യെഹെസ്ക്കേൽ

യെഹെസ്ക്കേൽ പ്രവാചകന്റെ പുസ്തകം (Book of Ezekiel)

പഴയനിയമത്തിലെ ഇരുപത്താറാമത്തെ പുസ്തകം; എബ്രായ കാനോനിൽ പിൻപ്രവാചകന്മാരിൽ മൂന്നാമത്തേത്. ഗ്രന്ഥകർത്താവിന്റെ പേരിൽ അറിയപ്പെടുന്നു. പുരോഹിത പാരമ്പര്യത്തിലുൾപ്പെട്ട യെഹെസ്ക്കേൽ പ്രവാചകൻ യെരുശലേമിലാണ് ജീവിച്ചിരുന്നത്. ബൂസി എന്ന പുരോഹിതന്റെ പുത്രനായ ഇദ്ദേഹവും ഒരു പുരോഹിതനായിരുന്നു. (യെഹ, 1:3). ബി.സി. 597-ൽ യെഹോയാഖീൻ രാജാവിനോടൊപ്പം ബാബിലോണിൽ പ്രവാസിയായിപ്പോയി. (1:1). ബാബിലോണിൽ തെക്കുകിഴക്കുള്ള കെബാർ നദീതീരത്തു തേൽ-അബീബിൽ പാർത്തു. (3:15). പ്രവാസത്തിന്റെ അഞ്ചാം വർഷം നാലാം മാസമാണ് പ്രവചിക്കുവാനായി യെഹെസ്ക്കേൽ വിളിക്കപ്പെട്ടത്. (1:1,2). ഈ പ്രവചനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഒടുവിലത്തെ കാലം ഇരുപത്തേഴാം വർഷം ഒന്നാം മാസം ഒന്നാം തീയതിയാണ്. (29:17). അദ്ദേഹത്തിന്റെ ശുശ്രൂഷ ഇരുപത്തിരണ്ടു വർഷം അതായത് ബി.സി. 571 വരെ നീണ്ടുനിന്നു. ദാനീയേൽ പ്രവാചകനെ യെഹെസ്ക്കേൽ പ്രവാചകൻ അറിഞ്ഞിരുന്നു. (14:14, 20; 28:35).

ഗ്രന്ഥകർത്താവും കാലവും: പ്രവചനത്തിന്റെ കർത്തൃത്വത്തെക്കുറിച്ചും കാലത്തേക്കുറിച്ചും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ അഭിപ്രായഭേദം ഉണ്ടായിരുന്നില്ല. ബി.സി. രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ബെൻസീറായുടെ പട്ടികയിൽ യെഹെസ്ക്കേൽ പ്രവചനത്തിനു അനിഷേധ്യമായ സ്ഥാനം നല്കിയിട്ടുണ്ട്. എന്നാൽ എ.ഡി. ഒന്നാം നൂറ്റാണ്ടിൽ പുസ്തകത്തെ ഒഴിവാക്കാനുള്ള ശ്രമം നടന്നതായി കാണുന്നു. അതിനു പ്രധാനമായും മൂന്നു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 1. പതിനാറാം അദ്ധ്യായം പരസ്യവായനയ്ക്ക് പറ്റിയതല്ല. 2. ഒന്നാമദ്ധ്യായവും സമാന്തരഭാഗങ്ങളും അപകടകരമായ ദർശനങ്ങൾക്കും സിദ്ധാന്തങ്ങൾക്കും ഇടനല്കും. 3. 40-48 അദ്ധ്യായങ്ങളിലെ വിശദാംശങ്ങൾ മോശെയുടെ മാറ്റമില്ലാത്ത ന്യായപ്രമാണത്തിനു വിരുദ്ധമാണ്. ന്യായപ്രമാണം അനുസരിച്ചു മാസാരംഭങ്ങളിൽ (അമാവാസി) ഹോമയാഗത്തിനു രണ്ടു കാളക്കിടാവിനെയും ഒരു ആടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും അർപ്പിക്കണം. (സംഖ്യാ, 20:11). എന്നാൽ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആറു കുഞ്ഞാടിനെയും ഒരു മുട്ടാടിനെയും മാത്രമേ യെഹെസ്ക്കേൽ (46:6) പ്രവാചകൻ നിർദ്ദേശിച്ചിട്ടുള്ളൂ. എന്നാൽ ഹനന്യാബെൻ ഹെസക്കിയ മുന്നൂറു ഭരണി എണ്ണ കത്തിച്ചു കുത്തിയിരുന്നു വൈരുദ്ധ്യങ്ങൾ പരിഹരിച്ചു എന്നും തുടർന്നു പ്രവചനത്തെ കാനോനിൽ അംഗീകരിച്ചു എന്നും തലമൂദ് പാരമ്പര്യം പറയുന്നു. എന്നാൽ ഈ ശ്രമം പൂർണ്ണ വിജയമായിരുന്നു എന്നു പറയുവാൻ നിവൃത്തിയില്ല. യെഹെസ്ക്കേൽ പ്രവചനവും പഞ്ചഗ്രന്ഥവും തമ്മിലുള്ള വ്യത്യാസം ഏലീയാവു വന്നു (മലാ, 4:5) വിശദമാക്കിത്തരുമെന്നു തമൂദിൽ പറയുന്നുണ്ട്. തുടർന്നു ഈ പ്രവചനത്തിന്റെ ഏകത്വവും അധികാരവും വിരളമായി മാത്രമേ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നാൽ 1924 മുതൽ സ്ഥിതി മാറി. ബി.സി. 230-നടുപ്പിച്ചാണ് പ്രവചനം എഴുതപ്പെട്ടതെന്നു സി.സി. ടോറി പ്രസ്താവിച്ചു. ബി.സി. 200-നടുത്തു ഒരു എഡിറ്റർ പുസ്തകത്തിനു ഇന്നത്തെ രൂപം നല്കി. ഭാഷാപരമായ തെളിവുകൾ ചൂണ്ടിക്കാട്ടി ബറോസ് എന്ന പണ്ഡിതൻ ഇതേകാലം അംഗീകരിക്കുന്നു. അലക്സാണ്ടർ ചക്രവർത്തിയുടെ കാലത്താണ് ഇതു രചിക്കപ്പെട്ടതെന്നു എൽ.ഈ ബ്രൗൺ അഭിപ്രായപ്പെട്ടു. 

ടോറി പറയുന്ന കാലം ഏറെപ്പേർ അംഗീകരിക്കുന്നില്ലെങ്കിലും പ്രവചനത്തിൽ അധികഭാഗവും പലസ്തീനിൽ വച്ചു എഴുതപ്പെട്ടതാണെന്നു ധാരാളം പേർ വിശ്വസിക്കുന്നു. ബി.സി. 597-ൽ യെഹെസ്ക്കേൽ പ്രവാചകൻ പ്രവാസിയായിപ്പോയാലും ഇല്ലെങ്കിലും ബി.സി. 586-ൽ യെരുശലേം നശിപ്പിക്കപ്പെടുന്നതു വരെ യെരുശലേമിലോ പ്രാന്തപ്രദേശത്തിലോ അദ്ദേഹം പ്രവചിക്കുകയായിരുന്നു എന്നു പൊതുവെ വിശ്വസിക്കപ്പെടുന്നു. യെഹെസ്ക്കേൽ പ്രവാചകന്റെ പദ്യവും ഗദ്യവും തമ്മിലുള്ള വ്യത്യാസം അടിസ്ഥാനമാക്കി 1273 വാക്യങ്ങളിൽ 170 വാക്യങ്ങൾ മാത്രം അദ്ദേഹം എഴുതിയതായി ഹോൾഷർ പറയുന്നു. ബി.സി. 500-നും 450-നും ഇടയ്ക്കു ജീവിച്ചിരുന്ന ഒരു ലേവ്യ എഡിറ്ററാണു ബാക്കി എഴുതിയത്. 250 വാക്യങ്ങൾ യെഹെസ്ക്കേലിന്റെ വകയായി ഇർവിങ് അംഗീകരിക്കുന്നു. 40-48 അദ്ധ്യായങ്ങൾ യെഹെസ്ക്കേലിന്റേതായി പലരും അംഗീകരിക്കുന്നില്ല. 35 വർഷത്തോളം നീണ്ടുനിന്ന വിമർശന പഠനങ്ങൾ നിഷ്ഫലമായി തീരുകയാണുണ്ടായത്. ഇന്ന് ഏറെക്കുറെ പരമ്പരാഗത ധാരണയാണ് ബൈബിൾ പണ്ഡിതന്മാർക്കുള്ളത്. 

പ്രതിപാദ്യം: മറ്റു പ്രവാചകന്മാരുടെ എഴുത്തുകളെപ്പോലെതന്നെ ഇതും ദൈവശാസ്ത്രം പഠിപ്പിക്കുവാനുള്ള ഒരു പാഠപുസ്തകം അല്ലെന്നും മറിച്ചു പ്രവാസത്തിൽ കഷ്ടപ്പെടുന്ന ജനത്തോടുള്ള ദൈവവചനമാണെന്നും മനസ്സിലാക്കേണ്ടതാണ്. യെഹെസ്ക്കേൽ പ്രവചനത്തിനു വ്യക്തമായ മൂന്നുഭാഗങ്ങളുണ്ട്. ആദ്യത്തെ 24 അദ്ധ്യായങ്ങളും യെരുശലേമിന്റെ വീഴ്ചയ്ക്കു മുമ്പു പ്രവചിച്ചതാണ്. യെരുശലേമിനും യെഹൂദയ്ക്കും ആസന്നമായ ശിക്ഷാവിധി പ്രവചിക്കുന്നു. ആദ്യത്തെ മൂന്നു അദ്ധ്യായങ്ങളിൽ യെഹെസ്ക്കേൽ പ്രവാചകന്റെ വിളിയും നിയോഗവും വ്യക്തമാക്കുന്നു. 4-1 അദ്ധ്യായങ്ങളിൽ യെരുശലേമിന്റെ നാശത്തെ പ്രതീകങ്ങളിലൂടെ അഭിനയിച്ചു കാണിക്കുന്നു. തുടർന്നു പ്രവാചകനെ ആത്മാവിൽ യെരുശലേമിലേക്കു കൊണ്ടുചെന്നു യെരുശലേമിന്റെ അതിക്രമത്തിന്റെ ദർശനം കാണിച്ചുകൊടുക്കുന്നു. അതിവിശുദ്ധസ്ഥലത്തു പ്രത്യക്ഷപ്പെട്ട ദൈവമഹത്വം പ്രവാചകൻ കണ്ടു. (8:4). ഈ മഹത്വം ദൈവാലയത്തെയും പട്ടണത്തെയും വിട്ടു പോയി. (9:3; 10:4, 19; 11:22, 23). വിശ്വാസത്യാഗികളായ ജനത്തെ ദൈവം ഉപേക്ഷിച്ചുവെന്നു ഇതു ചൂണ്ടിക്കാണിക്കുന്നു. യെഹെസ്ക്കേൽ പ്രവാചകൻ ആത്മാവിൽ ബാബിലോണിലേക്കു വന്നു. തുടർന്നു യെരുശലേമിന്റെ വീഴ്ചയെക്കുറിച്ചുള്ള പ്രവചനങ്ങളാണ് 12-24 അദ്ധ്യായങ്ങൾ. പ്രവാസത്തിലേക്കു പോകുന്നതിനെ പ്രവാചകൻ നടിച്ചു കാണിക്കുന്നു. (12:1-7). ജനത്തിന്റെ വിശ്വാസത്യാഗത്തെക്കുറിച്ചുള്ള രണ്ടു വെളിപ്പാടുകളാണ് 16-ഉം 23-ഉം അദ്ധ്യായങ്ങൾ. 18-ാം അദ്ധ്യായത്തിൽ വ്യക്തിപരമായ ഉത്തരവാദിത്വം വെളിപ്പെടുത്തുന്നു. ഒടുവിലായി യെരൂശലേമിന്റെ നിരോധനം പ്രവചിക്കുന്നു. അന്നു വൈകിട്ടു തന്നെ പ്രവാചകന്റെ ഭാര്യ മരിച്ചു. (24 അ.). 

പ്രവചനത്തിലെ രണ്ടാം ഭാഗം ജാതികളുടെ മേലുള്ള ശിക്ഷാവിധികളാണ്. (25-32 അ.). പ്രവചനത്തിന്റെ മൂന്നാം ഭാഗം യിസ്രായേലിന്റെ പുന:സ്ഥാപനമാണ്. യെരൂശലേമിന്റെ പതനത്തിനുശേഷമാണ് ഈ രണ്ടു ഭാഗങ്ങളും എഴുതപ്പെട്ടത്. ദൈവം തന്റെ ജനത്തെ സ്വന്തം ദേശത്തു മടക്കിക്കൊണ്ടുവരുകയും ദാവീദിന്റെ പുത്രൻ അവരെ ഭരിക്കുകയും ചെയ്യും. ദൈവം അവർക്കു ഒരു പുതിയ ഹ്യദയം നല്കും. (34,36). ഉണങ്ങിയ അസ്ഥികളുടെ താഴ്വരയെക്കുറിച്ചുള്ള ദർശനമാണ് 37-ാം അദ്ധ്യായം. യിസ്രായേലിന്റെ പുന:സ്ഥാപനത്തെ പ്രതീകരൂപത്തിൽ വർണ്ണികുന്നു. ജാതീയ ശക്തികളായ ഗോഗ്-മാഗോഗ് എന്നിവയെക്കുറിച്ചുള്ള ദർശനമാണ് 38-ാം അദ്ധ്യായം. പുന:സ്ഥാപിക്കപ്പെട്ട യിസ്രായേലിൽ നിർമ്മിക്കപ്പെടേണ്ട ദൈവാലയത്തിന്റെ വിവരണമാണ് 40-48 അദ്ധ്യായങ്ങൾ. ദൈവത്തിന്റെ തേജസ്സ് ദൈവാലയത്തിലേക്കു മടങ്ങിവരും. (43:2, 4, 5; 44:4). ‘നഗരത്തിനു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.’ (48:35). 

പ്രധാന വാക്യങ്ങൾ: 1. “കേട്ടാലും കേൾക്കാഞ്ഞാലും–അവർ മത്സരഗൃഹമല്ലോ–തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്നു അവർ അറിയേണം. നീയോ, മനുഷ്യപുത്രാ, അവരെ പേടിക്കരുതു; പറക്കാരയും മുള്ളും നിന്റെ അരികെ ഉണ്ടായിരുന്നാലും തേളുകളുടെ ഇടയിൽ നീ പാർത്താലും അവരുടെ വാക്കു പേടിക്കരുതു; അവർ മത്സരഗൃഹമല്ലോ; നീ അവരുടെ വാക്കു പേടിക്കരുതു; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുതു.” യേഹേസ്കേൽ 2:5,6.

2. “എന്നാൽ യഹോവയുടെ മഹത്വം കെരൂബിന്മേൽനിന്നു പൊങ്ങി ആലയത്തിന്റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്വത്തിന്റെ ശോഭകൊണ്ടു നിറഞ്ഞിരുന്നു.” യേഹേസ്കേൽ 10:4.

3. “സകല ദേഹികളും എനിക്കുള്ളവർ; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളതു; പാപം ചെയ്യുന്ന ദേഹി മരിക്കും.” യേഹേസ്കേൽ 18:4.

4. “എന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിവിൻ, തിരിവിൻ; യിസ്രായേൽഗൃഹമേ, നിങ്ങൾ എന്തിന്നു മരിക്കുന്നു എന്നു അവരോടു പറക.” യേഹേസ്കേൽ 33:11.

5. “അതിന്റെ ചുറ്റളവു പതിനെണ്ണായിരം മുഴം. അന്നുമുതൽ നഗരത്തിന്നു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.” യേഹേസ്കേൽ 48:35.

ബാഹ്യഹ്യരേഖ: I. യെരുശലേമിനും യെഹൂദയ്ക്കും ആസന്നമായ ശിക്ഷാവിധി: 1:1-24-27. 

1. പ്രവാചകന്റെ വിളിയും നിയോഗവും: 1:1-3:27.

2. യെരുശലേമിന്റെ നാശത്തെ പ്രതീകങ്ങളിലൂടെ നാടകീയമായി കാണിക്കുന്നു: 4:1-7:27.

3. യെരൂശലേമിന്റെ അതിക്രമത്തെക്കുറിച്ചുള്ള ദർശനം: 8:18-11:25.  

4. വ്യാജോപദേശത്തിനും കള്ളപ്രവാചകന്മാർക്കുമായി യെരൂശലേം ഉപേക്ഷിക്കപ്പെടുന്നു: അ . 12:1-28-14:23. 

5. അനിവാര്യവും അനിരോദ്ധ്യവുമായ ശിക്ഷാവിധി: 15:1-8-17:24.

6. വ്യക്തിയോടു ദൈവം നീതിയിൽ ഇടപെടുന്നു: 18:1-32. 

7. യിസ്രായേലിന്റെ പ്രഭുവിനെക്കുറിച്ചുള്ള വിലാപം: 19:1-14. 

8. യെരൂശലേമിന്റെ നാശത്തിനു മുമ്പു അന്ത്യമുന്നറിയിപ്പ്: 20:49-24:27.

II. ശിക്ഷാവിധി വിദേശീയരുടെ മേൽ: 25:17-32:32.

1. അമ്മോന്യരുടെ മേൽ: 25:1-7.

2. മോവാബിന്റെ മേൽ: 25:8-11.

3. ഏദോമിന്മേൽ: 25:12-14.

4. ഫെലിസ്ത്യരുടെ മേൽ: 25:15-17. 5. സോരിന്റെ മേൽ: 26:1-28:19. 

6. സീദോനുമേൽ: 28:20-26. 

7. മിസ്രയീമിനു മേൽ: 29:1-32:32.

III. യിസ്രായേലിന്റെ യഥാസ്ഥാപനം; യെരുശലേമിന്റെ പതനത്തിനു ശേഷമുള്ള പ്രവചനങ്ങൾ: 33:1-48:35. 

1. പുതിയ ഉടമ്പടി, പാപിയോടുള്ള ദൈവസ്നേഹം: 33:1-33.

2. ആടുകൾക്കു വേണ്ടിയുള്ള ദൈവത്തിന്റെ കരുതൽ: 34:1-31.

3. ഏദോമിന്റെ നാശം: 35:1-15.

4. യിസ്രായേലിനു നിർമ്മലഹൃദയവും പുതിയ ആത്മാവും: 36:1-38.

5. ഉണങ്ങിയ അസ്ഥികളുടെ താഴ്വരയെക്കുറിച്ചുള്ള ദർശനം; യിസ്രായേലിന്റെ യഥാസ്ഥാപനം പ്രതീകരുപത്തിൽ: 37:1-28.

6. മാഗോഗ് ദേശത്തിലെ ഗോഗിനെക്കുറിച്ചുള്ള പ്രവചനം: 38:1-39:24.

7. യഥാസ്ഥാനപ്പെട്ട ജനത്തെക്കുറിച്ചുള്ള ദർശനം: 39:25-29.

8. പുന:സ്ഥാപിത യിസ്രായേലിൽ നിർമ്മിക്കപ്പെടേണ്ട ദൈവാലയത്തിന്റെ വിവരണം: 40:1-48:35.

Leave a Reply

Your email address will not be published.