യെഹൂദമതാനുസാരികൾ

യെഹൂദമതാനുസാരികൾ (proselytes)

യെഹൂദമതത്തെ പിന്തുടരുന്ന യെഹൂദേതരരാണ് യെഹൂദ മതാനുസാരികൾ. പുതിയനിയമത്തിൽ മൂന്നു സ്ഥാനങ്ങളിൽ ഈ പ്രയോഗമുണ്ട്. (പ്രവൃ, 2:10; 6:5; 13:43). പ്രൊസീല്യുടൊസ് (നവാഗതൻ) എന്ന ഗ്രീക്കു പദത്തെയാണ് യെഹൂദമതാനുസാരി എന്നു തർജ്ജമ ചെയ്തിട്ടുള്ളതാ. ഗേർ (പരദേശി) എന്ന എബ്രായപദത്തിന് സെപ്റ്റ്വജിന്റിൽ നല്കിയിട്ടുള്ള പരിഭാഷ പ്രൊസീല്യുടൊസ് എന്നത്രേ. പരദേശത്തു നിന്നു വന്നു താമസിക്കുന്നവൻ ആണു പരദേശി. (പുറ, 20:10; ആവ, 5:14). യഹോവ അബാഹാമിനോടു നിയമം ചെയ്തതുമുതൽ അബാഹാമിന്റെ സന്തതി അഥവാ യിസ്രായേൽ യഹോവയ്ക്ക് ഒരു പ്രത്യേക ജനമായി. മോശെയുടെ ന്യായപ്രമാണമനുസരിച്ചുള്ള പൗരാവകാശങ്ങൾ ലഭിക്കാത്ത പരദേശികൾ എല്ലാ കാലത്തും യിസ്രായേലിൽ ഉണ്ടായിരുന്നു. പരദേശികൾക്കു ചില ആനുകൂല്യങ്ങൾ ന്യായപ്രമാണം നല്കി. യിസ്രായേലിനു നല്കിയ മതനിയമങ്ങളിൽ ചിലതു അനുസരിക്കുവാൻ അവർ ബാദ്ധ്യസ്ഥരായിരുന്നു. യഹോവയുടെ നാമം ദുഷിക്കുക (ലേവ്യ, 24:16), വിഗ്രഹാരാധന നടത്തുക (ലേവ്യ, 20:2), മ്ലേച്ഛത പ്രവർത്തിക്കുക (ലേവ്യ, 18:26), ശബ്ബത്തു നാളിൽ വേല ചെയ്യുക (പുറ, 20:10), പെസഹയ്ക്ക് പുളിപ്പുള്ള അപ്പം ഭക്ഷിക്കുക (പുറ, 12:19), രക്തം ഭക്ഷിക്കുക, തനിയെ ചത്തതോ വന്യമൃഗങ്ങൾ കൊന്നതോ ആയ മൃഗങ്ങളുടെ മാംസം തിന്നുക എന്നിവ അവർ ചെയ്യാൻ പാടില്ല. (ലേവ്യ, 17:10, 15). ഇങ്ങനെയുള്ള പരദേശികൾ പരിച്ഛേദനം സ്വീകരിച്ചാൽ അവർക്കു യിസ്രായേൽ പൗരന്മാരാകാം. അതോടുകൂടി ന്യായപ്രമാണം മുഴുവൻ അനുസരിക്കാനുള്ള ബാധ്യത അവർക്കുണ്ടാകും. ഉടമ്പടി ബദ്ധജനമായ യിസ്രായേല്യർക്കുള്ള എല്ലാ അനുഗ്രഹങ്ങൾക്കും അവർ അവകാശികളാകും. (പുറ, 12:48,49). എന്നാൽ അമ്മോന്യരെയും മോവാബ്യരെയും പത്താം തലമുറ വരെ യിസ്രായേൽ സഭയിൽ പ്രവേശിപ്പിക്കുവാൻ പാടില്ല. ഏദോമ്യരുടെ മൂന്നാം തലമുറയ്ക്ക് യഹോവയുടെ സഭയിൽ പ്രവേശിക്കാം. (ആവ, 23:3, 8). മിസ്രയീമിൽ നിന്നു മടങ്ങിവന്ന യിസ്രായേല്യരോടു കാണിച്ച ശത്രുതയാണ് അതിനു കാരണം. യിസ്രായേൽജനം കനാനിൽ പ്രവേശിച്ച കാലത്തു യെഹൂദ മതാനുസാരികളിൽ പ്രസിദ്ധർ കേന്യരായിരുന്നു. (ന്യായാ, 1:16). 

കനാൻ ആക്രമണത്തിനു ശേഷമുള്ള ചുറ്റുപാടുകൾ മതപരിവർത്തനത്തിനു അനുകൂലമായിരുന്നില്ല. ഗിബെയോന്യർ മാത്രമാണു മതപരിവർത്തനത്തിനു വിധേയരായി കാണപ്പെടുന്നത്. (യോശു, 9:16, മു). ഗിബെയോന്യരുടെ സ്ഥിതി അടിമകളുടേതായിരുന്നു. ദാവീദിന്റെയും ശലോമോന്റെയും കാലത്തു പരദേശികൾ ഊഴിയവേലക്കാരുടെ നിലയിലായി. (2ദിന, 2:17,18). പ്രവാചകന്മാർ അവരോടനുകമ്പ കാണിച്ചു. വിജാതീയരിൽ നിന്നും ഒരു ഗണ്യമായ വിഭാഗം യെഹൂദമതത്തിലേക്കു ആകർഷിക്കപ്പെട്ടു. തല്മുദിൽ യെഹൂദ മതാനുസാരികളെ രണ്ടു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്: പടിക്കലെ യെഹൂദ മതാനുസാരികളും (വിജാതീയ പരദേശികൾ), നീതിമാന്മാരായ യെഹൂദ മതാനുസാരികളും. ഇവരിൽ ഒന്നാംഗണം വിജാതീയരായ പരദേശികളാണ്. യെഹൂദന്മാരുടെ ഇടയിൽ പാർക്കുന്ന ഇവർ ആറു കാര്യങ്ങൾ ചെയ്യുവാൻ പാടില്ല. 1. വിഗ്രഹാരാധന; 2. ദൈവദൂഷണം; 3. രക്തച്ചൊരിച്ചിൽ; 4. അശുദ്ധി; 5. മോഷണം; 6. രക്തത്തോടുകൂടിയ മാംസ ഭക്ഷണം; 7. പൂർണ്ണമായ അനുസരണം കാട്ടണം. രണ്ടാം ഗണത്തിലുള്ളവർ ഉടമ്പടിയുമായി ബന്ധപ്പെട്ടവരാണ്. ന്യായപ്രമാണ കല്പനകൾ മുഴുവൻ പാലിക്കണം. യെഹൂദമത പ്രവേശനത്തിനു പുരുഷന്മാർ പരിച്ഛേദനവും സ്നാനവും സ്വീകരിക്കുകയും യാഗം നടത്തുകയും വേണം; സ്ത്രീകൾക്കാകട്ടെ സ്നാനവും യാഗവും മതി. സ്നാനം കാർമ്മികമായ കഴുകലാണ്. 

ജനനാൽ യെഹൂദന്മാരായവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും യെഹൂദ മതാനുസാരികൾക്കും നല്കണമെന്നു മിദ്രാഷിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ പല റബ്ബിമാർക്കും എതിരഭിപ്രായമാണുള്ളത്. മോശമായ പശ്ചാത്തലം നിമിത്തം പാപം ചെയ്യുവാനുള്ള വാസന യെഹൂദ മതാനുസാരിക്കു കൂടുതലാണെന്നു ബാബിലോണിയൻ തല്മൂദ് പറയുന്നു. യെഹൂദ മതാനുസാരികളെ യിസ്രായേലിന്റെ ചർമ്മത്തിലെ വ്രണമായി തല്മൂദ് കണക്കാക്കുന്നു. യെഹൂദമതം മൗലികമായി മിഷണറിമതമല്ല. വേർപാട് യെഹൂദമതത്തിന്റെ പ്രത്യേകതയാണ്. യെഹൂദന്മാർക്കുള്ള ആനുകൂല്യങ്ങൾ യെഹൂദ മതാനുസാരികൾക്കു ഒരിക്കലും ലഭിച്ചിരുന്നില്ല. യെഹൂദന്മാരല്ലാത്ത സത്യദൈവ ആരാധകരെക്കുറിച്ചുള്ള പരാമർശങ്ങൾ പഴയ നിയമത്തിലുണ്ടാ. ഇയ്യോബ്, രൂത്ത്, രാഹാബ്, നയമാൻ, ഹിത്യനായ ഊരീയാവ്, യോനയുടെ കാലത്തു മാനസാന്തരപ്പെട്ട നീനെവേക്കാർ, എസ്ഥറിന്റെ കാലത്തു മതപരിവർത്തനം ചെയ്യപ്പെട്ടവർ മുതലായവർ. 

ദേശാന്തരഗമനം ചെയ്തപ്പോഴും യെഹൂദന്മാർ തങ്ങളുടെ ഏകദൈവവിശ്വാസം ഉപേക്ഷിച്ചില്ല. അനേകർ ഈ ഏക ദൈവവിശ്വാസത്തിലേക്കു ആകർഷിക്കപ്പെട്ടു. വിജാതീയരെ സത്യദൈവാരാധനയിലേക്കു കൂട്ടിവരുത്തുകയാണ് യിസായേലിന്റെ ദൗത്യം. യെശയ്യാപ്രവാചകൻ ഈ സത്യം വ്യക്തമാക്കിയിട്ടുണ്ട്. വിജാതീയർ തങ്ങളുടെ തെറ്റു മനസ്സിലാക്കി വിഗ്രഹാരാധന ഉപേക്ഷിച്ചു യഹോവയുടെ ആരാധനയിലേക്കു ഒഴുകിയെത്തും. സകല ജാതികളും മനം തിരിഞ്ഞു യഹോവയുടെ നാമം നിമിത്തം യെരുശലേമിൽ വരും. (യെശ, 2:2-4; 19:18-25; 44:5; 45:23; 65:16; യിരെ, 3:17; 4:2; 12:16; സെഫ, 3:9; സെഖ, 8:20-23; 9:7; 14:16-19). യുഗാന്തസ്വഭാവമുള്ള ഈ കൂട്ടായ മാനസാന്തരം യിസ്രായേലിന്റെ പ്രയത്നം കൊണ്ടല്ല നടക്കുന്നത്. അന്യജാതിക്കാരുടെ പ്രാർത്ഥനയും കേട്ടു ഉത്തരമരുളണമെന്നു ദൈവാലയപ്രതിഷ്ഠയ്ക്കു ശലോമോൻ ചെയ്ത പ്രാർത്ഥനയിൽ അപേക്ഷിച്ചു. (1രാജാ, 8:41-43). ഒരു വിദേശിയുടെ ഭാഗികമായ മതപരിവർത്തനമാണ് അരാമ്യനായ നയമാനിൽ കാണുന്നത്. വിദേശത്തു വച്ചു യിസ്രായേലിന്റെ ദൈവത്തെ ആരാധിക്കുന്നതിലുള്ള വിഘ്നം നയിമാന്റെ ചരിത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. (1രാജാ, 5:15, 19). ജാതികളുടെ ഇടയിൽ യഹോവയുടെ നാമം മഹത്വപ്പെടുന്നതിനെക്കുറിച്ചു മലാഖി രേഖപ്പെടുത്തി. “സൂര്യന്റെ ഉദയം മുതൽ അസ്തമനം വരെ എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നു; എല്ലാടത്തും എന്റെ നാമത്തിനു ധൂപവും നിർമ്മലമായ വഴിപാടും അർപ്പിച്ചു വരുന്നു; എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നുവല്ലോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (മലാ, 1:11). 

പ്രവാസാനന്തരകാലത്തു ധാരാളം പരദേശികൾ യെഹൂദ മതാനുസാരികളായി. മിശ്രവിവാഹം വളരെയധികം ദോഷം ചെയ്തതുകൊണ്ടു അതൊഴിവാക്കുവാൻ എസ്രായുടെ കാലത്തു നടന്ന ശ്രമം പ്രഖ്യാതമാണ്. (എസ്രാ, 9-10; നെഹെ, 13). എസ്രാ നെഹെമ്യാമാരുടെ കാലത്തു നടന്ന വിജാതീയ വിവാഹനിരാസത്തിന്റെ നേർക്കുള്ള എതിർപ്പായിട്ടാണ് രൂത്തിന്റെ പുസ്തകം കണക്കാക്കപ്പെടുന്നത്. യിസ്രായേലിലെ ഏറ്റവും വലിയ രാജാവായ ദാവീദിന്റെ വല്യമ്മയായിത്തീർന്ന ഒരു അന്യജാതിക്കാരിയായ വിധവയുടെ കദനകഥയാണത്. ദേശീയവും മതപരവുമായ ഘടകങ്ങൾ ഇവിടെ സമ്മേളിക്കുന്നു. “നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.” (രൂത്ത്, 1:16). ശത്രുക്കളോടു പ്രതികാരം ചെയ്യുവാനുള്ള കല്പന മൊർദ്ദെഖായി നേടിയപ്പോൾ യെഹൂദന്മാരെക്കുറിച്ചുള്ള ഭയം വിജാതീയരെ ബാധിച്ചു. തന്മൂലം അവർ പലരും യെഹൂദന്മാരായിത്തീർന്നു. (എസ്ഥേ, 8:17). എസ്ഥേറിന്റെ കാലത്തു നടന്ന ഈ മതംമാറ്റം യഥാർത്ഥത്തിൽ ഉള്ളതായിരുന്നില്ല. എസ്ഥേറിന്റെ പുസ്തകത്തിലെ യെഹൂദ മതാവലംബികൾ യിസ്രായേലിന്റെ ദൈവത്തോടല്ല, മറിച്ചു യെഹൂദാജനത്തോടാണു ചേർന്നത്. എസ്ഥേറിന്റെ പുസ്തകത്തിൽ ദൈവത്തെക്കുറിച്ചുള്ള പരാമർശമില്ല. ഹെരോദാവു ഏദോമ്യരിൽ നിന്നുള്ള യെഹൂദ മതാവലംബിയായിരുന്നു. ഹെരോദാവിന്റെ കുടുംബവും സന്തതികളും മിശ്രവിവാഹത്തിൽ ഏർപ്പെട്ടപ്പോൾ മതപരിവർത്തനം നിർബന്ധിച്ചിരുന്നു. 

ബി.സി. രണ്ടാം നൂറ്റാണ്ടു മുതൽ യെഹൂദന്മാർ റോമിൽ കുടിപാർപ്പുകാരായി ഉണ്ടായിരുന്നു. റോമിലെ യെഹൂദന്മാർ തീവ്രമായ മതപരിവർത്തനത്തിലേർപ്പെട്ടു. അവരുടെ അസഹിഷ്ണുത നിമിത്തം പ്രധാനപ്രവർത്തകരെ ബി.സി. 139-ൽ സർക്കാർ പുറത്താക്കി. മിസ്രയീമിലും കുറേനയിലും ധാരാളം യെഹൂദേതരർ യെഹൂദന്മാരുടെ ജീവിതരീതി അനുകരിച്ചു. അലക്സാണ്ട്രിയയിൽ യെഹൂദന്മാർക്കു പരിമിതമായ സ്വയം ഭരണം പോലും ലഭിച്ചു. ചിതറിപ്പാർത്ത യെഹൂദന്മാർ ശബ്ബത്തും പെരുന്നാളുകളും ആചരിക്കുകയും പരിച്ഛേദനം കഴിക്കുകയും ഭക്ഷണനിയമങ്ങൾ പാലിക്കുകയും പന്നി മാംസം വർജ്ജിക്കുകയും ചെയ്തു. യെരുശലേമിനോടും ദൈവാലയത്തോടും അവർക്കു ദൃഢബന്ധമുണ്ടായിരുന്നു. ലോകമെങ്ങുമുള്ള യെഹൂദന്മാർ വർഷംതോറും അരശേക്കെൽ ദൈവാലയത്തിനു നല്കുകയും പെരുന്നാളുകളിൽ യെരുശലേമിൽ തീർത്ഥയാത്ര പോകുകയും ചെയ്തു. യെഹൂദന്മാരുടെ ഈ ജീവിതരീതിയും സദാചാരപരതയും വിജാതീയരെ ആകർഷിച്ചു. ദാർശനികന്മാരുടെ സിദ്ധാന്തങ്ങളിലും ബഹുദേവതകളിലും വിശ്വാസം നഷ്ടപ്പെട്ട ഗ്രേക്കർ യെഹൂദ മതത്തിന്റെ ഏകദൈവത്തിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്തി. യെഹൂദന്മാരുടെ വിഗ്രഹാരാധനാവിരോധം അവരെ വശീകരിച്ചു. യെഹൂദനു തന്റെ വൈശിഷ്ട്യത്തെക്കുറിച്ചു ഉത്തമ ബോധമുണ്ടായിരുന്നു. ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തിൽ നിന്നു ലഭിച്ചതു കൊണ്ടു കുരുടർക്കു വഴി കാട്ടുന്നവൻ, ഇരുട്ടിലുള്ളവർക്കു വെളിച്ചം, മൂഢരെ പഠി പ്പിക്കുന്നവൻ, ശിശുക്കൾക്കു ഉപദേഷ്ടാവ് എന്നിങ്ങനെ യെഹൂദൻ സ്വയം അഭിമാനിച്ചിരുന്നു. (റോമ, 2:19,20). 

അലക്സാണ്ട്രിയയിൽ യെഹൂദ മതപ്രചാരണം തീവ്രമായിരുന്നു. പഴയനിയമം ഗ്രീക്കിലേക്കു വിവർത്തനം ചെയ്തത് വിജാതീയരുടെ ഇടയിൽ മതപ്രചാരണത്തിനു സഹായകമായി. പള്ളികൾ എല്ലാവർക്കുമായി തുറക്കപ്പെട്ടു. ഗ്രീക്കിലുള്ള തിരുവെഴുത്തുകളുടെ പാരായണവും പ്രഭാഷണങ്ങളും യെഹൂദേതരർ കേട്ടു. “മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചു വരുന്നതിനാൽ പൂർവ്വകാലം മുതൽ പട്ടണം തോറും അതു പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.” (പ്രവൃ, 15:21). മതപ്രചാരണത്തിനു വേണ്ടി ധാരാളം കൃതികൾ ഗ്രീക്കിലുണ്ടായി. വിജാതീയർ പൂർണ്ണ യെഹൂദന്മാരായി തീരുന്നതിനു പരിച്ഛേദനം ഉൾപ്പെടെ എല്ലാ കാർമ്മിക നിയമങ്ങളും അനുസരിക്കണമായിരുന്നു. അനേകം പേർ യെഹൂദമതത്തിന്റെ ദൈവശാസ്ത്രപരവും ധാർമ്മികവുമായ ഉപദേശങ്ങൾ അനുസരിക്കുകയും പള്ളിയിൽ പോകുകയും ചില ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു എങ്കിലും പരിച്ഛേദനത്തിനു വിധേയപ്പെട്ടിരുന്നില്ല. അവരെ ദൈവഭക്തന്മാർ എന്നും ദൈവാരാധകർ എന്നും വിളിച്ചിരുന്നു. പ്രവൃത്തികൾ 13:16, 26, 43 എന്നീ വാക്യങ്ങളുടെ അടിസ്ഥാനത്തിൽ ദൈവഭക്തനും യെഹൂദമതാനുസാരിയും പര്യായങ്ങളായി കണക്കാക്കുന്നവരുണ്ട്. പിസിദ്യായിലെ അന്ത്യൊക്ക്യയിലെ പള്ളിയിൽ ഉണ്ടായിരുന്ന ശ്രോതാക്കളെ ‘യിസായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളാരേ’ എന്നു പൗലൊസ് സംബോധന ചെയ്തു. 26-ാം വാക്യത്തിൽ ‘സഹോദരന്മാരേ, അബ്രാഹാം വംശത്തിലെ മക്കളും അവരോടു ചേർന്ന ദൈവഭക്തന്മാരുമായുള്ളാരേ’ എന്നും ഇതേ കേൾവിക്കാരെ 43-ാം വാക്യത്തിൽ യെഹൂദന്മാരും ഭക്തിയുള്ള യെഹൂദ മതാനുസാരികളും എന്നും പറഞ്ഞിരിക്കുന്നു. മേല്പറഞ്ഞ രണ്ടു പ്രയോഗങ്ങളും പര്യായങ്ങൾ എന്നതിനു തെളിവാണിത്. തീത്തൊസ് യുസ്തൊസിനെ ദൈവഭക്തനെന്നു വിളിച്ചിരിക്കുന്നു. (പ്രവൃ,18:7). എന്നാൽ ഇയാൾ അഗ്രചർമ്മിയും യെഹൂദേതരനുമായിരുന്നു. (പ്രവൃ, 18:7). അഗ്രചർമ്മികളായ ദൈവഭക്തന്മാർ പൗലൊസിനു സഹോദരന്മാരായിരുന്നു. എന്നാൽ അവരെ പൂർണ്ണ യെഹൂദന്മാരായോ അബ്രാഹാമിന്റെ മക്കളായോ യെഹൂദ പ്രമാണികൾ കണക്കാക്കിയിരുന്നില്ല. ദൈവഭക്തന്മാരും യഥാർത്ഥ യെഹൂദ മതാനുസാരികളും തമ്മിൽലുള്ള വ്യത്യാസം യെശയ്യാവ് 44:5-ൽ കാണാം. “ഞാൻ യഹോവെക്കുള്ളവൻ എന്നു ഒരുത്തൻ പറയും; മറ്റൊരുത്തൻ തനിക്കു യാക്കോബിന്റെ പേരെടുക്കും; വേറൊരുത്തൻ തന്റെ കൈമേൽ; യഹോവെക്കുള്ളവൻ എന്നു എഴുതി, യിസ്രായേൽ എന്നു മറുപേർ എടുക്കും.” 

ഇത്താലിക പട്ടാളത്തിലെ ശതാധിപനായ കൊർണേല്യാസ് പരിച്ഛേദനം സ്വീകരിക്കാത്ത വിദേശിയായിരുന്നു. യെഹൂദന്മാർ അയാളോടു ബന്ധപ്പെടുകയില്ല. (പ്രവൃ, 10:28; 11:3). അയാൾ ദൈവഭക്തനായിരുന്നു. (പ്രവൃ, 10:2, 22). കഫർന്നഹൂമിലെ ഈ ശതാധിപൻ യെഹൂദജാതിയെ സ്നേഹിക്കുകയും അവർക്കു ഒരു പള്ളി പണിതു കൊടുക്കുകയും ചെയ്തു. ദൈവഭക്തനെന്നു അയാളെക്കുറിച്ചു പറഞ്ഞിട്ടില്ലെങ്കിലും അയാൾ ആ ഗണത്തിലുൾപ്പെട്ടവനാണ്. (ലൂക്കോ, 7:2-10). മതപരമായ കാര്യങ്ങളിൽ യെഹൂദനും യെഹൂദേതരനും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നതാണ്, ‘നീ എന്റെ പുരയ്ക്കകത്തു വരുവാൻ ഞാൻ പോരാത്തവൻ’ എന്ന ശതാധിപന്റെ പ്രസ്താവന. “യിസ്രായേലിൽ കൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല” എന്ന യേശുവിന്റെ വാക്കുകളിൽ അയാൾ യെഹൂദമതാനുസാരി ആയിരുന്നില്ല എന്നു മനസ്സിലാക്കാം. പുർണ്ണ യെഹൂദമതാനുസാരികൾ യിസ്രായേലിന്റെ ഭാഗമാണ്. പെന്തെകൊസ്തു നാളിൽ എത്തിച്ചേർന്നവരിൽ ജന്മനായെഹൂദന്മാരും യെഹൂദമതാനുസാരികളും ഉണ്ടായിരുന്നു. (പ്രവൃ, 2:10). തെസ്സലൊനീക്യയിൽ പൗലൊസിന്റെ ഭാഷണം കേട്ടു ക്രിസ്തുവിൽ വിശ്വസിച്ചവരിൽ ഭക്തിയുള്ള യവനന്മാർ ഉണ്ടായിരുന്നു. (പ്രവൃ, 17:4). അഥേനയിൽ പൗലൊസ് പള്ളിയിൽ വച്ചു യെഹൂദന്മാരോടും ദൈവഭക്തന്മാരോടും സംഭാഷിച്ചു. (പ്രവൃ, 17:17). യെഹൂദ മതത്തിലേക്കു പരിവർത്തനം ചെയ്യപ്പെട്ടവരിൽ അധികവും സ്ത്രീകളായിരുന്നു. ധാരാളം കുലീനസ്ത്രീകൾ അവരിലുൾപ്പെട്ടിരുന്നു. അതിനു കാരണം പരിച്ഛേദനം സ്ത്രീകൾക്ക് ആവശ്യമില്ലെന്നതു തന്നെ.  

പരിച്ഛേദനവാദികളുടെ സ്വാധീനം നിമിത്തം യെരുശലേം സഭയിലെ ക്രിസ്ത്യാനികൾ അഗ്രചർമ്മികളോടു പരമ്പരാഗതമായ മനോഭാവമാണു പുലർത്തിയിരുന്നത്. യെരൂശലേം സമ്മേളനം ഈ പ്രശ്നത്തിൽ ഒരു തീർപ്പുണ്ടാക്കി. ജാതികളിൽ നിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവർ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസം മുട്ടിച്ചത്ത്ത്, രക്തം എന്നിവ വർദ്ധിച്ചാൽ മതി എന്നു തീരുമാനിക്കുകയും അതു അന്ത്യൊക്ക്യയിലെ വിശ്വാസികളെ എഴുതി അറിയിക്കുകയും ചെയ്തു. (പ്രവൃ, 15:20-29; 21:25; ലേവ്യ, 17:10, 18:30; സെഖ, 9:7). പൗലൊസും പത്രൊസും തമ്മിൽ വേലസ്ഥലം വിഭജിക്കുവാനുണ്ടായ കാരണവും അതായിരുന്നു. പൗലൊസ് അഗ്രചർമ്മികളുടെ ഇടയിലും പത്രൊസ് പരിച്ഛേദനക്കാരുടെ ഇടയിലും പ്രവർത്തിച്ചു. (ഗലാ, 2:3-10). യെഹൂദവൽകരണ വാദികൾക്ക് തീത്തൊസിന്റെ സാന്നിദ്ധ്യം പ്രയാസമുണ്ടാക്കി എങ്കിലും തീത്തൊസിനെ പരിച്ഛേദനം കഴിച്ചില്ല. (ഗലാ, 2:3-5). ഏഷ്യാമൈനറിലെ യെഹൂദന്മാർക്കു സ്വീകാര്യനാകുവാൻ വേണ്ടി മാത്രമാണ് തിമൊഥയൊസിനെ പരിച്ഛേദനം കഴിച്ചത്. തിമൊഥയൊസിന്റെ അമ്മ യെഹൂദ സ്ത്രീയും അപ്പൻ യവനനുമായിരുന്നു. (പ്രവൃ, 16:1-4). പൗലൊസിന്റെ ശുശ്രൂഷകളിൽ മുഴുവൻ പരിച്ഛേദനം ഒരു പ്രശ്നമായിരുന്നു. അതിനു പൗലൊസ് നല്കിയ വ്യക്തമായ മറുപടി: “ക്രിസ്തു യേശുവിൽ പരിച്ഛേദനയല്ല, അഗ്രചർമ്മവുമല്ല, സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.” (ഗലാ, 5:6). ക്രിസ്തുമതത്തിന്റെ പ്രാതിഭാസികമായ വളർച്ചയ്ക്ക് വഴിയൊരുക്കിയതിൽ ഒരു പങ്കു യെഹൂദന്മാരുടെ മതപരിവർത്തന ശ്രമങ്ങൾക്കുണ്ട്. എന്നാൽ ന്യായപ്രമാണത്തിന്റെ പൂർണ്ണമായ അനുസരണവും പരിച്ഛേദനയും നിർബന്ധമാക്കുക നിമിത്തം ഈ രംഗത്തു അവർക്കു പരിമിതമായ വിജയമേ ലഭിച്ചുള്ളൂ. പൗലൊസ് അപ്പൊസ്തലൻ കാർമ്മികമായ നിയമങ്ങളെ മുഴുവൻ ഉപേക്ഷിച്ചു സ്നാനം മാത്രമേ ഊന്നിപ്പറഞ്ഞുള്ളൂ. പരിച്ഛേദനം ഏല്ക്കാത്ത യെഹൂദ മതാനുഭാവികളിൽ നിന്നായിരുന്നു ധാരാളം പേർ ക്രിസ്തുമാർഗ്ഗം സ്വീകരിച്ചത്. പരിച്ഛേദനം ഏറ്റവരും ക്രിസ്ത്യാനികളായി. ക്രിസ്ത്യാനികൾ ആകുന്നതിനു പരിച്ഛേദനം നിർബ്ബന്ധമാക്കിയിരുന്നു എങ്കിൽ സഭയുടെ വളർച്ച അപ്പോൾ തന്നെ നിശ്ചലമായേനേ.

Leave a Reply

Your email address will not be published. Required fields are marked *