പീലാത്തൊസ്

പീലാത്തോസ് (Pilate)

പേരിനർത്ഥം – ശൂലപാണി

എ.ഡി. 26 മുതൽ 36 വരെ യെഹൂദ്യ ഭരിച്ചിരുന്ന ദേശാധിപതി. തിബെര്യാസ് കൈസറാണ് പീലാത്തോസിനെ ദേശാധിപതിയായി നിയമിച്ചത്. പീലാത്തോസിന്റെ പൂർവ്വചരിത്രം അജ്ഞാതമാണ്. ജർമ്മൻ ഐതീഹ്യമനുസരിച്ച് മയൻസിയിലെ രാജാവായ ടൈറസിന്റെ അവിഹിത പുത്രനാണ്. രാജാവ് അയാളെ ജാമ്യത്തടവുകാരനായി റോമിലേക്കയച്ചു. അവിടെ ഒരു വധം നടത്തിയ പീലാത്തോസിനെ പൊന്തൊസിലേക്കു അയച്ചു. സംസ്കാര ശൂന്യമായ ഒരു വർഗ്ഗത്തെ അടിച്ചമർത്തിയതുകൊണ്ട് പീലാത്തോസിനു പൊന്തിയൊസ് എന്ന പേരു ലഭിച്ചു. അനന്തരം യെഹൂദ്യയിലെ ദേശാധിപതിയായി പീലാത്തോസ് നിയുക്തനായി.

യെഹൂദ്യയുടെ ദേശാധിപതി എന്ന നിലയിൽ മാത്രമേ പീലാത്തോസ് അറിയപ്പെടുന്നുള്ളൂ. റോമൻ രേഖകളിൽ ഒരിടത്തു മാത്രമാണ് പീലാത്തോസിന്റെ പേർ കാണപ്പെടുന്നത്. തിബെര്യാസ് കൈസറിന്റെ കാലത്തു പൊന്തിയോസ് പീലാത്തോസിന്റെ കയ്യിൽ യേശുവിന്റെ വധം നടന്നു എന്നു താസിറ്റസ് (Tacitus-Ann. XV 44) രേഖപ്പെടുത്തിയിട്ടുണ്ട്. യെഹൂദ ചരിത്രകാരന്മാരായ ജൊസീഫസും ഫിലോയും പീലാത്തോസിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. യെഹൂദന്മാരുടെ മതവികാരം വ്രണപ്പെടുത്തുന്നതിൽ പീലാത്തോസ് അത്യുത്സകനായിരുന്നു. ദേശാധിപതിയായി യെഹൂദ്യയിൽ എത്തിയ പീലാത്താസ് യെഹൂദന്മാരെ ഉടൻതന്നെ പ്രകോപിപ്പിച്ചു. സൈന്യത്തിന്റെ ആസ്ഥാനം കൈസര്യയിൽ നിന്നും യെരൂശലേമിലേക്കു മാറ്റി. ചക്രവർത്തിയുടെ പ്രതിരൂപം പതിച്ചിട്ടുളള കൊടികളും ഏന്തി, സൈന്യം യെരുശലേമിൽ പ്രവേശിച്ചു. ഇതിൽ പ്രതിഷേധിച്ച യെഹൂദന്മാർ കൈസര്യയിൽ പീലാത്തോസിന്റെ പാർപ്പിടം വളഞ്ഞു. ഒടുവിൽ ജനത്തിന്റെ നിർബ്ബന്ധത്തിനു വഴങ്ങി കൊടികൾ മുഴുവൻ കൈസര്യയിലേക്കു മടക്കിക്കൊണ്ടുപോയി. മറ്റൊരിക്കൽ യെരൂശലേമിലെ തന്റെ കൊട്ടാരത്തിൽ അലങ്കാരത്തിനായി ദേവതകളുടെ പേരുകൊത്തിയ ഏതാനും സ്വർണ്ണപരിഷകൾ തൂക്കിയിട്ടു. യെഹൂദന്മാർ ഇതിൽ പ്രതിഷേധിച്ചു, തിബെര്യാസ് കൈസറിനോടു പരാതിപ്പെട്ടു. ഒടുവിൽ കൈസറിന്റെ കല്പനയനുസരിച്ച് സ്വർണ്ണപരിചകൾ മാറ്റി. ഈ സംഭവം ഫിലോ രേഖപ്പെടുത്തിയിട്ടുണ്ട്. യെരൂശലേമിൽ വെള്ളം കൊണ്ടു വരേണ്ടതിനു ദൈവാലയ ഭണ്ഡാരത്തിലെ പണം ഉപയോഗിച്ചു എന്നറിഞ്ഞ് യെഹൂദന്മാർ എതിർത്തു. എതിർപ്പിനെ സൈന്യത്തെ ഉപയോഗിച്ചു അടിച്ചമർത്തി. ദൈവാലയത്തിൽ യാഗം അർപ്പിച്ചുകൊണ്ടിരുന്ന ചില ഗലീലക്കാരെ കൊന്നു അവരുടെ രക്തം യാഗങ്ങളോടു കലർത്തി. (ലൂക്കൊ, 13:1,2).

മോശെയുടെ കാലം മുതൽ വിശുദ്ധ ഉപകരണങ്ങൾ ഗെരിസീം മലയിൽ മറച്ചു വച്ചിരിക്കുന്നു എന്ന ധാരണയുണ്ടായിരുന്നു. ഈ സ്ഥാനം കാണിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത ഒരു വഞ്ചകൻ ശമര്യരെ ഗെരിസീം മലയിൽ കൂട്ടിവരുത്തി. ആയുധധാരികളായി മലയിൽ കൂടിയ ശമര്യരെ സൈന്യത്തെ അയച്ചു പിരിച്ചുവിട്ടു. അനേകം ശമര്യർ വധിക്കപ്പെട്ടു. സുറിയയിൽ ചക്രവർത്തിയുടെ പ്രതിനിധിയായിരുന്ന വിതെല്യൂസിന്റെ അടുക്കൽ ശമര്യരുടെ ഒരു നിവേദകസംഘം ചെന്നു പരാതിപ്പെട്ടു. കുറ്റാരോപണങ്ങൾക്കു മറുപടി പറയുവാൻ അദ്ദേഹം പീലാത്തോസിനെ റോമിലേക്കു അയച്ചു. പീലാത്തൊസ് റോമിലേക്കു പോകുമ്പോൾ തിബെര്യാസ് കൈസർ മരിച്ചു. ഒടുവിൽ പീലാത്തോസിന് എന്തു സംഭവിച്ചു എന്നറിയില്ല.

വലിയ പെരുന്നാളുകൾ നടക്കുമ്പോൾ ക്രമസമാധാനപാലനത്തിനു നാടുവാഴികൾ യെരൂശലേമിൽ പാർക്കുക പതിവായിരുന്നു. ക്രിസ്തുവിന്റെ ക്രൂശീകരണവുമായി ബന്ധപ്പെട്ട പെസഹയിൽ ഹെരോദാവിന്റെ കൊട്ടാരത്തിൽ വസിക്കുകയായിരുന്നു പീലാത്തോസ്. ദൈവദൂഷണം ആരോപിച്ച് യേശുവിനെ പുരോഹിതന്മാരും പ്രമാണികളും കൊട്ടാരത്തിന്റെ കവാടത്തിന്നരികെ കൊണ്ടുവന്നു. അശുദ്ധമാകാതെ പെസഹ കഴിക്കുവാൻ വേണ്ടി അവർ ആസ്ഥാനത്തിൽ കടന്നില്ല. (യോഹ, 18:28). പീലാത്തോസ് പുറത്തുവന്നു യേശുവിന്റെ കുറ്റകാര്യം അന്വേഷിച്ചു. യേശു യെഹൂദന്മാരെ മറിച്ചുകളകയും രാജാവാകുന്നു എന്നു സ്വയം പറഞ്ഞുകൊണ്ടു കൈസർക്കു കരം കൊടുക്കുന്നതിനെ വിരോധിക്കുകയും ചെയ്തു എന്നു യേശുവിൽ കുറ്റം ആരോപിച്ചു. (ലൂക്കൊ, 23:3; യോഹ, 18:33). യേശുക്രിസ്തു നിരപരാധി എന്ന ബോദ്ധ്യവും യെഹൂദന്മാരുടെ അപ്രീതിയും പീലാത്തോസിന്റെ ഹൃദയത്തെ മഥിച്ചു. യെഹൂദന്മാരോടുള്ള വിദ്വേഷം യേശുവിനോടു കരുണ കാണിക്കുവാൻ പീലാത്തോസിനെ പ്രേരിപ്പിച്ചു. രഹസ്യമായി വിസ്തരിച്ച ശേഷം യേശുവിൽ ഒരു കുറ്റവും കാണുന്നില്ലെന്ന് പീലാത്തോസ് പ്രഖ്യാപിച്ചു. ഗലീല മുതൽ യെരൂശലേം വരെ പഠിപ്പിച്ച് ജനത്തെ കലഹിപ്പിക്കുന്നു എന്നു അവർ മറുപടി പറഞ്ഞു. ഗലീലയുടെ പരാമർശം കേട്ടപ്പോൾ ഈ ധർമ്മസങ്കടത്തിൽ നിന്നും രക്ഷപ്പെടാൻ പീലാത്തോസ് യേശുവിനെ ഹെരോദാ അന്തിപ്പാസിന്റെ അടുക്കലേക്കു അയച്ചു. ഹെരോദാവ് ഇതിൽ ഇടപെടാൻ ഇഷ്ടപ്പെട്ടില്ല. മഹാപുരോഹിതന്മാരെയും ജനത്തെയും കൂട്ടിവരുത്തി മരണയോഗ്യമായ കുറ്റമൊന്നും യേശുവിൽ ഇല്ല എന്നു പീലാത്തോസ് പ്രസ്താവിച്ചു. ന്യായാധിപസംഘത്തെ സമാധാനപ്പെടുത്തുവാൻ വേണ്ടി യേശുവിനെ അടിപ്പിച്ചു വിട്ടയയ്ക്കാം എന്നു പറഞ്ഞു.

പെസഹയുടെ ബഹുമാനാർത്ഥം ഒരു തടവുപുള്ളിയെ ദേശാധിപതി മോചിപ്പിക്കുന്ന പതിവുണ്ടായിരുന്നു. യേശുവിനെ വിടുവാനാഗ്രഹിച്ചു കൊണ്ടു ബറബ്ബാസിനെ വേണമോ യേശുവിനെ വേണമോ എന്നു പീലാത്തോസ് ചോദിച്ചു. അവർ ബറബ്ബാസിനെ ആവശ്യപ്പെട്ടു. താൻ സ്വപ്നത്തിൽ വളരെ കഷ്ടപ്പെട്ടുവെന്നും തന്മൂലം ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതെന്നും പീലാത്തോസിന്റെ ഭാര്യ സന്ദേശം കൊടുത്തയച്ചു. എന്നാൽ ലഹള ഭയന്ന് പീലാത്തോസ് യേശുവിനെ വധശിക്ഷയ്ക്കു വിധിച്ചു. വിധിപ്രഖ്യാപനത്തിനു മുമ്പ് ഈ രക്തത്തിൽ തനിക്കു പങ്കില്ല എന്നുപറഞ്ഞ് പീലാത്തൊസ് കൈ കഴുകി. രാജ്യദ്രോഹം വധശിക്ഷയ്ക്ക് മതിയായ കുറ്റം അല്ലായ്കകൊണ്ടു ദൈവദൂഷണം യേശുവിൽ ആരോപിച്ചു. ന്യായപ്രമാണം അനുസരിച്ച് ദൈവദുഷകനെ കല്ലെറിഞ്ഞു കൊല്ലേണ്ടതാണ്. (യോഹ, 19:7). അവനെ ക്രൂശിക്ക എന്നു യെഹൂദന്മാർ നിലവിളിക്കുക നിമിത്തം യേശുവിനെ ക്രൂശിക്കേണ്ടതിനു പീലാത്തോസ് അവർക്കു ഏല്പിച്ചു കൊടുത്തു.

പീലാത്തോസിന്റെ അനന്തരചരിത്രം വ്യക്തമല്ല. അയാൾ ആത്മഹത്യ ചെയ്തു എന്നു യൂസീബിയസ് രേഖപ്പെടുത്തുന്നു. യേശുവിന്റെ വിചാരണയും ശിക്ഷയും സംബന്ധിച്ചുളള ഔദ്യോഗികറിപ്പോർട്ടു പീലാത്തോസ് തിബെര്യാസ് കൈസറിനയച്ചു കൊടുത്തു എന്നു ജസ്റ്റിൻ മാർട്ടിയർ, തെർത്തുല്യൻ തുടങ്ങിയവർ പറയുന്നു. ബലാൽസംഗം, കൊല, ക്രൂരത എന്നീ ദോഷങ്ങൾ ഫിലോ പീലാത്തൊസിൽ ആരോപിക്കുന്നു. സ്വന്തം നില ഉറപ്പിക്കുക എന്ന താൽപര്യം ആണ് പീലാത്തോസിനു ഉണ്ടായിരുന്നത്. യേശുവിനെ രക്ഷിക്കുവാനുളള പീലാത്തോസിന്റെ ആഗ്രഹം ആത്മാർത്ഥമായിരുന്നു. എന്നാൽ ചക്രവർത്തിയുടെ അപ്രീതി നിമിത്തം പദവിയും അധികാരവും നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു യെഹൂദന്മാരുടെ ഇംഗിതത്തിനു വിധേയപ്പെടുവാൻ പീലാത്തോസിനെ പ്രേരിപ്പിച്ചത്. തന്റെ നീതിബോധത്തിന് വിരുദ്ധമായാണ് പീലാത്തൊസ് പ്രവർത്തിച്ചത്. സുവിശേഷങ്ങളിൽ യേശുവിന്റെ വധത്തിന് യെഹൂദപ്രമാണിമാരെ കുറ്റപ്പെടുത്തുന്നിടത്തോളം പീലാത്തോസിനെ കുറ്റപ്പെടുത്തുന്നില്ല.

Leave a Reply

Your email address will not be published.