പള്ളി

പള്ളി (Synagogue)

Mattancherry Synagogue

സുനഗോഗീ എന്ന ഗ്രീക്കു പദത്തിന് ‘കുട്ടിക്കൊണ്ടു വരൽ’ എന്നർത്ഥം. സുനഗോഗിന്റെ പരിഭാഷയാണ് പള്ളി. പഴയനിയമത്തിൽ സങ്കീർത്തനം 74:8-ൽ മാത്രമേ ‘പള്ളി’ ഉള്ളു. അവിടെ അതു മോഎദ് എന്ന എബ്രായ പദത്തിന്റെ തർജ്ജമയാണ്. സെപ്റ്റ്വജിന്റിൽ യിസ്രായേൽ സഭയെ കുറിക്കുവാൻ സുനഗോഗ് സുലഭമായി പ്രയോഗിച്ചിട്ടുണ്ട്. പുതിയനിയമത്തിൽ 57 സ്ഥാനങ്ങളിൽ ഈ പദം വരുന്നുണ്ട്. വെറും സമ്മേളനസ്ഥലം എന്നർത്ഥമുള്ള സുനഗോഗ് പിൽക്കാലത്ത് യെഹൂദന്മാരുടെ ആരാധനാസ്ഥലത്തെ കുറിക്കുന്ന പദമായി മാറി. 

യെഹൂദമതത്തെ രൂപപ്പെടുത്തുന്നതിൽ ഒരു സുപ്രധാന പങ്ക് പള്ളിക്കുണ്ടായിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ യെഹൂദന്മാർ പാർത്ത ഇടങ്ങളിലെല്ലാം പള്ളി ഉണ്ടായിരുന്നു. ഉദാ: കുവൈപാസ് ദ്വീപിലെ സലമീസ് (പ്രവൃ, 13:5), പിസിദ്യയിലെ അന്ത്യാക്യ (പ്രവൃ,  13:14), ഇക്കോന്യ (പ്രവൃ, 14:1), ബെരോവ (പ്രവൃ, 17:10). യെരൂശലേം, അലക്സാണ്ടിയ തുടങ്ങിയ വലിയപട്ടണങ്ങളിൽ അനേകം പള്ളികളുണ്ടായിരുന്നു. തീത്തൂസ് ചക്രവർത്തി എ.ഡി, 70-ൽ യെരൂശലേം നശിപ്പിക്കുമ്പോൾ അവിടെ 480 പള്ളികൾ ഉണ്ടായിരുന്നുവെന്നും അല്ല 394 പള്ളികളേ ഉണ്ടായിരുന്നുള്ളുവെന്നും ഐതീഹ്യമുണ്ട്. പള്ളികളുടെ ഉത്ഭവത്തെക്കുറിച്ചുള്ള വ്യക്തമായ വിവരണം പഴയപുതിയ നിയമങ്ങളിലില്ല. ബാബിലോന്യ പ്രവാസത്തിനുമുമ്പു ആരാധന യെരൂശലേം ദൈവാലയത്തെ കേന്ദ്രീകരിച്ചായിരുന്നു. പ്രവാസകാലത്ത് യെരൂശലേമിൽ ആരാധിക്കുക അസാദ്ധ്യമായപ്പോൾ പ്രാർത്ഥനയുടെയും പ്രബോധനത്തിന്റെയും കേന്ദ്രങ്ങളായി പള്ളികൾ ഉദയം ചെയ്തു. ഇതാണ് പള്ളികളുടെ ഉത്ഭവത്തെക്കുറിച്ചുള്ള പൊതുവായ ധാരണ. ‘യിസ്രായേൽ മൂപ്പന്മാരിൽ ചിലർ എന്റെ അടുക്കൽ വന്നു എന്റെ മുമ്പിൽ ഇരുന്നു’ (യെഹെ, 14:1) എന്ന വാക്യത്തിൽ പള്ളിയുടെ ഉത്പത്തിയുടെ അടിസ്ഥാനം ദർശിക്കാം. (ഒ.നോ: യെഹെ, 20:1). 

യെരൂശലേം ദൈവാലയത്തിന്റെ മാതൃകയിലാണ് പള്ളികൾ പണിതത്. പൊതുആരാധനയിൽ പങ്കെടുക്കുന്നതിനു മുമ്പു അനുഷ്ഠാനപരമായ ശുദ്ധീകരണം നടത്തുന്നതിനു എല്ലാവർക്കും സൗകര്യപ്രദമായ വിധത്തിൽ സമുദ്രതീരത്തോ നദിക്കരയിലോ ആയിരിക്കും പള്ളിയുടെ നിർമ്മാണം. പള്ളികളുടെ വലുപ്പവും വാസ്തുവിദ്യയും വ്യത്യസ്തമാണ്. വടക്കുതെക്കായിട്ടാണ് പള്ളി നിലകൊള്ളുന്നത്. വാതിൽ തെക്കു ഭാഗത്തായിരിക്കും. ഒരു പ്രധാന വാതിലും രണ്ടു ചെറിയ പാർശ്വകവാടങ്ങളും ഉണ്ടായിരിക്കും. 

പുതിയനിയമകാലത്തു പള്ളികളിലെ സജ്ജീകരണങ്ങൾ വളരെ ലളിതമായിരുന്നു. പ്രവാചകന്മാരുടെയും ന്യായപ്രമാണത്തിന്റെയും ചുരുളുകൾ സൂക്ഷിച്ചിരുന്ന ഒരു പെട്ടകം ഉണ്ടായിരുന്നു. മന്ദിരത്തിന്റെ പ്രവേശനത്തിന് അഭിമുഖമായി ഈ പെട്ടകം വച്ചിരുന്നു. ഉപവാസ ദിവസങ്ങളിൽ ഘോഷയാത്രയായി പെട്ടകത്ത കൊണ്ടുപോകും. പെട്ടകത്തിനു മുമ്പിലും ആരാധകർക്ക് അഭിമുഖവും ആയി മുഖ്യാസനങ്ങൾ ക്രമീകരിച്ചിരുന്നു. (മത്താ, 23:6). പ്രധാനികൾക്കു വേണ്ടിയായിരുന്നു അവ. ഒരുയർന്ന സ്ഥലത്ത് തിരുവെഴുത്തുകൾ പാരായണം ചെയ്യുന്നവർക്കും പ്രസംഗിക്കുന്നവർക്കും വേണ്ടി പ്രസംഗപീഠം സജ്ജമാക്കിയിരുന്നു. പള്ളിയിലെ കാര്യങ്ങളുടെ പൊതുനിയന്ത്രണം മൂപ്പന്മാർക്കാണ്. പ്രത്യേക കാര്യങ്ങൾക്കായി പ്രത്യേകം ഉദ്യോഗസ്ഥന്മാരെ നിയമിച്ചിരുന്നു. എന്നാൽ തിരുവെഴുത്തുകളുടെ പാരായണം, പ്രാർത്ഥന, പ്രസംഗം എന്നിവയ്ക്കു പ്രത്യേകം ഉദ്യോഗസ്ഥന്മാർ ഇല്ല. അവ സഭയിലെ അംഗങ്ങൾ നടത്തിവന്നു. പള്ളിയുടെ പൊതുവായ മേൽനോട്ടം പള്ളിപ്രമാണിക്കായിരുന്നു. യെഹൂദ മതത്തിന്റെ എല്ലാമണ്ഡലങ്ങളിലും പള്ളിപ്രമാണിയുടെ സാന്നിദ്ധ്യം ഉണ്ട്. സഭാമൂപ്പനിൽനിന്നും വ്യത്യസ്തനാണ് പള്ളിപ്രമാണി. എന്നാൽ ഈ രണ്ടുസ്ഥാനങ്ങളും ഒരു വ്യക്തിക്കു വഹിക്കാവുന്നതാണ്. പള്ളിപ്രമാണി സമുഹത്തിന്റെ നായകനും പൊതുആരാധന നയിക്കുന്നവനുമാണ്. തിരുവെഴുത്തു പാരായണം ചെയ്യുന്നവർ, പ്രാർത്ഥനക്കാർ, പ്രസംഗകർ എന്നിവരെ നിയമിക്കുക, അയോഗ്യമായതു നടക്കാതെ സൂക്ഷിക്കുക (ലൂക്കൊ, 12:14) എന്നിവയാണ് പള്ളിപ്രമാണിയുടെ മുഖ്യചുമതലകൾ. ചിലപ്പോൾ ഒന്നിലധികം പള്ളിപ്രമാണികൾ ഉണ്ടായിരിക്കും. (പ്രവൃ, 13:15). ധർമ്മശേഖരം നടത്തുവാൻ പ്രത്യേക വ്യക്തികളുണ്ട്.  മിഷ്ണ അനുസരിച്ചു രണ്ടുപേർ ധർമ്മശേഖരം നടത്തുകയും മൂന്നുപേർ വിതരണം ചെയ്യുകയും വേണം. പൊതു ആരാധനയിൽ തിരുവെഴുത്തുകൾ കൊണ്ടുവരികയും തിരികെ കൊണ്ടുപോകുകയും ചെയ്യുക (ലൂക്കൊ, 4:20), വായനയിൽ കുഞ്ഞുങ്ങളെ പ്രബോധിപ്പിക്കുക, കുറ്റവാളികളെ ചമ്മട്ടികൊണ്ടടിക്കുക എന്നിവ ശുശ്രൂഷക്കാരന്റെ ചുമതലകളാണ്. 

അർഹതയുള്ള ഏതുവ്യക്തിക്കും ശുശ്രൂഷകളിൽ പങ്കെടുക്കാവുന്നതാണ്. ഉദാ: ക്രിസ്തു (ലൂക്കൊ, 4:16; മത്താ, 4:23), പൗലൊസ് (പ്രവൃ, 13:15). ശബ്ബത്തു നാളിലാണ് ആരാധന (പ്രവൃ, 15:21). സഭ ഒരു പ്രത്യേക ക്രമത്തിലാണ് ഇരിക്കുന്നത്. പ്രധാനപ്പെട്ട വ്യക്തികളുടെ സ്ഥാനം മുമ്പിലാണ്. സ്ത്രീകളും പുരുഷന്മാരും വെവ്വേറെയായി ഇരിക്കും. കുഷ്ഠരോഗിക്കു പ്രത്യേകസ്ഥലം നൽകിയിരുന്നു. ഷ്മാപാരായണം, പ്രാർത്ഥന, തോറാ (പഞ്ചഗ്രന്ഥം) പാരായണം, പ്രവാചകപുസ്തക പാരായണം, പുരോഹിതന്റെ ആശീർവാദം, വായിച്ച തിരുവെഴുത്തിന്റെ തർജ്ജമ, പ്രസംഗം എന്നിവയാണ് ആരാധനയുടെ പ്രധാന ഭാഗങ്ങൾ. ആവർത്തനം 6:4-9; 11:13-21; സംഖ്യാ 15:37-41) എന്നീ ഭാഗങ്ങളാണ് ഷ്മാ (കേൾക്കുക). ‘യിസ്രായേലെ കേൾക്ക’ എന്ന ഷ്മായോടൊപ്പം മുമ്പും പിമ്പും ആശീർവാദം ഉണ്ടായിരിക്കും. ഷ്മാ ഒരു പ്രാർത്ഥന എന്നതിലുപരി വിശ്വാസത്തിന്റെ ഏറ്റുപറച്ചിലാണ്. ഷ്മാ പാരായണത്തിനുശേഷം പ്രാർത്ഥനയാണ്. പിതാക്കന്മാരുടെ ദേശത്ത് യിസ്രായേലിന്റെ പുനഃസ്ഥാപനം, പുതുക്കിപ്പണിത യെരൂശലേം പട്ടണത്തിലേക്കും ദൈവാലയത്തിലേക്കും ഷെഖീനാ മഹത്വത്തിന്റെ മടങ്ങിവരവ്, ദാവീദ് രാജവംശത്തിന്റെ പുനഃസ്ഥാപനം എന്നിവയാണ് പ്രാർത്ഥനകളിലെ മുഖ്യപ്രമേയം. ന്യായപ്രമാണം, പ്രവാചകന്മാർ എന്നിവയിലെ ഭാഗങ്ങൾ ആർക്കും കുഞ്ഞുങ്ങൾക്കു പോലും വായിക്കാം. വായിക്കുന്ന വ്യക്തി സാധാരണയായി എഴുന്നേറ്റുനിൽക്കും. (ലൂക്കൊ, 4:16). തിരുവെഴുത്തിലെ രണ്ടാംഭാഷ എല്ലാവർക്കും പരിചയമില്ലാത്തതിനാൽ വായനയെത്തുടർന്നു അതിനെ അരാമ്യയിലേക്കു പരിഭാഷപ്പെടുത്തും. തിരുവെഴുത്തുകളെ വിശദമാക്കി . പ്രസംഗിക്കും. (മത്താ, 4:23; മർക്കൊ, 1:21; ലൂക്കൊ, 4:15; 6:6; 13:10; യോഹ, 6:59; 18:20). പ്രസംഗിക്കുന്നയാൾ ഉയർന്ന സ്ഥലത്തു ഇരിക്കും. (ലൂക്കൊ, 4:20). പള്ളിയിലെ അർഹതയുള്ള ഏതുവ്യക്തിക്കും പ്രഭാഷകന്റെ പദവി ലഭ്യമാണ്. പുരോഹിതന്റെ ആശീർവാദത്തോടെയാണ് ശുശ്രൂഷ അവസാനിക്കുക. സഭ ആമേൻ പറയും. പുരോഹിതനും ലേവ്യനും സന്നിഹിതരല്ലെങ്കിൽ ആശീർവാദത്തിനു പകരം പ്രാർത്ഥന ചൊല്ലും.

Leave a Reply

Your email address will not be published. Required fields are marked *