മെസൂസാ

മെസൂസാ

ചെറുതും വലുതുമായ ആധുനിക ഭവനങ്ങളുടെ മുഖ്യകവാടങ്ങളിന്മേൽ ഗൃഹനാഥന്റെ പേരും അദ്ദേഹം അലങ്കരിക്കുന്ന സാമൂഹിക സ്ഥാനമാനങ്ങളുടെ വിവരവും ആലേഖനം ചെയ്യുന്നത് സർവ്വസാധാരണമായ കാര്യമാണ്. മിസ്രയീമ്യ അടിമത്തത്തിൽ നിന്നു വിമോചിതരായ യിസ്രായേൽമക്കൾ കനാനോടടുത്തപ്പോൾ, അവർ കനാൻദേശത്തു പണിയുന്ന ഭവനങ്ങളുടെ കട്ടിളകളിന്മേലും പടിവാതിലുകളിന്മേലും തന്റെ കല്പനകൾ എഴുതണമെന്നു ദൈവം കല്പിച്ചു. “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം. അവയെ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായി ഇരിക്കേണം. അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതേണം.” (ആവ, 6:4-9; 11:13-21). തന്റെ ജനം താൻ അവർക്കു നൽകിയ കല്പനകൾ സദാ ഓർക്കേണ്ടതിനാണ് അവർ അവരുടെ കട്ടിളകളിന്മേലും പടിവാതിലുകളിന്മേലും ആ കല്പനകൾ എഴുതുവാൻ ദൈവം കല്പിച്ചത്. അതനുസരിച്ച് യിസ്രായേൽമക്കൾ വീടിനു മുമ്പിലുള്ള പ്രധാന വാതിലില്‍ മെസൂസാ തൂക്കിയിടും. ഇത്‌ തോറയില്‍ നിന്നെടുത്ത വേദവാക്യങ്ങള്‍ നേരിയ പട്ടുതുണിയിലെഴുതി ഒരു പേടകത്തിനുള്ളിലടക്കം ചെയ്‌തതാണ്‌. മെസൂസാ ഓരോ ഗൃഹസ്ഥനും പുറത്തേക്കിറങ്ങുമ്പോഴും അകത്തോട്ടു പോകുമ്പോഴും അയാള്‍ക്ക്‌ ദൈവത്തോടുള്ള കടമയെ വിസ്മരിക്കാതെ, ദൈവകല്‌പനകളനുസരിച്ചു തന്നെ ജീവിക്കുവാൻ മെസൂസാ ഒരു ജ്ഞാപകമായിരുന്നു. മറ്റനേകം ഭവനങ്ങളുടെ ഇടയിൽ മെസുസാ ഉള്ള ഭവനങ്ങൾ സർവ്വശക്തനായ ദൈവത്തിൽ വിശ്വസിക്കുന്നവരുടെ ഭവനങ്ങളാണെന്ന് ലോകത്തിനു വിളംബരം ചെയ്യുന്നവ ആയിരുന്നു. അത്യുന്നതനായ ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന അത്തരം ഭവനങ്ങൾക്കു സമൃദ്ധിയായ അനുഗ്രഹങ്ങളും ദൈവം വാഗ്ദത്തം ചെയ്തിരുന്നു. എന്നാൽ, സ്നേഹസ്വരൂപനായ പുത്രൻ മുഖാന്തരം ദൈവമക്കളായ പുതിയനിയമ വിശ്വാസികൾ മെസൂസാ കൊണ്ടല്ല, വിശുദ്ധജീവിതവും സൽപ്രവൃത്തികളും കൊണ്ട് തങ്ങളെത്തന്നെ അലങ്കരിക്കണം. (1തെസ്സ, 4:3; 2കൊരി, 9:8; കൊലൊ, 1:10; തീത്തൊ,2:7; 1പത്രൊ, 1:16).

Leave a Reply

Your email address will not be published. Required fields are marked *