ഫിലിപ്പിയർ

ഫിലിപ്പിയർക്കു എഴുതിയ ലേഖനം (Book of Philippians)

പുതിയനിയമത്തിലെ പതിനൊന്നാമത്തെ പുസ്തകം. കാരാഗൃഹ ലേഖനങ്ങളിൽപ്പെട്ടത്. (1:7, 13, 16, 17). പൗരാണിക മക്കെദോന്യയിലെ ഫിലിപ്പ്യസഭ അപ്പൊസ്തലനായ പൗലൊസ് യൂറോപ്പിൽ സ്ഥാപിച്ച ആദ്യത്തെ സഭയാണ്. യൂറോപ്പിൽ നിന്നു ആദ്യം മാനസാന്തരപ്പെട്ട വ്യക്തിയും രക്താംബരം വില്പനക്കാരിയുമായ ലുദിയാ ഈ സഭക്കാരിയായിരുന്നു. അവളുടെ കുടുംബം മുഴുവൻ വിശ്വസിച്ചു സ്നാനമേല്ക്കുകയും ആ ഗൃഹം പുതിയ സഭയുടെ കേന്ദ്രബിന്ദുവായി മാറുകയും ചെയ്തു. (പ്രവൃ, 16:15). ഇവിടെവച്ചു പൗലൊസിനെ ബന്ധിക്കുകയും കോൽകൊണ്ടു അടിപ്പിച്ചശേഷം തടവിലാക്കുകയും ചെയ്തു. (പ്രവൃ, 16:23). കാരാഗൃഹത്തിന്റെ അടിസ്ഥാനങ്ങൾ ഇളകിയ വലിയ ഭൂകമ്പത്തിനു ശേഷം കാരാഗൃഹ പ്രമാണിയും കുടുംബവും ക്രിസ്ത്യാനികളായി. തന്മൂലം പൗലൊസിനു ഈ സഭയോടു ഒരു ആത്മബന്ധമുണ്ട്. കൂടാതെ തന്റെ കഷ്ടതകളിലും ആവശ്യങ്ങളിലും അധികം കൂട്ടായ്മ കാണിച്ചതു ഫിലിപ്പ്യ സഭയായിരുന്നു. ഇത്രയേറെ അടുപ്പമുള്ളതു കൊണ്ടാണു വ്യക്തിഗതമായ രീതിയിൽ (പുരുഷ സർവ്വനാമങ്ങൾ അധികം ഉപയോഗിക്കുന്നതു ശ്രദ്ധിക്കുക) ഫിലിപ്പിയർക്കു ലേഖനം എഴുതിയത്. 

ഗ്രന്ഥകർത്താവ്: ഫിലിപ്പ്യ ലേഖനത്തിന്റെ കർത്താവ് പൗലൊസ് ആണെന്നു പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ലേഖനത്തിന്റെ തുടക്കത്തിൽ തന്നെ (1:1) അതു വ്യക്തമാക്കിയിട്ടുണ്ട്. ലേഖനത്തിലെ ചരിത്രപരമായ പരാമർശങ്ങളും ഭാഷയും ശൈലിയും പൗലൊസിന്റെ ഗ്രന്ഥകർത്തൃത്വത്തെ ഉറപ്പിക്കുന്നു. റോമിലെ ക്ലെമന്റ്, പോളിക്കാർപ്പ്, ഐറീനിയസ്, ഹിപ്പൊലിറ്റസ് തുടങ്ങിയവർ ഈ ലേഖനത്തിന്റെ കർത്താവു പൗലൊസ് ആണെന്നു പറയുന്നുണ്ട്. അലക്സാണ്ട്രിയയിലെ ക്ലെമന്റും തെർത്തുല്യനും ഫിലിപ്പ്യ ലേഖനത്തിൽ നിന്നും പ്രചുരമായി ഉദ്ധരിക്കുകയും അവ പൗലൊസിന്റേത് ആണെന്നു പറയുകയും ചെയ്തിട്ടുണ്ട്. പഴയ ലത്തീൻ, സുറിയാനി വിവർത്തനങ്ങളിലും മാർഷ്യന്റെ കാനോനിലും ഫിലിപ്പ്യലേഖനം പൗലൊസിന്റേതായി ചേർത്തിട്ടുണ്ട്. പൗലൊസിന്റെ ഗ്രന്ഥകർത്തത്വത്തെ എതിർത്തിട്ടുള്ളവരിൽ പ്രധാനിയാണ് എഫ്.സി. ബെയർ. എതിർ വാദങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ്: 1. ‘അദ്ധ്യക്ഷന്മാർക്കും ശുശ്രുഷകന്മാർക്കും’ (ഫിലി, 1:1) എന്ന പ്രയോഗം പൗലൊസിനു ശേഷമുള്ള സഭാഭരണകാലത്തെ ചൂണ്ടിക്കാണിക്കുന്നു. അപ്പൊസ്തല പ്രവൃത്തികൾ പഠിക്കുമ്പോൾ ഈ വാദം അസ്ഥാനത്താണെന്നു വ്യക്തമാകും. ഫിലിപ്പ്യലേഖനം എഴുതുന്നതിനു മുമ്പുതന്നെ അദ്ധ്യക്ഷന്മാർ, ശുശ്രൂഷകന്മാർ എന്നിങ്ങനെയുള്ള സ്ഥാനങ്ങൾ സഭയിൽ നിലവിലിരുന്നു. (പ്രവൃ, 6:1-6; 11:30; 14:23; 15:2, 6; 20:17, 28; 1തെസ്സ, 5:12). മൂപ്പന്മാരും അദ്ധ്യക്ഷന്മാരും ഏകസ്ഥാനീയരാണ്. 2. ഫിലിപ്പ്യലേഖനം മറ്റു ലേഖനങ്ങളുടെ അനുകരണമാണ്. അതുകൊണ്ടു ഈ ലേഖനത്തിനു മൗലികത്വം ഇല്ല. ബാലിശമായ വാദമാണിത്. ഒരാൾ എഴുതുന്ന ലേഖനങ്ങളിൽ പ്രയോഗങ്ങൾ ശൈലികൾ എന്നിവയുടെ ആവർത്തനം സഹജവും സ്വാഭാവികവുമാണ്. 3. യെഹൂദ ക്രിസ്ത്യാനിത്വവും പുറജാതി ക്രിസ്ത്യാനിത്വവും തമ്മിൽ യോജിപ്പിക്കുവാനായി പൗലൊസിന്റെ കാലശേഷം ആരോ എഴുതിയതാണീ ലേഖനം. ഫിലിപ്പ്യർ 4:2-ലെ യുവൊദ്യയും സുന്തുകയും ഈ രണ്ടു ക്രിസ്ത്യാനിത്വത്തെയും പ്രതിനിധാനം ചെയ്യുന്നു. ഈ വാദം വിചിത്രമാണ്. യുവൊദ്യയും സുന്തുകയും ഫിലിപ്പ്യസഭയിലെ രണ്ടു സ്ത്രീകളുടെ പേരാണ്. പൗലൊസിനെ എതിർത്ത രണ്ടു ഗണങ്ങളുടെ നേതൃത്വം വഹിച്ചവരായിരുന്നില്ല അവർ. പൗലൊസിനോടൊപ്പം അവരിരുവരും സുവിശേഷ ഘോഷണത്തിൽ പോരാടി. 

എഴുതിയ കാലം: കാരാഗൃഹ ലേഖനങ്ങളിൽ ഒടുവിലത്തേതാണ് ഫിലിപ്പ്യ ലേഖനം എന്നാണ് പൊതുവെ കരുതപ്പെടുന്നത്. പൗലൊസിന്റെ മുന്നു കാരാഗൃഹവാസം അപ്പൊസ്തല പ്രവൃത്തികളിൽ രേഖപ്പെടുത്തിയിട്ടുണ്ടാ. 1. ഫിലിപ്പിയിൽ: (16:23-40); 2. കൈസര്യയിൽ: (23:3-26:32); 3. റോമിൽ: (28:29, 30). ഈ മൂന്നു കാരാഗൃഹ വാസത്തിലൊന്നിൽ ഫിലിപ്പ്യലേഖനം എഴുതിയിരിക്കണം. എഫെസൊസിലെ കാരാഗൃഹവാസത്തിൽ വച്ചു ഇതെഴുതുവാൻ ഒരു സാദ്ധ്യതയും ഇല്ല. എന്നാൽ കൈസര്യയിൽ വച്ചു എഴുതി എന്നു വിശ്വസിക്കുന്നവരുടെ വാദഗതികൾ ദുർബ്ബലമാണ്. റോമിലെ കാരാഗൃഹവാസത്തിന്റെ ഒടുവിൽ ഈ ലേഖനം എഴുതിയെന്നതിനു അനുകൂലമായ തെളിവുകൾ താഴെപ്പറയുന്നവയാണ്: 1. അകമ്പടിപ്പട്ടാളം (1:13), കൈസരിന്റെ അരമന (4:22) എന്നിവയുടെ സൂചനകൾ റോമൻ കാരാഗൃഹ വാസത്തിന്റെ തെളിവുകളാണ്. 2. തന്റെ ജീവനെ സംബന്ധിക്കുന്ന ഈ പ്രശ്നത്തിൽ പരമോന്നത നീതിപീഠത്തിൽ നിന്നു താൻ വിധി പ്രതീക്ഷിക്കുകയാണ്. ഈ വിധി അന്തിമമാണെന്ന ബോധം ലേഖനത്തിലുണ്ട്: (1:20-24; 2:17; 3:11). ഈ വാക്യങ്ങളിൽ മുറ്റിനില്ക്കുന്ന വികാരങ്ങൾക്കു റോമിലെ കാരാഗൃഹവാസത്തിലെ പ്രസക്തിയുള്ളു. ഒരു പ്രാദേശിക കോടതിയിലെ വിധിയാണ് പൗലൊസ് പ്രതീക്ഷിച്ചതെങ്കിൽ ഈ ഉത്കണ്ഠയ്ക്ക് സ്ഥാനമില്ല. വിധി പ്രതികൂലമായാൽ തന്നെയും റോമാപൗരനെന്ന നിലയിൽ പൗലൊസിനു കൈസറെ അഭയം ചൊല്ലാവുന്നതേയുള്ളു. അതിൽ നിന്നു ഈ ലേഖനം എഴുതുന്ന കാലത്ത് പൗലൊസ് റോമിൽ കാരാഗൃഹവാസം അനുഭവിക്കുന്നു. എന്നതു വ്യക്തമാണ്. 3. ഫിലിപ്പ്യലേഖനത്തിൽ സൂചിപ്പിച്ചിട്ടുള്ള യാത്രകൾ ചെയ്യുന്നതിനു മതിയായ കാലദൈർഘ്യം റോമിലെ കാരാഗൃഹവാസത്തിൽ (രണ്ടു വർഷം) ഉണ്ട്. 4. മാർഷ്യന്റെ മുഖവുരയിൽ ഇപ്രകാരം ഒരു പ്രസ്താവനയുണ്ട്. അപ്പൊസ്തലൻ റോമിലെ കാരാഗൃഹത്തിൽ നിന്നു എപ്പഫ്രാദിത്താസ് മുഖേന അവരെ പ്രശംസിക്കുന്നു. ഇതൊരു പരോക്ഷമായ തെളിവാണ്. ഈ തെളിവുകളിൽ നിന്നു ഫിലിപ്പ്യലേഖനം റോമിലെ കാരാഗൃഹവാസത്തിന്റെ ഒടുവിൽ അതായത് എ.ഡി. 63-ൽ എഴുതി എന്നു കരുതുകയാണ് യുക്തം.

ലേഖനത്തിന്റെ ഐക്യം: പാഠചരിത്രത്തിൽ ഫിലിപ്പ്യലേഖനം സമ്പൂർണ്ണമായ ഒന്നായി കരുതപ്പെട്ടിരുന്നു. എന്നാൽ അടുത്ത കാലത്ത് ലേഖനത്തിന്റെ ഐക്യം വിവാദഗ്രസ്തമായി, സ്വരം, ശൈലി, ഉള്ളടക്കം എന്നിവയ്ക്ക് മൂന്നാമദ്ധ്യായത്തിന്റെ ആരംഭത്തിൽ പൊടുന്നനവെ മാറ്റം വരുന്നതായി കാണാം. മറ്റുഭാഗങ്ങളിൽ നിന്നു വ്യത്യസ്തമായി യെഹൂദ വാദികൾക്കു നേരെയുള്ള ആക്രമണം ചില ഭാഗങ്ങളിൽ മുഴച്ചു നില്ക്കുന്നു. സൗമ്യമായ സംബോധനയിൽ നിന്നു പെട്ടെന്നു സ്വരം പരുഷമായി മാറുന്നു. നായ്, ആകാത്ത വേലക്കാർ, വിച്ഛേദനക്കാർ എന്നീ പ്രയോഗങ്ങൾ ശ്രദ്ധിക്കുക. 3:2 മുതലുള്ള ചില വാക്യങ്ങൾ പ്രക്ഷിപ്തങ്ങളാണെന്നു ഈ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ ചിലർ വാദിക്കുന്നു. എന്നാൽ ഈ പ്രക്ഷിപ്തഭാഗം എവിടെ അവസാനിക്കുന്നു എന്നതിനെക്കുറിച്ചു അഭിപ്രായക്യമില്ല. 3:19-ൽ എന്നും 4:1-ൽ എന്നും 4:3-ൽ എന്നും കരുതുന്നവരുണ്ട്. ഒന്നിലധികം രേഖകൾ കൂടിച്ചേർന്നതാണ് ഫിലിപ്പ്യലേഖനം എന്നു കരുതുന്നവരുണ്ട്. ബെയറിന്റെ അഭിപ്രായത്തിൽ മൂന്നുരേഖകൾ കൂടിച്ചേർന്ന ഒരു സംയുക്ത രേഖയാണു് ഫിലിപ്പ്യലേഖനം. 1. എപ്പഫ്രാദിത്തൊസ് മുഖേന എത്തിച്ച സംഭാവനയ്ക്കു ഫിലിപ്പിയരോടു നന്ദി പറയുന്ന കത്ത്: (4:10-20). 2. ദുരുപദേശഖണ്ഡനം: 3:2-4:1). 3. പൗലൊസ് എഴുതിയ ഒരു കത്ത്: (1:1-3:1). ഈ കത്ത് മറ്റേതോ സഭയ്ക്കുവേണ്ടി പൗലൊസ് എഴുതിയതായിരിക്കണം. ഈ മൂന്നു രേഖകളും കൂടിക്കുഴഞ്ഞു എന്നാണു അദ്ദേഹത്തിന്റെ വാദം. പൗലൊസ് അപ്പൊസ്തലൻ ലേഖനം പറഞ്ഞുകൊടുത്തു കൊണ്ടിരുന്നപ്പോൾ 3:1-ൽ പ്രതിബദ്ധമായി എന്നും ഉടൻ സ്വരവും ശൈലിയും മാറി എന്നുമാണ് ലൈറ്റ്ഫുട്ടിന്റെ നിഗമനം. ഈ വാദമനുസരിച്ചു 3:1-ന്റെ തുടക്കമാണ് ലേഖനത്തിന്റെ പ്രതീക്ഷിക്കപ്പെട്ട സമാപ്തി. എന്നാൽ ആ സമയത്തു പക്ഷുബ്ധമായ വാർത്തകൾ എത്തിയതുകൊണ്ട് അവയ്ക്കെതിരെ പരുഷമായ താക്കീതു പൗലൊസ് അനന്തരഭാഗത്തു നല്കി. തന്മൂലം ഈ ലേഖനത്തിന്റെ ഐക്യം നിസ്സംശയം അംഗീകരിക്കാവുന്നതാണ്. 2:5-11 ഈ ലേഖനത്തിൽ ഉൾപ്പെട്ടതല്ലെന്നു സന്ദേഹിക്കുന്നവരുണ്ട്. പൗലൊസിനു മുമ്പോ പിമ്പോ എഴുതപ്പെട്ടതാണ് ഇതെന്നു അവർ കരുതുന്നു. 

അനുവാചകർ: അപ്പൊസ്തലനായ പൗലൊസ് തന്റെ രണ്ടാം മിഷണറി യാത്രയിലാണ് ഫിലിപ്പിയ സഭ സ്ഥാപിച്ചത്. (പ്രവൃ, 16:9-40). ത്രോവാസിൽ വച്ചുണ്ടായ ദർശനമാണ് ഫിലിപ്പി നഗരം സന്ദർശിക്കുവാൻ പൗലൊസിനെ പ്രേരിപ്പിച്ചത്. അവിടെ പളളി (യെഹൂദന്മാരുടെ) ഉണ്ടായിരുന്നില്ല. പുഴവക്കത്തു കൂടിവന്ന സ്ത്രീകളോടു പൗലൊസ് സുവിശേഷം അറിയിച്ചു. തുയത്തൈരയിലെ രക്താംബരം വില്പനക്കാരിയായ ലുദിയ ക്രിസ്ത്യാനിയായി. അവളുടെ കുടുംബവും സ്ഥാനമേറ്റു. (പ്രവൃ, 16:15). ഭൂതാവേശത്തിൽ ലക്ഷണം പറഞ്ഞു യജമാനന്മാർക്കു ലാഭം വരുത്തിയിരുന്ന ഒരു ബാല്യക്കാരിയെ പൗലൊസ് സൗഖ്യമാക്കി. തുടർന്നു കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ട പൗലൊസും ശീലാസും അത്ഭുതകരമായി രക്ഷപ്പെട്ടു. അതിനെത്തുടർന്നു കാരാഗൃഹ പ്രമാണിയും കുടുംബവും ക്രിസ്തുവിൽ വിശ്വസിച്ചു. പൗലൊസ് പട്ടണം വിടുകയും ലൂക്കൊസ് അവിടെ താമസിക്കുകയും ചെയ്തു. ഫിലിപ്പ്യസഭ പൗലൊസിനോടു കൂറുപുലർത്തി. പൗലൊസ് തെസ്സലൊനീക്യയിൽ ആയിരുന്നപ്പോൾ അവർ രണ്ടു പ്രാവശ്യം സംഭാവന അയച്ചു കൊടുത്തു. (ഫിലി, 4:15,16) പൗലൊസ് കൊരിന്തിൽ ആയിരുന്നപ്പോഴും അവർ ഔദാര്യദാനം അയയ്ക്കുകയുണ്ടായി. (പ്രവൃ, 18:5; 2കൊരി, 11:8,9). സർവ്വപ്രകാരേണയും പൗലൊസിനെ അനുസരിക്കുകയും സഹായിക്കുകയും ചെയ്ത സഭയാണ് ഫിലിപ്പിയ സഭ. “എന്റെ പ്രിയരും വാഞ്ഛിതരുമായ സഹോദരന്മാരേ,  എന്റെ സന്തോഷവും കിരീടവുമായുള്ളാരേ” എന്നാണ് പൗലൊസ് ഫിലിപ്പിയിലെ വിശ്വാസികളെ സംബോധന ചെയ്യുന്നത്. (4:31). ഫിലിപ്പിയിൽ ക്രിസ്തുയേശുവിലുളള സകല വിശുദ്ധരും അദ്ധ്യക്ഷന്മാരും ശുശ്രൂഷകന്മാരുമാണ് അനുവാചകർ. 

ഉദ്ദേശ്യം: ഫിലിപ്പ്യലേഖനത്തിന്റെ പ്രധാന ഉദ്ദേശ്യം എപ്പഫ്രാദിത്തോസിന്റെ കൈവശം കൊടുത്തയച്ച ദാനത്തിനു നന്ദി പറയുകയാണ്. (4:14-19). അന്നത്തെ ചുറ്റുപാടുകളിൽ ഉറപ്പുളളവരും താഴ്ചയുളളവരും ആയി സുവിശേഷത്തിനു യോഗ്യമായി നടക്കുവാനും ഏകമനസ്സോടട ഇരിക്കുവാനും അവരെ ഉപദേശിക്കേണ്ടിയിരുന്നു. തന്റെ ബന്ധനത്തിലൂടെ വെളിപ്പെട്ട ദൈവികനിർണ്ണയത്തിന്റെ വിജയം സഭയെ അറിയിക്കുക (1:12-30), എപ്പഫ്രാദിത്താസ് തന്നെ ഏല്പിച്ച കർത്തവ്യം വിശ്വസ്തതയോടെ നിർവ്വഹിച്ചു എന്നു വ്യക്തമാക്കുക, അവനെ ഹൃദ്യമായി സ്വീകരിക്കുവാൻ അവരെ ഓർപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളും ഫിലിപ്പ്യ ലേഖനരചനയ്ക്കു പിന്നിലുണ്ട്.  

പ്രധാന വാക്യങ്ങൾ: 1. “എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു.” ഫിലിപ്പിയർ 1:21.

2. “എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു.” ഫിലിപ്പിയർ 3:7.

3. “കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു.” ഫിലിപ്പിയർ 4:4.

4. “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.” ഫിലിപ്പിയർ 4:6,7.

5. “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.” ഫിലിപ്പിയർ 4:13.

6. “ഇപ്പോൾ എനിക്കു വേണ്ടുന്നതു എല്ലാം ഉണ്ടു; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങൾ അയച്ചുതന്നതു സൌരഭ്യവാസനയായി ദൈവത്തിന്നു പ്രസാദവും സുഗ്രാഹ്യവുമായ യാഗമായി എപ്പഫ്രൊദിത്തോസിന്റെ കയ്യാൽ ഞാൻ പ്രതിഗ്രഹിച്ചു തൃപ്തനായിരിക്കുന്നു.” ഫിലിപ്പിയർ 4:18.

7. “കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ.” ഫിലിപ്പിയർ 4:23.

സവിശേഷതകൾ: അഞ്ചു സവിശേഷതകൾ ഈ ലേഖനത്തിനുണ്ട്. 1. ഫിലിപ്പ്യ സഭയിലെ വിശ്വാസികളോടു പൗലൊസിനുള്ള അടുപ്പം വ്യക്തമാക്കുന്നതും പൗലൊസിനു അവരോടുള സ്നേഹാതിരേകവും വാത്സല്യവും നിറഞ്ഞു തുളുമ്പുന്നതും ആയ വൈയക്തിക ലേഖനമാണിത്. ഫിലിപ്പ്യരെ 6 പ്രാവശ്യം സഹോദരന്മാരെന്നും (1:12; 3:1, 12, 17; 4:1, 8), മൂന്നു പ്രാവശ്യം പ്രിയരെന്നും പൗലൊസ് വിളിക്കുന്നു. 2. ക്രിസ്തു കേന്ദ്രീകൃത ലേഖനമാണ്. പൗലൊസിനു ക്രിസ്തുവുമായുള്ള അഭേദ്യമായ ബന്ധം ഇതിൽ പ്രതിഫലിക്കുന്നു. തന്റെ ജീവിതലക്ഷ്യമായി പൗലൊസ് പറയുന്നു. “എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു.” (1:21). ക്രിസ്തുവിന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറ് എന്നു എണ്ണുന്നു. (3:7-14). ക്രിസ്തുശാസ്ത്രപരമായ ഒരു പ്രഗാഢ പ്രസ്താവന ഈ ലേഖനത്തിലുണ്ട്. അതിൽ ക്രിസ്തുവിന്റെ പുർവ്വാസ്തിക്യം, ജഡധാരണം, താഴ്ച, ക്രൂശുമരണം, ഉയർച്ച എന്നിവ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു. (2:5-11). 3. സന്തോഷത്തിനു ഉൽകൃഷ്ട സ്ഥാനം നല്കിയിരിക്കുന്നു. സന്തോഷം, സന്തോഷിക്കുക എന്നീ പദങ്ങൾ ഈ ചെറിയ ലേഖനത്തിൽ 16 സ്ഥാനങ്ങളിലുണ്ട്. (1:3, 18, 25; 2:2, 17, 18, 28, 29; 3:1; 4:1, 4, 10). 4. സുവിശേഷത്തിനു പ്രാമുഖ്യം നല്കിയിരിക്കുന്നു. സുവിശേഷ ഘോഷണത്തിലെ കൂട്ടായ്മ (1:5), സുവിശേഷത്തിന്റെ പ്രതിവാദം (1:7, 17), സുവിശേഷത്തിന്റെ അഭിവൃദ്ധി (1:12), സുവിശേഷത്തിന്റെ വിശ്വാസം (1:27), സുവിശേഷത്തിനു യോഗ്യമായ നടപ്പു (1:27), സുവിശേഷ ഘോഷണത്തിലെ സേവ (2:22), സുവിശേഷ ഘോഷണത്തിലെ പോരാട്ടം (4:3) സുവിശേഷ ഘോഷണത്തിന്റെ ആരംഭം (4:15) എന്നിവ ഈ ലേഖനത്തിലുണ്ട്. 5. ക്രിസ്തീയ ജീവിതത്തിന്റെ ഉന്നതമായ മാനദണ്ഡം ഈ ലേഖനത്തിൽ കാണാം: ഒരു ദാസനെപ്പോലെ താഴ്മയിൽ ജീവിക്കുക (2:1-8), പരമവിളിയുടെ വിരുതിനായി ലാക്കിലേക്കു ഓടുക (3:13,14), കർത്താവിൽ എപ്പോഴും സന്തോഷിക്കുക (4:4), വിചാരപ്പെടാതിരിക്കുക (4:6), ഏതവസ്ഥയിലും സംതൃപ്തനായിരിക്കുക (4:11). 

രൂപരേഖ: 1. അഭിവാദനവും സ്തോത്രാർപ്പണവും: 1:1-11. 

2. സുവിശേഷത്തിന്റെ വ്യാപനം: 1:12-20.

3. ലോകത്തിൽ ആയിരിക്കുകയും ക്രിസ്തുവിനുവേണ്ടി കഷ്ടം സഹിക്കുകയും പ്രവർത്തിക്കുകയും: 1:21-30.

4. ക്രിസ്തുവിന്റെ മാതൃക: താഴ്ചയും മഹത്വീകരണവും: 2:1-11.

5. പ്രായോഗിക ക്രിസ്തീയ ജീവിതം: 2:12-18.

6. തിമൊഥയൊസിനെയും എപ്പഫ്രാദിത്തൊസിനെയും അയക്കുന്ന കാര്യം: 2:19-24, 25-30.

7. വ്യാജോപദേഷ്ടാക്കന്മാരെ സൂക്ഷിപ്പിൻ: 3:1-3.

8. പൗലൊസ് വിശ്വാസം ഏറ്റു പറയുന്നു: 3:4-14.

9. വിശ്വാസിയുടെ സ്വർഗ്ഗീയ പ്രത്യാശ: 3:15-21. 

10. ക്രിസ്തുവിൽ നിലനില്ക്കുക: 4:1-9. 

11. ദൈവത്തിന്റെ കരുതലിലുള്ള പൗലൊസിന്റെ ദൃഢമായ വിശ്വാസം, ഫിലിപ്പിയർ നല്കിയ ഔദാര്യദാനം: 4:10-19.

12. അന്തിമാഭിവാദനം: 4:20-22.

Leave a Reply

Your email address will not be published.