പിറുപിറുപ്പുകൾ

പിറുപിറുപ്പുകൾ

യഹോവ തൻ്റെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും യിസ്രായേൽ ജനത്തെ മിസ്രയീമിൽനിന്ന് മോശെ മുഖാന്തരം പുറപ്പെടുവിച്ചു കൊണ്ടുവന്നതാണ്. എങ്കിലും, പുറപ്പെട്ടുപോന്ന ആറുലക്ഷം പേരിൽ രണ്ടുപേരൊഴികെ ആരും വാഗ്ദത്ത കനാനിൽ പ്രവേശിച്ചില്ല. മരുഭൂമിയിൽ കൊല്ലുവാനോണോ ദൈവം ഇവരെ പുറപ്പെടുവിച്ചത്? അല്ല. പാലും തേനും ഒഴുകുന്ന കനാൻ നാട്ടിലേക്ക് കൊണ്ടുപോകാനാണ്. (പുറ, 3:8, 17). ജനത്തിൻ്റെ ഞെരുക്കവും നിലവിളിയു കേട്ടിട്ടാണ് ദൈവം അവരെ പുറപ്പെടുവിച്ചത്. “യിസ്രായേൽ മക്കളുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു; മിസ്രയീമ്യർ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാൻ കണ്ടിരിക്കുന്നു.” (പുറ, 3:9). എങ്കിലും, അത്യത്ഭുതമായി തങ്ങളെ വിടുവിച്ച ദൈവത്തെ അവർ വിശ്വസിച്ചില്ല. പത്തു പ്രാവശ്യം ആവർ തങ്ങളുടെ പിറുപിറുപ്പുകളിലൂടെ ദൈവത്തെ പരീക്ഷിച്ചുവെന്നു ബൈബിൾ പറയുന്നു: “എന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവെച്ചു ഞാൻ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാർ എല്ലാവരും ഇപ്പോൾ പത്തു പ്രാവശ്യം എന്നെ പരീക്ഷിക്കയും എന്റെ വാക്കു കൂട്ടാക്കാതിരിക്കയും ചെയ്തതുകൊണ്ടു അവരുടെ പിതാക്കന്മാരോടു ഞാൻ സത്യം ചെയ്തിട്ടുള്ള ദേശം അവർ കാൺകയില്ല; എന്നെ നിരസിച്ചവർ ആരും അതു കാൺകയില്ല.” (സംഖ്യാ, 14:22,23). പ്രത്യക്ഷമായി ഇവർ മോശെയ്ക്കും അഹരോനുമെതിരായിട്ടാണ് പിറുപിറുത്തതെങ്കിലും അതൊക്കെയും ദൈവത്തിനെതിരായിരുന്നു. ഒന്ന്; മാറായിൽവെച്ച് വെള്ളത്തിനായി. (പുറ, 15:23,24). രണ്ട്; സീൻമരുഭൂമിയിൽവെച്ച് ഭക്ഷണത്തിനായി. (പുറ, 16:1-3). മൂന്ന്; രെഫീദീമിൽവെച്ച് വീണ്ടും വെള്ളത്തിനായി. (പുറ, 17:1-3). നാല്; തബേരായിൽവെച്ച് വീണ്ടും ഭക്ഷണത്തിനായി. (സംഖ്യാ, 11:1-6). അഞ്ച്; പാരാൻ മരുഭൂമിയിൽവെച്ച് ഭീരുത്വവും വിശ്വാസരാഹിത്യവും നിമിത്തം. (സംഖ്യാ, 14:1-4). ആറ്; കാദേശിൽവെച്ച് അസൂയ നിമിത്തം. (സംഖ്യാ, 16:1-16). ഏഴ്; അവിടെ വെച്ചുതന്നെ ദുഃഖം നിമിത്തം. (സംഖ്യാ, 16:41-50). എട്ട്; അവിടെ വെച്ചുതന്നെ വീണ്ടും അസൂയ നിമിത്തം. (സംഖ്യാ, 17:1-11). ഒൻപത്: സീൻമരുഭൂമിയിലെ കാദേശിൽവെച്ച് വീണ്ടും വെള്ളത്തിനായി. (സംഖ്യാ, 20:2-6). പത്ത്; എദോംദേശം ചുറ്റിപ്പോകുമ്പോൾ വഴിദൂരം നിമിത്തം. (സംഖ്യാ, 21:4-6).

Leave a Reply

Your email address will not be published. Required fields are marked *