പുതിയ സൃഷ്ടിയത്രേ കാര്യം

പുതിയ സൃഷ്ടിയത്രേ കാര്യം

ബാഹ്യമായ ആചാരാനുഷ്ഠാനങ്ങൾക്ക് മനുഷ്യൻ എന്നും പ്രാധാന്യം കല്പിക്കുന്നുണ്ട്. എന്നാൽ അവയുടെ അന്തഃസത്ത ഉൾക്കൊണ്ട് ആന്തരികമായ പരിവർത്തനത്തിനു വിധേയനാകുവാൻ അവൻ തയ്യാറാകുന്നില്ല. അത്യുന്നതനായ ദൈവം തനിക്കായി ഒരു ജനതയെ വാർത്തെടുക്കുവാൻ അബ്രാഹാമിനെ വിളിച്ചു വേർതിരിച്ചു. ദൈവവുമായുള്ള ഉടമ്പടിയുടെ അടയാളമായി തൊണ്ണൂറ്റൊമ്പതു വയസ്സുകാരനായ അബ്രാഹാമും അവന്റെ വീട്ടിലുണ്ടായിരുന്ന പുരുഷന്മാരൊക്കെയും പരിച്ഛേദനയേറ്റു. മാത്രമല്ല, ദൈവത്തിന്റെ ഉടമ്പടി അവരുടെ ശരിരത്തിൽ നിത്യ ഉടമ്പടിയായിരിക്കേണ്ടതിന് തലമുറതലമുറയായി അവരുടെ എല്ലാ ആൺകുഞ്ഞുങ്ങളും എട്ടു ദിവസം പ്രായമാകുമ്പോൾ പരിച്ഛേദനയേല്ക്കണമെന്ന് ദൈവം കല്പിച്ചു. (ഉല്പ, 17:12,13). ആ ഉടമ്പടി അവർ അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കി ദൈവജനത്തിന്റെ അടയാളം പേറുന്നവരെങ്കിലും, അവർ ആ അടയാളം പേറിക്കൊണ്ടു തന്നെ അന്യദൈവങ്ങളെ ആരാധിച്ചു. ദൈവം അവരെ ശിക്ഷകളിലൂടെയും ശിക്ഷണങ്ങളിലുടെയും നടത്തിയപ്പോഴും പരിച്ഛേദനയുടെ ഉടമ്പടി അഭംഗുരം പാലിക്കപ്പെട്ടു. പെന്തെക്കോസ്തു പെരുന്നാളിനുശേഷം പരിശുദ്ധാത്മനിറവിലും ശക്തിയിലും ശിഷ്യന്മാർ പ്രവർത്തിക്കുവാൻ തുടങ്ങിയപ്പോൾ വിജാതീയരായ അനേകർ യേശുവിൽ വിശ്വസിച്ചു. അവർ പരിച്ഛേദനയേല്ക്കണമെന്ന വാദമുഖം ശിഷ്യന്മാരുടെ ഇടയിൽത്തന്നെ ഉണ്ടായി. അതു കൊണ്ടാണ്, “പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം” (ഗലാ, 6:15) എന്ന് അപ്പൊസ്തലനായ പൗലൊസ് വ്യക്തമാക്കുന്നത്. ബാഹ്യമായ ചടങ്ങുകളെക്കാളും അടയാളങ്ങളെക്കാളും ആന്തരികമായ പരിവർത്തനമാണ് ആവശ്യമായിരിക്കുന്നതെന്ന് അപ്പൊസ്തലൻ വ്യക്തമാക്കുന്നു. പരിശുദ്ധാത്മാവ് വരുത്തുന്ന ആന്തരിക പരിവർത്തനമാണ് ഒരു വ്യക്തിയെ പുതിയ സ്യഷ്ടിയാക്കുന്നത്. പരിശുദ്ധാത്മാവ് നയിക്കുന്ന പുതിയ സൃഷ്ടിയെ തിരിച്ചറിയുന്നത് പ്രത്യേകമായ അനുഷ്ഠാനങ്ങൾകൊണ്ടോ ശബ്ദകോലാഹലങ്ങൾകൊണ്ടോ അല്ല; പിന്നെയോ യേശുവിന്റെ സ്നേഹവും സാന്ത്വനവും സമാധാനവും സൗമ്യതയും സഹിഷ്ണുതയും ശക്തിയും പരിശുദ്ധാത്മനിറവിൽ ആ വ്യക്തിയിലൂടെ അനേകരിലേക്ക് അനർഗ്ഗളമായി പ്രവഹിക്കുമ്പോഴാണ്.

Leave a Reply

Your email address will not be published. Required fields are marked *