മുന്തിരിവള്ളി

മുന്തിരിവള്ളി (vine)

ഒലിവ്, അത്തി എന്നിവയോടൊപ്പം പലസ്തീനിലെ സവിശേഷ സസ്യങ്ങളിലൊന്നാണ് മുന്തിരിച്ചെടി. യോഥാമിന്റെ ഉപമയിൽ ഇവ മൂന്നും ഒരുമിച്ചു പറയപ്പെട്ടിട്ടുണ്ട്: (ന്യായാ, 9:8-13). ദേശത്തിലെ പ്രധാന ഫലവും തോട്ടവും മുന്തിരിയുടേതാണ്. (യോശു, 24:13; 1ശമൂ, 8:14; 2രാജാ, 5:26; യിരെ, 5:17; 40:10; ഹോശേ, 2:12) ആദ്യകാലത്തു യിസ്രായേല്യരിൽ അധികം പേരുടെയും സമ്പത്തു അവരുടെ മുന്തിരിത്തോട്ടം മാത്രമായിരുന്നു. നാബോത്ത് സ്വന്തം മുന്തിരിത്തോട്ടം ആഹാബിനു വില്ക്കാൻ വിസമ്മതിച്ചതിനു കാരണം അതാണ്. (1രാജാ, 21:1-4). 

പേരുകൾ: 1. ഗെഫെൻ (gephen)  മുന്തിരിവളളി: (ഉല്പ, 40:10). 55 തവണ പ്രയോഗിച്ചിട്ടുണ്ട്. 2. സോറേക് (soreq) വിശിഷ്ട മുന്തിരിവള്ളി. മൂന്നു പ്രാവശ്യം: (ഉല്പ, 49:11; യെശ, 5:2; യിരെ, 2:21). ഇത് കല്ലില്ലാത്തതും ഊതനിറമുള്ളതും സ്വാദിഷ്ടവും ആയ മുന്തിരിങ്ങാ ഉല്പാദിപ്പിക്കുന്നു. 3. നാസിർ (naziyr) വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളി: (ലേവ്യ, 25:5, 11). പതിനാറ് പ്രാവശ്യമുണ്ട്. ഏഴാം വർഷവും അമ്പതാം വർഷവും മുന്തിരിവള്ളിയുടെ വള്ളിത്തല മുറിക്കുവാൻ പാടില്ല. 4. അംപെലൊസ് (ഗ്രീക്ക്: ampelos) ഒൻപത് പ്രാവശ്യമുണ്ട്: (മത്താ, 26:29).  

മുന്തിരിച്ചെടിയുടെ ജന്മനാട് അർമ്മീനിയ ആയിരിക്കണം. പടിഞ്ഞാറു പോർച്ചുഗൽ മുതൽ കിഴക്ക് ഭാരതംവരെയുള്ള പ്രദേശങ്ങളിൽ മുന്തിരി കൃഷി ചെയ്യുന്നുണ്ട്. ഈജിപ്റ്റിൽ ഇപ്പോൾ മുന്തിരിക്ക്യഷി കുറവാണ്. എന്നാൽ തിരുവെഴുത്തുകളിൽ ഈജിപ്റ്റ് മുന്തിരിക്കൃഷിയുടെ ദേശമായി പരാമർശിക്കപ്പെട്ടിട്ടുണ്ട്. (ഉല്പ, 40:9-11; സംഖ്യാ, 20:5; സങ്കീ, 78:47). മിസ്രയീമിലെ ശവകുടീരങ്ങളിലെ ചുവരുകളിൽ നിന്നും വീഞ്ഞുണ്ടാക്കുന്നതിന്റെ വിവിധഘട്ടങ്ങൾ ചിത്രീകരിക്കുന്ന ചിത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 

അരരാത്ത് പർവ്വതവുമായി ബന്ധപ്പെട്ടാണ് മുന്തിരിച്ചെടിയുടെ പേർ ആദ്യം കാണുന്നത്. പ്രളയാനന്തരം പെട്ടകത്തിനു പുറത്തുവന്ന നോഹ മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. ഇതാണ് മുന്തിരിത്തോട്ടത്തെക്കുറിച്ചുള്ള ബൈബിളിലെ ആദ്യത്തെ പ്രസ്താവന. എബ്രായർ കനാൻ കൈവശപ്പെടുത്തുന്നതിനു മുമ്പു അവിടെ മുന്തിരിക്കുഷി ഉണ്ടായിരുന്നു. ശാലേം രാജാവായ മല്ക്കീസേദെക് വീഞ്ഞു കൊണ്ടുവന്നു അബ്രാഹാമിനെ എതിരേറ്റു. (ഉല്പ, 14:18). ഒറ്റുകാർ നല്കിയ വിവരങ്ങളും (സംഖ്യാ, 13;20,24), വാഗ്ദത്ത നാടിനെക്കുറിച്ചുള്ള മോശെയുടെ സൂചനകളും (ആവ, 6:11) ഇതിനു മതിയായ തെളിവാണ്. യെഹൂദാ മുന്തിരിക്കൃഷിയിൽ പ്രസിദ്ധി നേടിക്കഴിഞ്ഞിരുന്നു എന്നു യാക്കോബിന്റെ അനുഗ്രഹം വ്യക്തമാക്കുന്നു. (ഉല്പ, 49:11). എസ്ക്കോൽ താഴ്വരയും, ഫെലിസ്ത്യ സമതലത്തിലെ സോരേക്കും മുന്തിരിക്കഷിക്കു പ്രഖ്യാതമായിരുന്നു. (ന്യായാ, 14:5; 16:4). ഏൻ-ഗെദി മുന്തിരിത്തോട്ടവും (ഉത്ത, 1:14), സിബ്മാ മുന്തിരിത്തോട്ടവും (യിരെ, 48:32) ശ്രദ്ധേയമത്രേ. ഹെൽബോനിലെ വീഞ്ഞു സോരിലേക്കു കയറ്റുമതി ചെയ്തിരുന്നു. (യെഹെ, 27:18). ലെബാനോനിലെ വീഞ്ഞിന്റെ സൗരഭ്യം ഹോശേയാ പ്രവാചകനു ഉപമാനമാണ്. (ഹോശേ, 14:7). വിശുദ്ധനാട്ടിലെ ഏറ്റവും നല്ല മുന്തിരിങ്ങയായി ഇന്നും കണക്കാക്കപ്പെടുന്നതു ഹെബ്രോനിലേതാണ്. ആറും ഏഴും പൗണ്ട് ഭാരമുള്ള മുന്തിരിക്കുലകൾ ഇവിടെ സാധാരണമാണ്. 

മുന്തിരിക്കുഷി: മുന്തിരിത്തോട്ടത്തിന്റെ നിർമ്മാണം വളരെ ചെലവുള്ളതും ഭാരമേറിയതും ആണ്. ആദ്യമായി മുന്തിരിത്തോട്ടത്തെ ചുറ്റും വേലികെട്ടി അടയ്ക്കുന്നു. മറ്റൊരു കൃഷിക്കും ഇതുപോലൊരു ചുറ്റുവേലി ആവശ്യമില്ല. മുന്തിരിവളളികളെ കുറുക്കന്മാരിൽ നിന്നും (ഉത്ത, 2:15), കാട്ടുപന്നിയിൽ നിന്നും (സങ്കീ, 80:13), കള്ളന്മാരിൽ നിന്നും (യിരെ, 49:9) രക്ഷിക്കണം. വേലക്കാർക്കു വേനൽക്കാലത്തു പാർക്കുന്നതിനായി ഒരു കാവൽ ഗോപുരം നിർമ്മിക്കും. കെട്ടിയടച്ച തോട്ടത്തിനുള്ളിൽ കുഴികളെടുത്തു മുന്തിരിത്തൈ നടുന്നു. വരികൾ തമ്മിലുളള അകലം 2.5 മീറ്റർ ആണ്. വലിയ കല്ലുകൾ പെറുക്കി തോട്ടത്തിനകത്തു വരിവരിയായി മതിലുകൾ പോലെ അടുക്കും. ഈ കന്മതിലുകളിലാണ് മുന്തിരിവള്ളി പടർന്നു കയറുന്നത്. അടുത്തുള്ള വൃക്ഷത്തിലും പടർന്നു കയറാൻ അനുവദിക്കും. “അതു (മുന്തിരിവള്ളി) തിങ്ങിയ കൊമ്പുകളുടെ ഇടയിൽ വളർന്നു പൊങ്ങിയിരുന്നു; അതു പൊക്കം കൊണ്ടും കൊമ്പുകളുടെ പെരുപ്പം കൊണ്ടും പ്രസിദ്ധമായിരുന്നു.” (യെഹെ, 19:11). അതുകൊണ്ടു ഒരുത്തനു തന്റെ മുന്തിരിവളളിയുടെ കീഴിൽ ഇരിക്കാം. (1രാജാ, 4:25). ഫലം കായ്ക്കാത്ത വള്ളിത്തല മുറിച്ചുകളയും. (ലേവ്യ, 25:3; യോഹ, 15:2; യെശ, 18:5). മുന്തിരിത്തോട്ടത്തിൽ ചക്കു നാട്ടി ഗോപുരം പണിയും. (മർക്കൊ, 12:1). മുന്തിരിങ്ങാ പാകമായാൽ അവ കുട്ടകളിൽ ശേഖരിച്ചു ചക്കിലേക്കു കൊണ്ടുപോകുന്നു . മുന്തിരിച്ചക്കുകൾ പാറയിൽ വെട്ടിയുണ്ടാക്കിയ കുഴികളാണ്. മുന്തിരിപ്പഴം ചവിട്ടുന്നത് ഉല്ലാസമായി പാടിക്കൊണ്ടോ ആർത്തു വിളിച്ചുകൊണ്ടോ ആണ്. (യെശ, 16:10; യിരെ, 25:30). വീഞ്ഞു തുരുത്തികളിൽ അടച്ചു സൂക്ഷിക്കുന്നു. (മത്താ, 9:17). മുന്തിരിങ്ങ സൗകര്യപ്രദമായ ഭക്ഷണപദാർത്ഥമാണ്, പ്രത്യേകിച്ചും ഉണക്കിയെടുത്ത മുന്തിരിങ്ങ. (1ശമൂ, 30:12; 1ദിന, 12:40). മുന്തിരിപ്പഴം അപ്പത്തോടു ചേർത്തു ഭക്ഷിക്കും. 

മുന്തിരിയെക്കുറിച്ചുള്ള വിശദമായ ചട്ടങ്ങൾ ന്യായപ്രമാണത്തിലുണ്ട്. നട്ടശേഷം മൂന്നുവർഷം മുന്തിരിയുടെ ഫലം തിന്നാൻ പാടില്ല. നാലാം വർഷത്തെ ഫലം യഹോവയ്ക്ക് സ്തോത്രത്തിനായി അർപ്പിക്കണം. അഞ്ചാം വർഷത്തെ ഫലമാണ് ഉടമസ്ഥനു ഭക്ഷിക്കുവാൻ അനുവാദമുള്ളത്. (ലേവ്യ, 19:23-25). മുന്തിരിത്തോട്ടവും ഏഴാം വർഷം (ശബ്ബത്ത്) ഉഴാൻ പാടില്ല. (പുറ, 23:11). യോവേൽ സംവത്സരം മുന്തിരിത്തോട്ടത്തിനും ബാധകമാണ്. (ലേവ്യ, 25:11). മുന്തിരിത്തോട്ടത്തിലെ പഴം അറുത്തെടുക്കുമ്പോൾ കാലാ പെറുക്കുവാൻ പാടില്ല. അതു പരദേശിക്കും അനാഥനും വിധവയ്ക്കും ആണ്. (ആവ, 24:21; യിരെ, 49:9). മുന്തിരിത്തോട്ടത്തിൽ വേറൊരു വിത്തും നടാൻ പാടില്ല. (ആവ, 22:9). ചിലപ്പോൾ മുന്തിരിത്തോട്ടത്തിൽ അത്തി വൃക്ഷം നട്ടിരുന്നു. (ലൂക്കൊ, 13:6). കൂട്ടുകാരന്റെ മുന്തിരിത്തോട്ടത്തിലൂടെ നടന്നുപോകുമ്പോൾ ഇഷ്ടംപോലെ മുന്തിരിപ്പഴം തിന്നാം; എന്നാൽ കൊണ്ടുപോകാൻ പാടില്ല. (ആവ, 23:24). 

മുന്തിരിക്കൊയ്ത്ത്: ജുലൈ അവസാനത്തോടു കൂടി മുന്തിരിങ്ങാ പഴുത്തു തുടങ്ങുമെങ്കിലും മുന്തിരിക്കൊയ്ത്ത് സെപ്റ്റംബറിൽ ആണ്. അത് ഉത്സവത്തിന്റെയും ആഘോഷത്തിന്റെയും കാലമാണ്. ആളുകൾ പട്ടണങ്ങൾ ഉപേക്ഷിച്ചു മുന്തിരിത്തോട്ടങ്ങളിൽ പാർക്കും. “സന്തോഷവും ആനന്ദവും വിളനിലത്തു നിന്നു പൊയ്പോയിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളിൽ പാട്ടില്ല, ഉല്ലാസഘോഷവുമില്ല; ചവിട്ടുകാർ ചക്കുകളിൽ മുന്തിരിങ്ങ ചവിട്ടുകയുമില്ല; മുന്തിരിക്കൊയ്ത്തിൻ്റെ ആർപ്പുവിളി ഞാൻ നിർത്തിക്കളഞ്ഞിരിക്കുന്നു.” (യെശ, 16:10). അവർ കൂടാരങ്ങളിലും തൽക്കാല വസതികളിലും പാർക്കും. (ന്യായാ, 9:27). ആർപ്പുവിളിയോടു കൂടെയാണ് മുന്തിരിപ്പഴം ശേഖരിക്കുന്നത്. (യിരെ, 25:30). മുന്തിരിപ്പഴം കുട്ടകളിലാക്കി (യിരെ, 6:9) മുന്തിരിച്ചക്കിലേക്കു കൊണ്ടുപോകും. പലസ്തീനിൽ ഇന്നും നല്ല മുന്തിരിങ്ങ ഉണക്കി സൂക്ഷിക്കും. ശേഷിക്കുന്നവയുടെ ചാറ് തിളപ്പിച്ചു എല്ലാവരും സമൃദ്ധിയായി പാനം ചെയ്യും. മുന്തിരിയില പച്ചക്കറിയായി ഉപയോഗിക്കും; കാണ്ഡം വിറകായും. (യെഹെ, 15:3, 4; യോഹ, 15:6).

യിസ്രായേൽ ജാതിയുടെ പ്രതീകമാണ് മുന്തിരിവള്ളി. മിസ്രയീമിൽനിന്നും കൊണ്ടുവന്ന മുന്തിരിവളളിയായി യിസ്രായേലിനെ രൂപണം ചെയ്തിട്ടുണ്ട്. (സങ്കീ, 80:8). സമാധാനത്തിന്റെയും സന്തോഷത്തിന്റെയും അടയാളമാണ് ‘ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻ കീഴിലും വസിക്കുന്നതു’ (1രാജാ, 4:25; സങ്കീ, 128:3; മീഖാ, 4:4). സഹസ്രാബ്ദാനുഗ്രഹത്തിന്റെ പ്രാവചനിക പ്രതീകമാണത്. യഥാസ്ഥാനപ്പെട്ട യിസ്രായേലിനു മുന്തിരിത്തോട്ടങ്ങളെ നല്കും. (ഹോശേ, 2:15). അന്നു “ഉഴുന്നവൻ കൊയ്യുന്നവനെയും മുന്തിരിപ്പഴം ചവിട്ടുന്നവൻ വിതെക്കുന്നവനെയും തുടർന്നെത്തുകയും പർവ്വതങ്ങൾ പുതുവീഞ്ഞു പൊഴിക്കയും എല്ലാ കുന്നുകളും ഉരുകിപ്പോകയും ചെയ്യുന്ന നാളുകൾ വരും എന്നു യഹോവയുടെ അരുളപ്പാട്.” (ആമോ, 9:13). മത്സരികളായ യിസ്രായേൽ ജനത്തെ കാട്ടു മുന്തിരിങ്ങയോടാണ് ഉപമിച്ചിട്ടുള്ളത്. (യെശ, 5 :2,4; യിരെ, 2:21; ഹോശേ, 10:1). മുന്തിരിത്തോട്ടം ഫലം നല്കാതിരിക്കുന്നതു വലിയ ദോഷങ്ങളുടെ പ്രതീകമാണ്. (യെശ, 32:10). മുന്തിരിത്തോട്ടം നട്ടുണ്ടാക്കി അതിന്റെ ഫലം ഭക്ഷിക്കുന്നതു സമാധാനത്തിന്റെയും സമൃദ്ധിയുടെയും ലക്ഷണമാണ്. (നെഹെ, 9:25; യെശ, 65:21; യെഹെ, 28:26). 

സഭയും ക്രിസ്തുവും തമ്മിലുള്ള മാർമ്മിക ബന്ധത്തെ കർത്താവ് തന്നെ ചിത്രീകരിക്കുന്നതു മുന്തിരിവള്ളിയുടെ പ്രതിബിംബത്തിലൂടെയാണ് (യോഹ, 15:1-6). യേശുക്രിസ്തുവിന്റെ അഞ്ചുപമകൾ മുന്തിരിക്കുഷിയുമായി ബന്ധപ്പെട്ടവയാണ്:

1. മുന്തിരിത്തോട്ടത്തിലെ അത്തിവൃക്ഷം: (ലൂക്കൊ, 13:6-9).

2. മുന്തിരിത്തോട്ടത്തിലെ വേലക്കാർ: (മത്താ, 20:1-6).

3. പുതിയ വീഞ്ഞു പഴയ തുരുത്തിയിൽ: (മത്താ, 9:17). 

4. രണ്ടു പുത്രന്മാർ: (മത്താ, 21:28-32). 

5. ദുഷ്ടന്മാരായ കുടിയാന്മാർ: (മത്താ, 21:33-41; മർക്കൊ, 12:1-11; ലൂക്കൊ, 20:9-18). 

അന്ത്യഅത്താഴത്തിലെ വീഞ്ഞു തന്റെ രക്തത്തിന്റെ പുതിയനിയമമായി യേശു വിശദമാക്കി. ഇന്നും ദ്രാക്ഷാരസമാണ് യേശുവിന്റെ രക്തത്തിന്റെ ഓർമ്മയ്ക്കായി കർത്തൃമേശാചരണത്തിൽ ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *