ഫ്രാത്ത് നദി

ഫ്രാത്ത് നദി (river Euphrates)

പേരിനർത്ഥം – പൊട്ടിപ്പുറപ്പെടുക

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നദിയാണു ഫ്രാത്ത് അഥവാ യൂഫ്രട്ടീസ്. പഴയനിയമത്തിൽ ഇതിനെ നദി (ഹന്നാഹാർ) എന്നും, മഹാനദി എന്നും വിളിച്ചു കാണുന്നു. (സംഖ്യാ, 22:5; ആവ, 11:24; യോശു, 1:4; 24:3, 14). അർമ്മീനീയാ മലകളിൽ നിന്നുത്ഭവിച്ചു അസ്സീറിയ (അശ്ശൂർ), സിറിയ (അരാം) മെസൊപ്പൊട്ടേമിയ, ബാബിലോൺ നഗരം എന്നിവിടങ്ങളിലൂടെ ഒഴുകി പേർഷ്യൻ ഉൾക്കടലിൽ പതിക്കുന്നു. നദിയുടെ നീളം ഏകദേശം 2865 കി.മീറ്റർ ആണ്. ഇറാക്കിന്റെ മുഴുവൻ നീളവും നെടുകെ ഒഴുകി ബ്രസ്രായ്ക്കു സമീപം വച്ചു ടൈഗ്രീസിനോടു ചേരുന്നു. യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ സംഗമസ്ഥലത്തിനു ഗിർനാ എന്നു പേർ. ഗിർനാ മുതൽ ഗൾഫ് വരെയുള്ള നദീഭാഗത്തെ ഇറാക്കുകാർ ഷത്ത് അൽ-അറബ് എന്നു വിളിക്കുന്നു. ലോകത്തിൽ ഏറ്റവും അധികം ഈന്തപ്പന വളരുന്ന പ്രദേശമാണ് ഷത്ത് അൽ-അറബ്. സമുദ്ര മുഖത്തുനിന്ന് 1920 കി.മീറ്റർ വരെ ചെറുകപ്പലുകൾക്കു സഞ്ചരിക്കാം. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ മഞ്ഞുരുകി നദിയിൽ വെള്ളപ്പൊക്കമുണ്ടാവുന്നു.

ഏദെൻ തോട്ടത്തിൽ നിന്നുത്ഭവിച്ച നദിയുടെ നാലു ശാഗകളിൽ ഒന്നാണ് ഫ്രാത്ത് അഥവാ യൂഫ്രട്ടീസ്. (ഉല്പ, 2:14). യിസ്രായേലിനു വാഗ്ദത്തം ചെയ്യപ്പെട്ട പ്രദേശത്തിന്റെ വടക്കെ അതിര് ഫ്രാത്തു നദിയായിരുന്നു. (ഉല്പ, 15:18; ആവ, 1:7; 11:24; യോശു, 1:4). രാജവാഴ്ചയുടെ ഉച്ചഘട്ടത്തിൽ (ദാവീദിന്റെയും ശലോമോന്റെയും കാലം) യിസ്രായേൽ ഫ്രാത്ത് നദിവരെ എത്തിയിരുന്നു. (2ശമൂ, 8:3; 10:16; 1രാജാ, 4:24). അബ്രാഹാമിന്റെ ജന്മദേശമായ ഊർ ലോവർ യൂഫ്രട്ടീസിന്റെ തീരത്താണ്. യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നീ നദികൾക്കിടയിലുള്ള നാടാണ് മെസൊപ്പൊട്ടേമിയ. നദികൾക്കിടയിൽ എന്നത്രേ ഇപ്പേരിന്നർത്ഥം. വെളിപ്പാടു പുസ്തകത്തിൽ യൂഫ്രാത്തേസ് നദി എന്നു പറഞ്ഞിട്ടുണ്ട്. ആറാമത്തെ ദൂതൻ ഊതിയപ്പോൾ യൂഫ്രാത്തേസ് നദീതീരത്തു ബന്ധിച്ചിരുന്ന നാലുദൂതന്മാരെ അഴിച്ചുവിട്ടു. (വെളി, 9:13,14). ആറാമത്തെ ദൂതൻ കലശം ഒഴിച്ചപ്പോൾ യൂഫ്രാത്തേസ് നദിയിലെ വെള്ളം വറ്റിപ്പോയി.

Leave a Reply

Your email address will not be published.