പ്രാർത്ഥന

പ്രാർത്ഥന (Prayer)

ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലർത്തുന്നത് പ്രാർത്ഥനയിലൂടെയാണ്. പ്രാർത്ഥനാനുഭവം സാർവ്വത്രികവും സർവ്വതലസ്പർശിയുമാണ്. കാലഗതിയാലോ സാംസ്കാരിക പരിവർത്തനത്താലോ പ്രാർത്ഥന കാലഹരണപ്പെടുന്നില്ല. ശരീരത്തിനു ഭക്ഷണം എന്നപോലെ പ്രാർത്ഥന പ്രാണനും ആത്മാവിനും അനിവാര്യമാണ്. ബൈബിളിൽ പ്രാർത്ഥനയ്ക്ക് നല്കിയിരിക്കുന്ന സ്ഥാനം അതിന് മതിയായ തെളിവത്രേ. ആദാമും ദൈവവും തമ്മിലുള്ള സംഭാഷണം തുടങ്ങി പഴയപുതിയ നിയമങ്ങളിൽ ഉടനീളം പ്രാർത്ഥിച്ച വ്യക്തികളെ സംബന്ധിച്ചുള്ള വിവരണങ്ങൾ കാണാം. പഴയനിയമത്തിൽ എൺപത്തഞ്ചോളം മൗലികമായ പ്രാർത്ഥനകളുണ്ട്. അറുപതോളം പൂർണ്ണ സങ്കീർത്തനങ്ങളും പതിനാലു സങ്കീർത്തനഭാഗങ്ങളും പ്രാർത്ഥന എന്നു വിളിക്കപ്പെടാവുന്നതാണ്.

പ്രയോഗങ്ങൾ: പ്രാർത്ഥിക്കുക എന്നർത്ഥമുള്ള ‘പാലൽ’ എന്ന എബ്രായ ധാതു പഴയനിയമത്തിൽ 84 പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്.. പ്രാർത്ഥിക്കുക, അപേക്ഷിക്കുക, മാദ്ധ്യസ്ഥം വഹിക്കുക, ഇടപെടുക എന്നിവയാണ് പ്രസ്തുത ധാതുവിന്റെ പ്രസിദ്ധാർത്ഥങ്ങൾ. (1ശമൂ, 2:25). പ്രാർത്ഥനയെ കുറിക്കുന്ന പ്രധാന പദം ‘തെഫില്ലാഹ്’ ആണ്; പഴയനിയമത്തിൽ 77 പ്രാവശ്യം; ആദ്യപ്രയോഗം 1രാജാ, 8:28-ൽ. പ്രാർത്ഥനാഗീതത്തിനും തെഫില്ലാഹ് എന്നു പറയും. അഞ്ചു സങ്കീർത്തനങ്ങളുടെയും ഹബക്കുക്കിന്റെ പ്രാർത്ഥനയുടെയും (3:1) ശീർഷകം ഇതത്രേ. 1മുതൽ 72 വരെയുളള സങ്കീർത്തനങ്ങളെ പ്രാർത്ഥനകൾ (തെഫില്ലോത്) എന്നു സങ്കീർത്തനം 72:20-ൽ പറയുന്നു. 72 സങ്കീർത്തിനങ്ങളിൽ 17-ന്റെ ശീർഷകങ്ങളിൽ മാത്രമാണു പ്രാർത്ഥന എന്ന പദമുളളത്.

ഗ്രീക്കിലെ പ്രധാന ക്രിയാരൂപങ്ങൾ: യൂഖാമായി (2കൊരി, 13:7, 9; യാക്കോ, 5:16; 3യോഹ, 2), പ്രൊസ്യുഖൊമായി (റോമ, 8:26; എഫെ, 6:18; ഫിലി, 1:11; 1തിമൊ, 2:8; എബ്രാ, 13:18; യൂദാ, 20), എറേറ്റവോ, ഡെവൊമായി എന്നിവയാണ്. ഒടുവിൽ പറഞ്ഞ രണ്ടു ധാതുക്കൾക്കും അപേക്ഷിക്കുക, ചോദിക്കുക എന്നീ അർത്ഥങ്ങളുണ്ട്. ‘എറേറ്റവോ’ അപേക്ഷിക്കുക: (ലൂക്കൊ, 14:18,19; 16:27; യോഹ, 4:31; 16:26; 17:9, 15, 20; ചോദിക്കുക; (യോഹ 14:16). ‘ഡെവൊമായി’ അപേക്ഷിക്കുക: (2കൊരി, 5:20; 8:4). ദൈവത്തോടു പ്രാർത്ഥിക്കുന്നതിനെ കുറിക്കുകയാണാ ‘പ്രൊസ്യുഖൊമായി.’ സമവീക്ഷണ സുവിശേഷങ്ങളിലും അപ്പൊസ്തല പ്രവൃത്തികളിലും ഏറ്റവും അധികം ഉപയോഗിച്ചിട്ടുള്ളതാ ഈ ക്രിയാപദമാണ്. നാമപദങ്ങൾ: യൂഖീ (യാക്കോ, 5:15), പ്രൊസ്യുഖി (മത്താ, 21:22; ലൂക്കൊ, 6:12), ഡെയീസിസ് (ലൂക്കൊ, 1:13; 2:37; 5:33; 2കൊരി, 1:11), എൻട്യൂക്സിസ് (1തിമൊ, 4:5) എന്നിവയാണ്. യൂഖി എന്ന പദത്തെ പ്രവൃത്തികൾ 18:18-ലും 21:23-ലും നേർച്ച എന്നു തർജ്ജമ ചെയ്തിട്ടുണ്ട്.

അപേക്ഷിക്കുക: (ആവ, 3:23); ആരാധിക്കുക: (ഉല്പ, 4:26); നിലവിളിക്കുക: (ന്യായാ, 3:9; സങ്കീ, 72:12); ധ്യാനിക്കുക: (ഇയ്യോ, 15:4); ചോദിക്കുക: (സങ്കീ, 105:40); യാചിക്കുക: (മത്താ, 6:8); പ്രാർത്ഥിക്കുക: (പ്രവൃ, 8:22); ദൈവനാമം വിളിച്ചപേക്ഷിക്കുക: (പ്രവൃ, 9:14); പക്ഷവാദം ചെയ്യുക: (റോമ, 8:27) തുടങ്ങിയ പദങ്ങൾ പ്രാർത്ഥിക്കുക എന്നതിനു സമാനമായി പ്രയോഗിച്ചിട്ടുണ്ട്. യാചന എന്നത്ര പ്രാർത്ഥനയുടെ പ്രഥമാർത്ഥം. പ്രഭുക്കന്മാരോടും ശ്രഷ്ഠവ്യക്തികളോടും അപേക്ഷിക്കുന്നതിനെ പ്രാർത്ഥന എന്നു പറയാറുണ്ടെങ്കിലും ദൈവത്തോടു അപേക്ഷിക്കുന്നതിനാണ് പ്രാർത്ഥന എന്നു ബൈബിളിൽ പറഞ്ഞിട്ടുള്ളത്. പിതാക്കന്മാരുടെ കാലത്ത് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുകയായിരുന്നു പ്രാർത്ഥന. (ഉല്പ, 4:26; 12:8; 21:33). പ്രാർത്ഥന യാഗവുമായി ബന്ധപ്പെട്ടിരുന്നു. (ഉല്പ, 13:4; 26:25; 28:20-22). ഒരു വ്യക്തി ദൈവത്തെ സ്തുതിക്കുകയും ദൈവത്തിനു സ്തോത്രം ചെയ്യുകയും പാപങ്ങളെ ഏറ്റുപറയുകയും അപേക്ഷിക്കുകയും ചെയ്യുകയാണ് പ്രാർത്ഥനയിൽ. മനുഷ്യാത്മാവിനു ചെയ്യാവുന്ന ഏറ്റവും വലിയ പ്രവൃത്തിയാണിത്. ദൈവം മനുഷ്യാത്മാവിനെ സ്പർശിച്ചതുകൊണ്ടാണ് മനുഷ്യൻ ദൈവത്തോടു പ്രാർത്ഥിക്കുന്നത്. പ്രാർത്ഥന ഒരിക്കലും മനുഷ്യന്റെ പ്രാകൃതമായ പ്രതികരണമല്ല. (യോഹ, 4:24). കാരണം ജഡത്തിൽ നിന്നു ജനിച്ചതെല്ലാം ജഡം തന്നെയാണ്.

പ്രാർത്ഥനയുടെ ആവശ്യവും പ്രാധാന്യവും: പ്രാർത്ഥനയെക്കുറിച്ചു വ്യക്തമായ ഉപദേശം പുതിയനിയമം നല്കുന്നുണ്ട്. ക്രിസ്തുവിന്റെ ഉപദേശവും പ്രാർത്ഥനയുമാണ് ഇവയ്ക്ക് അടിസ്ഥാനം.

1. പ്രാർത്ഥനയെക്കുറിച്ചു ക്രിസ്തു പഠിപ്പിച്ചു. ക്രിസ്തുവിന്റെ പല ഉപമകളും പ്രാർത്ഥനയെക്കുറിച്ചുള്ളവയാണ്. അർദ്ധരാത്രിയിലെ സ്നേഹിതന്റെ ഉപമ (ലൂക്കൊ, 11:5-8) മടുത്തുപോകാതെ പ്രാർത്ഥിക്കുന്നതിന്റെ ആവശ്യം വ്യക്തമാക്കുന്നു. അനീതിയുള്ള ന്യായാധിപതിയുടെ ഉപമ (ലൂക്കൊ, 18:1-8) പ്രാർത്ഥനയുടെ നൈരന്തര്യത്തെ ചുണ്ടിക്കാണിക്കുന്നു. പരീശന്റെയും ചുങ്കക്കാരന്റെയും പ്രാർത്ഥന (ലൂക്കൊ, 18:10-14) പ്രാർത്ഥനയിലെ വിനയവും അനുതാപവും വ്യക്തമാക്കുന്നു. അനീതിയുള്ള ഭൃത്യന്റെ ഉപമ പ്രാർത്ഥനയിൽ ക്ഷമയുടെയും കരുണയുടെയും ആവശ്യം വെളിപ്പെടുത്തുന്നു. (മത്താ, 18:23, 25).

2. ഐഹിക ജീവിതത്തിൽ ക്രിസ്തു പ്രാർത്ഥന്നയ്ക്ക് മാതൃക കാണിച്ചു: (എബ്രാ, 5:7). ഭക്ഷണം, നിദ്ര എന്നതിനെക്കാൾ പ്രാധാന്യം യേശു പ്രാർത്ഥനയ്ക്കു നല്കി. (മർക്കൊ, 1:35; ലൂക്കൊ, 6:12). ശുശ്രൂഷകളുടെ തുടക്കത്തിലെല്ലാം ക്രിസ്തു പ്രാർത്ഥിച്ചു.

3. അപ്പൊസ്തലന്മാർ ഉപദേശിച്ചു: “പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ.” (കൊലൊ, 4:2). “ഇടവിടാതെ പ്രാർത്ഥിപ്പിൻ; എല്ലാറ്റിനും സ്തോത്രം ചെയ്വിൻ.” (1തെസ്സ, 5:17).

4. ആദിമ സഭ പ്രാർത്ഥനയ്ക്ക് ഊന്നൽ നൽകി. (പ്രവൃ, 6:4). കാരാഗൃഹത്തിൽ കിടന്ന പത്രൊസിനുവേണ്ടി സഭ ശ്രദ്ധയോടുകൂടി പ്രാർത്ഥിച്ചു. (പ്രവൃ, 12:5). പൗലൊസപ്പൊസ്തലൻ വിശ്വാസികൾക്കുവേണ്ടി എല്ലായ്പ്പോഴും പ്രാർത്ഥിച്ചിരുന്നു. (റോമ, 1:9; കൊലൊ, 1:9).

5. പ്രാർത്ഥിക്കാതിരിക്കുന്നത് പാപമാണ്. “ഞാനോ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാതെ ഇരിക്കുന്നതിനാൽ യഹോവയോട് പാപം ചെയ്വാൻ ഇടവരരുതേ.” (1ശമൂ, 12:23).

6. പ്രാർത്ഥിക്കാതിരിക്കുന്നത് ദൈവത്തെ ദു:ഖിപ്പിക്കുന്നു. ദൈവത്തിന്റെ നേർക്കുള്ള തെറ്റായ മനോഭാവവും ദൈവത്തെക്കുറിച്ചുളള അജ്ഞതയുമാണു പാർത്ഥിക്കുന്നതിൽ നിന്നു മനുഷ്യനെ തടയുന്നത്. “എന്നാൽ യാക്കോബേ നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല. യിസ്രായേലേ, നീ എന്റെ നിമിത്തം അദ്ധ്വാനിച്ചിട്ടുമില്ല.” (യെശ, 43:22).

7. പ്രാർത്ഥനയിലൂടെയാണ് ദൈവത്തിൽ നിന്ന് അനുഗ്രഹങ്ങൾ ലഭിക്കുന്നത്. (മത്താ, 7:11).

പ്രാർത്ഥിക്കേണ്ടത് ആരോട്?: നാം പ്രാർത്ഥിക്കേണ്ടത് പിതാവാം ദൈവത്തോടും പുത്രനാം ദൈവത്തോടുമാണ്. പത്രൊസ് കാരാഗൃഹത്തിലായിരുന്നപ്പോൾ സഭ ദൈവത്തോടു നിരന്തരം പ്രാർത്ഥിച്ചു. (പ്രവൃ, 12:5). പ്രപഞ്ചത്തിന്റെ സർവ്വാധികാരിയും പരിപാലകനുമായ ദൈവം തന്നെയാണ് പ്രാർത്ഥന സ്വീകരിപ്പാൻ യോഗ്യൻ. (നെഹെ, 4:9; യോഹ, 16:23; 1തെസ്സ, 5:23). സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു പിതാവിനെ വിളിച്ചു പ്രാർത്ഥിക്കാൻ ക്രിസ്തു പഠിപ്പിച്ചു. (മത്താ, 6:9; യോഹ, 16:23; 17:1, 11, 25; പ്രവൃ, 4:24; എഫെ, 1:17; 3:14). പുത്രനെ സംബോധന ചെയ്തും പ്രാർത്ഥിക്കാവുന്നതാണ്. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടും കൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ , എഴുതുന്നത്. (1കൊരി, 1:2). ആദിമസഭ ക്രിസ്തുവിനെ സംബോധന ചെയ്തു പ്രാർത്ഥിച്ചിരുന്നതായി പുതിയനിയമത്തിൽ പലേടത്തും കാണാം. (പ്രവൃ, 7:59; 2കൊരി, 12:8; 2തിമൊ, 2:22). പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കുന്നതിനെ കുറിച്ചുള്ള സൂചനകൾ ബൈബിളിൽ കാണുന്നില്ല. പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കുവാൻ കല്പപനയോ അപ്രകാരം പ്രാർത്ഥിച്ചതിന്റെ ദൃഷ്ടാന്തമോ ബൈബിളിൽ ഇല്ലെങ്കിൽ തന്നെയും അതു നിരോധിച്ചിട്ടില്ല. പരിശുദ്ധാത്മാവ് ദൈവം ആകയാൽ പരിശുദ്ധാത്മാവും ആരാധനയ്ക്ക് അർഹനാണ്. പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയെക്കുറിച്ചു 2കൊരി, 13:14-ൽ കാണാം. ഇതു പ്രാർത്ഥനയെ സൂചിപ്പിക്കുന്നതായി ചിലർ കരുതുന്നു. നമ്മുടെ പ്രാർത്ഥന സ്വീകരിക്കുന്നതിനെക്കാളും നമ്മിൽ ഇരുന്നുകൊണ്ട് പ്രാർത്ഥിക്കുകയാണ് പരിശുദ്ധാത്മാവു ചെയ്യുന്നത്. (റോമ, 8:26; യൂദാ, 20). പരിശുദ്ധാത്മാവിന്റെ ശക്തിയിലും നടത്തിപ്പിലും പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തോടു അപേക്ഷിക്കുന്നതാണ് പ്രാർത്ഥന.

പ്രാർത്ഥനയുടെ വിഷയം: 1. നമ്മുടെ ആവശ്യങ്ങൾ: യേശുക്രിസ്തു തന്റെ ആവശ്യങ്ങൾക്കു വേണ്ടി മനുഷ്യപുത്രൻ എന്ന നിലയിൽ ദൈവത്തോടു അപേക്ഷിച്ചു. വ്യക്തിപരമായ സഹായത്തിനുവേണ്ടി പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യൻ ദൈവത്തോടു പ്രാർത്ഥിക്കുന്നു. ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയിൽ അപ്പത്തിനുവേണ്ടിയും ദുഷ്ടനിൽ നിന്നുഉള്ള മോചനത്തിനു വേണ്ടിയും അപേക്ഷിക്കുന്നു. (മത്താ, 6:9-15). ജ്ഞാനം കുറവായ വ്യക്തി ജ്ഞാനം ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കേണ്ടതാണ്. (യാക്കോ, 1:5). കഷ്ടതയിലും പീഡനത്തിലും ദൈവത്തോടു നിലവിളിക്കുമ്പോൾ ദൈവം കേൾക്കും. (സങ്കീ, 102:16; 69:33; പുറ, 22:22,23; യാക്കോ, 5:4). കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ എന്നാണ് അപ്പൊസ്തലൻ ഉപദേശിക്കുന്നത്. (യാക്കോ, 5:13).

2. സഹവിശ്വാസികൾ: “എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവനുവേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടു കൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.” (യാക്കോ, 5:16). വിശ്വാസികൾ പരസ്പരം പ്രാർത്ഥിക്കേണ്ടതാണ്. (റോമ, 1:9,10). പുതുതായി വിശ്വാസത്തിലേക്കു വരുന്നവർക്കു വേണ്ടി പ്രാർത്ഥിക്കണം. (1തെസ്സ, 3:9-13; 2തെസ്സ, 1:11,12).

3. ക്രിസ്തീയ ശുശ്രൂഷകന്മാർ: “സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ. ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായി തുറക്കുമ്പോൾ എനിക്കു വചനം നല്കപ്പെടേണ്ടതിന്നും ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിൽ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാർത്ഥിപ്പിൻ.” (എഫെ, 6:18-20).

4.രോഗികൾ: “നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മുപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണപൂശി അവനുവേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവനു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ.” (യാക്കോ, 5:14-16).

5. ഭരണകർത്താക്കൾ: (1തിമൊ, 2:1-3). അധികാരത്തിൽ ഇരിക്കുന്നവർക്കുവേണ്ടി വിശ്വാസികൾ പ്രാർത്ഥിക്കേണ്ടതു ദൈവഹിതവും കല്പപനയുമാണ്. (1പത്രൊ, 2:17; 2പത്രൊ, 2:10 ,11).

6. മക്കൾക്കുവേണ്ടിയും (1ദിന, 29:18,19), ഉപദ്രവിക്കുന്നവർക്കു വേണ്ടിയും (മത്താ, 5:44; ലൂക്കൊ, 6:28; 23:34; പ്രവൃ, 7:60) പ്രാർത്ഥിക്കേണ്ടതാണ്. ചുരുക്കത്തിൽ സകല മനുഷ്യർക്കും (1തിമൊ, 2:1), സകലത്തിനു വേണ്ടിയും (ഫിലി, 4:6) പ്രാർത്ഥിക്കണം. യെരുശലേമിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുവാൻ സങ്കീർത്തനക്കാരൻ ആവശ്യപ്പെടുന്നു. (സങ്കീ, 122:6-7).

പ്രാർത്ഥനയുടെ രീതിയും വിധവും: എല്ലാവരുടെയും പ്രാർത്ഥന ശരിയായ രീതിയിലുള്ളതല്ല, ക്രിസ്തുവിന്റെ ശിഷ്യന്മാർ പോലും തങ്ങളുടെ പ്രാർത്ഥന കുറ്റമറ്റതായി കരുതിയില്ല. തന്മൂലം അവർ ക്രിസ്തുവിനോടു പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നതിനു അപേക്ഷിച്ചു. (ലൂക്കൊ, 11:1). വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ; (റോമ, 8:26) എന്നു പറയുമ്പോൾ പൗലൊസും വിവക്ഷിക്കുന്നതു പ്രാർത്ഥനയിൽ നേരിടുന്ന പരിമിതികളെയാണ്. എന്നാൽ ആത്മാവു തന്നെ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. പ്രാർത്ഥനാസമയത്തു ശരീരം ഏതു നിലയിലായിരിക്കണമെന്നു വ്യക്തമാക്കുന്നില്ല. പ്രാർത്ഥനയിൽ ശരീരനിലയല്ല മാനസികനിലയാണ് പ്രാധാന്യം. ബൈബിളിലെ പ്രാർത്ഥനകളിൽ മുട്ടുകുത്തി പ്രാർത്ഥിച്ചതിന്റെ സൂചനകളാണധികം. നിന്നും (യിരെ, 18:20; മർക്കൊ, 11:25; ലൂക്കൊ, 18:13; യോഹ, 17:1), മുട്ടുകുത്തിയും (1രാജാ, 8:54; എസ്രാ, 9:5; ദാനീ, 6:10; ലൂക്കൊ, 22:41; പ്രവൃ, 20:36; എഫെ, 3:14), കവിണ്ണുവീണും (മത്താ, 26:39), കിടക്കയിൽ കിടന്നും (സങ്കീ, 63:6), വെള്ളത്തിൽ നടന്നും (മത്താ, 14:30), ഇരുന്നും (2ശമൂ 7:18; 1രാജാ, 18:42), ക്രൂശിൽ കിടന്നും പ്രാർത്ഥിച്ചതായി കാണാം. മൗനമായും (1ശമു, 1:13), ഉറക്കെയും (യെഹെ, 11:13), ചിലപ്പോൾ കൈകൾ ഉയർത്തിയും (1രാജാ, 8:22; സങ്കീ, 28:2; 134:2; 1തിമൊ, 2:8) പ്രാർത്ഥിച്ചു.

പ്രാർത്ഥനയ്ക്കുള്ള സ്ഥലം: പ്രാർത്ഥിക്കുന്ന സമയവുമായി ബന്ധപ്പെട്ടതാണ് പ്രാർത്ഥനയ്ക്കുള്ള സ്ഥലം ൾ. ചുറ്റുമുള്ള കോലാഹലങ്ങളിൽ നിന്നൊഴിഞ്ഞ് രഹസ്യമായി ഉള്ളറയിലിരുന്നു ഏകാഗ്രമായി പ്രാർത്ഥിക്കുവാൻ തിരുവെഴുത്തുകൾ ഉപദേശിക്കുന്നു. (മത്താ, 6:6). സ്വകാര്യപ്രാർത്ഥനയിൽ ദൈവവുമായി ബന്ധപ്പെടുവാൻ നിർജ്ജനപ്രദേശം (മർക്കൊ, 1:35), മലമുകൾ (മത്താ, 13:34) എന്നിവ പോലുള്ള ഏകാന്ത സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതു നല്ലതാണ്. ഒരുമിച്ചുള്ള പ്രാർത്ഥനയെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (മത്താ, 18:19; പ്രവൃ, 1:14; 12:5; 20:36). അവിശ്വാസികളുടെ മുമ്പിൽ വച്ചും പ്രാർത്ഥിക്കേണ്ടതാണ്. (പ്രവൃ, 16:25). എവിടെവച്ചും പ്രാർത്ഥിക്കുവാനാണ് പൗലൊസ് അപ്പൊസ്തലൻ ഉപദേശിക്കുന്നത്. (1തിമൊ, 2:8). പ്രാർത്ഥനയ്ക്കു പ്രത്യേകസ്ഥലം ആവശ്യമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. വെളിമ്പ്രദേശത്തും (ഉല്പ, 24:11,12), നദിക്കരയിലും (പ്രവൃ, 16:13), കടല്ക്കരയിലും (പ്രവൃ, 21:5), യുദ്ധക്കളത്തിലും (1ശമൂ, 7:5), കിടക്കയിലും (സങ്കീ, 63:6), ദൈവാലയത്തിലും (2രാജാ, 19:14) പ്രാർത്ഥിച്ചതിന്റെ ഉദാഹരണങ്ങൾ ബൈബിളിലുണ്ട്.

പ്രാർത്ഥനയ്ക്കുള്ള സമയം: എല്ലായ്പ്പോഴും പ്രാർത്ഥിക്കുവാൻ (ലൂക്കൊ, 18:1; എഫെ, 6:18) തിരുവെഴുത്തുകൾ ഉപദേശിക്കുന്നെങ്കിലും പ്രാർത്ഥിക്കേണ്ട ചില സമയങ്ങളുടെ സൂചന കാണാവുന്നതാണ്. “ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും. ഞാൻ വൈകുന്നേരത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും. അവൻ എന്റെ പ്രാർത്ഥന കേൾക്കും.” (സങ്കീ, 55:16,17). ദാനീയേൽ ദിവസവും മൂന്നു പ്രാവശ്യം മുട്ടുകുത്തി പ്രാർത്ഥിച്ചതായി കാണുന്നു. (ദാനീ, 6:10). ആറാംമണി നേരത്തും ഒമ്പതാം മണി നേരത്തും അപ്പൊസ്തലന്മാർ പ്രാർത്ഥിച്ചുവന്നു. (പ്രവൃ, 3:1; 10:9, 30). ഭക്ഷണത്തിനു മുമ്പു പ്രാർത്ഥിക്കേണ്ടതാണ്. (മത്താ, 14:19; പ്രവൃ, 27:35; 1തിമൊ, 4:4). കഷ്ടകാലത്ത് ദൈവത്തോടു വിളിച്ചപേക്ഷിക്കണം. (സങ്കീ, 50:15). ശ്രതു നമ്മുടെമേൽ പ്രബലമാകുമ്പോഴും അനർത്ഥം വളയുമ്പോഴും നാം ദൈവത്തോടു അപേക്ഷിക്കേണ്ടതാണ്. (1ദിന, 5:20; 2ദിന, 13:16; 20:1-19; സങ്കീ,;60:11; 77:1,2; 86:7; 130:1; യോനാ, 2:2).

പ്രാർത്ഥനയിലെ ഔചിത്യം: സകലവും ഉചിതമായും ക്രമമായും നടക്കട്ടെ എന്നാണ് അപ്പൊസ്തലൻ ഉപദേശിക്കുന്നത്. (1കൊരി, 14:40). ഈ ഔചിത്യബോധം പ്രാർത്ഥത്തിലും അന്യഭാഷയിലും (1കൊരി, 14:27) ഉണ്ടായിരിക്കേണ്ടതാണ്. ആദിമ ക്രിസ്ത്യാനികൾ ഉചിതമായും ക്രമമായും പ്രാർത്ഥിച്ചിരുന്നതായി കാണാം. (പ്രവൃ, 1:24-26; 4:24-31; 12:5, 12; 13:1-3). പ്രാർത്ഥന എങ്ങനെയായിരിക്കണമെന്നു ക്രിസ്തു ഉപദേശിച്ചു. (മത്താ, 6:7). ഉപവസിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതെന്നും തലയിൽ എണ്ണതേച്ചു കഴുകണമെന്നും ക്രിസ്തു ഉപദേശിച്ചു. (മത്താ, 6:16-18).

പ്രാർത്ഥനയും മറുപടിയും: പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കാത്ത സന്ദർഭങ്ങളുണ്ട്. നമ്മുടെ പ്രാർത്ഥനയ്ക്ക് ഇല്ല അഥവാ ഇപ്പോഴില്ല എന്നിങ്ങനെ ദൈവം മറുപടി തരുന്നതും തന്റെ കരുണാധിക്യത്തിലാണ്. ദൈവഭക്തന്മാരുടെ പ്രാർത്ഥന വിഫലമായിപ്പോയ സന്ദർഭങ്ങൾ തിരുവെഴുത്തുകളിൽ ഉണ്ട്. (സങ്കീ, 88:13,14; വിലാ, 3:44; ഹബ, 1:2, 13). മറുപടി ലഭിക്കാത്തത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കുവാൻ പലപ്പോഴും സാധിക്കാറില്ല. (1കൊരി, 13:14). പ്രാർത്ഥിക്കുന്ന വ്യക്തിയുടെ മാനസികനിലയ്ക്കും പ്രാധാന്യമുണ്ട്. മറുപടി ലഭിക്കേണ്ടതിന്: 1. പ്രാർത്ഥന വിശ്വാസത്താലായിരിക്കണം: (എബ്രാ, 11:16; മത്താ, 17:20; 21:22; മർക്കൊ, 11:23, 24; യാക്കോ, 1:6. 2. യേശുവിന്റെ നാമത്തിലായിരിക്കണം: (യോഹ, 14:13; 15:16; 16:23). 3. ദൈവഹിതം അനുസരിച്ചായിരിക്കണം: (1യോഹ, 5:14,15). 4. പരിശുദ്ധാത്മാവിൽ: (എഫെ, 6:18; യൂദാ 20). 5. പാപം ഏറ്റു പറഞ്ഞു ഉപേക്ഷിച്ച ശേഷം ആയിരിക്കണം: (സങ്കീ, 66:18; സദൃ, 28:9; യെശ, 59:1,2). 6. ക്ഷമിക്കുന്ന ഹൃദയത്തോടായിരിക്കണം: (മത്താ, 6:12-15; 18:21-35; മർക്കൊ, 11:25,26; യാക്കോ, 5:14, 16). 7. സഹോദരനോടു നിരന്നിട്ടു വേണം: (മത്താ, 5:21-24; 18:19). 8. മടുത്തു പോകാതെയായിരിക്കണം: (ലൂക്കൊ, 11:5-8; 18:1-8). 9. ശ്രദ്ധയോടു കൂടെയായിരിക്കണം: (യാക്കോ, 5:16). 10. പ്രാർത്ഥിക്കുന്ന വ്യക്തി ക്രിസ്തുവിൽ വസിക്കണം: യോഹ, 15:7).

പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കാത്തതിനു ചില കാരണങ്ങൾ തിരുവെഴുത്തുകൾ പറയുന്നുണ്ട്.

1. ഭോഗത്തിൽ ചെലവിടുന്നതിനു അപേക്ഷിക്കുന്നതുകൊണ്ട്: (യാക്കോ, 4:3).

2. അതിക്രമം നിമിത്തം: (സങ്കീ, 66:18; യെശ, 59:1,2; ഹബ, 1:13).

3. ഹൃദയത്തിൽ വിഗ്രഹം വെച്ചുകൊള്ളുന്നതിനാൽ: (യെഹ, 14:3).

4. നാം ക്ഷമിക്കാത്തതു കൊണ്ട്: (മർക്കൊ, 11:25,26).

5. അവിശ്വാസം ഹേതുവായി: (യാക്കോ, 1:6).

6. ദൈവവചനം കേൾക്കാൻ വിസമ്മതിക്കുന്നതു കൊണ്ട്: സദൃ, 28:9).

7. എളിയവന്റെ നിലവിളി ആദരിക്കാത്തതു കൊണ്ട്: സദൃ, 21:13).

ശാരീരികവേദനയുടെയും വൈകാരികസമ്മർദ്ദത്തിന്റെയും പിടിയിൽ ഇയ്യോബ് പറഞ്ഞു: ഞങ്ങൾ സർവ്വശക്തനെ സേവിപ്പാൻ അവൻ ആർ? അവനോടു പ്രാർത്ഥിച്ചാൽ എന്തു പ്രയോജനം എന്നു അവർ പറയുന്നു. (ഇയ്യോ, 21:15). പ്രാർത്ഥന നിഷ്പ്രയോജനമല്ലെന്നു തിരുവെഴുത്തുകളും വ്യക്തികളുടെ അനുഭവങ്ങളും വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ രക്ഷണ്യപ്രവൃത്തിയുടെ നടത്തിപ്പിൽ പ്രാർത്ഥനയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. (1തിമൊ, 2:1-4). വ്യക്തിപരമായ ജീവിതത്തിൽ ദർശനത്തിന്റെയും ശക്തിയുടെയും അനുഗ്രഹത്തിന്റെയും ഉറവിടം പ്രാർത്ഥനയാണ്. അതിനാലാണ് പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് പ്രധാനസ്ഥാനം നൽകിയിട്ടുള്ളത്. (ലൂക്കൊ, 18:1; എഫെ, 6:18; ഫിലി, 4:6; 1തിമൊ, 2:1; 1തെസ്സ, 5:17). പ്രാർത്ഥന അവഗണിക്കുന്നതു പാപം തന്നെയാണ്. (1ശമൂ, 12:23). കാരണം മനുഷ്യജീവിതത്തിൽ ദൈവകൃപയുടെ പ്രവർത്തനത്തെ അതു തടയുന്നു. എല്ലാറ്റിന്റെയും പരമമായ ലക്ഷ്യം ദൈവമഹത്വമാണ്. പുത്രന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും പിതാവിന്റെ മഹത്വത്തിനായി നമുക്കു ലഭിക്കും. “നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിനു ഞാൻ ചെയ്ത തരും.” (യോഹ, 14:13).

One thought on “പ്രാർത്ഥന”

Leave a Reply

Your email address will not be published. Required fields are marked *