പ്രവാചകൻ

പ്രവാചകൻ

‘പ്രവചനം എങ്കിൽ വിശ്വാസത്തിന്നു ഒത്തവണ്ണം’ (റോമ, 12:6), മറ്റൊരുവനു പ്രവചനം (1കൊരി, 12:10), രണ്ടാമതു പ്രവാചകൻ (1കൊരി, 12:28), ചിലരെ പ്രവാചകന്മാരായും (എഫെ, 4:11) എന്നിങ്ങനെയാണ് കാണുന്നത്. പുതിയ നിയമത്തിൽ ആത്മീയവരങ്ങളെക്കുറിച്ചു പറയുമ്പോൾ അപ്പൊസ്തലന്മാർക്ക് അടുത്ത സ്ഥാനം പ്രവാചകന്മാർക്കു നൽകിയിരുന്നു (1കൊരി, 12:28, എഫെ, 4:11). അപ്പൊസ്തലന്മാരും പ്രവാചകന്മാരും സഭയുടെ അടിസ്ഥാനപ്പണിയിൽ ഉൾപ്പെട്ടിരുന്നു (എഫെ, 2:20). അപ്പൊസ്തലന്മാർ ജാതികളോടും അവിശ്വാസികളോടും സുവിശേഷം അറിയിച്ച് സഭകൾ സ്ഥാപിച്ചിരുന്നു. (പ്രവൃ, 10:44, 13:5, 14:23). പ്രവാചകന്മാർ സഭകളെ ഉറപ്പിച്ചും പോന്നു. (പ്രവൃ, 15:32), അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ജ്ഞാനവും വെളിപ്പാടുകളും ദൈവം തന്റെ ആത്മാവിനാൽ നേരിട്ടു നൽകുകയായിരുന്നു (1കൊരി, 13:2, എഫെ, 3:5). പ്രവാചകന്മാർ പലപ്പോഴും സഞ്ചാര സുവിശേഷകന്മാരായിരുന്നു. അവർ സഭകൾ തോറും ചെന്ന് ദൈവവചനം ഉപദേശിച്ച് വിശ്വാസികൾക്ക് ആത്മീകവർദ്ധന വരുത്തിയിരുന്നു. ദൈവം പ്രവാചകന്മാരിലൂടെ സ്വന്തം ഹിതം വെളിപ്പെടുത്തിയുമിരുന്നു. (പ്രവൃ,, 13:1,2). ചിലപ്പോൾ അവർ ഭാവികാല സംഭവങ്ങളും മുന്നറിയിച്ചിരുന്നു. (അപ്പൊ, 11:28, 21:10).

പുതിയനിയമ പ്രവചനം ഒറ്റനോട്ടത്തിൽ: 1. പ്രവചനം എങ്കിൽ വിശ്വാസത്തിന് ഒത്തവണ്ണം (റോമ, 12:6). 2. കൃപാവരമായ പ്രവചനം എല്ലാവർക്കും ഇല്ലായിരുന്നു (1കൊരി, 12:10, എഫെ, 4:11). 3. ദൈവത്തിലുള്ള സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിക്കുന്നതാണ് പ്രവചനവരം (1കൊരി, 13:2). 4. പ്രവചനം വിശ്വാസികൾക്ക് അടയാളമായിരുന്നു (1കൊരി, 14:22). 5. പ്രവചനം തുച്ഛീകരിക്കരുത് (1തെസ്സ, 5:20). 6. തിരുവെഴുത്തിലെ പ്രവചനം മാനുഷീകമല്ല (2പത്രൊ, 1:20). 7. പ്രവചനം ദൈവകല്പനയാൽ മനുഷ്യൻ സംസാരിച്ചതാണ് (2പത്രൊ, 1:21). 8. ദൈവവചനമാകുന്ന പ്രവചനം വായിക്കുന്നവനും, കേൾക്കുന്നവനും , പ്രമാണിക്കുന്നവനും ഭാഗ്യവാന്മാർ (വെളി, 1:3, 22:7). 9. യേശുവിനെ സാക്ഷിക്കുന്നത് പ്രവചനത്തിന്റെ ആത്മാവാണ് (വെളി, 19:10). 10. പ്രവചനം മുദ്രയിടരുത് (വെളി, 22:10). 11. പ്രവചനം പൂർണ്ണമാണ്; അതിനാൽ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ട ആവശ്യമില്ല (വെളി, 22:18,19).

പ്രവാചകന്മാരുടെ ശ്രേഷ്ഠത: 1. ക്രിസ്തുവിനൊപ്പം സഭയുടെ അടിസ്ഥാനപ്പണിയിൽ പ്രവാചകന്മാരും ഉൾപ്പെട്ടിരിക്കുന്നു (എഫെ, 2:20). 2. അപ്പൊസ്തലന്റെ അടുത്ത സ്ഥാനം പ്രവാചകനായിരുന്നു (1കൊരി, 12:28, എഫെ, 4:11). 3. ദൈവീക രഹസ്യങ്ങൾ ആത്മാവ് പ്രവാചകന്മാർക്ക് വെളിപ്പെടുത്തിയിരുന്നു (എഫെ, 3:5). 4. പ്രവാചകൻ അന്യഭാഷക്കാരനേക്കാൾ വലിയവനാണ് (1കൊരി, 14:5). 5. പ്രവാചകന്റെ ആത്മാവ് പ്രവാചകനു കീഴടങ്ങിയിരിക്കും (1കൊരി, 14:32). 6. ദൈവത്തിലുള്ള സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചവനാണ് പ്രവാചകൻ (1കൊരി, 13:2).

പ്രവാചകന്മാരുടെ ശുശ്രൂഷകൾ: 1. വരുവാനുള്ള കാര്യങ്ങൾ മുൻകൂട്ടി പ്രസ്താവിക്കുക (പ്രവൃ,, 11:27,28, 21:10,11). 2. സഭയെ പ്രബോധിപ്പിക്കുക ഉറപ്പിക്കുക മറ്റു മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക (പ്രവൃ, 15:32, 1കൊരി, 14:31). 3. ദൈവവചന സത്യങ്ങൾ ഉപദേശിച്ചുകൊടുക്കുക, ആത്മീകവർദ്ധന വരുത്തുക (1കൊരി, 14:3). 4. ദൈവനിശ്വസ്തവും അല്ലാതുള്ളതുമായ വചനങ്ങളെ വേർതിരിച്ചു കാണിക്കുക (1കൊരി, 14:29). 5. ദൈവീക രഹസ്യങ്ങളും ഉദ്ദേശങ്ങളും വെളിപ്പെടുത്തുക (എഫെ, 3:3,5).

പ്രവചനവരം ഇന്നുമുണ്ടെന്ന് വിചാരിക്കുന്നവരുണ്ട്. പ്രവചനവരം ഇന്നാർക്കുമില്ല; എന്നാൽ, നാമെല്ലാവരും പ്രാചകന്മാർ തന്നെയാണ്. നമ്മുടെ കർത്താവായ യേശുക്രിസ്തു രാജാവും, അപ്പൊസ്തലനും, മഹാപുരോഹിതനും, പ്രവാചകനും ആയതുകൊണ്ട്, ദൈവത്തിൻ്റെ മക്കളും ക്രിസ്തുവിന് കൂട്ടവകാശികളായ (റോമ, 8:17) നാമോരോരുത്തരും രാജാക്കന്മാരും അപ്പൊസ്തലന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും ആണ്. പ്രവചനവരം എന്താണെന്ന് അപ്പൊസ്തലൻ വ്യക്തമാക്കിയിട്ടുണ്ട്: “എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും” (1കൊരി, 13:2). ദൈവത്തിലുള്ള സകല മർമ്മങ്ങളും ജ്ഞാനവും ഗ്രഹിക്കുന്നതാണ് പ്രവചനവരം. മൂന്നു കാര്യങ്ങൾ കൊണ്ട് പ്രവചനവരം ഇന്നാർക്കുമില്ലെന്ന് മനസ്സിലാക്കാം: ഒന്ന്; പുതിയനിയമത്തിൽ മർമ്മങ്ങളൊന്നും (രഹസ്യം) അവശേഷിക്കുന്നില്ല. പഴയനിയമത്തിൽ മർമ്മമായിരുന്നതിനെ ഒക്കെയും പുതിയനിയമത്തിൽ അപ്പൊസ്തലന്മാരും പ്രവാചകന്മാരും വെളിപ്പെടുത്തിക്കഴിഞ്ഞു. (റോമ, 16:24; എഫെ, 3:5; കൊലൊ, 1:26). രണ്ട്; പ്രവചനവരവും ജ്ഞാനവും നിന്നുപോകുമെന്നും ബൈബിൾ പറഞ്ഞിട്ടുണ്ട്. (1കൊരി, 13:8). കർത്താവിൻ്റെ വരവിലാണ് അന്യഭാഷയും ജ്ഞാനവും പ്രവചനവും നിന്നുപോകുന്നതെന്ന് പഠിപ്പിക്കുന്നവരുണ്ട്. കർത്താവിൻ്റെ വരവിനുശേഷം ഭൂമിയിൽ ദൈവസഭയോ, ബൈബിളോ ഉണ്ടാകുകയില്ല. മാത്രമല്ല, കൃപാവരങ്ങൾ യാതൊന്നിൻ്റെയും ആവശ്യവുമില്ല. പിന്നെ കുറഞ്ഞത് മുപ്പത് വരങ്ങളെങ്കിലും ഉള്ള സ്ഥാനത്ത് മൂന്നു വരങ്ങൾ മാത്രം മാറിപ്പോകുമെന്ന് പറയുന്നതെന്തിനാണ്? മൂന്ന്; ഇന്നും പ്രവചനവരം ഉണ്ടെന്നു വന്നാൽ, പ്രവചനത്തിൻ്റെ പൂണ്ണതയായ ബൈബിൾ പൂർണ്ണമല്ലെന്നു വരും. (വെളി, 22:18,19). (നോക്കുക: പ്രവാചകന്മാർ).

Leave a Reply

Your email address will not be published.