെന്ന് വിശ്വസിക്കുന്നവർ. അവരുടെ വിശ്വാസപ്രകാരം, മനുഷ്യൻ ദൈവമാകുകയാണ് ചെയ്തത്. രണ്ട്: അവൻ ദൈവത്തിൻ്റെ പുത്രനാണ് പക്ഷെ, ദൈവമല്ലെന്ന് വിശ്വസിക്കുന്നവർ. ഇവരാണ് എൻ്റെയും യേശുവിൻ്റെയും ദൈവം ഒരാളാണെന്ന് പറയുന്നവർ. ഇതു പറയാനല്ലാതെ, യേശുവിൻ്റെ നിത്യമായ അസ്തിത്വം എന്താണെന്ന് ഇക്കൂട്ടർക്ക് അറിയില്ല. മൂന്ന്: അവൻ ദൈവമാണ് പക്ഷെ, സർവ്വശക്തനായ ദൈവമല്ലെന്ന് വിശ്വസിക്കുന്നവർ. സാധാരണ ദൈവം സർവ്വശക്തനായ ദൈവം എന്നിങ്ങനെ സത്യദൈവം രണ്ടില്ല; ഒന്നേയുള്ളു. ചിലപ്പോൾ ഇവർ യേശു പ്രധാന ദൂതനായ മീഖായേലാണെന്നും പറയും. നാല്: ഇക്കൂട്ടർ വിശ്വസിക്കുന്നത്, ദൈവത്തിൽ മൂന്ന് വ്യക്തികളുണ്ടെന്നാണ്. ഇതും ബൈബിളിൻ്റെ ഉപദേശമല്ല; ദൈവം ഏകവ്യക്തിയാണെന്ന് സ്ഫടികസ്ഫുടം പറഞ്ഞിട്ടുണ്ട്. അഞ്ച്: യഹോവയും യേശുവും ഒരാളാണെന്ന് വിശ്വസിക്കുന്നവർ അഥവാ യഹോവയായ ദൈവമാണ് മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയതെന്ന് വിശ്വസിക്കുന്നവർ. ഇതിൽ ഒന്നുമുതൽ നാലുവരെയുള്ളവരുടെ വിശ്വാസം വ്യർത്ഥമാണെന്ന് ബൈബിളിൽ നിന്ന് മനസ്സിലാക്കാം:

ഒന്ന്; ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം: യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20), പിതാവായ ഏകദൈവമേ നമുക്കുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; മലാ, 2:10; യെശ, 63:16; 64:8), യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 44:5,6; 44:8; 45:5; 45:18,21; 45:22; 46:8), യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11. ഒ.നോ: യെശ, 45:21, 22; ഹോശേ, 13:5), യഹോവയ്ക്ക് സമനും സദൃശനുമില്ല: (പുറ, 15:11; സങ്കീ, 35:10; 40:5; 71:19; 86:8; 89:6; 113:5; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18), യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവ: (ഇയ്യോ, 9:8. ഒ.നോ: 2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; 44:24), യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10), യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവും (യോഹ, 17:3) അപ്പൊസ്തലന്മാരും മറ്റൊരു ദൈവവ്യക്തിയെ അറിയുന്നുമില്ല. (1കൊരി, 8:6). ‘നിൻ്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (Him only) ആരാധിക്കാവു’ (മത്താ, 4:10 ലൂക്കൊ, 4:8), പിതാവു മാത്രമല്ലാതെ (Father only) പുത്രനുംകൂടി അറിയുന്നില്ല. (മത്താ, 24:36), ഏകദൈവത്തിൽ (God only) നിന്നുള്ള ബഹുമാനം (യോഹ, 5:44), ഏകസത്യദൈവം (the only true God) (യോഹ, 17:3) എന്നൊക്കെ പറയുന്നത് ക്രിസ്തുവാണ്. പഴയനിയമത്തിൽ ഒറ്റയെന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘യാഖീദ്’ (only/alone – yachiyd) എന്ന പദത്തിനു തുല്യമായ പുതിയനിയമത്തിലെ പദമായ ‘മോണോസ്’ (only/alone – monos) കൊണ്ട് പിതാവ് ഒരുത്തൻ മാത്രമാണ് ദൈവമെന്ന് യേശുവെന്ന അഭിഷിക്തമനുഷ്യൻ അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. അതിനാൽ ദൈവത്തിൽ മറ്റു വ്യക്തികളുണ്ടെന്നോ, സർവ്വശക്തിയുള്ള ദൈവമല്ലാത്ത ഒരു സാധാരണ ദൈവമുണ്ടെന്നോ ഓർത്ത് ആരും മഞ്ഞുകൊള്ളണ്ട. അതിനാൽ ത്രിത്വവിശ്വാസികളുടെയും, യേശു സർവ്വശക്തനല്ല; അതിൽ കുറഞ്ഞ ദൈവമാണെന്ന് പറയുന്നവരുടെയും അപ്പീസ് പൂട്ടി. ഇനി, ഏകസത്യദൈവത്തെ കൂടാതെ, ബൈബിളിൽ ദൈവമെന്ന് വിളിച്ചിരിക്കുന്നത്; ദൂതന്മാരെയും മനുഷ്യരെയും സത്താനെയും ജാതികളുടെ ദേവന്മാരെയുമാണ്. അവരിലൊരാളാണ് യേശുക്രിസ്തുവെന്ന് ദയവായി പറയരുത്.

രണ്ട്; യേശുക്രിസ്തു ദൈവമല്ലെന്ന് വിശ്വസിക്കുന്നവർക്ക് മേല്പറഞ്ഞ വേദഭാഗങ്ങൾ ഒരുപക്ഷെ, ആശ്വാസത്തിന് വക നല്കുന്നതാണ്. പക്ഷെ, യേശുക്രിസ്തു ദൈവമല്ലെങ്കിൽ പിന്നെയാരാണ്? ബൈബിളിൽ ആറുവിധം കാഥാപാത്രങ്ങളുണ്ട്: 1. ദൈവം, 2. ദൂതന്മാർ, 3. മനുഷ്യർ, 4. സാത്താൻ, 5. ദുരാത്മാക്കൾ (ഭൂതങ്ങൾ), 6. ജാതികളുടെ ദേവീദേവന്മാർ. ഇതിൽ യേശുക്രിസ്തു ദൈവമല്ലെങ്കിൽ പിന്നയാരാണെന്ന് പറയും? അവൻ്റെ നിത്യമായ അസ്തിത്വം എന്താണ്? യേശുവിനെ, അല്ഫയും ഒമേഗയും (വെളി, 1:8; 21:6; 22:13) ആദിയും അന്തവും (21:6: 22:13) ആദ്യനും അന്ത്യനും (1:17; 2:8) ഒന്നാമൻ ഒടുക്കത്തവൻ (22:13) ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ (എബ്രാ, 13:8) എന്നൊക്കെ പറയുന്നതിനാൽ; അവൻ നിത്യനാണെന്ന് മനസ്സിലാക്കാമല്ലോ? ദൈവമല്ലാത്ത യേശുക്രിസ്തുവിൻ്റെ നിത്യമായ അസ്തിത്വം എന്താണെന്ന് അവൻ്റെ ദൈവത്വനിഷേധികൾ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

മൂന്ന്; യേശുവിനെ ബൈബിളിൽ, ദൈവം (യോഹ, 20:28; എബ്രാ, 1:8), മഹാദൈവം (തീത്തൊ, 2:12), വീരനാം ദൈവം (യെശ,9:6), സത്യദൈവം (1യോഹ, 5:20), സർവ്വത്തിനും മീതെ ദൈവം (റോമ, 9:5), സർവ്വശക്തിയുള്ള ദൈവം (വെളി, 1:8; 19:6) എന്നൊക്കെ വിശേഷിപ്പിച്ചിട്ടുണ്ട്. യഹോവയായ പിതാവ് ഒരുത്തൻ മാത്രമാണ് ദൈവമെന്ന് ബൈബിൾ ആദിയോടന്തം സ്ഫടികസ്ഫുടം പറഞ്ഞിട്ടുണ്ട്. കൂടാതെ, പിതാവു മാത്രമാണ് സത്യദൈവമെന്ന് മനുഷ്യനായിരുന്ന യേശുക്രിസ്തുവും തെളിവായി പറഞ്ഞിട്ടുണ്ട്. (മത്താ, 4:10; ലൂക്കൊ, 4:8; യോഹ, 5:44; 17:3). യേശുക്രിസ്തുവിൻ്റെ വാക്കുകളെ സത്യവിശ്വാസികൾ ആരെങ്കിലും അവിശ്വസിക്കുമെന്ന് ഞാൻ കരുതുന്നില്ല. അപ്പൊസ്തലന്മാർ യേശു മഹാദൈവവും സത്യദൈവവുമാണെന്ന് പറഞ്ഞിരിക്കുന്നു; പിതാവ് മാത്രം സത്യദൈവമെന്ന് യേശുവും പറയുന്നു. ഒന്നെങ്കിൽ, യേശുക്രിസ്തു നുണ പറഞ്ഞു; അല്ലെങ്കിൽ, അപ്പൊസ്തലന്മാർ യേശു ദൈവമാണെന്ന് നുണ പറഞ്ഞു; അതുമല്ലെങ്കിൽ, ബൈബിൾ പരസ്പവിരുദ്ധം (contradiction) ആണ്. ഇതൊന്നുമല്ലെങ്കിൽ, യഹോവയായ ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ്, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞത്. യേശുവിനു ജഡത്തിൽ ഇരുപ്രകൃതി ഉണ്ടായിരുന്നെന്ന് പഠിപ്പിക്കുന്നത് ത്രിത്വമാണ്; ബൈബിളല്ല. പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറയുന്നത് പാപമറിയാത്ത മനുഷ്യൻ മാത്രമായ ക്രിസ്തുവാണ്. പിതാവു മാത്രം സത്യദൈവമെന്ന് യേശു പറയുന്നതും യേശു സത്യദൈവമാണെന്ന് അപ്പൊസ്തലൻ പറയുന്നതും ഒരുപോലെ ശരിയാകണമെങ്കിൽ പിതാവുതന്നെ മനുഷ്യനായി പ്രത്യക്ഷനായിരിക്കുന്നത് ആകണം ക്രിസ്തു. അഥവാ പിതാവും പുത്രനും നിത്യമായ അസ്തിത്വത്തിൽ ഒന്നാണെങ്കിൽ മാത്രമേ രണ്ടു പ്രയോഗങ്ങളും ശരിയാകുകയുള്ളു; അല്ലെങ്കിൽ, യേശുവോ അപ്പസ്തലനോ നുണ പറയുന്നതോ, ബൈബിൾ പരസ്പര വിരുദ്ധമോ ആകും.

നാല്; യേശുവിനെ ദൈവമെന്ന് വിളിച്ചിരിക്കുന്നതിനെ അവൻ്റെ ദൈവത്വനിഷേധികൾ പറയുന്നത്; സാത്താനെയും ദൈവമെന്ന് വിളിച്ചിട്ടുണ്ടെന്നാണ്. ശരിയാണ്; സാത്താനെ മാത്രമല്ല (2കൊരി, 4:4), ദൂതന്മാരെയും (സങ്കീ, 82:1), മനുഷ്യരെയും (പുറ, 4:16; 7:1; സങ്കീ, 82:6; യോഹ, 10:34,35; 14:11; 28:6), ദേവന്മാരെയും (ഉല്പ, 35:2; ന്യായാ, 11:24; പ്രവൃ, 7:43. 1കൊരി, 8:5), ദേവിയെയും (1രാജാ, 1:5,33), വയറിനെയും (ക്രിസ്തുവിനെ വിറ്റ് പുട്ടടിക്കുന്നവർ) (ഫിലി, 3:19) ദൈവമെന്ന് വിളിച്ചിട്ടുണ്ട്. പക്ഷെ, അവരെയാരെയും, മഹാദൈവം, വീരനാംദൈവം, സത്യദൈവം, സർവ്വത്തിനുംമീതെ ദൈവം, സർവ്വശക്തിയുള്ള ദൈവം എന്നിങ്ങനെ വിശേഷണങ്ങൾ ചേർത്ത് വിളിച്ചിട്ടില്ല. സത്യദൈവത്തിന് മാത്രമേ വിശേഷണങ്ങൾ ഉണ്ടാകുകയുള്ളു. പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറയുന്നവനെ സത്യദൈവമെന്ന് വിളിച്ചിട്ടുണ്ടെങ്കിൽ പിതാവും പുത്രനും നിത്യമായ അസ്തിത്വത്തിൽ ഒന്നാണെന്ന് മനസ്സിലാക്കാമല്ലോ? പിതാവായ ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ് പിതാവിനെ ഏകസത്യദൈവമെന്ന് വിളിക്കുന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1:20). പ്രത്യക്ഷനായവൻ അപ്രത്യക്ഷമായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയുമില്ല. അതിനാലാണ്, ”ഞാനും പിതാവും ഒന്നാകുന്നു; എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെയും പറഞ്ഞിരിക്കുന്നത്. (യോഹ, 10:30; 14:9). (കാണുക: ഞാനും പിതാവും ഒന്നാകുന്നു)

അഞ്ച്; “എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ” എന്നു ദാവീദ് വിളിക്കുന്നത് യഹോവയെയാണ്.  (സങ്കീ, 35:23). യഹോവയല്ലാതെ മറ്റൊരു ദൈവം യെഹൂദന്മാർക്കില്ല. ദൈവം ഏകനാണെന്നുള്ളതും യഹോവ മാത്രം ദൈവമാണെന്നുള്ളതും യെഹൂദനെ സംബന്ധിച്ച് കേവലം അറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്; വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും അടയാളമായി കൈമേലോ, പട്ടമായി നെറ്റിമേലോ ഇരിക്കേണ്ടതാണ്. (ആവ, 6:4-8). അപ്പോൾ, പുതിയനിയമത്തിൽ “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” എന്ന് തോമാസ് അപ്പൊസ്തവൻ വിളിക്കുന്ന യേശുക്രിസ്തു യഹോവ തന്നെയല്ലേ? (യോഹ, 20:28). മറ്റൊരു വ്യക്തിയെ എൻ്റെ ദൈവമേ എന്ന് വിളിക്കാൻ യെഹൂദനായ തോമാസിന് കഴിയുമോ? യേശുവിനെ ദൈവമെന്ന് വിളിക്കുമ്പോൾ മാത്രം അവൻ്റെ ദൈവത്വത്തെ നിഷേധിക്കുന്നവർക്ക് അത് മറ്റൊരർത്ഥമായി മാറും; ട്രിനിറ്റിക്ക് മറ്റൊരു വ്യക്തിയായും. ഒരു യെഹൂദൻ എൻ്റെ ദൈവം എന്ന് യഹോവയെയല്ലാതെ മറ്റാരെയും വിളിക്കില്ലെന്നറിയാത്തതോ, അറിഞ്ഞിട്ടും സ്വന്ത ഉപേദേശം സ്ഥാപിക്കാൻ അറിയായ്മ നടിക്കുകയോ ആണ് അവർ ചെയ്യുന്നത്.

ആറ്; പഴയനിയമത്തിൽ ‘എൻ്റെ ദൈവം’ (my God – me-elohay) എന്ന പ്രയോഗം നൂറിലധികം പ്രാവശ്യമുണ്ട്. യഹോവയെയല്ലാതെ മറ്റാരെയും ആ പദംകൊണ്ട് വിശേഷിപ്പിച്ചിട്ടില്ല. പുതിയനിയമത്തിൽ ‘എൻ്റെ ദൈവം’ (my God – Theos mou) എന്ന പ്രയോഗം പതിനേഴ് പ്രാവശ്യമുണ്ട്. മോശെ മുതലുള്ള പഴയനിയമ പ്രവാചകന്മാരും (പുറ, 15:2; 1ദിന, 28:20; 2:ദിന, 18:13) സങ്കീർത്തകരും (3:7; 5:2; 7:1; 13:3; 18:2) യിസ്രായേൽ ജനവും (ഹോശേ, 2:23; മീഖാ, 7:7) യേശുവെന്ന അഭിഷിക്തമനുഷ്യനും (യോഹ, 20:17) അപ്പൊസ്തലനായ പൗലൊസും (ഫിലി, 1:6) എൻ്റെ ദൈവമെന്ന് സംബോധന ചെയ്യുന്നത് ആരെയാണോ; അവനെത്തന്നെയാണ് അപ്പൊസ്തലനായ തോമാസ് “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” എന്നു വിളിക്കുന്നത്. (യോഹ, 20:28). ഈ വസ്തുത അനേകരും ഗ്രഹിക്കുന്നില്ല.. 

ഏഴ്; ആത്മാക്കളുടെ ഉടയവൻ യഹോവയായ ദൈവമാണ്: “അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ.” (സംഖ്യാ, 16:22). “സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ.” (സംഖ്യാ, 27:17. ഒ.നോ: സങ്കീ, 31:5; 42:1,2; സഭാ, 12:7; എബ്രാ, 12:9; 1പത്രൊ, 4:19). സകല ജഡത്തിന്റെയും ആത്മാക്കളുടെ ഉടയവനായ യഹോവയുടെ കയ്യിൽത്തന്നെയാണ് യേശുവെന്ന അഭിഷിക്തമനുഷ്യൻ മരണസമയത്ത് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്ത് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. (ലൂക്കൊ, 23:46). ആത്മാക്കളുടെ ഉടയവൻ യഹോവയാണെന്ന് എല്ലാ യെഹൂദന്മാർക്കും അറിയാമായിരിക്കുമല്ലോ; പിന്നെന്തുകൊണ്ടാണ് മരണസമയത്ത് സ്തെഫാനോസ് തൻ്റെ ആത്മാവിനെ കർത്താവായ യേശുവിൻ്റെ കരങ്ങളിൽ ഏല്പിച്ചത്? (പ്രവൃ, 7:59). ഒന്നെങ്കിൽ യഹോവയും യേശുവും ഒരാളാണ്; അല്ലെങ്കിൽ സ്തെഫാനോസിന് ആളുമാറിപ്പോയി. ഇതിലേതാണ് ശരി: തൻ്റെ ആത്മാവിനെ ഉടയവനെ ഏല്പിക്കുമ്പോൾ അവൻ ഒറ്റയ്ക്കായിരുന്നില്ല; സത്യത്തിൻ്റെയും സുബോധത്തിൻ്റെയും ആത്മാവായ പരിശുദ്ധാത്മാവ് അവനിൽ വന്ന് നിറഞ്ഞപ്പോഴാണ് അവൻ സ്വർഗ്ഗം തുറന്നിരിക്കുന്നതും അദൃശ്യനായ ദൈവത്തിൻ്റെ തേജസ്സും വലത്തുഭാഗത്തു ആത്മാക്കളുടെ ഉടയവനെയും കണ്ടത്. (പ്രവൃ, 7:55,56). സ്തെഫാനോസിന് തെറ്റുപറ്റിയാലും പരിശുദ്ധാത്മാവിന് തെറ്റുപറ്റില്ലല്ലോ? ഇനി, യേശുവിൻ്റെ ദൈവത്വം നിഷേധിക്കാൻ വേണ്ടി പരിശുദ്ധാത്മാവിനു തെറ്റുപറ്റിയെന്ന് ആരും പറയാതിരുന്നാൽ ഭാഗ്യം!

യേശുക്രിസ്തുവിൻ്റെ ദൈവം: പൗലൊസും പത്രൊസും യേശുക്രിസ്തുവിൻ്റെ ദൈവത്തിന് സ്തുതി കരേറ്റുന്നതായി കാണാം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി, 11:31. ഒ.നോ: എഫെ, 1:3; 1:17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലോ, 1:3; 1പത്രൊ, 1:3). പുതീയനിയമം വെളിപ്പെടുത്തുന്ന യേശുവെന്ന മനുഷ്യന് ഒരു വംശാവലിയും (മത്താ, 1:1-16; ലൂക്കൊ, 3:23-38), ജനനവും (മത്താ, 1:16), അമ്മയും (മർക്കൊ, 6:3), വളർത്തച്ഛനും (യോഹ, 1:45), സ്വർഗ്ഗീയ പിതാവും (റോമ, 15:5), ദൈവവും (എഫെ, 1:3,17), കഷ്ടവും (എബ്രാ, 13:12), മരണവും (എബ്രാ, 2:9), ഉയിർപ്പുമുണ്ട്. (മത്താ, 28:6). എന്നാൽ, ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും (എബ്രാ, 13:8), അല്ഫയും ഒമേഗയും (വെളി, 21:6), ആദിയും അന്തവും (വെളി, 21:6), ആദ്യനും അന്ത്യനും (1:17), ഒന്നാമത്തവനും ഒടുക്കത്തവനും (22:13) എന്ന് ബൈബിൾ വിശേഷിപ്പിക്കുന്ന മഹാദൈവത്തിന് (തീത്തൊ, 2:12) വംശാവലിയോ, ജനനമോ, അപ്പനോ, അമ്മയോ, സ്വർഗ്ഗീയ പിതാവോ, ദൈവമോ, കഷ്ടമോ, മരണമോ, ഉയിർപ്പോ ഉണ്ടാകുക സാദ്ധ്യമല്ല; എന്തെന്നാൽ അവൻ സർവ്വത്തിൻ്റെയും സ്രഷ്ടാവായ ദൈവമാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ; പഴയനിയമം വെളിപ്പെടുത്തുന്ന യഹോവയായ ദൈവവും പുതിയനിയമത്തിലെ ലേഖനങ്ങളിൽ കാണുന്ന മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണ്. ആ ദൈവത്തിൻ്റെ പ്രത്യക്ഷതയാണ് സുവിശേഷങ്ങളിലുള്ള യേശുവെന്ന മനുഷ്യൻ. പൗലൊസ് സ്തുതി കരേറ്റുന്നത്; മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമർപ്പിച്ച ക്രിസ്തുയേശു എന്ന മനുഷ്യൻ്റെ ദൈവത്തെയാണ്. (1തിമൊ, 2:5,6). യേശുവിൻ്റെ ജനനശേഷം ദൂതൻ ഇടയന്മാരോട് വന്ന് പറയുന്നത്: “ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കോ, 2:10,11). കന്യകയിൽ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നിട്ട് കഷ്ടങ്ങളിൽ തികഞ്ഞ മനുഷ്യനാണ് നമ്മുടെ കർത്താവായ ക്രിസ്തു; അല്ലാതെ ദൈവമല്ല. (ലൂക്കൊ, 2:52). യേശുക്രിസ്തുവെന്ന നമ്മുടെ രക്ഷാനായകനായ മനുഷ്യൻ്റെ ദൈവത്തെയാണ് പൗലൊസ് വാഴ്ത്തുന്നത്. (എബ്രാ, 2:10; 5:8,9). എന്തെന്നാൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവെന്ന മനുഷ്യൻ മുഖാന്തരമാണ് ദൈവത്തോടു ശത്രുതയിലായിരുന്ന നമുക്ക് നിരപ്പുവന്നത്. റോമ, 5:10). സഭയുടെ തലയായ ക്രിസ്തുവെന്ന മനുഷ്യനാണ് ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള ഏകമദ്ധ്യസ്ഥൻ. (1തിമൊ, 2:5; എബ്രാ, 8:6; 9:15; 12:34). അവനാണ് നമ്മുടെ പാപങ്ങൾക്കുവേണ്ടി മറുവിലയായ മനുഷ്യൻ. (1തിമൊ, 2:5,6). അതിനാലാണ് യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലൻ സ്തുതിക്കുന്നതും (2കൊരി, 11:31; എഫെ, 1:3; 1:17), അവൻ മുഖാന്തരം ദൈവത്തിനു സ്തോത്രം കരേറ്റുന്നതും (റോമ, 1:8; 7:25; 1കൊരി, 15:57), മഹത്വം കരേറ്റുന്നതും (റോമ, 16:26; യൂദാ, 1:24), അവൻ മുഖാന്തരമാണ് ദൈവത്തിൽ നാം പ്രശംസിക്കുന്നതും. (റോമ, 5:11). (കാണുക: ദൈവവും കർത്താവും)

“നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്ന് യേശുക്രിസ്തു പറഞ്ഞതിനർത്ഥം അനേകർക്കും ഇന്നുവരെയും മനസ്സിലായിട്ടില്ല. (യോഹ, 8:19). സുവിശേഷങ്ങൾ വെളിപ്പെടുത്തുന്നത്; കന്യകയായ മറിയയിൽ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നിട്ട്, ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത് യേശുവെന്ന മനുഷ്യനെയാണ്. (മത്താ, 1:16; ലൂക്കൊ, 2:52; പ്രവൃ, 10:38). ചിലർ കരുതുന്നതുപോലെ ജഡത്തിലവൻ ദൈവമോ, ദൈവത്തിൻ്റെ നിത്യപുത്രനോ ആയിരുന്നില്ല. അവൻ ക്രിസ്തു ആയത് യോർദ്ദാനിലെ സ്നാനത്തിലാണ്. (മത്താ, 3:1:16; ലൂക്കൊ, 4:18-21; പ്രവൃ, 10:38). അതിനുശേഷമാണ് ദൂതൻ്റെ പ്രവചനംപോലെ ദൈവപുത്രനെന്ന് വിളിക്കപ്പെടുന്നത്. (ലൂക്കൊ, 1:32,35; മത്താ, 1:17). യേശുവെന്ന ഈ ക്രിസ്തുവിനെ അഥവാ അഭിക്തനായ മനുഷ്യനെയാണ് ആദ്യം അറിയേണ്ടത്; എന്നാൽ മാത്രമേ അവൻ നിത്യമായ അസ്തിത്വത്തിൽ ആരാണെന്ന് അറിയാൻ കഴിയൂ. ജഡത്തിലും അവൻ ദൈവമാണെന്നും, ദൈവത്തിൻ്റെ നിത്യപുത്രൻ അവതരിച്ചതാണെന്നും ഒക്കെ വിശ്വസിക്കുന്നവർക്ക് അവനെ മനസ്സിലാകുമെന്ന് തോന്നുന്നില്ല. 

ആരാണോ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായി മണ്ണിൽ വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്, അവൻ ജീവനുള്ള ദൈവമായ യഹോവ തന്നെയാണ്. ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ച് യേശു ശിഷ്യന്മാരോട് ചോദിച്ചു: “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു.” പത്രൊസ് മറുപടി പറഞ്ഞു: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു.” (മത്താ, 16:16). ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതെന്നു യേശു മറുപടിയും പറഞ്ഞു. (മത്താ, 16:17). ഇവിടെ പത്രൊസിനുണ്ടായത് ഒരു സാധാരണ വെളിപ്പാടാണ്. കാരണം, ഈ സംഭവിത്തിനു മുമ്പെതന്നെ യേശു ദൈവപുത്രനാണെന്ന് അവർ മനസ്സിലാക്കുകയും ഏറ്റുപറയുകയും ചെയ്തിട്ടുള്ളതാണ്. (മത്താ, 3:17; 8:29; 14:33). എന്നാൽ, യേശുവിനെക്കുറിച്ച് ഒരു സവിശേഷ വെളിപ്പാട് അഥവാ ഒരു മർമ്മം പൗലൊസിനുണ്ടായിട്ടുണ്ട്. അവിടെ, ജീവനുള്ള ദൈവമാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. (1തിമൊ, 3:14-16). (കാണുക: അവൻ ജഡത്തിൽ വെളിപ്പെട്ടു). സ്വർഗ്ഗസിംഹാസനത്തിൽ സാറാഫുകളുടെ മദ്ധ്യേയിരിക്കുന്ന യഹോവയുടെ തേജസ്സാണ് യെശയ്യാവ് കണ്ടത്; അവൻ യേശുവിൻ്റെ തേജസ്സാണ് കണ്ടതെന്ന് യോഹന്നാൻ രേഖപ്പെടുത്തിരിരിക്കുന്നു. (യെശ, 6:1-5; യോഹ, 12:41). മണ്ണിൽ മനുഷ്യനായി വെളിപ്പെട്ടവൻ ആരായിരുന്നുവെന്ന് ഈ ലോകത്തിൻ്റെ പ്രഭുക്കന്മാർ ആറിഞ്ഞിരുന്നുവെങ്കിൽ തേജസ്സിൻ്റെ കർത്താവിനെ അവർ ക്രൂശിക്കയില്ലായിരുന്നു. (1കൊരി, 2:8). പഴയനിയമത്തിൽ സകല ഭൂവാസികൾക്കും രക്ഷയ്ക്കായുള്ള ഏകദൈവവും നാമവും യഹോവയായിരുന്നുവെങ്കിൽ, പുതിയനിയമത്തിൽ അത് യേശുക്രിസ്തുവാണ്. (യെശ, 45:22; പ്രവൃ, 4:12). പുതിയനിയമത്തിൽ, പിതാവും (യോഹ, 17:11) പുത്രനും (മത്താ, 1:23) പരിശുദ്ധാത്മാവുമായ (യോഹ, 14:26) ഏകദൈവത്തിൻ്റെ നാമം യേശുക്രിസ്തുവെന്നാണ്. (മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). (കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം). തൻ്റെ ഐഹികജീവകാലത്ത് മനുഷ്യനായ ക്രിസ്തു പിതാവിനോടാണ് പ്രാർത്ഥിച്ചതും ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചതും. എന്നാൽ ആദിമസഭ യേശുക്രിസ്തുവെന്ന ഏകനാമം വിളിച്ചാണ് പ്രാർത്ഥിച്ചത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 23:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:12), വിളിച്ചപേക്ഷിച്ചത് യേശുക്രിസ്തുവിൻ്റെ നാമമാണ്. പിതാവിൻ്റെ നാമം ആരും വിളിച്ചപേക്ഷിച്ചിട്ടില്ല എന്നതും, “അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ” എന്ന പൗലൊസിൻ്റെ വാക്കുകളും കുറിക്കൊള്ളുക. (1കൊരി, 1:2). ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ, ആമേൻ, പിതാവേ, പുത്രനെ വേഗം അയക്കേണമേ, എന്നല്ല യോഹന്നാൻ പ്രാർത്ഥിക്കുന്നത്; ആമേൻ, കർത്താവായ യേശുവേ, വരേണമേ, എന്നാണ്. (വെളി, 22:20). അവസാനത്തെ കുത്തിടും മുമ്പ് ദൈവത്തിൻ്റെ കൃപയാണ് ആശംസിക്കുന്നത്; അത് പിതാവിൻ്റെ കൃപകൂടെയിരിക്കട്ടെ എന്നല്ല; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമായ “കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേൻ” എന്നാണ് യോഹന്നാൻ അപ്പൊസ്തലൻ ആശംസിക്കുന്നത്. (വെളി, 22:21). 

“പുതിയനിയമം വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പേരും, ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട് മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമർപ്പിച്ച മഹാപുരോഹിതനായ മനുഷ്യൻ്റെയും പേരും യേശുക്രിസ്തു എന്നാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ, പഴയനിയമം വെളിപ്പെടുത്തുന്ന യഹോവയായ ദൈവവും ലേഖനങ്ങളിൽ പരാമർശിച്ചിരിക്കുന്ന മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണ്. ആ ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ് നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ചുയിർത്ത യേശുക്രിസ്തു.” സത്യം അറികയും സത്യം നമ്മെ സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ. യേശുക്രിസ്തുവിൻ്റെ കൃപ എല്ലാവരോടും കൂടെയിരിക്കട്ട!

2 thoughts on “യേശുക്രിസ്തുവിൻ്റെ ദൈവം”

Leave a Reply

Your email address will not be published. Required fields are marked *