മൊർദ്ദെഖായി

മൊർദ്ദെഖായി (Mordecai)

പേരിനർത്ഥം – ചെറിയ മനുഷ്യൻ

ബാബിലോന്യ ദേവനായ മർദ്ദൂക്കുമായി ബന്ധപ്പെട്ട പേരാണെന്നു കരുതപ്പെടുന്നു. ബെന്യാമീൻ ഗോത്രത്തിൽ കീശിന്റെ സന്തതി പരമ്പരയിൽപ്പെട്ട യായീരിന്റെ പുത്രൻ. (എസ്ഥേ, 2:5). പാർസി രാജ്യത്തിന്റെ തലസ്ഥാനമായ ശൂശനിൽ പാർത്തിരുന്നു. മൊർദ്ദെഖായിയുടെ പൂർവ്വികനായ കീശ് ആയിരിക്കണം നെബുഖദ്നേസർ പിടിച്ചു കൊണ്ടുപോയ പ്രവാസികളോടൊപ്പം നാടുവിട്ടു പോയത്. (എസ്ഥേ, 2:5,6). അനാഥയായ എസ്ഥേറിനെ മൊർദ്ദെഖായി വളർത്തി. (ഏസ്ഥേ, 2:7). സുന്ദരിയായ എസ്ഥേറിനെ അഹശ്വേരോശ് രാജാവു വിവാഹം കഴിച്ചു. രാജധാനിയിൽ മൊർദ്ദെഖായിക്കു ഉദ്യോഗം ലഭിച്ചു. വാതിൽകാവല്ക്കാരിൽ രണ്ടു ഷണ്ഡന്മാരായ ബിഗ്ദ്ധാനും തേരെശും രാജാവിനെ വധിക്കുവാൻ നടത്തിയ ഗൂഢാലോചന മൊർദ്ദെഖായി മനസ്സിലാക്കി, എസ്ഥേർ മുഖാന്തരം രാജാവിനെ അറിയിച്ചു. അവർ ഇരുവരെയും കഴുമരത്തിന്മേൽ തൂക്കിക്കൊന്നു. (എസ്ഥേ, 2:21-23).

ചില വർഷങ്ങൾക്കുശേഷം അഹശ്വേരോശ് രാജാവ് ഹാമാനു ഉന്നതപദവി നല്കി. മറ്റു ദ്യോഗസ്ഥന്മാർ ഹാമാനെ ബഹുമാനിച്ചു. എന്നാൽ മൊർദ്ദെഖായി അതിനൊരുമ്പെട്ടില്ല. ഹാമാനെ കുമ്പിട്ടു നമസ്കരിക്കുന്നതു വിഗ്രഹാരാധനയ്ക്കു തുല്യമാണെന്ന ചിന്തയോ, യെഹൂദൻ എന്ന നിലയിൽ അമാലേക്യന്റെ മുമ്പിൽ കുമ്പിടുന്നതിനുള്ള വൈമനസ്യമോ ആകണം കാരണം. ക്രൂദ്ധനായിത്തീർന്ന ഹാമാൻ സാമ്രാജ്യത്തിലെ യെഹൂദന്മാരെ മുഴുവൻ കൊന്നു പകവീട്ടുവാൻ ഒരുങ്ങി. അതിനു രാജാവിൽ നിന്നും കല്പനയും നേടി. ഇതറിഞ്ഞ മൊർദ്ദെഖായി വസ്ത്രം കീറി രട്ടുടുത്തു വെണ്ണീർ വാരിയിട്ടുകൊണ്ടു പട്ടണത്തിന്റെ നടുവിൽ ചെന്നു നിലവിളിച്ചു. എസ്ഥേർ മൊർദ്ദെഖായിയുടെ ദുഃഖകാരണം അന്വേഷിച്ചു. രാജാവിന്റെ കല്പനയും അവൾക്കും അവളുടെ ജനത്തിനും വേണ്ടി എസ്ഥേർ ഇടപെടേണ്ടതിന്റെ ആവശ്യവും മൊർദ്ദെഖായി എസ്ഥേറിനെ അറിയിച്ചു. ഒരനുകൂല സന്ദർഭത്തിൽ രാജാവിന്റെ കല്പനകൂടാതെ തന്നെ അഹശ്വേരോശിന്റെ സന്നിധിയിൽ പ്രവേശിച്ചു, പിറ്റേദിവസം ഹാമാനുമൊത്തു തന്റെ വിരുന്നിനുവരാൻ എസ്ഥേർ രാജാവിനെ ക്ഷണിച്ചു.

അന്നുരാത്രി രാജാവിനുറക്കം വന്നില്ല. ദിനവൃത്താന്തങ്ങൾ വായിച്ചു കേൾപ്പിക്കുന്നതിനു രാജാവ് കല്പിച്ചു. മൊർദ്ദെഖായി രാജാവിന്റെ ജീവൻ രക്ഷിച്ചതിനെക്കുറിച്ചുള്ള പരാമർശം വന്നപ്പോൾ അതിനു എന്തു ബഹുമാനവും പദവിയും മൊർദ്ദെഖായിക്കു നല്കിയെന്നു രാജാവു ചോദിച്ചു. ഒന്നും നല്കിയില്ലെന്നു ഭൃത്യന്മാർ മറുപടി പറഞ്ഞു. പ്രാകാരത്തിൽ നിന്ന ഹാമാനെ രാജാവു വിളിപ്പിച്ചു. രാജാവു ബഹുമാനിക്കുവാൻ ആഗ്രഹിക്കുന്ന പുരുഷനു എന്താണ് ചെയ്തു കൊടുക്കേണ്ടതെന്നു രാജാവു ചോദിച്ചു. അതു താനായിരിക്കുമെന്നു കരുതി, രാജാവു ബഹുമാനിക്കുവാൻ ആഗ്രഹിക്കുന്ന പുരുഷനെ രാജകിരീടവും വസ്ത്രവും ധരിപ്പിച്ചു പട്ടണ പ്രദക്ഷിണം നടത്തണമെന്നു ഹാമാൻ പറഞ്ഞു. മൊർദ്ദെഖായിയെ അപ്രകാരം ബഹുമാനിക്കുവാൻ രാജാവു കല്പന കൊടുത്തു. ഹാമാനെ മൊർദ്ദെഖായിക്കുവേണ്ടി അവൻ നാട്ടിയിരുന്ന കഴുമരത്തിന്മേൽ തൂക്കിക്കളഞ്ഞു. (എസ്ഥേ, 7:10). രാജാവു മൊർദ്ദേഖായിയെ വരുത്തി ഹാമാനുണ്ടായിരുന്ന പദവി നല്കി. (എസ്ഥേ, 8:1,2,;15). അവന്റെ കീർത്തി സകല സംസ്ഥാനങ്ങളിലും വ്യാപിച്ചു. (എസ്ഥേ, 9:4). ശത്രുക്കളോടു പകവീട്ടുവാൻ മൊർദ്ദെഖായി യെഹൂദന്മാരെ പ്രേരിപ്പിച്ചു. യെഹൂദന്മാരുടെ വിടുതലിന്റെ സ്മാരകമായി പൂരീം പെരുനാൾ ആഘോഷിച്ചു. (എസ്ഥേ, 9:20-22). എസ്ഥേറിന്റെ ഗ്രന്ഥകർത്താവ് മൊർദ്ദെഖായി ആണെന്നു കരുതപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *