മുന്നറിവ്

മുന്നറിവ് (foreknowledge)

“ദൈവം മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29).

ഭാവിസംഭവങ്ങളുടെ മുഴുവൻ ഗതിയെയും സംബന്ധിച്ചുള്ള ദൈവത്തിനു മുൻകൂട്ടിയുള്ള അറിവാണ് മുന്നറിവ്. മുന്നറിവിനെക്കുറിക്കുന്ന ഗ്രീക്കുപദം പ്രഗിനൊസ്കൊ (προγινώσκω – proginosko) അഞ്ചു പ്രാവശ്യം (പ്രവൃ, 20:5; റോമ, 8:29; 11:2; 1പത്രൊ,1:20; 2പത്രൊ, 3:17) ഉണ്ട്. ഒരു സംഭവം ദൈവം തൻ്റെ സർവ്വജ്ഞാനത്താൽ സംഭവിക്കുമെന്നു അറിയുന്നതാണ് മുന്നറിവ്. എന്തു സംഭവിക്കുമെന്നു മാത്രമല്ല തന്റെ പ്രവർത്തന പദ്ധതിയുടെ നിർവ്വഹണത്തിനു ആരെല്ലാമായിരിക്കും ഉപകരണങ്ങളെന്നും ദൈവം അറിയുന്നു. സംഭവങ്ങളെപ്പോലെ തന്നെ വ്യക്തികളും ദൈവത്തിന്റെ മുന്നറിവിലുണ്ട്. അതിനാലാണ് പൗലൊസ് അപ്പൊസ്തലൻ എഴുതുന്നത്; “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിനു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചിരിക്കുന്നു.” (റോമ, 8:29).

ദൈവത്തിന്റെ മുന്നറിവു അപരിമിതവും, അന്തർജ്ഞാനപരവും, സഹജവും, പ്രത്യക്ഷവുമാണ്. ദൈവത്തിന് സ്വയത്തെക്കുറിച്ചുള്ള ജ്ഞാനവും തന്റെ നിത്യമായ പദ്ധതിയിലുൾപ്പെട്ട സകലത്തിന്റെയും ജ്ഞാനവും ഉണ്ട്. ദൈവിക മനസ്സിൽ എല്ലാം നിത്യമായ ‘ഇന്നു’ മാത്രം; ഭൂതം, വർത്തമാനം, ഭാവി എന്നീ കാലവരമ്പുകൾ അതിനില്ല. ഉന്നതനും, ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയുമാണ് ദൈവം.  (യെശ, 57:15). “പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവവുമില്ല; ഞാൻ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. ആരംഭത്തിങ്കൽ തന്നെ അവസാനവും പൂർവ്വകാലത്തുതന്നേ മേലാൽ സംഭവിക്കാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താത്പര്യമൊക്കെയും അനുഷ്ഠിക്കും എന്നു ഞാൻ പറയുന്നു.” (യെശ, 46:9,10). മനുഷ്യന്റെ അറിവാകട്ടെ സാന്തവും (finite) നിരീക്ഷണത്തിൽ നിന്നും ചിന്തയിൽ നിന്നും വ്യൂൽപ്പന്നവുമാണ്. 

മനുഷ്യന്റെ സ്വാതന്ത്ര്യവും തൽഫലമായുള്ള ഉത്തരവാദിത്വവും ദൈവിക മുന്നറിവും തമ്മിലുള്ള ബന്ധം ദുർജ്ഞേയമാണ്. എല്ലാ സംഭവങ്ങളെയും ദൈവം മുന്നിയമിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. സ്വതന്ത്രേച്ഛയുള്ള മനുഷ്യൻ സ്വയം തിരഞ്ഞെടുക്കുന്നു; തൻ്റെ പ്രവൃത്തികൾക്കെല്ലാം അവൻ ഉത്തരവാദിയും ആയിരിക്കുന്നു. ഈ രണ്ടു സത്യങ്ങളും തിരുവെഴുത്തുകൾ വ്യക്തമായി പഠിപ്പിക്കുന്നു. (പ്രവൃ, 4:27,28; എഫെ, 1:11; റോമ, 8:29,30; സങ്കീ, 33:11; യെശ, 14:4; ലൂക്കൊ, 22:22; ദാനീ, 4:35). അർമീനിയൻ സിദ്ധാന്തപ്രകാരം മുന്നിയമനവും മുന്നറിവും ഒന്നാണ്. ദൈവം സർവ്വവും മുന്നറിയുന്നു എന്നു ചിലർ അംഗീകരിക്കുന്നു. ചിലരുടെ അഭിപ്രായത്തിൽ അറിയപ്പെടാവുന്ന കാര്യങ്ങളെല്ലാം ദൈവം മുന്നറിയുന്നു. സ്വതന്ത്രേച്ഛയുള്ളവരുടെ പ്രവൃത്തി ദൈവത്തിനു അവ്യക്തമാണ്. ദൈവം എല്ലാം മുന്നറിയുന്നുവെന്നു അംഗീകരിക്കുന്നതും മനുഷ്യരുടെ പ്രവൃത്തികൾ ദൈവം മുന്നിയമിച്ചതാണെന്ന് അംഗീകരിക്കുന്നതും തമ്മിൽ വ്യത്യാസമില്ല. ദൈവത്തിന്റെ മുന്നറിവു പരിമിതമാണെങ്കിൽ ഭാവിയെക്കുറിച്ചു ഭാഗികമായെങ്കിലും ദൈവം അജ്ഞനാണ്. ദൈവം അനുദിനവും അറിവ് വർദ്ധിപ്പിക്കുകയാണ്. തന്മൂലം ദൈവത്തിന്റെ സംവിധാനവും നിർണ്ണയവും മാറിക്കൊണ്ടിരിക്കുന്നു എന്നു സമ്മതിക്കേണ്ടിവരും. മാത്രവുമല്ല, ദൈവത്തിന്റെ സർവ്വജ്ഞാനത്തെ നിഷേധിക്കുന്നതിനു തുല്യമാണത്.

ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിക്കുന്നത് ആരൊക്കെയാണെന്നു ദൈവം അറിയുന്നു എന്നും, ദൈവം അവരെ തിരഞ്ഞെടുത്തു എന്നും ധാരണയുണ്ട്. അതു തെറ്റാണ്. അങ്ങനെയാണെങ്കിൽ ദൈവം മുന്നറിയുകയോ മുന്നിയമിക്കുകയോ മുൻനിർണ്ണയിക്കുകയോ ചെയ്തിട്ടില്ല. ദൈവം തന്റെ സർവ്വജ്ഞാനം പ്രയോജനപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ. മനുഷ്യന്റെ സ്വതന്ത്രേച്ഛ ദൈവത്തെ പരിമിതപ്പെടുത്തുന്നു എന്നു പറയേണ്ടിവരും. മനുഷ്യഹിതത്തിന്റെ പരിമിതികൾക്കപ്പുറത്തു ദൈവത്തിനു പ്രവർത്തിക്കുവാൻ കഴിയാതെ വരും. ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുമെന്നു താൻ അറിയുന്നവരെ മാത്രം ദൈവം തിരഞ്ഞെടുക്കുകയാണെങ്കിൽ ദൈവം പരമാധികാരി അല്ലാതായിത്തീരും. വിശ്വാസികൾ തിരഞ്ഞെടുക്കപ്പെട്ടതു ദൈവത്തിന്റെ മുന്നറിവിനൊത്തവണ്ണമാണ്. അല്ലാതെ മുന്നറിവു കാരണമായല്ല. (1പത്രൊ, 1:2).

Leave a Reply

Your email address will not be published. Required fields are marked *