പ്രൊട്ടെവങ്ഗലിയം

പ്രൊട്ടെവങ്ഗലിയം (Protevangelium)

പ്രൊട്ടെവങ്ഗലിയം എന്ന പദത്തിന് ‘പ്രഥമ സുവിശേഷം’ എന്നർത്ഥം. protos = ‘ആദ്യത്തേതു’ എന്നും, evangelion = ‘സുവിശേഷം’ എന്നുമുള്ള രണ്ട് ഗ്രീക്കു പദങ്ങളുടെ സംയുക്ത രൂപമാണ് പ്രൊട്ടെവങ്ഗലിയം അഥവാ, പ്രഥമ സദ്വർത്തമാനം. ബൈബിളിലെ രക്ഷയെക്കുറിച്ചുള്ള സുവാർത്തയുടെ ആദ്യ പരാമർശമായി ഉല്പത്തി 3:15 അറിയപ്പെടുന്നു. യഹോവയായ ദൈവം ഏദെൻ തോട്ടത്തിൽ വെച്ച് പാമ്പിനോട് അഥവാ, പാമ്പിൽ അധിവസിക്കുന്ന പിശാചിനോട് കല്പിക്കുന്ന വേദഭാഗമാണിത്: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). ഈ വേദഭാഗത്ത് നാലുപേരെക്കുറിച്ച് പരാമർശമുണ്ട്; പാമ്പ്, സ്ത്രീ, പാമ്പിൻ്റെ സന്തതി, സ്ത്രീയുടെ സന്തതി. പാമ്പ്: യഹോവയായ ദൈവം പാമ്പിനോടാണിത് കല്പിക്കുന്നതെന്ന് 14-ാം വാക്യത്തിൽ വ്യക്തമാണ്. ഈ പാമ്പ് ആരാണെന്ന് വെളിപ്പാട് പുസ്തകത്തിൽ നിന്നും മനസ്സിലാക്കാം: പിശാചും സാത്താനും എന്ന മഹാസർപ്പമാണ് ഈ പാമ്പ്. (12:9; 20:2). പാമ്പിൻ്റെ സന്തതി: ലോകത്തെയാണ് പാമ്പിൻ്റെ സന്തതി പ്രതിനിധീകരിക്കുന്നത്. ‘സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.’ (1യോഹ, 5:19). യേശുവിനെ പരീക്ഷിക്കുവാൻ വന്ന പിശാച് ലോകവും അതിൻ്റെ മഹത്വവും കാണിച്ചിട്ട്, ‘വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം’ എന്നാണ് പറഞ്ഞത്. (മത്താ, 4:8:9; ലൂക്കൊ, 4:5-7). തൻ്റെ വാക്കുകൾ വിശ്വസിക്കാതിരുന്ന യെഹൂദന്മാരോട് യേശു പറഞ്ഞത്; ‘നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ’ എന്നാണ്. (യോഹ, 8:44). യോഹന്നാനും യേശുവും ‘സർപ്പസന്തതികളെ’ എന്നും പലവട്ടം വിളിക്കുന്നുണ്ട്. (മത്താ, 3:7; ലൂക്കൊ, 3:7; മത്താ, 12:34: 23:33). ദൈവത്തെ അറിയാതെ പാപം ചെയ്യുന്നവനും (1യോഹ, 3:8), പാപത്തിൽ ജീവിക്കുന്നവനും (യോഹ, 8:34; 1യോഹ, 5:18) പിശാചിൻ്റെ സന്തതിയാണ്. “നിങ്ങളെ പന്ത്രണ്ടു പേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാച് ആകുന്നു” എന്നു യേശു യൂദയെക്കുറിച്ചു പറഞ്ഞു. (യോഹ, 6:70). സുവിശേഷത്തോട് എതിർത്തുനിന്ന ബർയേശു എന്ന കള്ളപ്രവാചകനെ ‘പിശാചിൻ്റെ മകനെ’ എന്നാണ് പൗലൊസ് വിളിച്ചത്. (പ്രവൃ, 13:6-10). സ്ത്രീയുടെ സന്തതി: ക്രിസ്തുവാണ് സ്ത്രീയുടെ സന്തതി എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. “എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.” (ഗലാ, 4:4,5). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15. ഒ.നോ: ഗലാ, 1:3; എഫെ, 2:15-17; കൊലൊ, 2:14,15; 1പത്രൊ, 2:24). സ്ത്രീ: ഉല്പത്തി 3:15-ലെ സ്ത്രീ ആരാണ് എന്നതിനെക്കുറിച്ച് ഒരാശയക്കുഴപ്പം പലർക്കുമുണ്ട്. തന്മൂലം വിശദമായ ചിന്ത ആവശ്യമാണ്. ഉല്പത്തി 3:15-ൽ പറയുന്ന സ്ത്രീ മറിയയാണെന്ന് കരുതുന്നവരുണ്ട്. സന്തതി ക്രിസ്തു ആയതുകൊണ്ടാകും സ്ത്രീ മറിയാണെന്ന നിഗമനത്തിലെത്തിയത്. മറിയയ്ക്ക് ‘പുതിയ ഹവ്വാ’ എന്നൊരു വിശേഷണവും കൊടുത്തു കാണുന്നുണ്ട്. ഒന്നാമത്തെ ഹവ്വായിലൂടെ പാപം ലോകത്തിൽ വന്നുവെങ്കിൽ, പുതിയ ഹവ്വായിലൂടെ ദൈവപുത്രനെ ജനിപ്പിക്കുക വഴി പാപത്തിന് പരിഹാരം ഉണ്ടായെന്നാണ് ഇവരുടെ അവകാശവാദം. ആദാമിനെ ഒന്നാം മനുഷ്യനെന്നും ക്രിസ്തുവിനെ അവസാനത്തെ ആദാമെന്നും പറഞ്ഞിരിക്കുന്നതിലാകും, മറിയയ്ക്കും അതുപോലൊരു പദവി നല്കിയത്. (1കൊരി, 15:45). ഉല്പത്തിയിൽ ഹവ്വായെ ജീവനുള്ളവർക്കെല്ലാം മാതാവ് എന്നു വിളിച്ചിട്ടുണ്ട്. (3:20). അങ്ങനെയെങ്കിൽ മറിയ നിത്യജീവൻ ലഭിച്ചവരുടെ അഥവാ, ദൈവമക്കളുടെയെല്ലാം മാതാവാകുമോ? 

മറിയം അമലോത്ഭവയാണോ?: മറിയം അമലോത്ഭവയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ജന്മപാപമില്ലാതെ ഉത്ഭവിച്ചവൾ എന്നർത്ഥം. യേശുവിൻ്റെ പരിശുദ്ധ ജനനമാണ് ഈ ചിന്തയ്ക്ക് അടിസ്ഥാനമായിട്ട് ഇക്കൂട്ടർ കാണുന്നത്. മറിയത്തിൽ പാപമുണ്ടായിരുന്നെങ്കിൽ മറിയത്തിൽനിന്നു ജനിക്കുന്ന യേശുവിനും പാപമുണ്ടാകുമായിരുന്നു എന്ന വികലമായ ചിന്തയാണ് അവരെ ഭരിക്കുന്നത്. മറിയ ഹേലിയുടെ മകൾ എന്നാണ് ബൈബിൾ പ്രകാരം മനസ്സിലാകുന്നത്. (ലൂക്കൊ, 3:25). എന്നാൽ, ഒരു പാരമ്പര്യപ്രകാരം മറിയയുടെ രക്ഷിതാക്കൾ യോവാക്കീമും (Joachim) അന്നയും (Anne) ആണ്. യോവാക്കീമിൻ്റെ രക്ഷിതാക്കൾ മത്ഥാത്തും (Matthat) എസ്തയും (Estha) ആണ്. അന്നയുടെ രക്ഷിതാക്കൾ എമെറൻഷ്യയും (Emerentia) സ്റ്റോളനസും (Stollanus) ആണ്. മറിയ അമലോത്ഭവ ആകണമെങ്കിൽ മറിയയുടെ രക്ഷിതാക്കളും, അവരുടെ രക്ഷിതാക്കളും, അങ്ങനെ തുടങ്ങി ആ തലമുറകൾ മുഴുവനും ജന്മപാപമില്ലാത്തവരാകണം. ഇങ്ങനെ തലമുറകൾ പുറകോട്ട് സഞ്ചരിച്ചാൽ ആദാമിൽ ചെന്നെത്തും. ആദാം എന്തായാലും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തിയവനാണ്. (ഉല്പ, 3:17). “എല്ലാവരും പാപംചെയ്‌ത്‌ ദൈവമഹത്വത്തിന്‌ അയോഗ്യരായി” (റോമാ, 3:23) എന്നു പുതിയനിയമവും പറയുന്നു. പിന്നെ മറിയയുടെ തലമുറ എവിടെനിന്ന് ഉത്ഭവിച്ചു. ഇനി പ്രകൃത്യാതീതമായി മറിയ മാത്രമായിരുന്നു പാപമില്ലാത്തവൾ എന്നു വാദിച്ചാലും രക്ഷയില്ല. മറിയയിൽ ജന്മപാപം ഇല്ലായിരുന്നുവെങ്കിൽ, ദൈവം മറിയയുടെ ഉദരത്തിലൂടെ മനുഷ്യനായി വെളിപ്പെട്ട് കഷ്ടം സഹിച്ച് മരിക്കേണ്ട ആവശ്യമെന്തായിരുന്നു? പരിശുദ്ധ മറിയയുടെ രക്തംകൊണ്ട് പാപപരിഹാരം വരുത്താൻ കഴിയുമായിരുന്നല്ലോ? അർത്ഥാൽ മേല്പറഞ്ഞ കാര്യങ്ങൾക്കൊന്നും ബൈബിളിൽ ഒരു സാധുതയും ഇല്ലെന്നു മാത്രമല്ല; യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതുമാണ്. 

മറിയം കൃപ നിറഞ്ഞവളോ?: മറിയ ഏറ്റം ഭക്തയും, ഭാഗ്യവതിയും, സ്ത്രീകളിൽ അനുഗ്രഹിക്കപ്പട്ടവളും, ദൈവത്തിൻ്റെ അളവറ്റ കൃപ ലഭിച്ചവളുമായിരുന്നു എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അതിൽ കൂടുതലുള്ള വിശേഷണങ്ങൾ ആ അമ്മയ്ക്കുതന്നെ അപമാനമായിരിക്കും. യേശുവിൻ്റെ ജനനത്തെക്കുറിച്ചുള്ള സദ്വാർത്ത ദൂതൻ മറിയയോട് അറിയിക്കുമ്പോൾ, “കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ടു” (ലൂക്കൊ, 1:28) എന്നാണ് പറയുന്നത്. ഇതിനെ പി.ഒ.സി. ബൈബിളിൽ; “ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടുകൂടെ!” എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ‘കൃപ നിറഞ്ഞവൻ’ ദൈവം മാത്രമാണെന്ന് അറിയാത്തതാണ് ഈ പരിഭാഷാ വൈകല്യത്തിന് കാരണം. (പുറ, 22:27; 2ദിന, 30:9; നെഹെ, 9:17; 9:31; സങ്കീ, 86:15; 103:8; 111:4; 112:4; യോഹ, 1:14). പി.ഒ.സി.യുടെ ഈ വാക്യത്തിൻ്റ തർജ്ജമ തെറ്റാണെന്ന് വത്തിക്കാൻ ബൈബിൾ തെളിവ് നല്കും. വത്തിക്കാൻ്റെ ഔദ്യോഗിക ബൈബിളിൽ ഈ വാക്യം ഇങ്ങനെയാണ്: And coming to her, he said, “Hail, favored one! The Lord is with you. “അവളുടെ അടുക്കൽ വന്ന് അവൻ പറഞ്ഞു, പ്രിയമായവളേ അഭിവന്ദനം! കർത്താവ് നിന്നോട് കൂടെയുണ്ട്.” ബൈബിളിലെ ഒരു വാക്യം മാത്രം തിരുത്തിയാലുള്ള കുഴപ്പമെന്താണെന്നു ചോദിച്ചാൽ, അതിനടുത്തുള്ള വാക്യങ്ങളെല്ലാം തെറ്റും. പി.ഒ.സി.യിൽ നിന്നുതന്നെ കാണിക്കാം: 29-ാം വാക്യം; “ഈ വചനംകേട്ട്‌ അവള്‍ വളരെ അസ്വസ്‌ഥയായി; എന്താണ്‌ ഈ അഭിവാദനത്തിൻ്റെ അര്‍ത്ഥം എന്ന്‌ അവൾ ചിന്തിച്ചു.” കൃപ നിറഞ്ഞവൾക്ക് എന്തുകൊണ്ടാണ് ദൂതൻ്റെ അഭിവാദനത്തിൻ്റെ അർത്ഥം അറിയാതെ പോയത്? 30-ാം വാക്യം; ദൂതൻ അവളോടു പറഞ്ഞു: “മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു.” ദൂതനെ കണ്ടയുടനെ ‘കൃപ നിറഞ്ഞവളായ’ മറിയ ഭയപ്പെട്ടുപോയി; മാത്രമല്ല, കൃപ നിറഞ്ഞവൾ ഇവിടെ ‘കൃപ കണ്ടെത്തിയിരിക്കുന്നു’ എന്നായി. 32-ാം വാക്യം; “അവൻ വലിയവനായിരിക്കും; അത്യുന്നതൻ്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവൻ്റെ പിതാവായ ദാവീദിൻ്റെ സിംഹാസനം ദൈവമായ കര്‍ത്താവ്‌ അവനു കൊടുക്കും.” നീ വലിയവളാകുമെന്നോ, നിന്നെ വലിയവളാക്കാമെന്നോ അല്ല, അവൻ അഥവാ, നിൻ്റെ ഉദരത്തിലൂടെ ജനിക്കുന്നവൻ വലിയവൻ ആകുമെന്നുമല്ല; ആയിരിക്കും. അടുത്തഭാഗം; അവൻ സ്ത്രീയുടെ സന്തതിയെന്നോ, നിൻ്റെ മകനെന്നോ വിളിക്കപ്പെടുമെന്നല്ല, ‘അത്യുന്നതൻ്റെ പുത്രന്‍’ എന്നു വിളിക്കപ്പെടും. അടുത്തഭാഗം; ദാവീദിൻ്റെ സിംഹാസനം നിങ്ങൾക്ക് തരുമെന്നല്ല, ‘ദാവീദിൻ്റെ സിംഹാസനം അവനു കൊടുക്കും.’. 35-ാം വാക്യം; “പരിശുദ്ധാത്മാവ്‌ നിൻ്റെമേൽ വരും; അത്യുന്നതൻ്റെ ശക്‌തി നിൻ്റെമേൽ ആവസിക്കും. ആകയാല്‍, ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” കൃപ നിറഞ്ഞവളെന്നാൽ, സകലർക്കും സകലതും ദാനമായി കൊടുക്കാൻ കഴിവുള്ളവൾ അഥവാ, ദൈവമെന്നാണ്. ഈ കൃപ നിറഞ്ഞവൾക്കെന്തിനാണ് പരിശുദ്ധാത്മാവിൻ്റെ സഹായം? അത്യുന്നതൻ്റെ ശക്തി മറിയയുടെമേൽ ആവസിക്കുന്നതെന്തിനാണ്? അടുത്തഭാഗം; ‘ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധന്‍’ എന്നു വിളിക്കപ്പെടുമെന്നാണ്. അല്ലാതെ, നീ പരിശുദ്ധ എന്നു വിളിക്കപ്പെടുമെന്നല്ല. 36-ാം വാക്യം; “ഇതാ, നിൻ്റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക്‌ ഇത്‌ ആറാം മാസമാണ്‌.” ഈ വാക്യമാണ് ശ്രദ്ധിക്കേണ്ടത്; ഞാൻ നിനക്കു മാത്രമല്ല, നിൻ്റെ ചാർച്ചക്കാരിക്കും കൃപ നല്കിയിരിക്കുന്നു. അവൾ മച്ചിയും പ്രായം കവിഞ്ഞവളും ആയിരുന്നു; അവളിപ്പോൾ ആറുമാസം ഗർഭിണിയാണ്. (ലൂക്കൊ, 1:7; 1:26). 37-ാം വാക്യം; “ദൈവത്തിന്‌ ഒന്നും അസാദ്ധ്യമല്ല.” ആരാണ് കൃപ നിറഞ്ഞവനെന്ന് ഇപ്പോൾ മനസ്സിലായില്ലേ? ദൈവത്താൽ മാത്രമേ സകലവും സാദ്ധ്യമാകയുള്ളൂ. 38-ാം വാക്യം; “മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിൻ്റെ ദാസി നിൻ്റെ വാക്ക്‌ എന്നിൽ നിറവേറട്ടെ!” അമലോത്ഭയെന്നും, നിത്യകന്യകയെന്നും, പരിശുദ്ധയെന്നും, ദൈവമാതാവെന്നും മറിയയെ വിശേഷിപ്പിക്കുന്നവർ, ആ ഭക്തയായ അമ്മ തന്നെക്കുറിച്ചുതന്നെ പറയുന്ന സാക്ഷ്യം കേൾക്കാത്തതെന്തേ? “മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിൻ്റെ ദാസി! നിൻ്റെ വാക്ക്‌ എന്നില്‍ നിറവേറട്ടെ! (ലൂക്കാ, 1:38).

മറിയ ദൈവമാതാവോ?: ‘ഇതാ, കര്‍ത്താവിൻ്റെ ദാസി!’ മറിയയെ പരിശുദ്ധയെന്നും, ദൈവമാതാവെന്നും വിശേഷിപ്പിക്കുന്നവർ ഈ അമ്മയുടെ വാക്കുകളുടെ അർത്ഥം ഗ്രഹിച്ചിരുന്നെങ്കിൽ? യേശു ആരാണെന്നോ, ദൈവത്തിൻ്റെ പ്രകൃതി എന്താണെന്നോ അറിയാതെയാണ് ഇതൊക്കെ ചെയ്യുന്നതെങ്കിൽ ഇപ്പോൾ അറിഞ്ഞുകൊൾക: പഴയനിയമത്തിൽ യഹോവ എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നവനും, കൃപായുഗത്തിൽ പുത്രൻ എന്ന അഭിധാനത്തിൽ വെളിപ്പെട്ടവനുമായ മഹാദൈവവും സകലത്തിൻ്റെയും സൃഷ്ടാവുമാണ് യേശുക്രിസ്തു. ഈ ദൈവത്തിൻ്റെ പ്രകൃതിയുംകൂടി അറിയുന്നത് നല്ലതാണ്; “കര്‍ത്താവ്‌ ചോദിക്കുന്നു: സമീപസ്‌ഥനായിരിക്കുമ്പോൾ മാത്രമാണോ ഞാൻ നിങ്ങള്‍ക്കു ദൈവം വിദൂരത്തിലിരിക്കുമ്പോഴും ഞാന്‍ ദൈവമല്ലേ? എനിക്കു കാണാൻ കഴിയാത്തവിധം ആര്‍ക്കെങ്കിലും രഹസ്യസങ്കേതങ്ങളിൽ ഒളിക്കാൻ സാധിക്കുമോ? സ്വര്‍ഗവും ഭൂമിയും നിറഞ്ഞുനില്‍ക്കുന്നവനല്ലേ ഞാൻ? കര്‍ത്താവാണ്‌ ഇതു ചോദിക്കുന്നത്‌.” (ജറെ, 23:23,24). ഈ ദൈവം ഒന്നിനേയും ആശ്രയിക്കുന്നവനല്ലെന്നും ബൈബിളിൽ മോശെയോടുള്ള ബന്ധത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മോശെ തൻ്റെ അമ്മായിയപ്പൻ്റെ ആടുകളെ മേയ്ച്ചുകൊണ്ട് ഹോരെബിൽ ചെല്ലുമ്പോൾ, അവിടെ താനൊരു കാഴ്ച കണ്ടു; “മുള്‍പ്പടര്‍പ്പു കത്തിജ്വലിക്കുകയായിരുന്നു, എങ്കിലും അത്‌ എരിഞ്ഞു ചാമ്പലായില്ല.” (പുറ, 3:2). ഈ കാഴ്ച എന്താണെന്ന് കാണുവാൻ മോശെ ആഗ്രഹിച്ചു; “അപ്പോള്‍ മോശ പറഞ്ഞു: “ഈ മഹാദൃശ്യം ഞാൻ അടുത്തുചെന്ന്‌ ഒന്നു കാണട്ടെ. മുള്‍പ്പടര്‍പ്പ്‌ എരിഞ്ഞു ചാമ്പലാകുന്നില്ലല്ലോ.” (പുറ, 3:3). അപ്പോഴാണ് മോശെ ദൈവശബ്ദം കേൾക്കുന്നത്; “അവിടുന്നു തുടര്‍ന്നു: ഞാൻ നിൻ്റെ പിതാക്കന്‍മാരുടെ ദൈവമാണ്‌; അബ്രാഹത്തിൻ്റെയും ഇസഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവം. മോശ മുഖം മറച്ചു. ദൈവത്തിൻ്റെ നേരേ നോക്കുവാൻ അവനു ഭയമായിരുന്നു.” (പുറ, 3:6). നമുക്കറിയാം, ”വസ്തുക്കൾ കത്തുകയെന്ന ഓക്സീകരണ പ്രക്രിയയെയാണ് പൊതുവേ അഗ്നി അഥവാ, തീ എന്നു പറയുന്നത്.” എന്നുവെച്ചാൽ, ഏതെങ്കിലും വസ്തുക്കളെ ദഹിപ്പിച്ചുകൊണ്ടല്ലാതെ അഗ്നിക്ക് നിലനില്ക്കാൻ കഴിയില്ല. എന്നാൽ, ഇവിടെ  ദൈവം തീയിൽ വെളിപ്പെട്ടപ്പോൾ, മുൾപ്പടർപ്പ് കത്തുന്നുവെങ്കിലും അതു ചാമ്പലാകുന്നില്ല. തനിക്ക് ആരുടേയും സഹായം കൂടാതെതന്നെ സകലവും സാദ്ധ്യമാകുമെന്ന ഈ അതിശയകരമായ പ്രവൃത്തിയിലൂടെ തൻ്റെ പ്രകൃതി മുഴുവനും മോശെയുടെ മുമ്പിൽ അനാവരണം ചെയ്യുകയാണ്. യിസ്രായേൽ ജനത്തെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിക്കാൻ മോശെയെ വിളിക്കുന്നതിന് മുമ്പാണ് ഈ സംഭമെന്നോർക്കണം. അർത്ഥാൽ, താൻ പരാശ്രയനല്ല; സ്വയം നിലനില്ക്കുന്നവനാണ് (Self existence) എന്നു തെളിയിച്ചു കാണിച്ചുകൊണ്ടാണ് മോശെയെ തിരഞ്ഞെടുക്കുന്നത്. മോശെയെ ദൈവം വിളിച്ചതുകൊണ്ട്, അവനെക്കൂടാതെ ദൈവത്തിന് പ്രവൃത്തിക്കാൻ സാധ്യമല്ലെന്ന് ആരെങ്കിലും കരുതുമോ? ഇതുതന്നെയാണ് മറിയയുടെ കാര്യത്തിലും; കാലസമ്പൂണ്ണത വന്നപ്പോൾ ദൈവം മനുഷ്യനായ് മണ്ണിൽ വെളിപ്പെടാൻ, ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരിൽ ഭക്തയായൊരു സ്ത്രീയെ താൻ കൃപനല്കി തിരഞ്ഞെടുത്തു. എന്തുകൊണ്ടാണ് ദൈവം മറിയയ്ക്ക് പ്രത്യേകം കൃപ നല്കിയത്? ഒരു യെഹൂദ സ്ത്രീ വിവാഹത്തിനു മുമ്പേ ഗർഭം ധരിച്ചാൽ, അവൾ വ്യഭിചാരിണി എന്നു മുദ്രകുത്തപ്പെടും. വ്യഭിചാരം ചെയ്യുന്നവരെ കല്ലെറിഞ്ഞു കൊല്ലണമെന്നാണ് ന്യായപ്രമാണ കല്പന. (ആവ, 22:22,23). ഇനി, മറിയയ്ക്ക് മാത്രമാണോ ദൈവം കൃപ നല്കിയത്? അല്ല. ജോസഫിനും ദൈവം കൃപ നല്കിയിരുന്നു. ജോസഫ് വിവാഹനിശ്ചയത്തിൽ നിന്ന് ഒഴിയാതെ മറിയയെ സ്വീകരിച്ചതും ദൈവകൃപയാണ്. ഇനി മറിച്ചൊന്ന് ചിന്തിച്ചുനോക്കാം: മറിയ ദൈവത്തിൻ്റെ വാഗ്ദത്തം നിരസിച്ചുവെന്ന് കരുതുക; ‘എനിക്കു ബുദ്ധിമുട്ടാണ് കർത്താവേ, നീ വേറെയാരെങ്കിലും അന്വേഷിക്ക’ എന്നു പറഞ്ഞാൽ, യേശു ജനിക്കാതിരിക്കുമോ? ഒരിക്കലുമില്ല, മറ്റൊരു ഭക്തകന്യകയിൽ ദൈവപുത്രൻ ജനിക്കുകതന്നെ ചെയ്യും. പക്ഷെ, മറിയയ്ക്ക് ഭൂമിയിലല്ല, സ്വർഗ്ഗത്തിൽ ലഭിക്കുവാനുള്ള നിത്യവും വിശിഷ്ടവുമായൊരു സ്ഥാനം നഷ്ടമാകുമെന്ന് മാത്രം. ഇതിനോട് ചേർത്ത് ഒന്നുകൂടി ചിന്തിക്കുക; മോശെയെ ദൈവം ഏല്പിക്കുവാനിരുന്ന ശുശ്രൂഷയ്ക്കായ് തൻ്റെ ജനനം മുതൽ വേർതിരിക്കുകയും സൂക്ഷിക്കുകയും ചെയ്തതാണെന്ന് ബൈബിളിൽ കാണാൻ കഴിയും. എന്നാൽ മറിയയെ ആ കൃത്യസമയത്ത് മാത്രമാണ് ദൈവം വിളിച്ചത്.

ആദിയും അന്തവുമില്ലാത്ത അഥവാ, അവിനാശിയായ ദൈവത്തിൻ്റെ മാതാവാണ് (Theotokos = ദൈവമാതാവ്) മറിയ എന്ന പഠിപ്പിക്കൽ എത്ര അപലപനീയമാണ്. എ.ഡി. 431-ൽ എഫെസൊസിൽ നടന്ന സൂന്നഹദോസിൽ വെച്ചാണ് യേശുക്രിസ്തു, ദൈവ-മനുഷ്യ സ്വഭാവങ്ങൾ ഒത്തുചേർന്ന ഏകവ്യക്തി ആയതിനാൽ മറിയം ‘ദൈവജനനി’ അഥവാ, ‘ദൈവസംവാഹക’ (Theotokos) ആണെന്നു തീർപ്പുകല്പിച്ചത്. ഒന്നാമത്; യേശു ദൈവ-മനുഷ്യ പ്രകൃതികൾ ഉൾക്കൊണ്ടിരുന്ന ഏകവ്യക്തിയാണെന്ന പഠിപ്പിക്കൽ ബൈബിൾ വിരുദ്ധമാണ്. ദൈവം ‘പുത്രൻ’ എന്ന സ്ഥാനനാമത്തിൽ അഥവാ മനുഷ്യപുത്രനായി ജഡത്തിൽ വെളിപ്പെടുകയാണ് ചെയ്തത്. തന്മൂലം ജഡത്തിൽ യേശു ദൈവമായിരുന്നില്ല; പൂർണ്ണമനുഷ്യൻ അഥവാ പരിശുദ്ധമനുഷ്യൻ മാത്രമായിരുന്നു. (യോഹ, 1:1; 1:14; ഫിലി, 2:6-8; 1തിമൊ, 3:14,15; എബ്രാ, 2:14,15). കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായിരുന്ന നെസ്റ്റോറിയസ് അവതരിപ്പിച്ച ക്രിസ്തുശാസ്ത്ര നിലപാടായ നെസ്തോറിയൻ സിദ്ധാന്തപ്രകാരം, മറിയം ക്രിസ്തുമാതാവ് (Christotokos) മാത്രമാകുന്നു. അലക്സാണ്ഡ്രിയയിലെ മെത്രാനായ സിറിളും മറ്റു സഭാനേതാക്കളും ഇതിനെ നിശിതമായി എതിർക്കുകയും പാഷാണ്ഡതയായി മുദ്രകുത്തുകയും ചെയ്തുകൊണ്ടാണ്, മറിയത്തെ ദൈവമാതാവ് എന്ന പദവിലേക്ക് ഉയർത്തിയത്. യഥാർത്ഥത്തിൽ ക്രിസ്തുമാതാവ് (Christotokos) എന്നോ, യേശുമാതാവ് (Iesoutokos) എന്നോ വിളിക്കാമെന്നല്ലാതെ, ദൈവമാതാവെന്ന് വിളിക്കുന്നത് യോഗ്യമോ? മറിയത്തെ ദൈവമാതാവ് അഥവാ, ദൈവത്തിന് ജന്മം നല്കിയവൾ എന്നു വിശേഷിപ്പിക്കുന്നത് ആ ഭക്തയായ അമ്മയ്ക്ക് പുകഴ്ചയോ, അതോ ഇകഴ്ചയോ? ആദിയും അന്തവുമില്ലാത്തവനെ (വെളി, 1:17) ജനിക്കപ്പട്ടവൻ എന്നു വിളിക്കുന്നതില്പരം ദൈവദൂഷണമെന്താണ്? യേശു എന്ന മനുഷ്യൻ്റെ അമ്മയെന്നല്ലാതെ, ദൈവത്തിൻ്റെ അമ്മയെന്ന് മറിയയെ എങ്ങനെ വിളിക്കും? ജഡത്തിൽ യേശുവിന് പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും എന്ന ഇരുപ്രകൃതി ആയിരുന്നില്ല; പൂർണ്ണമനുഷ്യനെന്ന ഏകപ്രകൃതിയായിരുന്നു. ജഡത്തിൽ വെളിപ്പെട്ടപ്പോൾ യേശു മനുഷ്യനായിരിക്കേ, ആ മനുഷ്യൻ്റെ അമ്മയാകാനല്ലേ ഒരു മനുഷ്യസ്ത്രീക്ക് കഴിയൂ. യേശുവെന്ന മനുഷ്യൻ്റെ മാത്രം അമ്മയാണ് മറിയ; അല്ലാതെ സർവ്വത്തിൻ്റെയും ഉടവനായ ദൈവത്തിൻ്റെ അമ്മയല്ല.

ആരെയും ആശ്രയിക്കാൻ ആവശ്യമില്ലാത്തവൻ തൻ്റെ കൃപയാൽ തന്നെയെങ്കിലും ഒരു മനുഷ്യസ്ത്രീയുടെ ഉദരം സ്വീകരിച്ചതെന്തിനാണ്? മുൾപ്പടർപ്പിനെ ദഹിപ്പിക്കാതെ തീയിൽ വെളിപ്പെട്ടവന് മനുഷ്യനായി മന്നിൽ വെളിപ്പെടാൻ ഒരു ഉദരം കൂടിയേതീരു എന്നുണ്ടോ? ബൈബിൾ തന്നെ അതിനുത്തരം പറയും: ഉല്ത്തി 18-ാം അദ്ധ്യായത്തിൽ മാമ്രയുടെ ഓക്കുമരത്തോപ്പിനു സമീപം കര്‍ത്താവ്‌ അബ്രാഹത്തിനു പ്രത്യക്‌ഷനായത് ഏത് രൂപത്തിലാണ്? അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ മൂന്നാളുകൾ അഥവാ, മൂന്ന് പുരുഷന്മാരെയാണ് കണ്ടത്. അവരുടെ കാലുകൾ കഴുകി സ്വീകരിച്ച് വൃക്ഷച്ചുവട്ടിൽ ഇരുത്തുകയും, അപ്പവും, വെണ്ണയും പാലും, പാകംചെയ്ത കാളക്കുട്ടിയുടെ മാംസവുമായി അവരെ സല്ക്കരിക്കുകയും ചെയ്തു. തുടർന്ന് സാറയ്ക്ക് ഇസഹാക്കിനെ വാഗ്ദത്തം ചെയ്തശേഷം, അതിൽ രണ്ടുപേർ സോദോമിലേക്ക് പോയതായും, അബ്രാഹാമും കർത്താവും സംസാരിച്ചുകൊണ്ട് അവിടെ നിന്നതായും കാണാം. അബ്രാഹാമിനടുത്തുവന്ന മൂന്നൂ പുരുഷന്മാരിൽ ഒരാൾ കർത്താവായിരുന്നു എന്നും (18:1, 22, 33), രണ്ടുപേർ ദൂതന്മാരായിരുന്നുവെന്നും (19:1) മനസ്സിലാക്കാം. ഇതുപോലെ, ഒരു മനുഷ്യസ്ത്രീയുടെ സഹായം കൂടാതെതന്നെ ദൈവത്തിന് മനുഷ്യനായി വെളിപ്പെട്ട് മനുഷ്യരുടെ പാപം വഹിച്ചുകൊണ്ട് മരിക്കാൻ പ്രയാസമൊന്നുമില്ല. എന്നാൽ, ദൈവത്തിൻ്റെ പ്രഥമലക്ഷ്യം തൻ്റെ സ്വന്തജനമായ യിസ്രായേലിനെ രക്ഷിക്കുക എന്നതായിരുന്നു. ആദ്യം യിസ്രായേൽ, പിന്നെ ശമര്യ, അതിനുശേഷം ലോകം മുഴുവനും ഇതായിരുന്നു ദൈവത്തിൻ്റെ രക്ഷാകരപ്രവൃത്തിയുടെ ക്രമം. (മത്താ, 28:19; മർക്കൊ, 16:15; ലൂക്കൊ, 24:47; പ്രവൃ, 1:8). ദൈവം അബ്രാഹാമിനു വെളിപ്പെട്ടതുപോലെ ഒരു സ്ത്രീയുടേയും ഉദരം സ്വീകരിക്കാതെ, മനുഷ്യനായി ഭൂമിയിൽ പ്രത്യക്ഷനായാലും സകല ജാതികളുടേയും രക്ഷ സാദ്ധ്യമാകും. എന്നാൽ, തൻ്റെ സ്വന്തജനമായ യിസ്രായേലിനെ രക്ഷിക്കാൻ കഴിയില്ല. അവരുടെ രക്ഷ സാദ്ധ്യമാകണമെങ്കിൽ, അവരുടെ ന്യായപ്രമാണത്തിൻ്റെ കീഴിലും, ആ ഗോത്രങ്ങളിലൊന്നിലും ജനിക്കണം. (റോമ, 8:3; ഗലാ, 3:13; 4:4’5). പഴയനിയമ പ്രവചനപ്രകാരം അത് യെഹൂദാ ഗോത്രത്തിലെ ദാവീദിൻ്റെ സന്തതിയായിൽ നിന്നുതന്നെ വേണം. അതിനാണ് ഭക്തയായ ഒരു യെഹൂദാ കന്യകയെ തിരഞ്ഞെടുത്തത്.

ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്ന ദൈവമായി തന്നെയിരുന്നാൽ മനുഷ്യരുടെ പാപപരിഹാരം സാദ്ധ്യമാകുകയില്ല. കേവലം ദൂതനുപോലും മരണമില്ലാതിരിക്കേ ദൈവത്തിനെങ്ങനെ മരിക്കാൻ കഴിയും? അതുകൊണ്ടാണ്, പ്രകൃത്യാതീതമായി ഒരു കന്യകയുടെ ഉദരത്തിലൂടെ പാപരഹിത മനുഷ്യനായി വെളിപ്പെട്ടത്. കാരണം, ആദാമ്യ പാപത്താൽ കളങ്കിതരായ മനുഷ്യവർഗ്ഗത്തിന് സ്വയം പാപം പോക്കാൻ കഴിയുമായിരുന്നില്ല. “സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല. അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല.” (സങ്കീ, 49:7-9). യെഹൂദന് ദൈവം ന്യായപ്രമാണം നല്കിയിരുന്നെങ്കിലും അതവരുടെ പാപത്തിന് പരിഹാരം വരുത്തിയിരുന്നില്ല; പ്രത്യുത, പാപത്തെക്കുറിച്ചുള്ള പരിജ്ഞാനമാണ് നല്കിയത്. “അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.” (റോമ, 3:20). “ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുതു എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ അറികയില്ലായിരുന്നു” (റോമ, 7:7) എന്ന പൗലൊസിൻ്റെ പ്രസ്താവനയും ശ്രദ്ധിക്കുക. തന്മൂലം, യേശു ന്യായപ്രമാണത്തിന് അധീനനായ് ജനിച്ചുകൊണ്ട്, പ്രമാണത്തിൻ്റെ ബന്ധനത്തിൽനിന്നും ശാപത്തിൽനിന്നും അവരെ രക്ഷിച്ചു: “എന്നാല്‍, കാലസമ്പൂര്‍ണത വന്നപ്പോൾ ദൈവം തൻ്റെ പുത്രനെ അയച്ചു. അവന സ്‌ത്രീയില്‍നിന്നു ജാതനായി; നിയമത്തിന്‌ അധീനനായി ജനിച്ചു. അങ്ങനെ, നമ്മെ പുത്രന്‍മാരായി ദത്തെടുക്കേണ്ടതിന്‌ അവന്‍ നിയമത്തിന്‌ അധീനരായിക്കഴിഞ്ഞവരെ വിമുക്തരാക്കി.” (ഗലാ, 4:4-5). “ക്രിസ്തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നു കൊണ്ടു നിയമത്തിൻ്റെ ശാപത്തില്‍നിന്നു നമ്മെരക്ഷിച്ചു. എന്തെന്നാല്‍, “മരത്തില്‍ തൂക്കപ്പെടുന്നവൻ ശപിക്കപ്പെട്ടവനാണ്‌” (ആവ, 21:23) എന്ന്‌ എഴുതിയിരിക്കുന്നു.” (ഗലാ, 3:13. ഒ.നോ: പ്രവൃ, 13:39; റോമ, 3:20, 8:3; ഗലാ, 2:21, 3:10,11, 4:4,5; എഫെ, 2:14; എബ്രാ, 7:19, 10:1). യെഹൂദന്മാരെ മാത്രമല്ല, ഭൂമിയിലെ സകല മനുഷ്യരുടെയും പാപത്തിനു പരിഹാരം വരുത്തി. “അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.” (1യോഹ, 2:2). രക്തം കൂടാതെ പാപമോചനമില്ല; മരണം കൂടാതെ നിരപ്പുമില്ല. യേശു തൻ്റെ നിർമ്മലരക്തം ചൊരിയുകയും, തൻ്റെ പാപമില്ലാത്ത ജഡശരീരത്തിൽ മനുഷ്യരുടെ പാപങ്ങളെ വഹിച്ചുകൊണ്ട് ക്രൂശിൽ മരിക്കുകയും ചെയ്തതുകൊണ്ടാണ് പാപത്തിന് പരിഹാരം വരുത്തിയത്. (കൊലൊ, 1:20; എബ്രാ, 9:15,16, 22; 1പത്രൊ, 1:19). “നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട്‌ അവന്‍ കുരിശിലേറി. അത്‌, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്‌. അവൻ്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു.” (1പത്രോ, 2:14).

മറിയയെ ‘കർത്താവിൻ്റെ അമ്മ’ എന്നു വിളിക്കുന്നുവല്ലോ?: മറിയ തൻ്റെ ചാർച്ചക്കാരിയായ എലിസബത്തിനെ കാണാൻ ചെന്നപ്പോൾ, ‘കർത്താവിൻ്റെ അമ്മ’ എന്നാണ് മറിയയെ സംബോധന ചെയ്യുന്നത്. “എൻ്റെ കര്‍ത്താവിൻ്റെ അമ്മ എൻ്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെ നിന്ന്‌?” (ലൂക്കാ, 1:43). അതുകൊണ്ട് മറിയ ദൈവത്തിൻ്റെ അമ്മയാകുമോ? എലിസബത്ത് ‘കർത്താവിൻ്റെ അമ്മ’ എന്നു വിളിക്കുന്നിടത്തും, മറിയ ‘ഞാൻ കർത്താവിൻ്റെ ദാസി’ എന്നു പറയുന്നിടത്തും കർത്താവ് എന്നതിന് കുറിയൊസ് (kurios) എന്ന ഗ്രീക്കു പദമാണ്. കുറിയൊസ് എന്ന പദത്തിന് ഒരുപാട് അർത്ഥങ്ങളുണ്ട്: അധിപൻ, അധീശൻ, ആരാധിതൾ, ഈശ്വരൻ, ഉടമസ്ഥൻ, കർത്താവ്, ഗുരുനാഥൻ, തലവൻ, ദൈവം, നാഥൻ, നായകൻ, നേതാവ്, പ്രഭു, പ്രമാണി, യജമാനൻ, രക്ഷകൻ, രക്ഷിതാവ്, രാജാവ്, സൃഷ്ടികർത്താവ് തുടങ്ങിയവ. ദൈവമായ കർത്താവിനെയും അഭിഷിക്തമനുഷ്യനായ അഥവാ ക്രിസ്തുവിനെയും അഭിന്നമായിട്ട് കർത്താവെന്ന് സംബോധന ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, ദൂതൻ മറിയയോടു യേശുവിൻ്റെ ജനനത്തെക്കുറിച്ച് പറഞ്ഞപ്പോൾ, മറിയ: “ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക്‌ എന്നില്‍ നിറവേറട്ടെ!” എന്നാണ് പറഞ്ഞത്. (ലൂക്കാ 1:38). അവിടെ മറിയ കർത്താവെന്ന് സംബോധന ചെയ്യുന്നത് ദൈവത്തെയാണ്. ദൈവഹിതത്തിന് തന്നെത്തന്നെ ഏല്പിച്ചുകൊടുക്കുകയാണ്. ഇനി ചിന്തിക്കൂ; കർത്താവിൻ്റെ അമ്മയെങ്ങനെ; കർത്താവിൻ്റെ ദാസിയാകും? യഹോവയായ ദൈവത്തിന് ആരും ജന്മം നല്കേണ്ടതില്ല; ആദിയും അന്തവും നിത്യനും, സകലവും സൃഷ്ടിച്ചവനും അവനാണ്. (ഏശ, 40:28; 44:6; ഉല്പ, 1:1). അപ്പോൾ മറിയയിലൂടെ ജനിക്കുന്നത് ആരാണ്? പഴയനിയമ പ്രവചനപ്രകാരം ഇസ്രായേലിലെ യൂദയാ ഗോത്രത്തിൽ ദാവീദിൻ്റെ സന്തതിയായി ജനിക്കേണ്ട ഒരു പുരുഷപ്രജയാണ് മറിയയിലൂടെ ജനിക്കുന്നത്. അഥവാ, സർവ്വശക്തനായ ദൈവം മനുഷ്യരുടെ പാപപരിഹാരാർത്ഥം എടുക്കുന്ന ഒരു പരിശുദ്ധ ശരീരമാണ് മറിയയുടെ ഉദരത്തിൽ വളരുന്നത്; അല്ലാതെ ദൈവമല്ല. ഒന്നുകൂടി പറഞ്ഞാൽ; നമ്മുടെ പാപങ്ങൾക്കുവേണ്ടി കന്യകയായ മറിയയിലൂടെ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നു വന്നിട്ട് സ്നാനത്തിൽ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം പ്രാപിച്ചിട്ട് മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമാക്കിയത് ക്രിസ്തുയേശു എന്ന മനുഷ്യനാണ്. (മത്താ, 1:16; ലൂക്കോ, 2:52; 1തിമോ, 2:5). അതായത്, നമ്മുടെ രക്ഷിതാവായ കർത്താവ് ഒരു മനുഷ്യനാണ്: “ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു.” (ലൂക്കാ 2:11). തന്മൂലം, എലിസബത്ത് മറിയയെ ‘എൻ്റെ കർത്താവിൻ്റെ അമ്മ’ എന്നു വിളിക്കുന്നത്; രക്ഷിതാവായ ക്രിസ്തുവിൻ്റെ അഥവാ അഭിഷിക്തിൻ്റെ അമ്മയെന്ന എന്ന നിലയിലാണ്. എന്നാൽ മറിയയാകട്ടെ; ആ കുഞ്ഞിൻ്റെ ജനനത്തിൽ തനിക്ക് യാതൊരു സംഭാവനയും അഥവാ, ഓഹരിയും ഇല്ലെന്ന് അറിവ് മൂലവും, താൻതന്നെ ദൈവമായ കർത്താവിൻ്റെ സൃഷ്ടിയാണെന്ന തിരിച്ചറിവ് മൂലവുമാണ് ‘ഞാൻ ദൈവമായ കർത്താവിൻ്റെ ദാസി’ എന്നാണ് പറയുന്നത്. രണ്ടുപേരും കർത്താവെന്ന പദം വ്യത്യസ്ത അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. അപ്പോൾ ആ ഭക്തയായ അമ്മയെ ‘ദൈവമായ കർത്താവിൻ്റെ അമ്മ’ എന്നു വിളിക്കുന്ന മറിയഭക്തരല്ല ശരിയായ വിശ്വാസികൾ. പ്രത്യുത, ‘ഇതാ, കര്‍ത്താവിൻ്റെ ദാസി’ എന്നു പറഞ്ഞുകൊണ്ട് ദൈവത്തിന് തന്നത്തന്നെ ഏല്പിച്ചുകൊടുക്കുന്ന മറിയയാണ് ശരിയായ ഭക്തയും വിശ്വാസിയും. അതാണ്, സമ്പൂർണ്ണ സമർപ്പണത്തിൻ്റെ ഉദാത്ത മാതൃകയായ സ്ത്രീരത്നം!

മറിയയെ പരിശുദ്ധയെന്ന് വിളിക്കാമോ?: പരിശുദ്ധയെന്നാൽ പാപമില്ലാത്ത അവസ്ഥയാണ്. നീതിമാൻ അഥവാ, പാപമില്ലാത്തവൻ ഒരുത്തൻപോലും ഇല്ലെന്ന് ബൈബിൾ പറയുന്നു; “ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നീതിമാനായി ആരുമില്ല; ഒരുവൻ പോലുമില്ല; കാര്യം ഗ്രഹിക്കുന്നവനില്ല; ദൈവത്തെ അന്വേഷിക്കുന്നവനുമില്ല. എല്ലാവരും വഴിതെറ്റിപ്പോയി. എല്ലാവര്‍ക്കും ഒന്നടങ്കം തെറ്റുപറ്റിയിരിക്കുന്നു; നന്‍മ ചെയ്യുന്നവനില്ല, ഒരുവനുമില്ല.” (റോമാ, 3:10-12). “എല്ലാവരും പാപംചെയ്‌ത്‌ ദൈവമഹത്വത്തിന്‌ അയോഗ്യരായി.” (റോമാ, 3:23). പരിശുദ്ധൻ (The Holy One) എന്നത് ദൈവത്തിൻ്റെ ഉപനാമമാണ്. (1സാമു, 2:2; സങ്കീ, വെളി, 15:4). മനുഷ്യവർഗ്ഗമെല്ലാം ആദാമിൻ്റെ സന്തതികളാണ്. ആദാമിൻ്റെ സന്തതിപരമ്പരയിൽ ഉൾപ്പെട്ടവനെങ്കിലും, ആദാമ്യപാപമില്ലാതെ ജനിച്ചത് നമ്മുടെ കർത്താവായ യേശുക്രിസ്തു മാത്രമാണ്. പിന്നെങ്ങനെ മറിയയും മതനേതാക്കളും പരിശുദ്ധരാകുന്നത്? യേശുവിൻ്റെ അമ്മയല്ലേ മറിയ; ആ അമ്മയെ പരിശുദ്ധയെന്ന് വിളിച്ചാൽ എന്താകുഴപ്പം? എന്ന് നിഷ്പക്ഷ ബുദ്ധികൾ ചോദിച്ചേക്കാം. കുഴപ്പമാണെന്നല്ല; അത് വലിയ കുഴപ്പമാണ്. ദൈവം മാത്രമാണ് ഏകപരിശുദ്ധൻ; “കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍ മഹനീയവും വിസ്‌മയാവഹവുമാണ്‌. ജനതകളുടെ രാജാവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ നീതിപൂര്‍ണവും സത്യസന്ധവുമാണ്‌. കര്‍ത്താവേ, അങ്ങേ നാമത്തെ ഭയപ്പെടാത്തവനും സ്‌തുതിക്കാത്തവനും ആരുണ്ട്‌? അങ്ങുമാത്രമാണ്‌ പരിശുദ്ധന്‍. സകല ജനതകളും വന്ന്‌ അങ്ങയെ ആരാധിക്കും. കാരണം, അങ്ങയുടെ ന്യായവിധികള്‍ വെളിവാക്കപ്പെട്ടിരിക്കുന്നു.” (വെളി, 15:4). സ്വർഗ്ഗത്തിലെ സെറാഫുകള്ളും ജീവികളും രാപ്പകൽ ഇടവിടാതെ ദൈവത്തെ സ്തുതിക്കുന്നത് ‘പരിശുദ്ധൻ, പരിശുദ്ധൻ’ എന്നിങ്ങനെയാണ്; “അവിടുത്തെ ചുററും സെറാഫുകള്‍ നിന്നിരുന്നു. അവയ്‌ക്ക്‌ ആറു ചിറകുകള്‍വീതം ഉണ്ടായിരുന്നു. രണ്ടു ചിറകുകള്‍കൊണ്ടു മുഖവും രണ്ടെണ്ണംകൊണ്ടു പാദങ്ങളും അവ മറച്ചിരുന്നു. രണ്ടു ചിറകുകള്‍ പറക്കാനുള്ളവയായിരുന്നു. അവ പരസ്‌പരം ഉദ്‌ഘോഷിച്ചുകൊണ്ടിരുന്നു: പരിശുദ്ധന്‍, പരിശുദ്ധന്‍, സൈന്യങ്ങളുടെ കര്‍ത്താവ്‌ പരിശുദ്ധന്‍. ഭൂമി മുഴുവന്‍ അവിടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു.” (ഏശ, 6:2-3; വെളി, 4:8). ദൈവം തൻ്റെ മഹത്വവും പുകഴ്ചയും മറ്റൊരത്തനുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നില്ല; “ഞാനാണു കര്‍ത്താവ്‌; അതാണ്‌ എൻ്റെ നാമം. എൻ്റെ മഹത്വം ഞാൻ മറ്റാര്‍ക്കും നല്‍കുകയില്ല; എൻ്റെ സ്‌തുതി കൊത്തുവിഗ്രങ്ങള്‍ക്കു കൊടുക്കുകയുമില്ല.” (ഏശ, 42:8). “എനിക്കുവേണ്ടി, അതേ, എനിക്കുവേണ്ടി മാത്രമാണ്‌ ഞാനിതു ചെയ്യുന്നത്‌. എൻ്റെ നാമം എങ്ങനെ കളങ്കിതമാകും? എൻ്റെ മഹത്വം ഞാന്‍ ആര്‍ക്കും നല്‍കുകയില്ല.” (ഏശ, 48:11). ഏശയ്യായുടെ പുസ്തകം 14-ാം അദ്ധ്യായത്തിൽ ബാബിലോൺ രാജാവിൽ കുടികൊള്ളുന്ന ലൂസിഫറിനെ കുറിച്ചൊരു പ്രസ്താവനയുണ്ട്; ഉഷസ്സിൻ്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്‌ത്തി! നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിൻ്റെ നക്ഷത്രങ്ങള്‍ക്കുപരി എൻ്റെ സിംഹാസനം ഞാന്‍ സ്‌ഥാപിക്കും. ഉത്തരദിക്കിൻ്റെ അതിര്‍ത്തിയിലെ സമാഗമപര്‍വതത്തിൻ്റെ മുകളില്‍ ഞാനിരിക്കും; ഉന്നതമായ മേഘങ്ങള്‍ക്കു മീതേ ഞാന്‍ കയറും. ഞാൻ അത്യുന്നതനെപ്പോലെ ആകും. ‍എന്നാല്, നീ പാതാളത്തിൻ്റെ അഗാധഗര്‍ത്തത്തിലേക്കു തള്ളിയിടപ്പെട്ടിരിക്കുന്നു.” (ഏശ, 14:12-15). ലൂസിഫർ ദൈവത്തെപ്പോലെയാകാൻ ഹൃദയത്തിലാണ് ചിന്തിച്ചത്; അപ്പോൾത്തന്നെ അവനെ വെട്ടി പാതാളത്തിലേക്ക് താഴ്ത്തിക്കളഞ്ഞു. പാമ്പിൻ്റെ കൗശലത്തിൽ കുടുങ്ങി ദൈവത്തെപ്പോലെയാകാൻ മോഹിച്ച ആദിമനുഷ്യരുടെ ഗതിയെന്തായി? ഏദൻ പറുദീസയുടെ നിത്യമായ അനുഗ്രഹത്തിൽ നിന്ന് അവരും എന്നേക്കുമായി പുറന്തള്ളപ്പെട്ടു. (ഉല്പ, 3 അ). ദൈവത്തിനു ലഭിക്കേണ്ട മഹത്വം ആരൊക്കെ ആഗ്രഹിക്കുന്നുവോ; ദൈവത്തിനു കൊടുക്കേണ്ട മഹത്വം ആരൊക്കെ മറ്റൊരുത്തനു കൊടുക്കുന്നുവോ അവരുടെയൊക്കെയും ഗതി മറ്റൊന്നായിരിക്കില്ല. മറിയയെയും, ജോസഫിനെയും, യേശുവിനെയും ചേർത്ത് ‘തിരുക്കുടുംബം’ എന്നു പറഞ്ഞുകേൾക്കാറുണ്ട്; തെറ്റൊന്നുമല്ലത്. ഈ തിരുക്കുടുംബത്തിലെ അംഗങ്ങളുടെ വിശേഷണമെങ്ങനെയാണ്? പരിശുദ്ധ അമ്മ, വിശുദ്ധ ജോസഫ്, യേശു. നല്ല വിശേഷണമല്ലേ? മറിയ പരിശുദ്ധയും, യോസഫ് വിശുദ്ധനും, അപ്പോൾ യേശു ആരായി? യേശുവിൻ്റെ അമ്മയായ മറിയ തന്നെത്തന്നെ ‘കർത്താവിൻ്റെ ദാസി’യെന്ന് ദൈവത്തിന് സമർപ്പിച്ചുകൊണ്ടും, അവനെ മഹത്വപ്പെടുത്തിയും കൊണ്ട് പാടിയ സ്തോത്രഗീതം ബൈബിളിലുണ്ട്; “എൻ്റെ ആത്‌മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എൻ്റെ ചിത്തം എൻ്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന്‌ തൻ്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ശക്‌തനായവൻ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്‌ധമാണ്‌. ………… നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവൻ്റെ സന്തതികളോടും എന്നേക്കുമായി ചെയ്‌ത വാഗ്‌ദാനം അനുസരിച്ചുതന്നെ.” (ലൂക്കാ, 1:46-55). അവിടുന്ന് എൻ്റെ രക്ഷകനാണെന്നും, ഞാനവിടുത്തെ ദാസിയാണെന്നും, അവിടുത്തെ നാമമാണ് പരിശുദ്ധമെന്നുമാണ് ആ ഭക്തയായ അമ്മ പറയുന്നത്. താനൊരു മഹത്വവും ഹൃദയത്തിൽപ്പോലും ആഗ്രഹിച്ചിട്ടില്ല എന്നതിൻ്റെ തെളിവാണിത്. എന്നാൽ, മറിയയേയും മറ്റു മതനേതാക്കന്മാരെയും ‘പരിശുദ്ധ’ എന്നു സംബോധന ചെയ്യുന്നവർ ദൈവത്തിൻ്റെ മഹത്വത്തെ കോട്ടിക്കളയുകയല്ലേ ചെയ്യുന്നത്? “കര്‍ത്താവിൻ്റെ നാമത്തിനു ചേര്‍ന്നവിധം അവിടുത്തെ മഹത്വപ്പെടുത്തുവിന്‍; കാഴ്‌ചകളുമായി അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍.” (സങ്കീ, 96:8). മനുഷ്യർ എന്തുകൊണ്ടാണ് ദൈവത്തിനു കൊടുക്കേണ്ട മഹത്വം ഭൂമിയിലെ മനുഷ്യർക്ക് നല്കുന്നതെന്ന് ബൈബിൾ വ്യക്തമാക്കിയിട്ടുണ്ട്; “ഞാന്‍ ജ്‌ഞാനം അഭ്യസിച്ചിട്ടില്ല; പരിശുദ്ധനെക്കുറിച്ചുള്ള അറിവും എനിക്കില്ല.” (സുഭാ, 30:3). “ദൈവഭക്തിയാണ്‌ ജ്ഞാനത്തിൻ്റെ ഉറവിടം; പരിശുദ്ധനായവനെ അറിയുന്നതാണ്‌ അറിവ്‌.” (സുഭാ, 9:10). ദൈവവചനമായ ബൈബിൾ വിശ്വസിക്കാത്തതും, പഠിക്കാത്തതും, പരിശുദ്ധനായ ദൈവത്തെ അറിയാത്തതും, ദൈവഭക്തി ഇല്ലാത്തതുമാണ് ഇതിനു കാരണം. ഓർത്തുകോൾക, മറിയയെ വിശുദ്ധയെന്നോ, വിശുദ്ധരിൽ വിശുദ്ധയെന്നോ അല്ലാതെ, പരിശുദ്ധയെന്നു വിളിക്കാൻ ബൈബിൾ സമ്മതിക്കുന്നില്ല. മറിയയേയും മതനേതാക്കളേയും പരിശുദ്ധ എന്നു വിളിക്കാൻ ബൈബിളല്ല; പാരമ്പര്യമാണ് പഠിപ്പിച്ചത്. ജനങ്ങളെ ഇവ്വിധം ദുരുപദേശങ്ങൾ പഠിപ്പിക്കുന്നവർ ദൈവസന്നിധിയിൽ കണക്കു ബോധിപ്പിക്കേണ്ടി വരുമെന്ന് ഞാൻ പറയുന്നില്ല. കാരണം, ദൈവത്തിൻ്റെ സന്നിധിയിൽ എത്തിയാലല്ലേ, കണക്കു കൊടുക്കേണ്ടി വരുകയുള്ളൂ. യേശു മാത്രമാണ് ദൈവം; അവൻ തന്നെയാണ് രക്ഷകൻ; അവൻ മാത്രമാണ് മദ്ധ്യസ്ഥൻ; അവനാണ് വഴിയും സത്യവും ജീവനും. “നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” (യോഹ, 8:32) ഇതാണ് ദൈവവ്യവസ്ഥ. ദൈവാത്മാവിനാൽ ഈ സത്യത്തെക്കുറിച്ച് ബോധ്യം ലഭിക്കുമ്പോഴാണ് ദൈവത്തിൻ്റെ യഥാർത്ഥ മക്കളായിത്തീരുന്നത്. അപ്പോൾ, മറ്റെല്ലാം വ്യാജമായിരുന്നെന്ന് അവർക്ക് തിരിച്ചറിയാനും കഴിയും.

മറിയ നിത്യകന്യകയോ?: കന്യകാമറിയം എന്ന പ്രയോഗം ഒരിക്കലും തെറ്റല്ല; കാരണം, നമ്മുടെ രക്ഷയും രക്ഷകനും രക്ഷാനായകനും രക്ഷാപൂർത്തി വരുത്തുന്നവനുമായ യേശുവിനെ പ്രസവിക്കുന്നതുവരെ മറിയ കന്യക തന്നെയായിരുന്നു. (മത്താ, 1:25). എന്നാൽ, നിത്യകന്യകയെന്ന പ്രയോഗം ന്യായീകരിക്കപ്പെടുന്നതല്ല. യേശുവിനെ കൂടാതെ, മറിയയ്ക്ക് ജോസേഫിൽ കുറഞ്ഞത് ആറു മക്കളെങ്കിലും ഉള്ളതായിട്ട് ബൈബിൾ വ്യക്തമാക്കുന്നു: (മത്താ, 13:55,56; മർക്കോ, 6:3). ഇത് മറിയയുടെ സഹോദരിയുടെ മക്കളാണെന്നും, അതല്ല, ജോസഫിൻ്റെ ആദ്യഭാര്യയിലുണ്ടായിരുന്ന മക്കളാണെന്നും അവകാശപ്പെടുന്നവരുണ്ട്. ഇതിനൊന്നും വിശ്വാസയോഗ്യമായ ഒരു തെളിവും ബൈബിളിലില്ല. പ്രത്യുത, ഇവർ യേശുവിൻ്റെ സ്വന്തസഹോദരങ്ങൾ അഥവാ, മറിയയുടേയും ജോസഫിൻ്റെയും മക്കൾ തന്നെയെന്ന് ബൈബിളിൽ തെളിവുമുണ്ട്: “ഇവന്‍ മറിയത്തിൻ്റെ മകനും യാക്കോബ്‌, യോസെ, യൂദാസ്‌, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവൻ്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ്‌ അവര്‍ അവനില്‍ ഇടറി.” (മർക്കൊ, 6:3; മത്താ, 13:55-56). ഇതിനെയാണ് മറിയയുടെ സഹോദരിയുടെ മക്കൾ എന്നു പലരും പറയുന്നത്. ഇവിടെ മറിയത്തിൻ്റെ മകൻ എന്നു യേശുവിനെ പറയുന്നത് ഏതർത്ഥത്തിലാണ്? സ്വന്തമകൻ എന്നർത്ഥമല്ലേ? പിന്നെങ്ങനെ, യേശുവിൻ്റെ സഹോദരന്മാരെന്നും, സഹോദരിമാരെന്നും പറയുമ്പോൾ വേറൊരത്ഥം വരും? സ്വന്തസഹോദരങ്ങൾ എന്നല്ലേ മനസ്സിലാക്കേണ്ടത്? യേശുവിൻ്റെ അമ്മയായ മറിയയ്ക്ക് ഒരു സഹോദരി ഉള്ളതായി ബൈബിളിലുണ്ട്: “യേശുവിൻ്റെ കുരിശിനരികെ അവൻ്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിൻ്റെ ഭാര്യ മറിയവും മഗ്‌ദലേന മറിയവും നില്‍ക്കുന്നുണ്ടായിരുന്നു. (യോഹ,19:25). എന്നാൽ ഈ സഹോദരിക്ക് മക്കളുള്ളതായിട്ടോ, യേശുവിൻ്റെ സഹോദരന്മാരെന്ന് പറഞ്ഞിരിക്കുന്നത് അവരുടെ മക്കളാണെന്നോ യാതൊരു തെളിവുമില്ല. കാരണം ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന യേശുവിൻ്റെ അമ്മയുടെ സഹോദരിയും, ക്ലോപ്പാസിൻ്റെ ഭാര്യ മറിയവും ഒരാളല്ല; രണ്ടുപേരാണ്. ഈ വാക്യത്തിൽ നാലുപേരാണുള്ളത്. ഇംഗ്ലീഷിലെ എല്ലാ ബൈബിളുകളിലും, മലയാളത്തിലെ ചിലതിലും അർദ്ധവിരാമമോ, അപൂർണ്ണവിരാമമോ ഇട്ടുകൊണ്ട് നാലുപേരെയും വേർതിരിച്ചിട്ടുണ്ട്. Now there stood by the cross of Jesus his mother, and his mother’s sister, Mary the wife of Cleophas, and Mary Magdalene. “യേശുവിന്‍റെ ക്രൂശിന്‍റെ അടുക്കല്‍ തന്‍റെ അമ്മയും, അമ്മയുടെ സഹോദരിയും, ക്ലേയോപ്പായുടെ മറിയാമും, മറിയം മാഗ്ദലൈത്തായും നിന്നിരുന്നു.” (വിശുദ്ധഗ്രന്ഥ്രം). ക്ലോപ്പാസ് എന്നത് അപ്പൊസ്തലനായ ചെറിയ യാക്കോബിൻ്റെ അപ്പനായ ഹൽപൈയുടെ ഗ്രീക്കു നാമമാണ്. (മത്താ, 10:3; മർക്കൊ, 3:18). ഈ യാക്കോബിന് യോസേ എന്നൊരു സഹോദരൻ കൂടിയുണ്ട്. (മത്താ, 27:56; മർക്കൊ, 15:40). യേശുവിൻ്റെ സഹോദരന്മാർ നാലുപേരാണ്. അപ്പൊസ്തലനായ ചെറിയ യാക്കോബിന് യോസേ എന്നൊരു സഹോദരൻ മാത്രമേയുള്ളൂ. മാത്രമല്ല, യേശുവിൻ്റെ സഹോദരന്മാരൊന്നും യേശുവിൻ്റെ ഐഹീക ജീവകാലത്തൊന്നും അവനിൽ വിശ്വസിച്ചിരുന്നുമില്ല. (യോഹ, 7:5). തൻ്റെ പുനരുത്ഥാനശേഷം സഹോദരനായ യാക്കോബിനു യേശു പ്രത്യക്ഷമായ ശേഷമാണ് (1കൊരി, 15:7). സഹോദരനായ യാക്കോബും സഹോദരങ്ങളും യേശുവിൽ വിശ്വസിച്ചത്. (പ്രവൃ, 12:17; 15:13; 1:18). ഇതൊന്നും വിശ്വാസമാകാത്തവർക്ക് ഇനിയും തെളിവുകളുണ്ട്; “പുത്രനെ പ്രസവിക്കുന്നതുവരെ അവളെ (മറിയയെ) അവന്‍ (ജോസഫ്) അറിഞ്ഞില്ല; അവന്‍ ശിശുവിന്‌ യേശു എന്നു പേരിട്ടു.” (മത്താ, 1:25). വിവിധ പരിഭാഷകളിൽ ഈ വാക്യം കാണുക: സത്യവേദപുസ്തകം: ‘മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല.’ വിശുദ്ധഗ്രന്ഥം: ‘അവള്‍ ആദ്യജാതനെ പ്രസവിച്ചതുവരെ അവന്‍ അവളെ അറിഞ്ഞില്ല.’ ERV മലയാളം: ‘മറിയ മകനെ പ്രസവിക്കും വരെ അവന്‍ അവളുമായി ലൈംഗികബന്ധത്തിൽ ഏര്‍പ്പെട്ടില്ല.’ BSI മലയാളം: ‘എന്നാല്‍ പുത്രനെ പ്രസവിക്കുന്നതുവരെ അദ്ദേഹം മറിയമിനോടു ശാരീരികബന്ധം പുലര്‍ത്തിയില്ല.’ CL സത്യവേദപുസ്തകം: ‘എന്നിരുന്നാലും, മകനെ പ്രസവിക്കുംവരെ അവൻ അവളുമായി ശാരീരികമായി ബന്ധപ്പെട്ടിരുന്നില്ല.’ യേശുവിനെ പ്രസവിക്കുന്നതുവരെ മാത്രമേ മറിയം കന്യകയായിരുന്നുള്ളൂ എന്ന് ഈ വാക്യത്തിലൂടെ അസന്ദിഗ്ധമായി തെളിയുന്നു. ഇനിയുമുണ്ട് തെളിവ്: “അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തൻ്റെ കടിഞ്ഞൂല്‍ പുത്രനെ പ്രസവിച്ചു.” (ലൂക്കൊ, 2:6). മറിയയുടടെ കടിഞ്ഞൂൽ പുത്രനാണ് യേശു. ‘കടിഞ്ഞൂൽ പുത്രൻ’ എന്നാൽ ആദ്യജാതൻ, ആദ്യപുത്രൻ, മൂത്തമകൻ, ആദ്യപ്രസവത്തിലെ പുത്രൻ എന്നൊക്കെയാണർത്ഥം. ആദ്യജാതൻ അഥവാ, മൂത്തപുത്രൻ എന്നത്, അനന്തരപുത്രന്മാർക്ക് തെളിവാണ്. ബൈബിളിൽ എല്ലാക്കാര്യങ്ങൾക്കും തെളിവുണ്ട്. ബൈബിളിനെ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർ ഒടുവിൽ ലജ്ജിതരാകുകയും ചെയ്യും.

ജോസഫിൻ്റെ ആദ്യഭാര്യയിലുള്ള മക്കളാണ്, യാക്കോബ്‌, യോസെ, യൂദാസ്‌, ശിമയോൻ എന്നിവരും, അവരുടെ സഹോദരിമാരും എന്നൊരു വാദവുമുണ്ട്. അതും ദൈവവചനത്തിൽ വിലപ്പോകില്ല. ലൂക്കൊസിൻ്റെ സുവിശേഷത്തിൽ പൈതലായിരിക്കുന്ന യേശുവിനെ ദൈവാലയത്തിൽ കൊണ്ടുപോയി കർത്താവിന് സമർപ്പിക്കുന്നതായി കാണുന്നുണ്ട്: “മോശയുടെ നിയമമനുസരിച്ച്‌, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി. ‍കടിഞ്ഞൂല് പുത്രന്‍മാരൊക്കെയും കര്‍ത്താവിൻ്റെ പരിശുദ്ധന്‍ എന്നുവിളിക്കപ്പെടണം എന്നും, ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ബലി അര്‍പ്പിക്കണം എന്നും കര്‍ത്താവിൻ്റെ നിയമത്തിൽ പറഞ്ഞിരിക്കുന്നത് അനുസരിച്ചാണ്‌ അവര്‍ അങ്ങനെ ചെയ്‌തത്‌.” (ലൂക്കൊ, 2:22-24). ന്യായപ്രമാണം അനുസരിച്ച് കടിഞ്ഞൂൽ പുത്രന്മാരെ മാത്രമാണ് ദൈവാലയത്തിൽ സമർപ്പിക്കേണ്ടത്. (പുറ, 13:12,13; 19:19,20; 34:20). ജോസഫ് യേശുവിൻ്റെ യഥാർത്ഥ പിതാവല്ലെങ്കിലും, അതവർക്കും ദൈവത്തിനുമല്ലാതെ അക്കാലത്തെ യെഹൂദന്മാർക്കൊന്നും അറിയില്ല. തന്മൂലം, ജോസഫിന് നേരത്തെ ആൺമക്കൾ ഉണ്ടായിരുന്നെങ്കിൽ യേശുവിനെ ദൈവാലയത്തിൽ കൊണ്ടുപോയി കർത്താവിന് സമർപ്പിക്കാൻ അവിടത്തെ മതമേലാളന്മാർ അനുവദിക്കുമായിരുന്നില്ല. കാരണം അതിനു നിയമമില്ല. മറിയ യേശുവിനെ പ്രസവിക്കുമ്പോൾ കന്യകയായിരുന്നു. പക്ഷെ, നിത്യകന്യക എന്നുപറഞ്ഞാൽ ബൈബിളിന് വിരുദ്ധമാണ്. മറിയയ്ക്ക് മറ്റു മക്കളില്ലാത്തതുകൊണ്ടാണ് യേശു ശിഷ്യൻ യോഹന്നാന് തൻ്റെ അമ്മയെ ഏല്പിച്ചുകൊടുത്തത് എന്നൊരു ധാരണയുണ്ട്. മറിയയ്ക്ക് മക്കളുണ്ടെന്ന് ബൈബിൾ തെളിവായി പറയുമ്പോൾ, കാരണം മറ്റൊന്നാണെന്ന് മനസ്സിലാകേണ്ടതല്ലേ? യേശുവിൻ്റെ പുനരുത്ഥാനം വരെയും സ്വന്തസഹോദരന്മാർ യേശുവിൽ വിശ്വസിച്ചിരുന്നില്ല. (യോഹ, 7:5). കടിഞ്ഞൂൽ പുത്രനെന്ന നിലയിൽ അമ്മയുടെ ഉത്തരവാദിത്വം യേശുവിനാണ്. തന്നിൽ വിശ്വസിക്കാത്ത സഹോദരങ്ങളേക്കാൾ, തൻ്റെ പ്രിയശിഷ്യൻ അമ്മയെ സംരക്ഷിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് യോഹന്നാന് ഏല്പിച്ചുകൊടുത്തത്. മറിയയെ നിത്യകന്യകയാക്കാൻ ശ്രമിക്കുന്നതിനു പിന്നിൽ കന്യകാജീവിതം വിശുദ്ധവും, വിവാഹജീവിതം അശുദ്ധവുമാണെന്ന തെറ്റിദ്ധാരണയാകാം. വിവാഹിതയേക്കാൾ എന്തു വിശേഷതയാണ് കന്യകയ്ക്കുള്ളത്? പുരുഷനെയും സ്ത്രീയേയും സൃഷ്ടിച്ചതുതന്നെ ഒരുമിച്ചു ജീവിക്കാനാണ്. ആദാമും ഹവ്വായും പാപം ചെയ്തതിനു ശേഷമല്ല, ദൈവം വിവാഹം നിയമിച്ചത്; പാപം ചെയ്യുന്നതിനു മുമ്പാണ് അവരെ ഒരുമിപ്പിച്ചത്. “അതിനാല്‍, പുരുഷൻ മാതാപിതാക്കളെ വിട്ട്‌ ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും.” (ഉല്പ, 2:24). പുതിയ നിയമത്തിലാകട്ടെ; ‘വിവാഹം എല്ലാവർക്കും മാന്യം’ (എബ്രാ, 13:4) എന്നാണ് പറയുന്നത്. അതിനാൽ ബൈബിളിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത വിശേഷണങ്ങളൊക്കെ യേശുവിൻ്റെ അമ്മയ്ക്ക് ചാർത്തിക്കൊടുത്ത് ആ സാധുവായ അമ്മയെ പരിഹസിക്കരുത്. 

മറിയ മദ്ധ്യസ്ഥയോ?: ഒന്നും പറ്റിയില്ലെങ്കിൽ മറിയയെ മദ്ധ്യസ്ഥയാക്കാം എന്നു വിചാരിച്ചാലും ബൈബിൾ സമ്മതിക്കത്തില്ല. ഏകസത്യദൈവവും മനുഷ്യനായ മദ്ധ്യസ്ഥനും യേശുവാണ്. മനുഷ്യർക്ക് മനഷ്യരുടെ പാപം പോക്കാൻ കഴിയാത്തതുകൊണ്ട് ഏകദൈവം പർണ്ണമനുഷ്യനായി വെളിപ്പെട്ട്, ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മനുഷ്യരുടെ പാപവും വഹിച്ചുകൊണ്ട് മരിച്ച് ഉയിർത്തെഴുന്നേറ്റ്, മനുഷ്യനെ ദൈവവുമായി രമ്യപ്പെടുത്തുകയായിരുന്നു. (റോമാ, 5:10). “എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു. അവന്‍ എല്ലാവര്‍ക്കും വേണ്ടി തന്നെത്തന്നെ മോചനമൂല്യമായി നല്‌കി. അവന്‍ യഥാകാലം നല്‍കപ്പെട്ട ഒരു സാക്ഷ്യവുമായിരുന്നു.” (1തിമോ, 2:5-6). പുതിയനിയമത്തിൻ്റെ മദ്ധ്യസ്ഥൻ യേശു മാത്രമാണ്: “വിളിക്കപ്പെട്ടവര്‍ വാഗ്‌ദത്തമായ നിത്യാവകാശം പ്രാപിക്കുന്നതിന്‌, അവന്‍ ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായി. കാരണം, ആദ്യത്തെ ഉടമ്പടിക്കു വിധേയരായിരിക്കെ, നിയമം ലംഘിച്ചവര്‍ക്ക്‌ അവന്‍ സ്വന്തം മരണത്താൽ രക്ഷയായിത്തീര്‍ന്നു.” (ഹെബ്രാ, 9:15. ഒ.നോ: എബ്രാ, 8:6; 12:24). എന്തെന്നാൽ, എന്നുമെന്നേക്കും ജീവിച്ചിരിക്കുന്നവൻ അവൻ മാത്രമാണ്. (വെളി, 1:8). മരിച്ചു പോയവർക്കും, അതുകൊണ്ടുതന്നെ മൗനതയിൽ ആയവർക്കും ദൈവത്തിനും മനുഷ്യർക്കുമിടയിൽ മാദ്ധ്യസ്ഥം വഹിക്കാൻ കഴിയില്ല. (സങ്കീ, 115:17). പുതിയനിയമത്തിൽ പ്രാർത്ഥിക്കേണ്ടത് ആരുടെ നാമത്തിൽ അഥവാ മദ്ധ്യസ്ഥതയിലാണെന്ന് വ്യക്തമായി യേശു പറഞ്ഞിട്ടുണ്ട്: “നിങ്ങൾ എൻ്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനിൽ മഹത്വപ്പെടാന്‍വേണ്ടി ഞാൻ പ്രവര്‍ത്തിക്കും. എൻ്റെ നാമത്തിൽ നിങ്ങൾ എന്നോട്‌ എന്തെങ്കിലും ചോദിച്ചാൽ ഞാനതു ചെയ്‌തുതരും.” “യോഹ, 14:13-14). “നിങ്ങൾ എൻ്റെ നാമത്തിൽ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും.” (യോഹ, 15:16. ഒ.നോ: 16:23). യേശുവിൻ്റെ നാമത്തിൽ യേശുവിനോടുതന്നെ അപേക്ഷിക്കുവാനോ, യേശുവിൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുവാനോ ആണ് താൻ പറയുന്നത്. ആദിമസഭ യേശുവിൻ്റെ നാമം വിളിച്ചാണ് അപേക്ഷിച്ചിരുന്നതെന്നും കുറിക്കൊള്ളുക. (അപ്പ, 9:21; 22:16; 1കൊരി, 1:2). കാരണം, ഏകദൈവവും കർത്താവും മദ്ധ്യസ്ഥനായ മനുഷ്യനും യേശുക്രിസ്തുവാണ്: “കര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കുന്നവര്‍ രക്‌ഷപ്രാപിക്കും.” (അപ്പ, 2:21).

മറിയം സ്വർഗ്ഗാരോഹണം ചെയ്തുവോ?: മറിയം സ്വർഗ്ഗാരോഹണം ചെയ്തുവെന്നുള്ള ഒരു കെട്ടുകഥയും മെനഞ്ഞുണ്ടാക്കിയിട്ടുണ്ട്. 1950 നവംബര്‍ 1-ന് പിയൂസ് പന്ത്രണ്ടാമന്‍ മാർപ്പാപ്പയാണ് ‘മാതാവിന്റെ സ്വര്‍ഗ്ഗാരോപണം’ കത്തോലിക്കാ സഭയുടെ വിശ്വാസ സിദ്ധാന്തമായി പ്രഖ്യാപിച്ചത്. “പരിശുദ്ധ കന്യകാമാതാവ് ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാനത്തില്‍ ഉടലോടെ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്ക് എടുക്കക്കപ്പെട്ടു” എന്നാണ് മാർപ്പാപ്പയുടെ കണ്ടെത്തൽ. (Pious XII, Munificentissimus Deus). മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, മറിയയെ സ്വർഗ്ഗത്തിലേക്ക് അയച്ചതുതന്നെ ഈ പാപ്പയാണ്. 1997 ജൂൺ 25-ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഇതിനൊരു തിരുത്തുവരുത്തി: “സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് മറിയയ്ക്ക് സ്വാഭാവിക മരണം സംഭവിച്ചു.” എ.ഡി. 64-ൽ മറിയ സ്വാഭാവികമായി മരിച്ചുവെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. ഇസ്രായേലിലെ യെരൂശലേമിനും ഒലിവുമലയ്ക്കും ഇടയിലുള്ള കിദ്രോൻ താഴ്വരയിൽ മറിയയുടേതെന്ന് വിശ്വസിക്കുന്ന ഒരു കല്ലറയുണ്ട്. ഒരു വിഭാഗം ക്രിസ്ത്യാനികൾ മറിയയയെ അവിടെയാണ് അടക്കിയതെന്ന് ശക്തമായിത്തന്നെ വിശ്വസിക്കുന്നു. മറ്റൊരു വിഭാഗമാകട്ടെ, അവിടെ അടക്കിയെങ്കിലും മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു എന്നും വിശ്വസിക്കുന്നു. അപ്പൊസ്തലന്മാരെ എല്ലാവരെയും മേഘത്തിൽ കൂട്ടിവരുത്തിയശേഷം അവരുടെമദ്ധ്യേ മറിയ സ്വർഗ്ഗാരോഹണം ചെയ്തതായും വിചിത്രമായൊരു കഥയുണ്ട്. ഇതിനൊന്നും ബൈബിളിലോ, ചരിത്രത്തിലോ യാതൊരു അടിസ്ഥാനവുമില്ല. മാത്രമല്ല, മറിയ സ്വർഗ്ഗത്തിൽ പോയിട്ടില്ലെന്നുള്ളതിന് തെളിവും ബൈബിളിലുണ്ട്. ശിഷ്യൻ യോഹന്നാനാണ് യേശുവിൻ്റെ അമ്മയെ സ്വന്തം അമ്മയായി ഭവനത്തിൽ കൈക്കൊണ്ടത്. പില്ക്കാലത്ത് യേശുവിനെ അറിഞ്ഞ അവൻ്റെ സഹോദരന്മാർ തങ്ങളുടെ അമ്മയെ തിരികേ സ്വീകരിച്ചോയെന്ന് അറിയില്ല. എന്തായാലും, ആ സഹോദരന്മാർ എല്ലാവരും ചേർന്ന് ആ അമ്മയെ അവസാനംവരെ വളരെ സ്നേഹത്തോടെ കരുതിയിരിക്കും. യോഹന്നാനാണ് ബൈബിളിൻ്റെ അവസാനത്തെ എഴുത്തുകാരൻ. എ.ഡി. 95-96 കാലത്താണ് പുസ്തകങ്ങൾ എഴുതിയത്. യോഹന്നാൻ പുസ്തകമെഴുതുന്ന കാലത്ത്  മറിയ ജീവനോടെയുണ്ടെങ്കിൽ, ആ അമ്മയ്ക്ക് ഏകദേശം 130 വയസ്സ് പ്രായമുണ്ടായിരിക്കും. അങ്ങനെ വന്നാൽ, ”നമ്മുടെ കർത്താവായ യേശുവിൻ്റെ അമ്മ ഇപ്പോഴും വളരെ പ്രായംചെന്നവളായി ജീവനോടിരിക്കുന്നു” എന്ന് യോഹന്നാൻ എഴുതാതിരിക്കില്ല. കാരണം, അതൊരു അസ്വാഭാവികമായ സംഭവമാണ്. ഇനി സാദ്ധ്യമായത് മൂന്ന് കാര്യങ്ങളാണ്: ഒന്ന്; മേല്പറഞ്ഞപോലെ, ശരീരത്തോടെയോ അല്ലെങ്കിൽ, മരിച്ചശേഷം ഉയിർത്തെഴുന്നേറ്റോ സ്വർഗ്ഗാരോഹണം ചെയ്തിരിക്കണം. രണ്ട്; രക്തസാക്ഷിമരണം വരിച്ചിരിക്കണം. മൂന്ന്; എല്ലാ മനുഷ്യരെപ്പോലെയും സ്വാഭാവിക മരണം സംഭവിച്ചിരിക്കണം. ഇതിൽ, ശരീരത്തോടെയോ അല്ലാതെയോ സ്വർഗ്ഗാരോഹണം ചെയ്താൽ യോഹന്നാൻ അതൊരിക്കലും എഴുതാതിരിക്കില്ല. കാരണം, യേശുവിനുശേഷം വിശ്വാസികളുടെ പ്രതിനിധിയായി അമ്മമറിയ കൂടി സ്വർഗ്ഗത്തിൽ പ്രവേശിച്ചുവെന്നു പറഞ്ഞാൽ, എല്ലാക്കാലത്തും കഷ്ടമനുഭവിക്കുന്ന വിശ്വാസികൾക്ക് അത് ആശ്വാസവും പ്രത്യാശയുമായിരിക്കും. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല, യോഹന്നാൻ മറ്റൊന്ന് എഴുതിയിട്ടുമുണ്ട്: “സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗ്ഗത്തില്‍ കയറിയിട്ടില്ല.” (യോഹ, 3:13). പൗലൊസ് മറ്റൊരു കാര്യംകൂടി എഴുതിയിട്ടുണ്ട്: “സഹോദരരേ, ശരീരത്തിനോ രക്‌തത്തിനോ ദൈവരാജ്യം അവകാശപ്പെടുത്തുക സാധ്യമല്ലെന്നും നശ്വരമായത്‌ അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നും ഞാന്‍ പറയുന്നു.” (1കോറി, 15:50). ഉടലോടെയോ, അല്ലാതെയോ അമ്മമറിയ സ്വർഗ്ഗത്തിൽ പോയിട്ടില്ലെന്ന് ഇതിനാൽ തെളിയുന്നു. അടുത്തത്; മറിയ സുവിശേഷത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചിരിക്കാനും ഇടയില്ല. കാരണം, ആ അമ്മയ്ക്ക് ദൈവം ഏറ്റവും ശ്രേഷ്ഠമായ ഒരു ശുശ്രൂഷ നൽകിയിരുന്നു. ദൈവപുത്രനെ ഉദരത്തിൽ സ്വീകരിച്ച് പ്രസവിക്കാനുള്ള ശുശ്രൂഷ. അതേറ്റം സന്തോഷത്തോടെ മറിയ നിറവേറ്റിയതായി ബൈബിളിൽ സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്. യാക്കോബ്, സ്തെഫാനൊസ് എന്നിവരെപ്പൊലെ രക്തസാക്ഷി മരണമായിരുന്നു മറിയയുടേതെങ്കിൽ അതും ബൈബിളിൽ നിശ്ചയമായും രേഖപ്പെടുത്തുമായിരുന്നു. ഇതിൽനിന്ന്, മറിയയുടെ മരണം ഏതൊരു മനുഷ്യനെപ്പോലെയും തികച്ചും സ്വാഭാവികമായൊരു മരണമായിരുന്നു എന്നു മനസ്സിലാക്കാം. മറിയയ്ക്കുള്ള നിയോഗം ദൈവപുത്രനെ പ്രസവിച്ചു വളർത്തുക എന്നതായിരുന്നു. അതു നിറവേറ്റി മരണമടഞ്ഞ മറിയ ഇനി കാലാന്ത്യത്തിൽ എല്ലാ വിശുദ്ധന്മാരോടൊപ്പം ഉയിർത്തെഴുന്നേല്ക്കും.

ദൈവത്തിൻ്റെ അളവറ്റ കൃപ ലഭിച്ചവളും, സ്തീകളിൽ ഏറ്റം അനുഗ്രഹിക്കപ്പെട്ടവളും, വിശേഷാൽ ഭക്തയും ഭാഗ്യവതിയുമായിരുന്ന മറിയ, ലോകത്തെ പേടിക്കാതെ ദൈവകല്പന ശിരസ്സാവഹിക്കുകയും, ദൈവഹിതം നിറവേറ്റി നിദ്രപ്രാപിക്കുകയും ചെയ്തു. ബൈബിൾ ഭാഷയിൽ പറഞ്ഞാൽ, മറിയ ഇപ്പോൾ അബ്രാഹാമിൻ്റെ മടിയിൽ അഥവാ, പറുദീസയിൽ ആശ്വസിക്കുകയാണ്. ഇനി കർത്താവിൻ്റെ രണ്ടാം വരവിൽ അഥവാ, മേഘപ്രത്യക്ഷതയിൽ സകല വിശുദ്ധന്മാക്കൊപ്പം മറിയയും ദേഹം ദേഹി ആത്മാവോടുകൂടി ഉയിർത്തെഴുന്നേറ്റ് ദൈവസന്നിധിയിൽ നിന്ന് തനിക്കുള്ള ശ്രേഷ്ഠപ്രതിഫലവും കൈപ്പറ്റി നിത്യത മുഴുവൻ ആനന്ദിക്കും. (‘മറിയ സ്വർഗ്ഗത്തിൽ എത്തിയിട്ടില്ല‘ എന്ന ഒരു കന്യാസ്ത്രിയുടെ വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക).

വെളിപ്പാട് പുസ്തകത്തിലെ സ്ത്രീകൾ: ഉല്പത്തിയിലെ സ്ത്രീ മറിയയാണെന്ന സ്ഥിരീകരണത്തിനുവേണ്ടി വെളിപ്പാട് 12-ലെ ‘സൂര്യനെ ഉടയാടക്കിയ സ്ത്രീ’യും മറിയയാണെന്നാണ് പഠിപ്പിക്കുന്നത്. ഒന്നാമതായി മനസ്സിലാക്കേണ്ടത്, വെളിപ്പാടെന്ന വാക്കിൻ്റെ അർത്ഥം ‘മറനീക്കി കാണിക്കുക’ എന്നാണ്. അതായത്, ഭാവിയിൽ നടക്കാനുള്ള സംഭവങ്ങളാണ് വെളിപ്പാട് പുസ്തകത്തിൽ അനാവരണം ചെയ്തിക്കുകയാണ്. അതുകൊണ്ട് പ്രവചാനാർത്ഥത്തിൽ തന്നെ വെളിപ്പാടിലെ കാര്യങ്ങൾ മനസ്സിലാക്കണം. വെളിപ്പാടിൽ ആകെ നാല് സ്ത്രീകളെക്കുറിച്ചാണ് പരാമർശമുള്ളത്: ഒന്ന്; ജസെബൽ (വെളി, 2:20): തിയത്തീറാ സഭയിലെ വ്യാജ പ്രവാചികയായ ഇവൾ, വ്യഭിചാരം ചെയ്യാനും വിഗ്രഹങ്ങള്‍ക്ക്‌ അര്‍പ്പിച്ചവ ഭക്‌ഷിക്കാനും തൻ്റെ ദാസന്മാരെ പഠിപ്പിക്കുകയും വശീകരിക്കുകയും ചെയ്യുന്നു. അക്ഷരികാർത്ഥത്തിൽ തിയത്തീറാ സഭയിൽ ഇവൾ ഉണ്ടായിരുന്നു. പ്രവചാനാർത്ഥത്തിലും ഇവളെപ്പോലുള്ളവർ എന്നുമുണ്ട്. രണ്ട്; വേശ്യകളുടെ മാതാവായ മഹാബാബിലോണാണ്: (വെളി, 17:4-5). വേശ്യാവൃത്തിയുടെ അശുദ്ധികളും മ്ലേച്ഛതകളുംകൊണ്ടു നിറഞ്ഞ ഒരു പൊന്‍ചഷകം അവളുടെ കൈയിലുണ്ടായിരുന്നു. ഇത് സഭയ്ക്കകത്തെ നൈതികവും മതകീയവുമായ ദുരുപദേശമാണ്. അവസാനംവരെ സത്യോപദേശത്തിന് സമാന്തരമായിട്ട് ഈ ദുരുപദേശവും ഉണ്ടാകും. മൂന്ന്; ക്രിസ്തുവിൻ്റെ കാന്ത അഥവാ, മണവാട്ടി: (വെളി, 19:7-8). ഇത് പുതിയനിയമ സഭയാണ്. ക്രിസ്തുവിൻ്റെ രണ്ടാം വരവിൽ എടുക്കപ്പെടുന്നവരായ എല്ലാ വിശ്വാസികളും അവൻ്റെ മണവാട്ടിയാണ്. അവൾ ധരിച്ചിരിക്കുന്ന ശോഭയേറിയതും നിര്‍മലവുമായ മൃദുലവസ്‌ത്രം വിശുദ്ധന്മാരുടെ സത്‌പ്രവൃത്തികളാണ്‌. (19:8). നാല്; സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ: (വെളി, 12:1-18). ഈ സ്ത്രീയെക്കുറിച്ച് പല വ്യാഖ്യാനങ്ങൾ നിലവിലുണ്ട്: 1. സൂര്യനെ ഉടയാടയാക്കിയ സ്ത്രീ, മണവാട്ടി സഭയും — ആൺകുട്ടി, വിശുദ്ധിയോടെ ജീവിക്കുന്നവരും. 2. സ്ത്രീ, നാമധേയ ക്രിസ്ത്യാനികൾ അഥവാ, യഥാർത്ഥ ക്രിസ്ത്യാനികൾ അല്ലാത്തവരും — ആൺകുട്ടി, പരിശുദ്ധാത്മാഭിഷേകം കാത്തിരുന്നു പ്രാപിച്ചവരും. 3. സ്ത്രീ, പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചവരും — ആൺകുട്ടി, വിവാഹജീവിതം ത്യജിച്ചവരും. 4. സ്ത്രീ, സ്വർഗ്ഗത്തിലെ വിശ്വസ്തരായ ആത്മസൃഷ്ടികൾ അഥവാ, ദൂതഗണങ്ങളും — ആൺകുട്ടി യേശുക്രിസ്തുവും. 5. സ്ത്രീ, യേശുവിൻ്റെ അമ്മയായ മറിയ — ആൺകുട്ടി, കർത്താവായ യേശുക്രിസ്തു. 6. സ്ത്രീ, ഇസ്രായേൽ — ആൺകുട്ടി, കർത്താവായ ക്രിസ്തു. 7. സ്ത്രീ, ഇസ്രായേൽ — ആൺകുട്ടി, ദൈവമക്കൾ അഥവാ, വീണ്ടും ജനിച്ചവർ. ഇതിൽ ആദ്യത്തെ നാലെണ്ണം വിചിന്തനം കൂടാതെ തള്ളിക്കളയാം. കാരണം, അതിന് ബൈബിളിൽ യാതൊരു തെളിവുമില്ല. 

സൂര്യനെ ഉടയാടയാക്കിയ സ്ത്രീ മറിയയോ?: സ്ത്രീ പ്രസവിച്ച ആൺകുട്ടി ക്രിസ്തു ആണെന്നു ധരിച്ചുകൊകൊണ്ടാണ്, സ്ത്രീ മറിയയാണെന്ന് വിചാരിക്കുന്നത്. “അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട്‌ ഭരിക്കാനുള്ളവനാണ്‌ അവൻ. അവളുടെ ശിശു ദൈവത്തിൻ്റെയും അവിടുത്തെ സിംഹാസനത്തിൻ്റെയും അടുത്തേക്ക്‌ സംവഹിക്കപ്പെട്ടു.” (വെളി, 12:5). ഇവിടെപ്പറയുന്ന, ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കുവാനുള്ള ആൺകുട്ടി ക്രിസ്തുവാണെന്നാണ് ഒരു വ്യാഖ്യാനം. യേശുവിൻ്റെ ജനനവും സ്വർഗ്ഗാരോഹണവുമാണ് ഈ വാക്യത്തിൻ്റെ പ്രതിപാദ്യം എന്ന് അക്കൂട്ടർ വിശ്വസിക്കുന്നു. അതിനാധാരമായിട്ട് സങ്കീർത്തനം 2:9 ചുണ്ടിക്കാണിക്കുന്നു. എന്നാൽ, വെളിപ്പാടുപുസ്തകം ഒരു പ്രവചനഗ്രന്ഥമാണ്. പ്രവചനമെന്നാൽ ഭാവിസംഭവങ്ങൾ അനാവരണം ചെയ്യുക എന്നാണ്. വെളിപ്പാട് 1:1-ൽ ‘ആസന്നഭാവിയിൽ സംഭവിപ്പാനുള്ളതു’ എന്നും, 4:1-ൽ ‘ഇനിയും സംഭവിക്കേണ്ടവ’ എന്നും കാണുന്നു. യേശുവിൻ്റെ സ്വർഗ്ഗാരോഹണത്തിനും ഏകദേശം 60 വർഷങ്ങൾക്ക് ശേഷമാണ് യോഹന്നാനു വെളിപ്പാട് ലഭിക്കുന്നത്. തന്മൂലം, സ്ത്രീ പ്രസവിച്ച ആൺകുട്ടി ക്രിസ്തു രക്തംകൊണ്ട് സമ്പാദിച്ച പുതിയനിയമ സഭയാണെന്ന് മനസ്സിലാക്കണം. ഇരുമ്പുദണ്ഡുകൊണ്ട്‌ ഭരിക്കാനുള്ള അധികാരം സഭയ്ക്ക് നല്കിയിട്ടുണ്ട്. (വെളി, 2:27). ആയിരമാണ്ടു വാഴ്ചയിൽ സഭ ക്രിസ്തുവിനൊപ്പം ഭരിക്കേണ്ടതാണെന്നും ഓർക്കുക. “അവളുടെ ശിശു ദൈവത്തിൻ്റെയും അവിടുത്തെ സിംഹാസനത്തിൻ്റെയും അടുത്തേക്ക്‌ സംവഹിക്കപ്പെട്ടു’ (വെളി, 12:5) എന്നത് സഭയുടെ ഉൽപ്രാപണമാണെന്നും മനസ്സിലാക്കാം. (1കോറി, 15:52). കൂടാതെ, സ്വർഗ്ഗത്തിൽ യുദ്ധമുണ്ടാകുന്നതും, സാത്താനെ ഭൂമിയിലേക്ക് തള്ളിക്കളയുന്നതും മഹാപീഡനത്തോട് ബന്ധപ്പെട്ടാണ്. (വെളി, 12:7-8). തുടർന്ന് 12:13-ൽ കാണുന്നു: “തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു ഉഗ്രസർപ്പംസർപ്പം കണ്ടിട്ടു ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി.” ഭൂമിയിൽ നടക്കുന്ന മഹാപീഡനത്തിൻ്റെ വിധേയർ എന്നു പറയുന്നത്; പ്രധാനമായും ഇസ്രായേലും, പിന്നെ ജാതികളുമാണ്. ഈ സമയത്ത് പുതിയനിയമ സഭ സ്വർഗ്ഗത്തിലാണ്; ഒപ്പം മറിയയും. പിന്നെങ്ങനെ ഭൂമിയിലേക്ക് തള്ളിക്കളഞ്ഞ ഉഗ്രസർപ്പം മറിയയെ ഉപദ്രവിക്കും? അതോ, ദൈവപുത്രന് മനുഷ്യനായി വെളിപ്പെടാൻ ഉദരം സമർപ്പിച്ച മറിയയെ, അന്നാളിൽ ദൈവം സാത്താൻ്റെ ഉപദ്രവത്തിന് ഏല്പിച്ചുകൊടുക്കുമോ? 17-ാം വാക്യവും നോക്കുക: “അപ്പോള്‍ സര്‍പ്പം സ്‌ത്രീയുടെ നേരേ കോപിച്ചു. ദൈവകല്‍പനകള്‍ കാക്കുന്നവരും യേശുവിനു സാക്‌ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോടു യുദ്ധം ചെയ്യാന്‍ അതു പുറപ്പെട്ടു.” സാത്താൻ സ്ത്രീയോട് കോപിച്ചു യുദ്ധംചെയ്യാൻ വരുന്നത്, സ്ത്രീയുടെ സന്താനങ്ങളോടാണ്. ആരാണീ സ്ത്രീയുടെ സന്താനങ്ങൾ. ദൈവത്തിൻ്റെ എതിരാളിയാണ് ബൈബിൾ പഠിപ്പിക്കുന്ന സാത്താൻ. സ്ത്രീ മറിയയാണെങ്കിൽ, മറിയയുടെ മക്കളാരാണ്? മറിയയോടും മക്കളോടുമെന്തിനാണ് സാത്താന് വൈരം? ദൈവത്തോടും, തൻ്റെ മക്കളോടും, സ്വന്തജനത്തോടുമാണ് സാത്താന് വൈരമുള്ളത്. ദൈവവും തൻ്റെ മക്കളും അഥവാ, ദൈവപുത്രൻ മുഖാന്തരം രക്ഷപ്രാപിച്ച പുതിയനിയമ സഭയും സ്വർഗ്ഗത്തിലാണ്. ഭൂമിയിലുള്ളത് ദൈവത്തിൻ്റെ സ്വന്തജനമായ ഇസ്രായേലാണ്. അപ്പോൾ സാത്താൻ തന്നെ സ്വർഗ്ഗത്തിൽനിന്ന് നിഷ്കാസനം ചെയ്തതിൻ്റെ പക വീട്ടുന്നത് ആരോടായിരിക്കും? സംശയമൊന്നും വേണ്ട; തൻ്റെ സ്വന്തജനമായ ഇസ്രായേലെന്ന സ്ത്രീയോടും, അവളുടെ സന്തതികളായ പന്ത്രണ്ട് ഗോത്രങ്ങളോടും ആയിരിക്കും.

ഉല്പത്തിയിലെ സ്ത്രീയാര്?: ഉല്പത്തിയിലെ സ്ത്രീ ആരാണെന്നറിയാൻ, ക്രിസ്തുവിൻ്റെ ജനനത്തെക്കുറിച്ചുള്ള മീക്കാപ്രവചനം നോക്കാം: “ബേത്‌ലെഹെം – എഫ്രാത്താ, യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന്‍ പണ്ടേ, യുഗങ്ങള്‍ക്കുമുന്‍പേ, ഉള്ളവനാണ്‌. അതിനാല്‍, ഈറ്റുനോവെടുത്തവള്‍ പ്രസവിക്കുന്നതുവരെ അവൻ അവരെ പരിത്യജിക്കും. പിന്നീട്‌, അവൻ്റെ സഹോദരരില്‍ അവശേഷിക്കുന്നവര്‍ ഇസ്രായേല്‍ ജനത്തിലേക്കു മടങ്ങിവരും.” (മിക്കാ, 5:2-3). 2-ാം വാക്യത്തിൽ, ഇസ്രായേലിലെ യൂദയാ ജില്ലയിൽ ബേത്‌ലെഹെം പട്ടണത്തിൽ ജനിക്കുന്ന രക്ഷകനെക്കുറിച്ചാണ് പ്രവചനം. അടുത്തഭാഗം, ‘ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും അഥവാ, ഇസ്രായേലിൻ്റെ സന്തതിയായി ജനിക്കും.’ പ്രവചനങ്ങളിൽ പറയുന്ന സ്ത്രീ മറിയയല്ല, ഇസ്രായേൽ രാജ്യവും ജനതയുമാണെന്ന് മനസ്സിലാക്കാൻ ഇതിൽപ്പരം തെളിവെന്തിനാണ്. തുടർന്ന്, ജനിക്കുവാനുള്ളവൻ്റെ അസ്തിത്വത്തെ കുറിച്ചാണ്; അവൻ പുരാതനനായ ദൈവം തന്നെയാണ്. 3-ാം വാക്യം; അതിനാൽ, ഈറ്റുനോവെടുത്തവൾ അഥവാ, പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ പരിത്യജിക്കും. ഇവിടെ പ്രസവിക്കാനുള്ള സ്ത്രീ മറിയയാണോ അതോ ഇസ്രായേലോ? ഇസ്രായേലിനെ ‘അവൾ’ എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, അവൻ ‘അവരെ’ പരിത്യജിക്കും എന്ന് ബഹുവചനത്തിലാണ് പറയുന്നത്. ഇവിടെ, ഈറ്റുനോവെടുത്ത സ്ത്രീ ഇസ്രായേലും, പരിത്യജിക്കും എന്നു പറഞ്ഞിരിക്കുന്നത് ഇസ്രായേൽ സന്തതികളേയുമാണ്. ക്രിസ്തുവിൻ്റെ ജനനംവരെ അവർ പരിത്യജിക്കപ്പെട്ടവർ തന്നെയായിരുന്നു. അതിനാൽ, ഉല്പത്തിയിലെ ‘സ്ത്രീയുടെ സന്തതിയും’ മിക്കായിലെ ‘ഈറ്റുനോവെടുത്തവളും’ ഇസ്രായേലാണെന്ന് മനസ്സിലാക്കാം.

സൂര്യനെ ഉടയാടയാക്കിയ സ്ത്രീയാര്?: വെളിപ്പാട് 12:1-ൽ തന്നെ ഇതിനാധാരമായ തെളിവുണ്ട്: “സ്വര്‍ഗ്ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം.” (വെളി, 12:1). ഉല്പത്തി പുസ്തകത്തിൽ ജോസഫ് കണ്ടൊരു സ്വപ്നമുണ്ട്: “അവനു വീണ്ടുമൊരു സ്വപ്‌നമുണ്ടായി. അവന്‍ തൻ്റെ സഹോദരന്‍മാരോടു പറഞ്ഞു: ഞാന്‍ വേറൊരു സ്വപ്‌നം കണ്ടു. സൂര്യനും ചന്ദ്രനും പതിനൊന്നു നക്‌ഷത്രങ്ങളും എന്നെ താണുവണങ്ങി.അവൻ ഇതു പിതാവിനോടും സഹോദരന്‍മാരോടും പറഞ്ഞപ്പോള്‍ പിതാവ്‌ അവനെ ശകാരിച്ചുകൊണ്ടു പറഞ്ഞു: എന്താണു നിൻ്റെ സ്വപ്‌നത്തിൻ്റ അര്‍ഥം? ഞാനും നിൻ്റെ അമ്മയും സഹോദരന്മാരും നിന്നെ നിലംപറ്റെ താണു വണങ്ങണമെന്നാണോ? (ഉല്പ, 37:9-10).  സൂര്യൻ യിസ്രായേലിന്റെ ഗോത്രപിതാവിനെയും (യാക്കോബ്), ചന്ദ്രൻ ഗോത്രമാതാവിനെയും (റാഹേൽ) 11 നക്ഷത്രങ്ങൾ ജോസഫിന്റെ സഹോദരന്മാരായ 11 ഗോത്രങ്ങളെയും കുറിക്കുന്നു. ജോസഫിന്റെ സ്വപ്നത്തിലെ സൂര്യനെ പ്രതിനിതീകരിക്കുന്ന യാക്കോബ്, ദൈവം അബ്രഹാമിനോടു ചെയ്ത ഉടമ്പടിയുടെ അവകാശിയാണ്. (ഉല്പ, 12:1,2). യോഹന്നാൻ കണ്ട സ്ത്രീ സൂര്യനെ അണിഞ്ഞവളും ചന്ദ്രൻ കാൽക്കീഴെ ഉള്ളവളും 12 നക്ഷത്രം കൊണ്ടുള്ള കിരീടം ധരിച്ചവളും ആയിരുന്നു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പ്രകാശം പരത്തുന്നവയാണ്. എന്നാൽ, സൂര്യനും നക്ഷത്രങ്ങളും പ്രകാശം സ്വയം പരത്തുമ്പോൾ ചന്ദ്രൻ പ്രകാശത്തെ പ്രതിഫലിപ്പിക്കുകയാണു ചെയ്യുന്നത്. സർവ്വലോകത്തിനും ദൈവീകപ്രകാശം നൽകുവാനായി തിരഞ്ഞെടുത്ത ജനത യിസ്രായേലായിരുന്നു. “അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള്‍ നിലവിളിച്ചു. പ്രസവക്ലേശത്താല്‍ അവള്‍ ഞെരുങ്ങി.” (വെളി, 12:2). പഴയനിയമത്തിൽ ഇസ്രായേലിനെ പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയായി പലപ്രാവശ്യം ചിത്രീകരിച്ചിട്ടുണ്ട്: ‘ഗര്‍ഭിണി പ്രസവമടുക്കുമ്പോള്‍ വേദനകൊണ്ടു കരയുന്നതുപോലെ’ (ഏശ, 26:17), ‘ഞങ്ങളും ഗര്‍ഭം ധരിച്ച്‌ വേദനയോടെ പ്രസവിച്ചു’ (ഏശ, 26:18), ‘പ്രസവവേദനയാൽ എന്നപോലുള്ള നിലവിളി ഞാന്‍ കേട്ടു. കടിഞ്ഞൂലിനെ പ്രസവിക്കുന്നവളുടേതുപോലുള്ള ആര്‍ത്തനാദം’ (ജറെ, 4:31), ‘ഈറ്റുനോവെടുത്തവളെപ്പോലെ നീ വേദനയാല്‍ പുളയുകയില്ലേ?’ (ജറെ, 13:21), ‘സീയോന്‍പുത്രീ, പ്രസവവേദനയനുഭവിക്കുന്ന സ്‌ത്രീയെപ്പോലെ നീ വേദനയാല്‍ പുളയുക’ (മിക്കാ, 4:10), ‘ഈറ്റുനോവെടുത്തവള്‍ പ്രസവിക്കുന്നതുവരെ അവൻ അവരെ പരിത്യജിക്കും.’ (മിക്കാ, 5:3). 

വെളിപ്പാട് 12:6: “ആ സ്‌ത്രീ മരുഭൂമിയിലേക്ക്‌ ഓടിപ്പോയി. അവിടെ ആയിരത്തിയിരുന്നൂറ്റിയറുപതു ദിവസം അവളെ പോറ്റുന്നതിനു ദൈവം സജ്‌ജമാക്കിയ ഒരു സ്‌ഥലമുണ്ടായിരുന്നു.” ഇത് യേശു ദാനിയേൽ പ്രവചനം ഉദ്ധരിച്ചുകൊണ്ട് പറഞ്ഞ മഹാപീഡനത്തിൻ്റെ അവസാന പകുതിയായ 3½ വർഷം അഥവാ 1260 ദിവസമാണ്. (ദാനീ, 12:1, മത്താ, 24:15-21). ഇസ്രായേലിനെ മരുഭൂമിയിൽ പോറ്റുന്ന സൂചനകളും ബൈബിളിലുണ്ട്: “നിങ്ങളെ ഞാന്‍ ജനതകളുടെ മരുഭൂമിയിലേക്കു കൊണ്ടുപോകും. അവിടെവച്ച്‌ മുഖാഭിമുഖം നിങ്ങളെ ഞാന്‍ വിചാരണ ചെയ്യും. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഈജിപ്‌തിലെ മരുഭൂമിയില്‍ വച്ച്‌ നിങ്ങളുടെ പിതാക്കന്‍മാരെ ഞാന്‍ വിചാരണ ചെയ്‌തതുപോലെ നിങ്ങളെയും വിചാരണ ചെയ്യും.” (എസെ, 20:35-36). വെളിപ്പാട് 12:7-11: സ്വർഗ്ഗത്തിൽ മിഖായേലും അവൻ്റെ ദൂതന്മാരും മഹാസർപ്പത്തോട് പടവെട്ടി അവനെ തോല്പിച്ച് ഭൂമിയിലേക്ക് തള്ളിക്കളയുന്നു. വെളിപ്പാട് 12:12-17: ഭൂമിയിൽ പതിച്ച പിശാച് തനിക്ക് ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ്‌ അരിശം കൊണ്ടു ഇസ്രായേലിനെതിരെ പിഡ കടുപ്പിക്കുകയാണ്. ഇതാണ് യേശു പറഞ്ഞ; “ലോകാരംഭം മുതല്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത, ഇനി ഉണ്ടാകാനിടയില്ലാത്ത, ഉഗ്രപീഡനം അന്നുണ്ടാകും.” (മത്താ, 24:21). ഇസ്രായേലിന് ഭവിക്കാനുള്ള ഈ ഉഗ്രപീഡധത്തെക്കുറിച്ച് പഴയപുതിയനിയമ ഭക്തന്മാർ പ്രവചിച്ചിട്ടുണ്ട്: ‘എല്ലാറ്റിനും എതിരായ ദിനം’ (ഏശ, 2:12), ‘വിനാശംപോലെ വരുന്ന ദിനം’ (ഏശ, 13:6), ‘പ്രതികാരത്തിൻ്റെ ദിനം’ (ഏശ, 63:4), ‘യാക്കോബിന് അനർത്ഥകാലം’ (ജറെ, 30:7), ‘ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത കഷ്‌ടതകള്‍’ (ദാനി, 12:1), ‘കഷ്ടദിനം’ (ജോയേ, 1:15), ‘ക്രോധത്തിൻ്റെ ദിനം’ (സെഫാ, 1:15), ‘കർത്താവിൻ്റെ മഹാദിനം’ (സെഫാ, 1:14), ‘കർത്താവിൻ്റെ മഹത്തും ഭീതിജനകവുമായ ദിവസം’ (മലാ, 4:5). ‘ലോകാരംഭം മുതല്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത, ഇനി ഉണ്ടാകാനിടയില്ലാത്ത, ഉഗ്രപീഡനം’ (മത്താ, 24:21), ‘പ്രതികാരത്തിൻ്റെ ദിവസം’ (ലൂക്കൊ, 21:22), ‘പരീക്ഷണങ്ങളുടെ സമയം’ (വെളി, 3:10), ‘ക്രോധത്തിൻ്റെ ഭീകരദിനം’ (വെളി, 6:17), ‘വലിയ ഞെരുക്കം’ (വെളി, 7:14). ഇതൊക്കെ യഹൂദന്മാരുടെ ന്യായപ്രമാണ ലംഘനത്തിനുള്ള ശിക്ഷയാണ്. (മത്താ, 23:34-36, ലൂക്കൊ, 11:9-51). ഒപ്പം യഹൂദന്മാർ ചോദിച്ചുവാങ്ങിയ ഒരു ശിക്ഷ കൂടിയുണ്ട്: “അപ്പോള്‍ ജനം മുഴുവൻ മറുപടി പറഞ്ഞു: അവൻ്റെ രക്‌തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിക്കൊള്ളട്ടെ!” (മത്താ, 27:25). ഇസ്രായേലിനു ഭവിക്കുവാനുള്ള കഷ്ടതകളെക്കുറിച്ചാണ് വെളിപ്പാട് പുസ്തകം പറയുന്നത്. അതിനാൽ, 12–ാം വാക്യത്തിലെ ‘സൂര്യനെ ഉടയാടയാക്കിയ സ്ത്രീ’ മറിയയല്ല; പ്രത്യുത, ഇസ്രായേലാണ്. തന്മൂലം, ഉല്പത്തിയിലെ ‘സ്ത്രീയുടെ സന്തതിയും’ മിക്കായിലെ ‘ഈറ്റുനോവെടുത്തവളും’ വെളിപ്പാടിലെ ‘സൂര്യനെ ഉടയാടയാക്കിയ സ്ത്രീയും’ ഇസ്രായേലാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

ഇസ്രായേലിനെ സ്ത്രീയെന്ന് വിളിച്ചിരിക്കുന്ന ഭാഗങ്ങൾ: പഴയനിയമത്തിൽ യഹോവയായ ദൈവത്തെ ഭർത്താവായും ഇസ്രായേലിനെ ഭർത്താവിനോടു വിശ്വസ്തതയില്ലാത്ത ഭാര്യയായും, ഉപേക്ഷിക്കപ്പെട്ടവളായും, വൈധവ്യം പേറുന്നവളായും, അമ്മയായും ചിത്രീകരിച്ചിട്ടുണ്ട്: ഭയപ്പെടേണ്ടാ, നീ ലജ്‌ജിതയാവുകയില്ല; നീ അപമാനിതയുമാവുകയില്ല. നിൻ്റെ യൗവനത്തിലെ അപകീര്‍ത്തി നീ വിസ്‌മരിക്കും; വൈധവ്യത്തിലെ നിന്ദനം നീ ഓര്‍ക്കുകയുമില്ല.” (ഏശ, 54:4).

“നിൻ്റെ സ്രഷ്‌ടാവാണു നിൻ്റെ ഭര്‍ത്താവ്‌. സൈന്യങ്ങളുടെ കര്‍ത്താവ്‌ എന്നാണ്‌ അവിടുത്തെനാമം. ഇസ്രായേലിൻ്റെ പരിശുദ്ധനാണ്‌ നിൻ്റെ വിമോചകന്‍. ഭൂമി മുഴുവൻ്റെയും ദൈവം എന്ന്‌ അവിടുന്ന്‌ വിളിക്കപ്പെടുന്നു. (ഏശ, 54:5). 

“പരിത്യക്തയായ, യൗവനത്തിൽ‍ത്തന്നെ ഉപേക്‌ഷിക്കപ്പെട്ട, ഭാര്യയെപ്പോലെ സന്തപ്‌തഹൃദയയായ നിന്നെ കര്‍ത്താവ്‌ തിരിച്ചുവിളിക്കുന്നു എന്ന്‌ നിൻ്റെ ദൈവം അരുളിച്ചെയ്യുന്നു.” (ഏശ, 54:4-6). 

“പരിത്യക്‌തയെന്നു നീയോ, വിജനം എന്നു നിൻ്റെ ദേശമോ ഇനിമേല്‍ പറയപ്പെടുകയില്ല. എൻ്റെ സന്തോഷം എന്നു നീയും, വിവാഹിതയെന്നു നിൻ്റെ ദേശവും വിളിക്കപ്പെടും. എന്തെന്നാല്‍, കര്‍ത്താവ്‌ നിന്നില്‍ ആനന്‌ദം കൊള്ളുന്നു; നിൻ്റെ ദേശം വിവാഹിതയാകും.” (ഏശ, 62:4).

“അവിശ്വസ്‌തയായ ഇസ്രായേലിൻ്റെ വ്യഭിചാര ജീവിതംമൂലം ഞാന്‍ അവള്‍ക്കു മോചനപത്രം നല്‍കി പറഞ്ഞയയ്‌ക്കുന്നതും യൂദാ കണ്ടതാണ്‌. എന്നിട്ടും കാപട്യം നിറഞ്ഞആ സഹോദരി യൂദാ, ഭയന്നില്ല; അവളും വേശ്യാവൃത്തിയിലേര്‍പ്പെട്ടു.” (ജറെ, 3:8).

“കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഭവനമേ,അവിശ്വസ്‌തയായ ഭാര്യ ഭര്‍ത്താവിനെ ഉപേക്‌ഷിക്കുന്നതുപോലെ നീയും വിശ്വാസ വഞ്ചന ചെയ്‌തിരിക്കുന്നു.” (ജറെ, 3:20).

“ഭര്‍ത്താവിനു പകരം അന്യപുരുഷന്‍മാരെ സ്വീകരിക്കുന്ന സ്വൈരിണിയായ ഭാര്യയെപ്പോലെയാണ്‌ നീ.” (എസെ, 16:32).

“കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അന്നു നീ എന്നെ പ്രിയതമന്‍ എന്നുവിളിക്കും. എൻ്റെ ബാല്‍ എന്നു നീ മേലില്‍ വിളിക്കുകയില്ല.”(ഹോസി, 2:16). 

ഇസ്രായേലിനെ അമ്മയായി പറഞ്ഞിരിക്കുന്ന വേദഭാഗങ്ങൾ: “കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളുടെ അമ്മയെ ഉപേക്‌ഷിച്ചപ്പോള്‍ നല്‍കിയ മോചനപത്രം എവിടെ? എൻ്റെ കടക്കാരില്‍ ആര്‍ക്കാണ്‌ നിങ്ങളെ ഞാന്‍ വിറ്റത്‌? നിങ്ങളുടെ അകൃത്യങ്ങള്‍ നിമിത്തം നിങ്ങള്‍ വില്‍ക്കപ്പെട്ടു. നിങ്ങളുടെ അപരാധം നിമിത്തം നിങ്ങളുടെ മാതാവ്‌ ഉപേക്‌ഷിക്കപ്പെട്ടു.” (ഏശ, 50:1). “അവള്‍ പ്രസവിച്ച പുത്രന്മാരില്‍ ആരും അവളെ നയിക്കാനില്ല. അവള്‍ പോറ്റിയ പുത്രന്‍മാരില്‍ ആരും അവളെ കൈപിടിച്ചുനടത്താനില്ല. (ഏശ, 51:18). ആകയാൽ ഉല്പത്തിയിലെ സ്ത്രീയും, വെളിപ്പാട് 12-ലെ സ്ത്രീയും അബ്രാഹാമിൻ്റെ സന്തതിയായ യാക്കോബിൻ്റെ സന്തതികളായ ഇസ്രായേലാണെന്ന് നിസംശയം മനസ്സിലാക്കാം.  

പുതിയനിയമത്തിലെ സ്ത്രീയിൽനിന്ന് ജനിച്ചവൻ എന്ന പ്രയോഗം: ബൈബിളിൽ യേശുവിനെ സ്ത്രീയുടെ സന്തതി, കന്യക ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും, സ്ത്രീയിൽ നിന്നു ജനിച്ചവൻ എന്നൊക്കെ പറയുന്നത്, അക്ഷരിക അർത്ഥത്തിലല്ല; പ്രത്യുത, ദൈവപുത്രൻ്റെ പരിശുദ്ധജനനമാണ് വിവക്ഷിക്കുന്നത്. “എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.” (ഗലാ, 4:4-5). ആദാമും ഹവ്വായും ഒഴികെയുള്ള എല്ലാ മനുഷ്യരും സ്ത്രീയിൽനിന്ന് തന്നെയാണ് ജനിക്കുന്നത്. തന്മൂലം, സ്വാഭാവികമായ അർത്ഥത്തിലല്ല ‘സ്ത്രീയിൽ നിന്നു ജനിച്ചവൻ അഥവാ, സ്ത്രീയുടെ സന്തതി’ എന്ന പ്രയോഗം. പ്രത്യുത, സവിശേഷമായ ഒരർത്ഥം ഇതിനുണ്ടെന്ന് മനസ്സിലാക്കാം. ഇവിടെ ‘സ്ത്രീയിൽ നിന്നു ജനിച്ചവൻ’ എന്നു പറയുമ്പോൾ, ആ സന്തതിയുടെ ജനനത്തിൽ പുരുഷന് യാതൊരു ബന്ധവുമില്ല എന്നാണ് അർത്ഥമാക്കുന്നത്. സ്ത്രീയുടെ അണ്ഡവും പുരുഷൻ്റെ ബീജവും സംയോജിക്കുമ്പോഴാണ് ഒരു കുഞ്ഞിൻ്റെ ഭ്രൂണം രൂപപ്പെടുന്നത്. പുരുഷസംസർഗ്ഗം കൂടാതെയാണ് ഒരു സ്ത്രീ പ്രസവിക്കുന്നതെങ്കിൽ, ആ സ്ത്രീയുടെ അണ്ഡവും നിഷ്ക്രിയമായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയത്തിനും അവകാശമില്ല. പരിശുദ്ധാത്മാവിലാണ് യേശുവിൻ്റെ ജനനമെന്ന് ബൈബിൾ ആവർത്തിച്ച് വ്യക്തമാക്കുന്നു. (മത്താ, 1:18, 20; ലൂക്കൊ, 1:35). പ്രകൃത്യാതീതമായിട്ട് കന്യകയിൽ ജനിച്ച കുഞ്ഞിനെ അക്ഷരാർത്ഥത്തിൽ ‘സ്ത്രീയിൽനിന്ന് ജനിച്ചവൻ’ എന്നെങ്ങനെ പറയാൻ കഴിയും? ഇവിടെ പൗലൊസ് പറഞ്ഞുവെക്കുന്നത്; ഇസ്രായേലിനെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാൻ ന്യായപ്രമാണത്തിന് കീഴുള്ളവനായി ജനിച്ച പരിശുദ്ധ സന്തതിയെക്കുറിച്ച് അഥവാ, യേശുവിൻ്റെ പാപരഹിത ജനനത്തെക്കുറിച്ചാണ്. പാപപരിഹാരത്തിനായി പരിശുദ്ധ രക്തമാണ് ചൊരിയപ്പെടേണ്ടത്. (1പത്രൊ, 1:19). “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു” (റോമ, 3:23) എന്നു ബൈബിൾ പറയുമ്പോൾ, ആദാമ്യപാപത്താൽ കളങ്കിതരായ സ്ത്രീക്കോ പുരുഷനോ യേശുവിൻ്റെ ജനനത്തിൽ ഭാഗഭാഗിത്വം വഹിക്കാൻ കഴിയില്ലെന്നത് സ്പഷ്ടമാണ്. ഇതിൽനിന്ന് ഒരുകാര്യം വ്യക്തമാണ്: ദൈവം മനുഷ്യനായി മന്നിൽ വെളിപ്പെടാൻ മറിയയെന്ന ഭക്തകന്യകയുടെ ഗർഭപാത്രം മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. സർവ്വത്തിൻ്റെയും ഉടയവനും സകലർക്കും ജീവനും ശ്വാസവും നല്കുന്നവനും, ആരെയും ആശ്രയിക്കാത്തവനുമായ ദൈവം മറിയയുടെ ഗർഭപാത്രം സ്വീകരിച്ചതിൻ്റെ കാരണം എബ്രായലേഖകൻ വ്യക്തമാക്കിയിട്ടുണ്ട്. (2:14,15). 

ഗലാത്യർ 4:1-മുതൽ പഠിക്കുമ്പോൾ ‘സ്ത്രീയിൽനിന്നു ജനിച്ചവൻ’ എന്ന പ്രയോഗത്തിൻ്റെ അർത്ഥം മനസ്സിലാകും. യെഹൂദന്മാർ മക്കളും അവകാശികളുമൊക്കെ ആണെങ്കിലും, വളർച്ച പ്രാപിക്കാത്തതുകൊണ്ട് ന്യായപ്രമാണത്തിനു കീഴിൽ അവർ അടിമകളായിരുന്നു. ഈ അടിമത്വത്തിൽനിന്ന് അവരെ വിടുവിച്ച് പുത്രത്വം നല്കാനാണ് യേശു ജനിച്ചത്. (റോമ, 3:20; 8:3; ഗലാ, 2:16; 3:13). ‘കാലസമ്പൂർണ്ണത വന്നപ്പോൾ’ അഥവാ, രക്ഷാകര പ്രവൃത്തിക്കുള്ള സമയം തികഞ്ഞപ്പോൾ, ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി നിയോഗിച്ചു. 2-ാം വാക്യത്തിൽ ‘പിതാവ് നിശ്ചയിച്ച അവധിയോളം’ എന്നൊരു പ്രയോഗവുമുണ്ട്. പിതാവിൻ്റെ സമയമായപ്പോൾ ദൈവം തൻ്റെ പുത്രനെ സ്ത്രീയിൽ നിന്നു ജനിച്ചവനായി അയച്ചു. യേശു പുരുഷാരത്തോട് പറയുകയുണ്ടായി: “സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ.” (ലൂക്കൊ, 7:28). യേശു സ്ത്രീയിൽനിന്ന് ജനിച്ചവനെന്ന് അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, യോഹന്നാനെക്കാൾ താഴെയാകും യേശുവിൻ്റെ സ്ഥാനമെന്നു മാത്രമല്ല; ദൈവരാജ്യത്തിൽപ്പോലും ഏറ്റവും ചെറിയവനിൽ ചെറിയവനാണ് താനെന്നുവരും. തന്മൂലം ഗലാത്യർ 4:4-ലെ പ്രതിപാദ്യം യേശുവിൻ്റെ നിസ്തുല ജനനമാണെന്ന് നിസംശയം മനസ്സിലാക്കാം. ഈ വാക്യത്തിൻ്റെ അടുത്തഭാഗവും ശ്രദ്ധേയമാണ്: “ന്യായപ്രമാണത്തിൻ കീഴെ അഥവാ അധീനനായ് ജനിച്ചു.” എന്തിനുവേണ്ടി? ഇസ്രായേലിന് വെളിയിൽ ജനിക്കുന്ന ഒരാൾക്ക് ന്യായപ്രമാണവുമായി യാതൊരു ബന്ധവും ഉണ്ടാകയില്ല. അഞ്ചാം വാക്യം: “അങ്ങനെ, നമ്മെ പുത്രന്‍മാരായി ദത്തെടുക്കേണ്ടതിന്‌ അവന്‍ നിയമത്തിന്‌ അധീനരായി കഴിഞ്ഞവരെ വിമുക്‌തരാക്കി.” (ഗലാ, 4:5). നിയമത്തിന് കഴിയാത്ത കാര്യമാണ് ദൈവം ക്രിസ്തുവിലൂടെ ചെയ്തത്; “ശരീരത്താല്‍ ബലഹീനമാക്കപ്പെട്ട നിയമത്തിന്‌ അസാധ്യമായത്‌ ദൈവം ചെയ്‌തു. അവിടുന്നു തൻ്റെ പുത്രനെ പാപപരിഹാരത്തിനുവേണ്ടി പാപകരമായ ശരീരത്തിൻ്റെ സാദൃശ്യത്തില്‍ അയച്ചുകൊണ്ട്‌ പാപത്തിനു ശരീരത്തില്‍ ശിക്‌ഷ വിധിച്ചു.” (റോമാ, 8:3). നിയമത്തിൻ്റെ ശാപത്തിൽ നിന്ന് അവരെ രക്ഷിക്കുവാനാണ് ഇസ്രായേലിൻ്റെ സന്തതിയായി ക്രിസ്തു ജനിച്ചത്; “ക്രിസ്‌തു നമ്മെപ്രതി ശപിക്കപ്പെട്ടവനായി തീര്‍ന്നുകൊണ്ടു നിയമത്തിൻ്റെ ശാപത്തില്‍നിന്നു നമ്മെരക്ഷിച്ചു. എന്തെന്നാല്‍, മരത്തില്‍ തൂക്കപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാണ്‌ എന്ന്‌ എഴുതിയിരിക്കുന്നു.” (ഗലാ, 3:13. ഒ.നോ: റോമാ, 3:20; 1പത്രൊ, 1:19). തന്മൂലം ഇവിടെയും ‘സ്ത്രീയിൽ നിന്ന് ജനിച്ചവൻ’ എന്ന പ്രയോഗം ഇസ്രായേലെന്ന സ്ത്രീയേയും, അവരുടെ ന്യായപ്രമാണത്തിന് കീഴെ ജനിച്ച് അവർക്ക് സ്വാതന്ത്ര്യം നല്കിയ ക്രിസ്തു എന്ന പരിശുദ്ധ സന്തതിയേയുമാണ് കുറിക്കുന്നത്.

ഉപസംഹാരം: യേശുവിൻ്റെ ബാല്യകാലം വരെയുള്ള സംഭവങ്ങൽ കഴിഞ്ഞാൽ, മറിയയുടേതായി രണ്ടു പ്രസ്താവനകൾ മാത്രമാണ് ബൈബിളിലുള്ളത്. ഒന്നാമത്തത്; ‘അവർക്ക് വീഞ്ഞില്ല’ (യോഹ, 2:3) എന്ന അപേക്ഷയും, രണ്ടാമത്തത്; ‘അവന്‍ (യേശു) നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍.’ (യോഹ, 2:5) എന്ന ഉപദേശവും. മറിയയെന്ന ഭക്തയായ അമ്മയുടെ ഈ ഉപദേശമാണ് എല്ലാക്കാലത്തുമുള്ള ക്രിസ്തുവിൻ്റെ അനുയായികൾ അനുസരിക്കേണ്ടത്: യേശു പറയുന്നു; “വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിൻ്റെ അടുക്കലേക്കു വരുന്നില്ല.” (യോഹ, 14:6). “ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്‌. ആര്‌ എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക്‌ ഒന്നും ചെയ്യാൻ കഴിയുകയില്ല.” (യോഹ, 15:5). “ഞാനാണ്‌ പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നൻ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവൻ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ? (യോഹ, 11:25-26). “നിങ്ങള്‍ എൻ്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനിൽ മഹത്വപ്പെടാന്‍വേണ്ടി ഞാൻ പ്രവര്‍ത്തിക്കും. എൻ്റെ നാമത്തില്‍ നിങ്ങൾ എന്നോട്‌ എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്‌തുതരും.” (യോഹ, 14:13-14). “നിങ്ങള്‍ എന്നിൽ വസിക്കുകയും എൻ്റെ വാക്കുകള്‍ നിങ്ങളിൽ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്‌ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും.” (യോഹ, 15:7). “നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്‌തത്‌. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്‍മൂലം, നിങ്ങള്‍ എൻ്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും.” (യോഹ, 15:16). “അന്ന്‌ നിങ്ങള്‍ എന്നോട്‌ ഒന്നും ചോദിക്കുകയില്ല. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എൻ്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും.” (യോഹ, 16:23). യേശുവിൻ്റെ നാമത്തിൽ അവനോട് തന്നെയോ, പുത്രൻ്റെ നാമത്തിൽ പിതാവിനോടോ അല്ലാതെ, അപേക്ഷിക്കുവാനോ, പ്രാർത്ഥിക്കുവാനോ, മാദ്ധ്യസ്ഥം വഹിക്കുവാനോ ബൈബിൾ വ്യവസ്ഥ ചെയ്യുന്നില്ല. എന്തെന്നാൽ, അവനാണ് നമ്മുടെ രക്ഷകനും കർത്താവും ദൈവവും. “വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ്‌ യേശു. മറ്റാരിലും രക്‌ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.” (അപ്പൊസ്തല പ്രവര്‍ത്തനങ്ങള്‍ 4:11-12). ഇത് വിശ്വസിക്കുന്നവരും കർത്താവായ യേശുവിൻ്റെ നാമത്തിൽ രക്ഷ പ്രാപിക്കുന്നവരും മാത്രമാണ് യേശുവിൻ്റെ രണ്ടാം വരവിൽ അഥവാ, മദ്ധ്യാകാശ വരവിൽ അവനെ എതിരേല്ക്കാൻ ആകാശമേഘങ്ങളിൽ എടുക്കപ്പെടുന്നത്. (1തെസ, 4:16,17). ആമേൻ! കർത്താവായ യേശുവേ, വേഗം വരേണമേ!

Leave a Reply

Your email address will not be published. Required fields are marked *