മറിയ (യാക്കോബിൻ്റെയും യോസെയുടെയും അമ്മ)

മറിയ (യാക്കോബിൻ്റെയും യോസെയുടെയും അമ്മ)

പന്ത്രണ്ട് അപ്പെസ്തലന്മാരിൽപ്പെട്ട  ചെറിയ യാക്കോബിൻ്റെ അമ്മയും, അല്ഫായിയുടെ ഭാര്യയുമാണ് ഈ മറിയ. യോസെ എന്നൊരു മകനും ഇവർക്കുണ്ട്. (മത്താ, 10:3, 27:56, മർക്കൊ, 15:40, ലൂക്കോ, 6:15,16). യേശുവിന്റെ ക്രൂശീകരണത്തിനു ശേഷമാണ് ഈ മറിയയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. (മത്താ, 27:56). അവനെ കല്ലറയിൽ വെയ്ക്കുമ്പോഴും (മത്താ, 27:60-61, മർക്കൊ, 15:47), പുനരുത്ഥാന ദിവസം കല്ലറയിൽ ചെല്ലുന്ന സ്ത്രീകളുടെ കുട്ടത്തിലും (മത്താ, 28:1), ദൂതനുമായി സംസാരിച്ചവരുടെ കൂട്ടത്തിലും (ലൂക്കോ, 24:10), ഉയിർത്തെഴുന്നേറ്റ യേശുവിനെ കാൽ പിടിച്ചു നമസ്കരിച്ചവരുടേ കൂട്ടത്തിലും ഈ മറിയ ഉണ്ടായിരുന്നു. (മത്താ, 28:8-9). യേശുവിന്റെ അമ്മയായ മറിയയുടെ സഹോദരിയും, ക്ലെയോപ്പാവിൻ്റെ ഭാര്യയായ മറിയയും ഇതുതന്നെയാണെന്ന് വിചാരിക്കുന്നവരുണ്ട്. അതിനാധാരം യോഹന്നാനിലെ ഒരു വാക്യമാണ്; “യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.” (19:25). ഈ വാക്യത്തിൽ ചില ‘കോമാ’കളുടെ കുറവുണ്ട്. KJV, NIV, RSV തുടങ്ങിയ ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം കോമായുണ്ട്; “Near the cross of Jesus stood his mother, his mother’s sister, Mary the wife of Clopas, and Mary Magdalene.” (John, 19:25, NIV). മലയാളത്തിലെ വിശുദ്ധഗ്രന്ഥത്തിൽനിന്നും ഈ വാക്യം ചേർക്കുന്നു; “യേശുവിന്‍റെ ക്രൂശിന്‍റെ അടുക്കല്‍ തന്‍റെ അമ്മയും, അമ്മയുടെ സഹോദരിയും, ക്ലേയോപ്പായുടെ മറിയാമും, മറിയം മാഗ്ദലൈത്തായും നിന്നിരുന്നു.” (19:25). ഇവിടെ വ്യക്തമല്ലേ; യേശുവിന്റെ അമ്മയുടെ സഹോദരിയും, ക്ലെയോപ്പാവിൻ്റെ ഭാര്യയും വ്യതിരിക്തരാണെന്ന്. യേശുവിന്റെ ക്രൂശിനരികെ നിൽക്കുന്ന ഇതേ വേദഭാഗത്തിൻ്റെ സമാന്തര ഭാഗങ്ങളായിട്ട് ചിലർ കരുതുന്നത് ഇതാണ്; “അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.” (മത്താ, 27:56). “സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമിയും ഉണ്ടായിരുന്നു.” (മർക്കൊ, 15:40). യോഹന്നാനിൽ ക്ലെയോപ്പാവിൻ്റെ ഭാര്യ മറിയയെക്കുറിച്ച് പറഞ്ഞിരിക്കകൊണ്ടും, മറ്റു രണ്ടു വേദഭാഗങ്ങളിലും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയെ കാണുന്നതുകൊണ്ടുമാണ് ഇങ്ങനെയൊരു സംശയം ഉടലെടുത്തത്. എന്നാൽ ഇവിടെ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്; യേശു മരിക്കുന്നതിനു മുമ്പ് താൻ സ്നേഹിച്ച ശിഷ്യനായ യോഹന്നാന് തന്റെ അമ്മയുടെ ഉത്തരവാദിത്വം ഏല്പിക്കുന്ന സമയത്താണ് അമ്മയെയും അമ്മയുടെ സഹോദരിയെയും കുറിച്ച് പറഞ്ഞിരിക്കുന്നത്. (യോഹ, 19:25-26). പിന്നെ എഴുതിയിരിക്കുന്നത്; “ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു” (യോഹ, 19:27) എന്നാണ്. എന്നുവെച്ചാൽ; ആ അമ്മയും അമ്മയുടെ സഹോദരിയും പ്രിയശിഷ്യനും യേശുവിന്റെ മരണം കാണാൻ പിന്നെയവിടെ നിന്നിരിക്കില്ല. കാരണം, ഇപ്പോൾത്തന്നെ ‘മറിയയുടെ സ്വന്തപ്രാണനിൽകൂടി ഒരു വാൾ കടന്നുകഴിഞ്ഞു.’ (ലൂക്കോ, 2:35). ഇനി തന്റെ അരുമ പുത്രന്റെ മരണം കൂടി കാണാനുള്ള ത്രാണി ആ സാധു സ്ത്രീക്കില്ല. എന്നാൽ മത്തായിയും മർക്കൊസും രേഖപ്പെടുത്തിയിരിക്കുന്നത് യേശുവിന്റെ മരണത്തിന് ശേഷം അവിടെയുണ്ടായിരുന്ന സ്ത്രീകളെക്കുറിച്ചാണ്. (27:56, 15:40). മരണത്തിനുശേഷം യേശുവിന്റെ അമ്മയെക്കുറിച്ചോ, അമ്മയുടെ സഹോദരിയെക്കുറിച്ചോ സുവിശേഷങ്ങളിൽ ഒരിടത്തും പ്രതിപാദിച്ചിട്ടില്ല. അമ്മയ്ക്കൊപ്പം അമ്മയുടെ സഹോദരിയും ഭവനത്തിലേക്ക് പോയിരിക്കും. തന്മൂലം യോഹന്നാന്റെ വാക്യത്തിൻ്റെ സമാന്തര ഭാഗങ്ങളല്ല മത്തായിയും മർക്കോസും രേഖപ്പെടുത്തിയിരിക്കുന്നത്. യോഹന്നാൻ യേശുവിന്റെ മരണത്തിനു മുമ്പും മറ്റുള്ളവർ ശേഷവുമുള്ള കാര്യങ്ങളാണ് പറയുന്നത്.

യാക്കോബിൻ്റെയും യോസെയുടെയും അമ്മയായ മറിയയെ മരണശേഷമാണ് ബൈബിളിൽ കാണുന്നത്; പുനരുത്ഥാന ശേഷവും അവിടെ ഉണ്ടായിരുന്നു. (മത്താ, 27:61, 28:1, മർക്കൊ, 15:47, ലൂക്കോ, 24:10).

ആകെ സൂചനകൾ (7) — മത്താ, 27:56, 27:61, 28:1, മർക്കൊ, 15:40, 15:47, 16:1, ലൂക്കോ, 24:10.

Leave a Reply

Your email address will not be published.