യഹൂദാ പ്രമാണം

യഹൂദാ പ്രമാണം

1. നിന്‍റെ കര്‍ത്താവായ ദൈവം ഞാനാകുന്നു: “അവിടുന്നു പറഞ്ഞു: അടിമത്തത്തിൻ്റെ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ മോചിപ്പിച്ചുകൊണ്ടുവന്ന നിൻ്റെ ദൈവമായ കര്‍ത്താവു ഞാനാണ്‌.” (നിയമാവര്‍ത്തനം 5:6).

2. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌: “ഞാനല്ലാതെ മറ്റൊരുദൈവം നിനക്കുണ്ടാകരുത്‌. നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്‌; മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമ ഉണ്ടാക്കരുത്‌. നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, നിൻ്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകള്‍വരെയുള്ള മക്കളെ അവരുടെ പിതാക്കന്‍മാരുടെ തിന്മമൂലം ശിക്‌ഷിക്കുന്ന അസഹിഷ്‌ണുവായ ദൈവമാണ്‌. എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എൻ്റെ കല്‍പനകള്‍ പാലിക്കുകയുംചെയ്യുന്നവരോട്‌ ആയിരം തലമുറവരെ ഞാൻ കാരുണ്യം കാണിക്കും.” (നിയമാവര്‍ത്തനം 5:7-10).

3. ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്‌: “നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ നാമം വൃഥാ ഉപയോഗിക്കരുത്‌. തൻ്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്‌ഷിക്കാതെ വിട്ടയയ്‌ക്കുകയില്ല.” (നിയമാവര്‍ത്തനം 5:11).

4. കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം: “നിൻ്റെ ദൈവമായ കര്‍ത്താവു കല്‍പിച്ചതുപോലെ സാബത്ത്‌ ആചരിക്കുക – വിശുദ്‌ധമായി കൊണ്ടാടുക. ആറുദിവസം അധ്വാനിക്കുകയും എല്ലാ ജോലികളും നിര്‍വഹിക്കുകയും ചെയ്‌തുകൊള്ളുക. എന്നാല്‍, ഏഴാംദിവസം നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ സാബത്താണ്‌. അന്ന്‌ ഒരു ജോലിയും ചെയ്യരുത്‌; നീയും നിൻ്റെ മകനോ മകളോ ദാസനോ ദാസിയോ കാളയോ കഴുതയോ മൃഗങ്ങളിലേതെങ്കിലുമോ നിൻ്റെ പട്ടണത്തിലുള്ള പരദേശിയോ ഒരു ജോലിയും ചെയ്യരുത്‌. നിന്നെപ്പോലെതന്നെ നിൻ്റെ ദാസനും ദാസിയും വിശ്രമിക്കട്ടെ. നീ ഈജിപ്‌തില്‍ ദാസനായിരുന്നുവെന്നും നിൻ്റെ ദൈവമായ കര്‍ത്താവു തൻ്റെ കരുത്തുറ്റ കരം നീട്ടി അവിടെനിന്ന്‌ നിന്നെ മോചിപ്പിച്ചു കൊണ്ടുവന്നുവെന്നും ഓര്‍മിക്കുക. അതുകൊണ്ട്‌ സാബത്തുദിനം ആചരിക്കാന്‍ അവിടുന്നു നിന്നോടു കല്‍പിച്ചിരിക്കുന്നു.” (നിയമാവര്‍ത്തനം 5:12-15).

5. മാതാപിതാക്കന്‍മാ‍രെ ബഹുമാനിക്കണം: “നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കാനും നിൻ്റെ ദൈവമായ കര്‍ത്താവ്‌ തരുന്ന നാട്ടില്‍ നിനക്കു നന്‍മയുണ്ടാകാനും വേണ്ടി അവിടുന്നു കല്‍പിച്ചിരിക്കുന്നതുപോലെ നിൻ്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.” (നിയമാവര്‍ത്തനം 5:16).

6. കൊല്ലരുത്‌: “നീ കൊല്ലരുതു” (നിയമാവര്‍ത്തനം 5:17).

7. വ്യഭിചാരം ചെയ്യരുത്‌: “വ്യഭിചാരം ചെയ്യരുത്‌.” (നിയമാവര്‍ത്തനം 5:18).

8. മോഷ്ടിക്കരുത്: “നീ മോഷ്‌ടിക്കരുത്‌.” (നിയമാവര്‍ത്തനം 5:19).

9. കള്ളസാക്ഷി പറയരുത്‌:‍ “അയല്ക്കാരനെതിരായി നീ കള്ളസാക്ഷ്യം നല്‍കരുത്‌.” (നിയമാവര്‍ത്തനം 5:20).

10. അന്യന്റെ യാതൊന്നും മോഹിക്കരുത്: “നിൻ്റെ അയല്‍ക്കാരൻ്റെ ഭാര്യയെ നീമോഹിക്കരുത്‌; അവൻ്റെ ഭവനത്തെയോ വയലിനെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവൻ്റെ മറ്റെന്തെങ്കിലുമോ നീ ആഗ്രഹിക്കരുത്‌.” (നിയമാവര്‍ത്തനം 5:21).

One thought on “യഹൂദാ പ്രമാണം”

Leave a Reply

Your email address will not be published. Required fields are marked *